Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഏറ്റവും പ്രിയപ്പെട്ടത്

ഏറ്റവും പ്രിയപ്പെട്ടത്

text_fields
bookmark_border
ഏറ്റവും പ്രിയപ്പെട്ടത്
cancel
ഒ​രു ദി​വ​സം അ​മ്മ എ​ന്തോ പ​റ​ഞ്ഞ​ത് എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. എ​നി​ക്ക് വ​ലി​യ ദേ​ഷ്യം വ​ന്നു. അ​മ്മ അ​ക​ത്തേ​ക്കു​പോ​യി. എ​നി​ക്ക് ദേ​ഷ്യം കൂ​ടി. ഞാ​നൊ​രു ക​ല്ലെ​ടു​ത്ത് വീ​ടി​നു നേ​രെ ഒ​റ്റ​യേ​റ്. ജ​നാ​ല​യു​ടെ ചി​ല്ലി​ൽ ആ​ണ് അ​തു​കൊ​ണ്ട​ത്. ചി​ല്ല് പൊ​ട്ടി​ച്ചി​ത​റി. ഞാ​ൻ വ​ല്ലാ​ത്ത കി​ത​ച്ചു. ചെ​യ്ത​ത് ശ​രി​യാ​ണോ തെ​റ്റാ​ണോ എ​ന്നൊ​ന്നും എ​നി​ക്ക് അ​പ്പോ​ൾ മ​ന​സ്സി​ലാ​യി​ല്ല.’’

“നാളെ വരുമ്പോൾ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വസ്തു കൊണ്ടുവരണം.”

ശിൽപ ടീച്ചർ പറഞ്ഞു.

‘‘എന്തും കൊണ്ടുവരാമോ?’’

കിരൺ ചോദിച്ചു. കുട്ടികൾ അതു കേട്ടപ്പോഴേ ചിരിച്ചു. അതങ്ങനെയാണ്; അവൻ എന്തെങ്കിലും ചോദിച്ചാൽ കുട്ടികൾ ചിരിക്കും, അവന്റെ അടുത്ത സംശയം അത്തരത്തിലൊന്നായിരിക്കും. അത് ടീച്ചർക്കും അറിയാം.

‘‘അങ്ങനെ എന്തും കൊണ്ടുവരേണ്ട. ബാഗിൽ വെക്കാൻ പറ്റുന്നതു മതി. പൂച്ചയും പട്ടിയും കോഴിയും ഒന്നും വേണ്ട!’’

ടീച്ചർ കിരണിന്റെ സംശയത്തിനെ വാതിലടച്ചു പുറത്തുനിർത്തി.

പിറ്റേന്ന് കുട്ടികൾ കൊണ്ടുവന്നത് വളരെ വ്യത്യസ്തമായ സാധനങ്ങൾ. കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, സ്കെച്ച് ബുക്ക്, ടാബ്ലറ്റ്, സ്റ്റാമ്പ് ശേഖരം, ഗോലി കലക്ഷൻ, ഡാൻസിങ് പപ്പറ്റ്, മ്യൂസിക് പ്ലയർ, പട്ടം... അങ്ങനെ പലതരം. അമേയ കൊണ്ടുവന്നത് അവളുടെ വയലിൻ ആണ്. ദിവ്യ ബാഗ് തുറക്കാൻ തുടങ്ങിയപ്പോഴേ ചിലങ്കക്കിലുക്കം വന്നു... എല്ലാവരും അവരവരുടെ പ്രിയപ്പെട്ട വസ്തുവിനെപ്പറ്റി വാചാലരാവുന്നുണ്ട്. ആകാശ് കൂട്ടുകാരുടെ പ്രിയങ്ങൾ കൗതുകത്തോടെ കണ്ടും കേട്ടും ഇരുന്നു.

‘‘ആകാശ്... നീ എന്താണ് കൊണ്ടുവന്നത്?’’

ശിൽപ ടീച്ചർ ചോദിച്ചു.

അതോടെ എല്ലാവരുടെയും ശ്രദ്ധ അവന്റെ നേരെയായി.

ആകാശ് മെല്ലെ ബാഗ് തുറന്നു. പിന്നെ മടിച്ചുമടിച്ച് അകത്തുനിന്ന് എന്തോ എടുത്തു പുറത്തുവെച്ചു. കുഞ്ഞു ടവ്വലിന്റെ നാലു മൂലയും ശ്രദ്ധാപൂർവം നുള്ളി, പൊതി തുറന്നു.

പെട്ടെന്ന് ശ്രദ്ധ പൊട്ടിച്ചിരിച്ചു. ക്ലാസ് മൊത്തം ആ ചിരി പടർന്നു. കൂട്ടത്തിൽ ചിരിക്കാൻ തുടങ്ങിയതാണെങ്കിലും ശിൽപ ടീച്ചർ അതടക്കി.

‘‘ഇതാണോ?”

ടീച്ചർ ചോദിച്ചു.

അവൻ തലകുനിച്ചു.

