Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒരു വെളുത്തകുട്ടി...

ഒരു വെളുത്തകുട്ടി കറുത്തകുട്ടിയോട് പറഞ്ഞത്

text_fields
bookmark_border
ഒരു വെളുത്തകുട്ടി കറുത്തകുട്ടിയോട് പറഞ്ഞത്
cancel

കാഥികരിലെ മികച്ചകവി, സ്വർഗത്തിലെ സന്ദേശവാഹകൻ, ചെറുകഥാസാഹിത്യത്തിലെ മിതശീതോഷ്ണമേഖലയുടെ സൃഷ്​ടികർത്താവ്, എന്തിലും ഏതിലും സൗന്ദര്യം കണ്ടവൻ, ചെകുത്താനിലെ മാലാഖയെ പുറത്തെടുത്തവൻ... ഉറൂബ് ഇതിലപ്പുറവും ഉയർന്നുനിൽക്കും. അവിശ്വാസത്തിന്റെ ലോകത്ത്, വിശ്വാസത്തെയും, പകയുടെ ലോകത്ത് പ്രിയത്തെയും ആവിഷ്കരിക്കാനാണ് ഉറൂബ് ഉത്സുകനായത്. സങ്കൽപ വായുവിമാനത്തിലേറി മധുരോദാരമായ ഭാവനാസഞ്ചാരം നടത്തുമ്പോഴും, മണ്ണിലിറങ്ങാൻ അദ്ദേഹം മറന്നില്ല.

നമ്മൾ മനുഷ്യരല്ലേ, മണ്ണുകൊണ്ടുണ്ടാക്കിയതല്ലേ എന്ന, ‘രാച്ചിയമ്മ’യിലെ ഒരൊറ്റ ചോദ്യത്തിൽ ഉറൂബ് ഒതുക്കിയത് സങ്കീർണവും സംഘർഷ നിർഭരവുമായ ജീവിതത്തെ മുഴുവനുമാണ്. ദേവലോകം തുറക്കും താക്കോൽ അദ്ദേഹമൊരു മൺതുരുമ്പിൽ കണ്ടെത്തി കോരിത്തരിച്ചു! എഴുത്തിനും കഴുത്തിനുമപ്പുറം, ജീവിതമെന്ന് ജീവിതം മാത്രമെന്ന് അമർത്തി പറഞ്ഞാണ് ഉറൂബ് സാഹിത്യത്തിൽ സ്വന്തം വഴിവെട്ടിയത്. എന്റെ ഭാര്യയുടെ കാലിലെ മുറിവുണക്കാൻ എന്റെ എല്ലാ കൃതികളും ചുട്ടുകരിച്ച ഭസ്​മംകൂടിയേതീരൂ എന്നുവന്നാൽ ഞാനതുടനെ ചെയ്യും, തീർച്ച എന്ന ഉറൂബിന്റെ ആ അപൂർവ സാക്ഷ്യം സാഹിത്യം ജീവിതത്തിനു നൽകിയ അസമാനമായൊരു ആദരവാണ്.

കുന്നംകുളത്തെ പോർക്കുകളിൽപോലും സൗന്ദര്യം കണ്ടെത്തിയ ആ കാഴ്ചപ്പാട് പിഴുതുകളഞ്ഞത് പകയുടെ വേരുകളാണ്. ഇരുട്ടിനെ ഇരട്ടിപ്പിക്കാനല്ല, അതിൽനിന്നുപോലും എപ്രകാരം വെളിച്ചമുണ്ടാക്കുമെന്നോർത്താണ്, അദ്ദേഹം വ്യാകുലനായത്. കുറ്റവാളിയെ കണ്ടെത്താനല്ല, അതദ്ദേഹം ചെയ്തിട്ടുണ്ട്, പക്ഷേ കുറ്റം നടന്നുവന്ന വഴി അടയാളപ്പെടുത്താനാണ് അദ്ദേഹം അധികം ശ്രമിച്ചത്. സാഹചര്യങ്ങൾ മനസ്സിലാക്കാതെ ആളുകളോട് പകവെക്കുന്നതിൽ ഒരർഥവുമില്ല. ഈ ബോധമുണ്ടാകാൻ സമയം പിടിച്ചു. മനസ്സിലായപ്പോൾ മനുഷ്യർക്കെല്ലാം സൗന്ദര്യം വർധിച്ചതായും തോന്നി എന്നതിലൊതുങ്ങും ഉറൂബിന്റെ തത്ത്വചിന്ത. എന്തെങ്കിലുമൊന്ന് വിശ്വസിക്കാനില്ലെങ്കിൽ മനുഷ്യരൊക്കെ മരിച്ചുപോവും.

