ചന്ദ്രനില്ലാത്ത രാത്രി (കഥ)
text_fields
ആശുപത്രിയുടെ ഇടനാഴിയിൽ ഒരുതരം മന്ദഗതിയുണ്ട്. ആളുകൾ നടക്കുന്നതുപോലും സമയത്തെ പേടിച്ചതുപോലെയാണ് എന്നയാൾക്ക് തോന്നി. രാത്രി ഒമ്പതുവരെ ഐ.സിയുവിന് മുന്നിൽനിന്ന സുനിലിന് ഒരു വാക്കുപോലും പുറത്തുവരുന്നില്ലായിരുന്നു. ആകാശത്ത് ചന്ദ്രൻ പൂർണ വൃത്താകൃതിയിൽ തൂങ്ങിക്കിടക്കുന്നെങ്കിലും അവന്റെ മനസ്സിൽ ഇരുട്ടുറഞ്ഞുകിടന്നു.
മാർവാർ കോടറ്റയിലെ ഈ ചെറിയ സർക്കാർ ആശുപത്രിയിലെ വെളിച്ചം കുറവായ ഇടനാഴികളും എന്തൊക്കെയോ എഴുതിവെച്ച ചുമരുകളും എല്ലാം സുനിലിന് ഭയമുള്ള ഏതോ ഒരു അജ്ഞാതസ്ഥലം പോലെ തോന്നി. ഒരു മണിക്കൂർ മുമ്പാണ് ഭാവന കരഞ്ഞുകൊണ്ട് അവനെ വിളിച്ചത്.
‘സുനിലെ… കുഞ്ഞ്… നമ്മുടെ കുഞ്ഞിന് ശ്വാസം കിട്ടുന്നില്ല…!’
കേട്ടതും വീടിന് പുറത്തുപോയിരുന്ന അയാൾ ഓടിക്കിതച്ച് വന്നു. മുറ്റത്ത് നിർത്തിയിരുന്ന വണ്ടി സ്റ്റാർട്ട് ചെയ്തതും ആശുപത്രിയിലെത്തിയതും എത്ര വേഗതയിലാണെന്ന് അയാൾക്ക് തന്നെ നിശ്ചയമില്ല. എന്നിട്ടും ഡ്യൂട്ടി ഡോക്ടർ കണ്ണുകൾ താഴ്ത്തി പറഞ്ഞു: ‘ക്ഷമിക്കണം… നിങ്ങൾ അല്പം വൈകിപ്പോയി…’
ആ ഒരു വാചകം മതിയായിരുന്നു, അയാളുടെ ലോകം ഒരുനിമിഷം ശൂന്യമായി. തല ചുറ്റുന്നുണ്ടായിരുന്നു. ശരീരത്തിനകത്ത് എന്തോ പൊട്ടിത്തെറിച്ചത് പോലെ നെഞ്ചിനകത്ത് ഒരു വേദന. ഭാവനയുടെ കണ്ണുകൾ ചുവന്നിരുന്നു.
‘ഞാൻ പാൽ കൊടുക്കുമ്പോ അവൻ ഒന്നു ചുമച്ചതാ… പിന്നെ…’ അവളുടെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു.
ഡോക്ടർ അത് കേട്ട് പറഞ്ഞു: ‘പാൽ ശ്വാസനാളിയിൽ കയറുന്നത് അപൂർവ്വമല്ല… പക്ഷേ ഇങ്ങനെയൊരു സംഭവം ആശുപത്രിയിൽ നടന്നാൽ നമ്മൾ പൊലീസിൽ അറിയിക്കണം. കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യുകയും വേണം.’
കേട്ടതും ഭാവന അലറി കരഞ്ഞുകൊണ്ട് പറഞ്ഞു: ‘എന്റെ പൊന്നുമോനെ ഇനി കീറിമുറിക്കുകയും കൂടി വേണോ? വേണ്ടെന്ന് പറ സുനിലേട്ടാ…’
അവളുടെ വാക്കുകൾ കേട്ട് സുനിലിന് മരവിപ്പായി. അവളുടെ കരച്ചിലും നിരാശയും ബന്ധുക്കളിൽ കൂടി പടർന്നതോടെ പോസ്റ്റ്മോർട്ടം വേണ്ടെന്ന തീരുമാനത്തിൽ സുനിൽ എത്തി. അത് രേഖമൂലം എഴുതി നൽകി.
ദിവസങ്ങൾ ദുഃഖങ്ങളാൽ കടന്നുപോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാവനയിൽ എന്തോ വേറിട്ട മാറ്റം സുനിൽ ശ്രദ്ധിച്ചിരുന്നു. അവൾ മുമ്പത്തെ പോലെ സംസാരിക്കാറില്ല. ഒരുപാട് സമയം ഫോൺ കൈയിലെടുത്ത് ആരോടൊക്കെയോ സംസാരിക്കുന്നു. തന്റെ പ്രിയപ്പെട്ട മകൻ മരിച്ചത് ഇവൾക്ക് ഇത്ര പെട്ടെന്ന് മറക്കാൻ എങ്ങനെ കഴിയുന്നു എന്ന സംശയം സുനിലിൽ വന്നു തുടങ്ങി.
