മണങ്ങൾ
text_fieldsപണിക്ക് പോവുമ്പോൾ കൊണ്ടുപോവാറുള്ള കവറുമെടുത്ത് അയാൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യ പുറകീന്നു വിളിച്ചു. " മാസ്ക് വെക്കാണ്ടാണോ പോണേ. ഇനി അതിനും കൂടെ കൊടുക്കാനുള്ള പൈസ ഇണ്ടോ" അയാളൊന്നും പറയാതെ മാസ്ക് വാങ്ങി, കൂടെ അവളുടെ കയ്യിലുണ്ടായ പൊതിച്ചോറും. അതയാൾ കവറിലേക്ക് എടുത്തു വെച്ച്, മാസ്ക് ധരിച്ച് പണി സ്ഥലത്തേക്ക് നടത്തം തുടങ്ങി. ലോക്ക്‌ഡൌൺ ആയതിനു ശേഷം കിട്ടുന്ന ആദ്യത്തെ ജോലിയാണ്. അതിന്‍റെ സന്തോഷം അയാളുടെ മുഖത്തുണ്ട്.
രാവിലെത്തെ നടത്തമായതു കൊണ്ട് ഒരോ വീടുകളിൽ നിന്നും ഓരോ മണങ്ങൾ വന്നയാളെ മൂടുന്നുണ്ട്. ഒരോന്നും നന്നായി ആസ്വദിച്ച് അയാൾ മനസ്സിൽ പറയും " ഓ.. ആ വീട്ടിൽ ഇന്ന് ദോശ ആണല്ലേ, "ആഹാ ഇവിടെ ഇന്ന് പുട്ടാണോ ". " ഇവിടെ കറി ഒക്കെ ആയോ.. നല്ല മീൻ കറി.. എന്തായാലും ഇന്നലെ വെച്ചതായിരിക്കും ". ഓരോ വീടിനും ഓരോ മണം. അങ്ങനെ നടന്ന് നടന്ന് സ്ഥലമെത്തും.
പിന്നെ പണിയാണ്. കല്ല് ചുമക്കലും സിമന്റ് കുഴക്കലും അങ്ങനെ എല്ലാ പണികളും അയാളെടുക്കും. വിശന്നു വിശന്നു കണ്ണിൽ ഇരുട്ടുകയറി തുടങ്ങിയപ്പോൾ അയാൾ ആ പൊതിച്ചോറിന്റെ കെട്ടഴിച്ചു. ചോറും ചമ്മന്തിയും. വിശക്കുന്നവന് കൂടുതൽ വിഭവങ്ങളുടെ ആവശ്യമില്ലല്ലോ. അയാളതെല്ലാം ആസ്വദിച്ചു കഴിച്ചു.
തിരിച്ചു വീട്ടിലേക്കുള്ള നടത്തത്തിൽ വഴികളിലെ മണം മാറിയിരിക്കുന്നു. പുതുതായി മുളച്ച കടകളിൽ നിന്നും പുതിയ മണങ്ങൾ വരുന്നു. ഷവർമ, അൽഫാം. എല്ലാം അയാൾക്ക് പുതിയ മണങ്ങളാണ്. പക്ഷെ ഒരു പച്ചക്കറിക്കടയുടെ അടുത്തെത്തിയപ്പോൾ ആ കടയുടെ മണം അയാളെ പെട്ടെന്ന് തന്നെ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി. പണ്ട് അമ്മയുടെ കൂടെ പച്ചക്കറി വാങ്ങാൻ അങ്ങാടിയിൽ പോവുന്നതും അവിടുത്തെ ഓരോ മണവും വേർതിരിച്ചു അറിയുന്നതും തിരിച്ചു വീട്ടിലേക്കുള്ള നടത്തത്തിൽ പച്ചക്കറി കവർ താൻ പിടിക്കുമ്പോൾ, റേഷൻ കടയിൽ നിന്നു വാങ്ങിയ അരിയുടെ ഭാരം താങ്ങാൻ കെൽപ്പില്ലാത്ത അമ്മയുടെ കൈകൾ അവയെ അമ്മയുടെ തലയിൽ കയറ്റി വെക്കുന്നതും എല്ലാം.
