കടൽ കടന്ന ജീവിതങ്ങൾ
text_fields‘പോർചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷ്കാരുടെയും വ്യാപാരക്കപ്പലുകളും പടക്കപ്പലുകളും കടൽ കടന്നുവന്ന് നമ്മെ അധിനിവേശിച്ചപ്പോഴും കടലിന്റെ പ്രാധാന്യം നമ്മൾ വേണ്ടത്ര മനസ്സിലാക്കിയില്ല. അവരുടെ അടിമകളായി തുടരേണ്ടിവരുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സംഭവിച്ച സാമൂഹിക നവോത്ഥാനത്തോടനുബന്ധിച്ചാണ് കേരളത്തിലെ ചെറുപ്പക്കാർ ജോലി തേടിയും വിദ്യാഭ്യാസം തേടിയും മലേഷ്യയിലും സിലോണിലും ഇംഗ്ലണ്ടിലും മറ്റും കപ്പൽ കേറിപ്പോവാൻ തുടങ്ങിയത്.
അങ്ങനെ കടൽ മലയാളിക്ക് അന്യവസ്തുവല്ലാതായിത്തീർന്നു. എങ്കിലും നമുക്കൊരു മെൽവീലോ, വിറ്റ് മാനോ കൊൺറാഡോ ഒനീലോ ഹെമിങ് വേയോ ഉണ്ടായില്ല. കാരണം, അടുത്തകാലം വരെ നമ്മുടെ സാഹിത്യം, പ്രത്യേകിച്ച് കവിത സവർണന്റെ കുത്തകയായിരുന്നു. അവന്റെ മാനസിക അബോധതലങ്ങളെ എന്നും ഭരിച്ചത് കടലിനെ സംബന്ധിച്ചുള്ള അശുദ്ധി സങ്കൽപങ്ങളും കടലിനോടുള്ള ഭയപ്പാടുമായിരുന്നു.’ (‘മലയാളത്തിലെ കടൽക്കവിതകൾ’ എഡിറ്റർ പി.എം. നാരായണൻ എഴുതിയ ആമുഖത്തിൽനിന്ന്)
അമ്മാർ കിഴുപറമ്പ് എഴുതിയ ‘ഇഖാമ’ എന്ന നോവൽ വായിച്ചപ്പോൾ, ഈ പുസ്തകം മലയാള നോവലിൽ രേഖപ്പെടുത്താതെ പോയ കടൽ കടന്നവരുടെ ജീവിതാഖ്യാനമെന്നു പറയാതെ നിവൃത്തിയില്ല. മലയാള നോവലിൽ കടൽ സംബന്ധിയായ അനുഭവം നിലനിർത്തി വലിയ ചർച്ചയായവയും, അല്ലാത്തവയും ഉണ്ട്. അതിലൊന്നും കടൽ സഞ്ചാരത്തിന്റെ ഉൾക്കഥകൾ അധികം രേഖപ്പെടുത്തിയിട്ടില്ല. മഴ, കാറ്റ് എന്നിവ കടന്നുവരുമ്പോൾ കടലിനുള്ള മാറ്റം, തിരകൾ ആർത്തിരമ്പുമ്പോൾ സഞ്ചരിക്കുന്ന യാനങ്ങളുടെ അവസ്ഥ, അന്താരാഷ്ട്ര അതിർത്തിക്കപ്പുറം കടന്നാലുള്ള കടലിന്റെ മണം, യാത്രികർക്ക് അനുഭവപ്പെടുന്ന ശാരീരികാസ്വാസ്ഥ്യം, നാലു ഭാഗവും കടൽ മാത്രം കാണുമ്പോൾ മനസ്സിലുണ്ടാകുന്ന വിഭ്രാന്തി, നക്ഷത്രങ്ങൾ, കുന്ന്, കുറിമാനം വെച്ചുള്ള കര തിട്ടപ്പെടുത്തൽ, കയറിൽ കല്ലറ കെട്ടി വെള്ളത്തിലിറക്കി ആഴം അളന്നുള്ള പഴയ കടൽയാത്ര ഇങ്ങനെ വൈവിധ്യം, വൈരുധ്യം നിറഞ്ഞ കടലിന്റെ ഭൂപ്രകൃതി മലയാളിക്ക് പരിചിതമല്ല. അതിലേക്കാണീ നോവൽ കണ്ണ് തുറന്നുവെച്ചിരിക്കുന്നത്.
ചരിത്രം, ജീവിതം, കഥ പറച്ചിൽ എന്നീ ത്രിമാന സ്വഭാവത്തിൽ ഏകതാനത മുറിഞ്ഞുപോകുന്നുണ്ട്. അത് സ്വാഭാവികമാണ്. ഒറ്റയടിക്ക് ആസ്വദിപ്പിക്കുന്നതിനു പകരം ഇടക്കൊന്ന് ചിന്തിക്ക് എന്നു പറഞ്ഞുള്ള ആഖ്യാനം നോവലിൽ ഇടപെടലായി വരുന്നു. അതിന്റെ നോവൽ ഭംഗിയെപ്പറ്റിയല്ല ഇവിടെ അന്വേഷിക്കുന്നത്. പകരം ഏതൊക്കെ തരത്തിൽ നമ്മുടെ പൂർവികർ കടൽ കടന്നുപോയി, ഏതൊക്കെ കയ്പുകൾ കുടിച്ചു തീർത്തു, എങ്ങനെ നമ്മുടെ അടുക്കള പുകഞ്ഞു, നമ്മുടെ സംസ്ഥാനത്തിന് ഖജനാവിലേക്ക് എത്ര പണം വന്നെത്തി എന്നതിലേക്കാണ് വായന നീങ്ങുന്നത്.