അയാൾ വീട്ടിലുണ്ടെങ്കിൽ ഫോൺ എവിടെയെങ്കിലും വെക്കുന്നതുപോലും അവൾ ഭയപ്പെടുന്നതായി അയാൾക്ക് തോന്നി. ഒന്നുരണ്ടു പ്രാവശ്യം അയാൾ അത് ചോദിച്ചപ്പോൾ‘അമ്മയോടാണ്… എന്ന ഒഴുക്കംമട്ടിൽ മറുപടി പറയുമ്പോഴും അവളുടെ ഉള്ളിൽ എന്തോ ഭയം ഉണ്ടെന്ന് അയാൾക്ക് മനസ്സിലായി. മൂന്നാം ദിവസം അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു. അവൾ കുളിക്കാനിരിക്കുകയായിരുന്നു. ഫോൺ വൈബ്രേഷൻ ആവുന്നത് കൊണ്ടാണ് അയാൾ അത് ശ്രദ്ധിച്ചത്. സ്ക്രീനിൽ തെളിഞ്ഞ ചെറിയ പ്രിവ്യൂ…
‘മുത്തേ, നീ എന്തെടുക്കുന്നു?’
സുനിലിന്റെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നി. ആരാണ് ഈ മെസ്സേജ് അയക്കുന്ന ആൾ? അവളെ മുത്തേ എന്ന് വിളിക്കാൻ…?
മകൻ മരിച്ച ഒരു അമ്മയോട് മൂന്നാം ദിവസം ഇങ്ങനെ സംസാരിക്കാൻ അവരുടെ ബന്ധം എന്താണ്? വിറക്കുന്ന കൈകളോടെ അയാൾ ഫോൺ അൺലോക്ക് ചെയ്തു.
ചാറ്റുകൾ തുറന്നു. മോൻ മരിച്ച അന്ന് പോലും ഈ നമ്പറിൽനിന്ന് മെസ്സേജുകൾ വന്നിരുന്നു.
‘ശല്യം തീർന്നില്ലേ?’ എന്ന ചോദ്യത്തിന് ‘ഹ്മ്മ്മ്’ എന്ന മറുപടിയോടൊപ്പം മകൻ മരിച്ചുകിടക്കുന്ന ഫോട്ടോ അയച്ചിരിക്കുന്നു.
അയാൾ ആ നമ്പറിൽ സേവ് ചെയ്ത പേര് വായിച്ചു, സരി
പിക്ചർ… ഒരു പെൺകുട്ടിയുടെ കൈ.
സുനിലിന് പരിചയമില്ലാത്ത കൈകൾ. അയാൾ ചാറ്റ് സ്ക്രോൾ ചെയ്തു.
‘കുഞ്ഞിനെ കൊണ്ട് നമുക്കൊരുമിച്ച് കഴിയാൻ സാധിക്കില്ല ഭാവന… നമുക്കൊരുമിച്ച് കഴിയാൻ തടസ്സമാണവൻ… എന്തെങ്കിലും ചെയ്യണം…’
അനവധി ഇത്തരത്തിലുള്ള മെസ്സേജുകൾ. സുനിലിന്റെ കണ്ണുകൾ മങ്ങി. ഇത് ആരാണ്, പുരുഷനോ സ്ത്രീയോ, തിരിച്ചറിയാനാവുന്നില്ല.
എങ്കിലും സംഭാഷണം മുഴുവൻ: ‘നമുക്ക്’, ‘നമ്മൾ’, ‘ഒരുമിച്ച്’…
ഏറ്റവും വേദനിപ്പിച്ചത് ഒരു ചിത്രം: കുഞ്ഞിന്റെ കാൽത്തളകൾ… മരണശേഷം എടുത്തത്.
സുനിലിന് കരയാനോ ശപിക്കാനോ പോലും കഴിഞ്ഞില്ല. വിരലുകൾ നിശ്ചലമായി. അയാൾ ഫോൺ അതുപോലെ വെച്ചു. അയാളുടെ ചെവിയിൽ ഒരു വീർപ്പായ ശബ്ദം… കാറ്റടഞ്ഞതുപോലെ. താൻ പ്രാണനെ പോലെ സ്നേഹിച്ച ഭാര്യ തന്റെ കുഞ്ഞിനെ കൊല്ലുമെന്ന് അവൻ ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. പൊലീസിൽ പറഞ്ഞാൽ എന്താവും? ഉത്തരം ഇല്ലെങ്കിൽ അയാൾ ഹൃദയം പൊട്ടി മരിച്ചുപോകുമെന്ന് തോന്നി. രണ്ട് നിമിഷം ചിന്തിച്ചശേഷം, കുളികഴിഞ്ഞ് വന്ന ഭാവനയോട് ചാറ്റ് കാട്ടി ചോദിച്ചു: ‘ഇത് ആരാണ്…?’
