പണിപ്പുരയിൽ
text_fieldsകവി കവിതയുടെ
പണിപ്പുരയിലാണ്.
മറ്റൊന്നിലും ശ്രദ്ധവെക്കുന്നില്ല
മനസ്സിൽ ഭാവനകൾ
തിളച്ചുമറിയുകയാണ്.
കവിതക്ക് തൊങ്ങലുകളായി
അലങ്കാരങ്ങൾ
ചിറക് നൽകുകയാണ്.
രൂപകങ്ങളുടെ
കൊടുമുടി മുടി തൊട്ടു കയറി
ബിംബകൽപനകളിലൂടെ കടന്ന്
ചിന്തകളുടെയനന്ത ലോകത്തിലേക്ക്
കവി കാട് കയറുകയാണ്.
മുനിമാരുടെ ധ്യാനമാർഗത്തിലൂടെ
മനീഷികളുടെ
ഉൾക്കണ്ണുകളിലൂടെ
പകിടകളിക്കാരന്റെ
തന്ത്രസൂത്രക്കെട്ടുകളിലൂടെ
താളത്തിന്റെ
ഗതി ഗരിമകളിലൂടെ
വരാനിരിക്കുന്ന
പ്രശംസാ മഹിമകളിലൂടെ
ഒന്നും കാണാതെ,
ഒന്നും കേൾക്കാതെ,
ഏകാന്തതയിൽ ലയിച്ച്
കവിത വിരിയിക്കുകയാണ് കവി.
നാളെയുടെ
മേൽക്കോയ്മകളിൽ
കവി കണ്ണ് നട്ടിട്ടില്ല.
ഇനിയെന്താകുമെന്ന
സങ്കൽപമേയില്ല.
കാലത്തിന്റെയാരക്കാൽ
കറക്കത്തിനൊപ്പം
അടിവച്ചടിവച്ച് സ്വയം
അഭിനയിക്കുകയാണ് കവി.
പലവട്ടം ചുറ്റിത്തിരിഞ്ഞ്
തുടക്കത്തിൽനിന്ന് തിടുക്കത്തിൽ
എത്തേണ്ടിടത്ത്
തിരിച്ചെത്തുകയാണ്.
ഇപ്പോൾ കവിക്ക് കവിത പൂർത്തിയായി,
ഇപ്പോൾ കവിക്ക് നന്നായി
സമൂഹത്തെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