ക്ലാസ് ഒരു നിമിഷം നിശ്ശബ്ദമായി.

‘‘ഇത് എന്റെ വീട്ടിന്റെ മുറ്റത്തുണ്ടായിരുന്ന കല്ലാണ്. വീടു മാറിപ്പോയപ്പോഴും ഞാൻ കൊണ്ടുപോന്നു.’’

കുട്ടികൾ അവിശ്വസനീയതയോടെ അവനെ നോക്കി.

“അതെന്താ? നിന്റെ പുതിയ വീട്ടിൽ കല്ല് കിട്ടില്ലേ?”

കിരൺ ചോദിച്ചു. കുട്ടികൾ ചിരിച്ചു.

‘‘ആദ്യമായി മാവിനെറിഞ്ഞ കല്ല്!’’

ജിതിൻ കളിയാക്കി.

പിന്നെയും കുട്ടികൾ ചിരിച്ചു.

‘‘മാവിനല്ല!’’

ആകാശ് പറഞ്ഞു. ടീച്ചർ മെല്ലെ കൈ ഉയർത്തി. എന്തോ ഇമോഷനൽ ലോക്ക് ആ കല്ലിനുണ്ട്. ശിൽപ ടീച്ചർ മനസ്സിലാക്കി.

കുട്ടികൾ നിശ്ശബ്ദരായി.

‘‘എന്റെ അമ്മയെ എറിഞ്ഞ കല്ല്!’’

ആകാശ് മെല്ലെ പറഞ്ഞു.

കുട്ടികൾ സ്തബ്ധരായി. അവർ ശ്വാസമടക്കി കേട്ടിരുന്നു.

‘‘ഒരു ദിവസം അമ്മ എന്തോ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എനിക്ക് വലിയ ദേഷ്യം വന്നു. അമ്മ അകത്തേക്കുപോയി. എനിക്ക് ദേഷ്യം കൂടി. ഞാനൊരു കല്ലെടുത്ത് വീടിനു നേരെ ഒറ്റയേറ്. ജനാലയുടെ ചില്ലിൽ ആണ് അതുകൊണ്ടത്. ചില്ല് പൊട്ടിച്ചിതറി. ഞാൻ വല്ലാതെ കിതച്ചു. ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അപ്പോൾ മനസ്സിലായില്ല.’’

കുട്ടികൾ ശ്വാസമടക്കിപ്പിടിച്ചു കേട്ടിരുന്നു. അമ്മക്ക് എന്തുപറ്റി എന്നറിയാനുള്ള ആകാംക്ഷ അവരിൽ ഉണ്ടായിരുന്നു.

‘‘അമ്മ വാതിൽ തുറന്നു പുറത്തേക്ക് വന്നു. എന്റെ നേരെ നടന്നുവന്നു. അമ്മ അടിക്കും. അതുകഴിഞ്ഞ് അച്ഛൻ വന്നാലും അടി കിട്ടും. അടി കിട്ടുന്നത് എനിക്ക് പേടിയാണ്. അതിലേറെ സങ്കടവും ആണ്. ഞാൻ ഓടാൻ തുടങ്ങുമ്പോൾ അമ്മ ശബ്ദം വെച്ചു. നിൽക്കാൻ പറഞ്ഞു. പിറകെ ഓടിവന്ന് എന്നെ പിടിച്ചു. ഞാൻ കുതറി. പക്ഷേ, അമ്മ വിട്ടില്ല. അമ്മ എന്നെ ചേർത്തുപിടിച്ചു. പിന്നെ ഇറുകെ പുണർന്നു. മൂർധാവിൽ ഉമ്മ വെച്ചു.’’

ആകാശിന്റെ തൊണ്ടയിടറി.

‘‘അമ്മ പറഞ്ഞത് മോനെ ഇത്രമാത്രം വേദനിപ്പിച്ചോ? സോറി മോനേ...’’

‘‘അമ്മയെന്റെ കാതിൽ മന്ത്രിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു; എന്റെയും.’’

പല കുട്ടികളും കണ്ണു തുടക്കുന്നത് ടീച്ചർ നിറമിഴികളിലൂടെ കണ്ടു.

ആകാശ് ആ കല്ല് ഉള്ളംകൈയിൽ വെച്ച് മെല്ലെ തഴുകി. പിന്നെ ആ കുഞ്ഞു തൂവാലയിൽ പൊതിഞ്ഞ് അത് ബാഗിലേക്കു വെച്ചു.

ഓർമകളാണ് ഓരോന്നിനും വിലയിടുന്നത്. കുട്ടികൾ മനസ്സിലാക്കി.

‘ശരിക്കും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തായിരിക്കും?’

ഓരോ കുട്ടിയും ആലോചിക്കാൻ തുടങ്ങി. ശിൽപ ടീച്ചർ അവരെ ചിന്തകളുടെ ലോകത്ത് പറക്കാൻ അനുവദിച്ചു. ടീച്ചറും അപ്പോൾ അതേ അന്വേഷണത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short storyliterature
News Summary - Most favorite Short Story
Next Story