മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകണമെന്ന് പി.എൻ. ഗോപീകൃഷ്ണൻ
text_fieldsമാവോയിസ്റ്റ് രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കാൻ അധികൃതർ അനുമതി നൽകണമെന്ന് എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ. ഇത് നിർഭാഗ്യകരമായ ഒന്നാണ്. എത്രയും പെട്ടെന്ന് അധികൃതർ ഇക്കാര്യം പുന:പരിശോധിക്കുമെന്നും ആ നോവലിന് പ്രസിദ്ധീകരണാനുമതി നല്കുമെന്നും ആശിക്കട്ടെ. ഇന്ന് സാഹിത്യം എന്ന് വിളിക്കുന്ന സാംസ്കാര എടുപ്പ് ,ജയിലിൽ നിന്നെഴുതിയ അനേകം കൃതികൾ ചേർന്നു കൂടി ഉണ്ടാക്കിയതാണ് എന്ന് ഒറ്റനോട്ടത്തിൽ കാണാനാകുമെന്നും ഗോപീകൃഷ്ണൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കുറിപ്പ് പൂർണരൂപത്തിൽ
ഞാൻ ചീമേനിയിൽ പ്രവർത്തിക്കുന്ന തുറന്ന ജയിൽ സന്ദർശിച്ചിട്ടുണ്ട്. 2015 ലാണെന്നാണ് ഓർമ്മ . അവിടെ അന്തേവാസിയായ ഷാ തച്ചില്ലം എന്ന കവിയുടെ "തടവറയിലെ ധ്യാനനിമിഷങ്ങൾ " എന്ന കവിതാ സമാഹാരം പ്രകാശിപ്പിക്കാനാണ് അന്നവിടെ ചെന്നത്. തൃശ്ശൂരിൽ വിയ്യൂരിൽ പ്രവർത്തിക്കുന്ന ജയിലിലും പലവട്ടം പോയിട്ടുണ്ട്. ഒരിക്കൽ അവിടുത്തെ അന്തേവാസികളുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന പുസ്തകം പ്രകാശിപ്പിക്കാനാണ് പോയത്.
തൃശ്ശൂരിൽ തന്നെയുള്ള ജുവനൈൽ ഹോമിലെ കുട്ടികൾക്ക് വേണ്ടി അധികൃതർ കുറച്ചു കാലം മുമ്പു വരെ സാഹിത്യ ക്യാമ്പുകൾ നടത്താറുണ്ടായിരുന്നു. അതിലും ഞാൻ ചിലവട്ടം സംസാരിക്കാനായി പോയിട്ടുണ്ട്. ആ സമയത്തൊക്കെ അതിന് മുൻകൈയ്യെടുത്ത ജയിൽ ഉദ്യോഗസ്ഥരെ ബഹുമാനത്തോടെ നോക്കി നിന്നിട്ടുമുണ്ട്. സന്തോഷ് കുമാർ, തോമസ് തുടങ്ങിയ ഉദ്യോഗസ്ഥരൊക്കെ എടുക്കുന്ന മുൻകൈ കണ്ട് ആനന്ദിച്ചിട്ടുമുണ്ട്.
ഇതൊക്കെ ഓർക്കാൻ കാരണം, അശോകൻ ചെരുവിലിൻ്റെ പോസ്റ്റിൽ വായിക്കാനിടവന്ന ഒന്നാണ്. മാവോയിസ്റ്റ് നേതാവും, എൻ്റെ കോളജ് മേറ്റും, ഒരു കാലത്ത് ഒന്നിച്ച് ക്രിക്കറ്റ് കളിച്ചവരും ആയിരുന്ന രൂപേഷ് ,തടവറയിൽ ഇരുന്ന് എഴുതിയ നോവലിന് ജയിലധികൃതർ വാക്കാൽ പ്രസിദ്ധീകരണ അനുമതി നിഷേധിച്ചുവെന്നും ,അതിനെതിരെ രൂപേഷ് നിരാഹാരത്തിന് ഒരുങ്ങുന്നുവെന്നും അതിൽ നിന്ന് അറിയാനിട വന്നു. അങ്ങനെയാണെങ്കിൽ, അത് നിർഭാഗ്യകരമായ ഒന്നാണ്.
എത്രയും പെട്ടെന്ന് അധികൃതർ ഇക്കാര്യം പുന:പരിശോധിക്കുമെന്നും ആ നോവലിന് പ്രസിദ്ധീകരണാനുമതി നല്കുമെന്നും ആശിക്കട്ടെ. ഇന്ന് സാഹിത്യം എന്ന് വിളിക്കുന്ന സാംസ്കാര എടുപ്പ് ,ജയിലിൽ നിന്നെഴുതിയ അനേകം കൃതികൾ ചേർന്നു കൂടി ഉണ്ടാക്കിയതാണ് എന്ന് ഒറ്റനോട്ടത്തിൽ കാണാനാകും. അത് മുന്നിൽ കണ്ട് എത്രയും പെട്ടെന്ന് അധികൃതർ ആ നോവലിന് പ്രസിദ്ധീകരണാനുമതി നൽകണമെന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൗരൻ എന്ന നിലയിലും മലയാളത്തിലെ എളിയ എഴുത്തുകാരൻ എന്ന നിലയിലും അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

