ചെറുകഥകൾ
text_fieldsനിശ്ശബ്ദമായ ശബ്ദം
സമയത്തിന് ഇന്നെന്താണ് പറ്റിയത്? ഇങ്ങനെ ഇഴഞ്ഞുനീങ്ങാൻ എന്തിനിത്ര കാത്തിരിക്കണം? ഞാൻ കൺചിമ്മിയത്, ആ ഇരുട്ടിന്റെ ചിത്രം പതിയെ ഉയർന്നുവന്നപ്പോഴാണ്. ഏറെനേരം ഉറങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നി. എന്നിട്ടും പതിവിലും വിപരീതമായി, ഈ രാത്രിയുടെ സ്വരം മായാതെ നീണ്ടുനിൽക്കുന്നു.
‘ഒന്ന് പെട്ടെന്ന് വെളിച്ചം വീണിരുന്നെങ്കിൽ!’ ഞാൻ മനസ്സിൽ മൊഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ബാക്കിയാണ്. അതൊക്കെ ഞാൻ അല്ലാതെ മറ്റാരാണ് ചെയ്യാൻ? സമയം എത്രയോ വൈകിയിട്ടും ഈ കാലം മാത്രം നീങ്ങുന്നില്ലല്ലോ.
സഹികെട്ട് ഞാൻ കിടക്കയിൽനിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ചുറ്റും ഇരുട്ട് കട്ടിയായി നിന്നു. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്കായില്ല. എന്റെ ലോകം ഒരു നിമിഷം സ്തംഭിച്ചതുപോലെ. അപ്പോഴാണ് ആ സത്യം ഒരു മിന്നൽപോലെ മനസ്സിൽ കടന്നുവന്നത്. ലോകം മുഴുവൻ അറിഞ്ഞ ആ രഹസ്യം, എന്തുകൊണ്ട് ഞാൻ മാത്രം അറിഞ്ഞില്ല? ഞാൻ മരിച്ചിരിക്കുന്നു!
ഓർമകളുടെ ഭാരം
സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ, പഴയ റേഡിയോ കസേരയിലിരുന്ന് അപ്പൂപ്പൻ വാസുദേവൻ ചിതലരിച്ച താളിയോലകൾ മറിച്ചുനോക്കി. അതൊരു സാധാരണ താളിയോലയായിരുന്നില്ല. കഴിഞ്ഞുപോയ ഓരോ നിമിഷവും അതിൽ എഴുതിച്ചേർക്കപ്പെട്ടിരുന്നു. സന്തോഷങ്ങളോ സങ്കടങ്ങളോ അല്ല, മറന്നുപോയ കാര്യങ്ങളായിരുന്നു അതിൽ നിറയെ.
ആർക്കും ഓർമയില്ലാത്ത, ലോകം നിസ്സാരമായി തള്ളിക്കളഞ്ഞ ചെറിയ കാര്യങ്ങൾ. വാസുദേവൻ ഒരു ദീർഘനിശ്വാസം എടുത്തു. ലോകം ഉപേക്ഷിച്ച ഈ ഓർമകളുടെ ഭാരം ചുമക്കാൻ വിധിക്കപ്പെട്ടവനാണ് താനെന്ന് അയാൾക്ക് തോന്നി. അയാൾ കണ്ണുകൾ അടച്ചു. ആ താളിയോലകളിലെ മഷി മാഞ്ഞുപോവുകയും, ലോകം വീണ്ടും ശൂന്യമാവുകയും ചെയ്തിരുന്നെങ്കിൽ!
കളിപ്പാട്ടം
കളിപ്പാട്ടത്തിനായി ഞാൻ വാശിയോടെ കരഞ്ഞു. കേൾക്കാൻ ആരുമില്ലാതെ എന്റെ ശബ്ദം മങ്ങി. മിഠായിക്കായി ചിണുങ്ങി, ആരും കണ്ടില്ല. വിശക്കുന്നു എന്ന് പറഞ്ഞു ഞാൻ തളർന്നുപോയി.
ഒടുവിലെന്റെ ഹൃദയം ഒരു സത്യം അറിഞ്ഞു: ഇവിടെ ഒറ്റക്ക് ഞാൻ... ശരീരം വിട്ട് ആത്മാവ്. അടച്ചിട്ട വാതിൽക്കൽ നിഴലായി ഞാൻ നിന്നു. മിണ്ടാതെ, കാണാതെ, ലോകം മറന്നുപോയി.
തനിച്ചോർമ
ഇരുട്ടിലിടി വെട്ടിയ ഒരു രാത്രിയായിരുന്നു അത്. പേമാരി ആർത്തലച്ചു പെയ്യുമ്പോൾ, ഞാൻ ഓർമകളുടെ കട്ടിയുള്ള പുതപ്പിലേക്ക് ഊർന്നിറങ്ങി. അന്ന്, ഇങ്ങനെയുള്ള ഓരോ പേടിപ്പിക്കുന്ന നിമിഷത്തിലും, അച്ഛന്റെ വലിയ കൈപ്പത്തിക്കുള്ളിൽ എന്റെ കുഞ്ഞുവിരലുകൾ സുരക്ഷിതമായി ചേർന്നിരുന്നു.