അമ്മയുടെ തല വേദനിക്കില്ലേ.. ഞാൻ ചുമന്നോളം എന്നു പറഞ്ഞാൽ അമ്മ സമ്മതിക്കില്ല. മോൻ അതിനുള്ള പ്രായവും കരുത്തുമാവട്ടെ അപ്പോ അമ്മ തരാമെന്നു പറയും. (മകൻ വളർന്നു കരുത്താർജിച്ചപ്പോഴേക്കും അമ്മ എല്ലാ ഭാരവും വെടിഞ്ഞു പോയിരുന്നു) അങ്ങനെ പച്ചക്കറി വീട്ടിലെ അടുക്കളയിൽ നിരത്തി വെക്കുമ്പോൾ അടുക്കളയാകെ പച്ചക്കറികടയുടെ മണം. വീടാകെ ആ മണം പരക്കുന്നതായി അവനു തോന്നും. റേഷൻ അരിയുടെ കെട്ടഴിക്കുമ്പോൾ പച്ചക്കറിക്കടയുടെ മണം മെല്ലെ മാറി മാറി വീട് റേഷൻ കട മണക്കാൻ തുടങ്ങും. ഇങ്ങനെ വീടിനു വരുന്ന പല പല മണങ്ങൾ. വീട് പച്ചക്കറിക്കടയായും റേഷൻ കടയായും എല്ലാം പരിണമിക്കുന്നു. എന്ത് രസം ലെ.
അവിൽ മില്ലിന്‍റെ മുന്നിലൂടെയാണ് അയാൾക്ക് നടന്നു പോവേണ്ടത്. അവിടെ എത്തുമ്പോൾ മണത്തിനൊപ്പം അവിലോർമകളും കൂടെ എത്തും. ആട്ടിയ വെളിച്ചെണ്ണയിൽ അമ്മ അവിൽ വറുത്ത് തേങ്ങയും ശർക്കരയും ഇട്ട് തരുമ്പോൾ അതിനൊരു മണമുണ്ട്. മില്ലിൽ നിന്ന് മണം ഉയരുമ്പോൾ അയാൾക്കാ പഴയ ഓർമയുടെ മണം കിട്ടും. അപ്പോൾ തന്നെ വായിൽ വെള്ളം നിറയും. വന്ന വെള്ളം ഇറക്കി അയാൾ മെല്ലെ നടക്കും.
അടുത്ത ദിവസം പണി എടുത്തു കൊണ്ടിരിക്കെ പല മണങ്ങളും ഓരോ വീട്ടിൽ നിന്നും ഉയരാൻ തുടങ്ങുന്നു. ഒരു വീട്ടിൽ നിന്ന് കോഴിക്കറി, മറ്റേ വീട്ടിൽ നിന്ന് തേങ്ങ വറുക്കുന്ന മണം, ഒന്നിൽ കുക്കർ വിസിൽ അടിക്കുന്നുണ്ട്. മണത്തിൽ നിന്നും വേവിക്കുന്നത് പോത്തിറച്ചി ആണെന്ന് അയാൾ കണ്ടെത്തി.
വിശപ്പ് അതിന്‍റെ ഉച്ചിയിൽ എത്തിയപ്പോൾ അയാൾ പണി നിർത്തി ഭക്ഷണം കഴിക്കാനായി കൈ കഴുകുകയായിരുന്നു. അപ്പോഴതാ കാറ്റിലൊരു മണം ഒഴുകി എത്തുന്നു. വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയുമിട്ട് തൂമിച്ച ശേഷം കപ്പയിൽ ഒഴിച്ചപ്പോളുണ്ടായ മണമായിരുന്നു അത്. അയാൾ കണ്ണുകളടച്ചു നിന്നു. അമ്മ ചെറുപ്പത്തിൽ ഉണ്ടാക്കി തരാറുള്ള കപ്പയുടെ മണം. കുറെ കാലത്തിനു ശേഷമായിരുന്നു അയാൾക്കാ മണം കിട്ടുന്നത്. ആ മണത്തിൽ ലയിച്ച്, അമ്മയെ ഓർത്ത് അയാൾ പൊതിച്ചോർ തുറന്നു. ചോറും കുറച്ച് അച്ചാറുമുണ്ട്, കൂടെ അമ്മയുടെ ഓർമ്മയുള്ള കപ്പ മണവും. ആ മണം പോവുന്നതിനു മുന്നേ ചോറ് കഴിച്ചു തീർക്കണം. അയാൾ ആവേശത്തോടെ ചോറ് ഉരുട്ടാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
