താൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർണക്ക് സാഹിത്യത്തിനുള്ള നൊബേൽ
text_fieldsസ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്ക്കാരം ടാന്‍സാനിയന്‍ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുര്‍ണക്ക്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ട എഴുത്തുകാരനാണ് അബ്ദുൽ റസാഖ് ഗുർണ.
ഗുർണയുടെ കൃതികളിലെ കൊളോണിയലിസത്തോടും അഭയാര്‍ഥികളുടെ ജീവിതത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമെന്ന് നൊബേല്‍ ജൂറി അഭിപ്രായപ്പെട്ടു.
അബ്ദുൽ റസാഖ് ഗുർണ യു.കെ.യിലാണ് താമസിക്കുന്നത്. പാരഡൈസ് ആണ് അബ്ദുള്‍ റസാഖിന്‍റെ വിഖ്യാതകൃതി. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് പ്രമുഖ കൃതികള്‍. 21ാം വയസ്സിൽ എഴുതാൻ ആരംഭിച്ച ഇദ്ദേഹം 10 നോവലുകളും അസംഖ്യം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താൻസാനിയയിലെ സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ 1968ൽ അഭയർഥിയായാണ് ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. കെന്‍റ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രഫസറായിരുന്നു അദ്ദേഹം. ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.