അമ്മയുടെ മൃദുവായി ഒഴുകിയെത്തിയ ശബ്ദം എനിക്ക് തണലും ധൈര്യവുമായി. ആ സ്നേഹത്തണലിൽ, ഭയം എങ്ങോ മാഞ്ഞകന്ന ഒരു ബാല്യകാലം. അതായിരുന്നു എന്റെ ലോകം. എന്നാൽ, ഇന്നീ കാലം വെളിച്ചമില്ലാത്തതാണ്, തനിച്ചോർമകൾ മാത്രം കൂട്ടായി. ഇപ്പോഴുമിതാ ഇടിമുഴങ്ങുന്നു. ആ പഴയ വിറയൽ വീണ്ടുമെത്തിയിരിക്കുന്നു. പക്ഷേ, ഇന്ന് എന്നെ ചേർത്തുപിടിക്കാൻ ആരുമില്ല.
അവരെവിടെയോ മണ്ണിലുറങ്ങുന്നു. ആഴത്തിലുള്ള ഉറക്കം. ഞാനിവിടെ ഈ ഇരുട്ടിൽ, എന്റെ നെഞ്ചിൽ വിറയലോടെ ഒരുകൂട്ടം ചോദ്യങ്ങൾ നിറച്ച്, ഒറ്റക്ക്..
കൂടണഞ്ഞ പക്ഷി
എന്താണ് ഇന്നത്തെ ദിവസത്തിന് ഇത്രയും ഭംഗി? എന്തിനാണ് എന്റെ ആത്മാവ് എന്നെ നോക്കി പുഞ്ചിരിക്കുന്നത്? എന്റെ മുന്നിൽ കാണുന്ന പരിചയമില്ലാത്ത മുഖങ്ങൾ ആരൊക്കെയാണ്? അബോധാവസ്ഥയിലും പാതി തുടുപ്പിൽ ആത്മാവ് പൊട്ടിച്ചിരിക്കുന്നു. മരണം അത് മനുഷ്യന് മാത്രം ഉള്ളതല്ലല്ലോ? അല്ലെങ്കിലും ചീറിപ്പാഞ്ഞെത്തിയ മരണത്തെ ഭയന്ന് ജീവിതം ഉള്ളിൽ മുറുകെ പിടിച്ച് ആത്മാവിനെ പകുത്തു നൽകിയ നീയോ മനുഷ്യനോ?
എവിടെനിന്നോ ഉറവപൊട്ടി ഒലിച്ചുവന്ന വെളിച്ചം. ആരോ വന്നു തഴുകുംപോലെ ഇളം കാറ്റ്. ഞാൻ ഇന്ന് ഇല്ല. അങ്ങനെ അല്ല ഇന്ന് എന്നിൽനിന്നും അന്യമായിരിക്കുന്നു. എങ്ങനെയാണ് എന്റെ പ്രിയപ്പെട്ടവരെ എനിക്ക് ഇപ്പോഴും കാണാൻ സാധിക്കുന്നത്?
ഓരോ നിമിഷവും എന്നോട് യാത്രപറയുന്നു ഓരോ നിമിഷങ്ങളും എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാൻ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പക്ഷേ, എന്റെ കണ്ണുകൾ എന്നെ മനോഹരമായ കാഴ്ചകൾ കാണിച്ചുതന്നുകൊണ്ടിരിക്കുന്നു. എന്റെ ഹൃദയം എനിക്ക് കുറെയേറെ സ്നേഹം തന്നുകൊണ്ടിരിക്കുന്നു. പക്ഷേ, എവിടെ എന്റെ പ്രിയതമ? എവിടെ എന്റെ പൊന്നുമോൾ? അവരെയൊക്കെ എന്താണ് എന്റെ കണ്ണുകൾക്ക് കാണാൻ സാധിക്കാത്തത്?
എന്റെ ചിന്തകൾക്ക് മങ്ങലേൽക്കുന്നു. എന്നിൽനിന്നും ഓരോ ശ്വാസവും അടർന്നുകൊണ്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ടവരുടെ കൈയുടെ താപം ഓർമയായി എന്റെ നെഞ്ചിൽ മങ്ങുന്നു. ഞാൻ ഏറക്കുറെ ഇല്ലാതായി. മറ്റൊരു ലോകം എനിക്കായി വിരുന്നൊരുക്കുന്നു. ഹൃദയത്തിന്റെ പുഞ്ചിരി അവസാനിക്കുന്നില്ല. കണ്ണിന്റെ കുളിർമ ഒരു ചാറ്റൽമഴ പോലെ പെയ്തുതീരുന്നു. എന്നോടൊപ്പം എന്റെ ആത്മാവും യാത്രയാകുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