അവളുടെ മുഖം… വിളറി വെളുത്തത് കണ്ടപ്പോൾ തന്നെ അയാൾക്ക് കാര്യങ്ങൾ ബോധ്യമായി. എങ്കിലും മയത്തോടെ സ്നേഹം നടിച്ച് അയാൾ അവളിൽനിന്നും സത്യം അറിയാൻ ശ്രമിച്ചു. ആദ്യമൊന്നും വിട്ടുപറഞ്ഞില്ലെങ്കിലും, നിരന്തരമായ അയാളുടെ ശ്രമത്തിനൊടുവിൽ അവൾ പതിയെ മനസ്സ് തുറന്നു. കുറ്റബോധം അവളെ പതിയെ പാശ്ചാത്താപത്തിലേക്കു കൊണ്ടുപോയിരുന്നു. അവസാനം അയാളുടെ ‘ആരാണ് സരി?’ എന്ന ചോദ്യത്തിന് ‘സരിത…’ അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു തുടങ്ങി. അതിന് പിന്നാലെ ഭാവന പെൺസുഹൃത്തുമായുള്ള ബന്ധത്തിന്റെ കഥ തുറന്നുപറഞ്ഞു.
സ്കൂൾകാല സൗഹൃദം അവർക്കിടയിൽ ചങ്ങാത്തമായി വളർന്നു. വേർപിരിയാൻ ആവാത്ത വിധം അടുത്തു. വിവാഹശേഷം ഈ ബന്ധം അവസാനിപ്പിക്കാമെന്ന് ഭാവന ആഗ്രഹിച്ചു. പക്ഷേ സരിത പിന്മാറിയില്ല. സരിതയുടെ നിരന്തരമായ പ്രേരണ മൂലം ഭാവന സുനിലിനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും, അതിനിടയിൽ അവൾ ഗർഭിണിയായി.
ഗർഭിണിയായപ്പോൾ പോലും സരിത പിന്മാറിയില്ല. ‘നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല’ എന്ന സരിതയുടെ വാക്കുകൾക്ക് മുന്നിൽ അവൾക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു... മാസങ്ങൾ കടന്നുപോയി. ഭാവന ഒരു ആൺകുട്ടിക്ക് ജന്മം നൽകി. എങ്കിലും അവരുടെ ബന്ധം തുടർന്നു. അവർക്കിടയിലുള്ള ബന്ധത്തിന് മകനും സുനിലിനും ഒരു അധികപ്പറ്റുപോലെ തോന്നി.
സരിതയുടെ നിർദേശപ്രകാരം കുഞ്ഞിനെ തലകീഴായി നിർത്തി പാൽ കൊടുത്തു. കുഞ്ഞിന് ശ്വാസംമുട്ടി തുടങ്ങിയപ്പോൾ ചെറിയൊരു തുണികൊണ്ട് വായ പൂട്ടി… ശ്വാസം മുട്ടിച്ചു. കഥ ഇത്രയും കേട്ട സുനിൽ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നുപോയി. അവളുടെ ക്രൂരതയെ പോലും ന്യായീകരിക്കാൻ ഇന്നത്തെ കാലത്ത് ചിലർ ശ്രമിക്കും എന്ന തോന്നൽ. അയാൾ എന്ത് ചെയ്യണമെന്ന് അറിയാതെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
സുനിലിന്റെ മൗനം ഭാവനയെ ഭയപ്പെടുത്തി.
ആറ് മാസം പ്രായമുള്ള മകൻ, അവന്റെ ജീവിതത്തിലെ ഏക പ്രകാശം. അവസാനം സുനിൽ നിയന്ത്രണം വിട്ടു.
‘നിങ്ങൾക്ക് ശല്യമാണെങ്കിൽ എനിക്കുതന്നിട്ട് നിങ്ങൾക്ക് എന്ത് വേണമെങ്കിലും ആകാമായിരുന്നില്ലെടീ… നിങ്ങൾ രണ്ടുപേരും മനുഷ്യരാശിക്ക് തന്നെ ശാപമാണ്!’ അത്രയും പറഞ്ഞ അയാൾ മേശപ്പുറത്ത് ഇരിക്കുന്ന ഫ്ലവർ പോട്ട് എടുത്ത് അവളുടെ തലയിലേക്ക് ഓങ്ങിയടിച്ചു. റൂമിലാകെ രക്തം തളംകെട്ടി. അവളിൽനിന്നും നേർത്ത ഞരക്കങ്ങൾ മാത്രം… അതും നിമിഷങ്ങൾ കൊണ്ട് അവസാനിച്ചു. എങ്കിലും അവന്റെ മനസ്സിലെ പ്രതികാര തീ ജ്വാലകൾ കെട്ടടങ്ങിയിരുന്നില്ല. പിറ്റേന്ന് സരിതയുടെ വീട്ടിൽ കത്തിക്കരിഞ്ഞ ഒരു പെൺശരീരം കൂടി പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