കടൽയാത്രയിലെ അതിജീവനം, രോഗം, മരണം, വിശപ്പ് എന്നിവ കൃത്യതയോടെ വരഞ്ഞിടുന്നു നോവൽ. ഗൾഫ്കുടിയേറ്റത്തിന്റെ ആദ്യകാലത്തിലേക്ക് ശ്രദ്ധയർപ്പിക്കൽ എന്ന അർഥത്തിൽ മലയാള നോവൽ സാഹിത്യത്തിൽ ‘ഇഖാമ’ക്ക് അതിന്റേതായ പ്രസക്തിയുണ്ട്. കരയിൽനിന്ന് നമ്മൾ കാണുന്ന കടലല്ല പുറങ്കടൽ. കടൽ കടന്ന് കടലിനുള്ളിലെ തുറമുഖത്ത് പ്രവാസത്തിന്റെ വേവും ആഹ്ലാദവും അധ്വാനം വിൽക്കലും ഒക്കെയുണ്ട്. തുറമുഖത്ത് യാത്രാക്കപ്പലിൽ വരുന്ന സഞ്ചാരികൾക്ക് സുരക്ഷിതത്വമുണ്ട്. എമിേഗ്രഷൻ, കസ്റ്റംസ്, പോർട്ട് അതോറിറ്റി, കോസ്റ്റ് ഗാർഡ് ഇവരുടെയൊക്കെ പരിശോധന ഉറപ്പുവരുത്തിയാലേ അവർക്ക് പുറത്തിറങ്ങാനും അടുത്ത തുറമുഖത്തിലേക്ക് പോകാനും പറ്റൂ.
എന്നാൽ 1940, 60 കാലത്ത് ലോഞ്ച്, ഉരു, വഴി ദുബൈ സ്വപ്നം കണ്ട് പുറപ്പെട്ടവരുടെ കഥ അങ്ങനെയല്ല. മേൽവിലാസമില്ലാത്ത, കടലാഴമുള്ള സ്ഥലത്തുനിന്നായിരിക്കും ഉരു, ലോഞ്ച് പുറപ്പെടുക. എത്ര ആളുകൾ, എവിടത്തുകാർ, അതിനൊന്നും ഡോക്യുമെൻസ് ഉണ്ടാവില്ല. അതേസമയം ഡച്ചുകാർ, പോർചുഗീസുകാർ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി അവരൊക്കെ അടിമകളാക്കി അന്യരാജ്യത്ത് കൊണ്ടുപോയവരുടെ പേരുകൾപോലും ആർക്കൈവ്സ് രേഖകളായി ഉണ്ട്. ഇവിടെയാണ് മന്ത്രാലയം പ്രവാസ മലയാളിയുടെ ആദ്യകാല കുടിയേറ്റം നിലവിൽ ജീവിക്കുന്നവർ എന്നിങ്ങനെ വിവരശേഖരണം നടത്തണമെന്ന് പരോക്ഷമായി നോവലിലൂടെ അമ്മാർ അഭ്യർഥിക്കുന്നത്.
ദാമുവിന്റെ മരണം, നാസറിന്റെ തിരോധാനം കടൽയാത്രയിലെ വ്യസനമായി നീറുന്നുണ്ടെങ്കിലും പ്രവാസജീവിതത്തിലും അത്തരം മരണങ്ങൾ നിരവധി. വേണ്ടപ്പെട്ടവർ അടുത്തില്ലാതെ ഭൂമുഖത്തുനിന്നും യാത്രപറയുമ്പോൾ കൂടെനിൽകുന്ന, ഒന്നിച്ചുതാമസിക്കുന്നവരും നാട്ടുകാരും. മരണങ്ങൾ കണ്ട് അതുമായി പൊരുത്തപ്പെട്ട് പ്രവാസി എല്ലാ മരണവും സാധാരണ അവസ്ഥയായി ഉൾക്കൊള്ളുന്നു.
ഈ നോവലിൽ ലോഞ്ചിന്റെ റൂട്ട് മാപ്പ് യാത്രചെയ്ത ഒരാളെപ്പോലെ അമ്മാർ എഴുതുന്നു. അതിനിടയിൽ വന്നുപെടുന്ന കടൽ കൊള്ളക്കാർ, കള്ളന്മാരിലും നന്മ കാണുന്ന എഴുത്ത് മറ്റാരും കാണാത്ത കാഴ്ചയായി നോവലിൽ രേഖപ്പെടുത്തുന്നു. ദീർഘകാലം പത്രപ്രവർത്തകനായതിനാൽ ഡോക്യുമെന്റേഷൻ, വിവരണം പല സ്ഥലത്തും കടന്നുവരുന്നുണ്ട്. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ആ അപാകത പരിഹരിക്കാമായിരുന്നു. നോവൽ രചനയിൽ തുടക്കക്കാരൻ എന്ന നിലക്ക് പോരായ്മകൾക്ക് മാപ്പുണ്ട്. മലയാളിയുടെ വായനയിൽ ഉൾപ്പെടുത്തേണ്ട ഈ കൃതി മലയാളിയുടെ പ്രവാസ ചരിത്രത്തിന്റെ ഡോക്യുമെന്റേഷൻ എന്നനിലയിൽ ഏറെ പ്രാധാന്യമുണ്ട്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