ഒന്നു തലനിവർത്തിനോക്കൂ! വിശ്വസിക്കാവുന്ന പലതും ഈ ലോകത്തിലുണ്ട് എന്നാണ് അവിശ്വസനീയമെന്ന് പ്രത്യക്ഷത്തിൽ തോന്നാവുന്ന ‘വെളുത്തകുട്ടി’ പോലുള്ള ഭ്രമാത്മക കഥകളിൽപോലും അദ്ദേഹം പറയുന്നത്. ഒന്നു നന്നായി കാതോർത്താൽ മൈക്കലാഞ്ചലോവിന് മുമ്പിൽ ആദ്യം ക്രിസ്​തുവായും പിന്നീട് വർഷങ്ങൾക്കു ശേഷം ജൂദാസായും ഇരുന്നുകൊടുക്കേണ്ടി വന്ന ആ നിസ്സഹായ മനുഷ്യന്റെ നിങ്ങളെന്നെ മറന്നുപോയോ എന്ന ഗദ്ഗദം, ‘Do you not recognize me, Master? I sat for you as Christ... years ago’ എന്ന കണ്ണീരിൽ കുതിർന്നൊരു വിങ്ങൽവാക്യം, വെളുത്ത കുട്ടിയിൽനിന്നും മറ്റൊരുവിധത്തിൽ കേൾക്കാനാവും.

വെളുത്തകുട്ടിയിൽ പ്രകടമാവുന്നത് ജൂദാസിന്റെ ആചാര്യനാവാൻ പ്രാപ്തിയുള്ള ചെകുത്താന്റെ റിവേഴ്സ്​ രൂപാന്തരീകരണമാണ്. സർവംശക്തനായ ചെകുത്താൻ തോറ്റത് ഒരു കുട്ടിയുടെ മുള്ളില്ലാത്ത ചിരിക്ക് മുന്നിലാണ്. ചെകുത്താനല്ല ശരിക്കുള്ള ചെകുത്താൻ എന്നാണ് ഒറ്റവാക്യത്തിൽ, ‘വെളുത്തകുട്ടി’ എന്ന കഥയുടെ ചുരുക്കം. മാറുന്ന ചെകുത്താനും, ഒരു വിധേനയും മാറാത്ത അധികാരമത്ത് പിടിച്ച മനുഷ്യരുമാണ്, ‘വെളുത്തകുട്ടി’യിൽ പരസ്​പരം അഭിമുഖീകരിക്കുന്നത്. കാൽപനികമായിരിക്കെതന്നെ ജീർണസാമൂഹികാവസ്​ഥക്കെതിരെയുള്ള കലഹമായി മാറുന്നതോടെ, പ്രസ്​തുത കഥ, വെളുപ്പ്/കറുപ്പ്, യജമാനർ/ഭൃത്യർ, ചെകുത്താൻ/ മനുഷ്യർ എന്നീ പ്രകാരമുള്ള ബൈനറികളെ അഥവാ, ഇരട്ടകളെ ഇടിച്ചുടക്കുകയാണ്. ‘വെളുത്തകുട്ടി’ ഏതർഥത്തിലും നമ്മുടെ ശരീരത്തിലും മനസ്സിലും ബന്ധങ്ങളിലും പടർന്നുകൊണ്ടിരിക്കുന്ന മർദകാധികാരത്തിനെതിരെയുള്ള മധുരമുള്ളൊരു മരുന്നാണ്.

കലയും സാഹിത്യവും മഹത്താവുന്നത്, അത് ജീവിതഗുണത വർധിപ്പിക്കുന്നതിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയാവുമ്പോഴാണ്. നാനാതരം ജീർണതകളെ അവതരിപ്പിക്കുമ്പോഴും അതിന് അടിമപ്പെടാതിരിക്കുമ്പോഴാണ്. സർവത്ര ഇരുട്ടുണ്ട് എന്ന സമകാല സത്യത്തിന്റെ ചുവടെ ഒപ്പ് ചാർത്താൻ കലാപ്രതിഭകൾ വേണ്ട, ൈക്രം റിപ്പോർട്ടുകൾ മതി. കൊള്ളരുതായ്മകളെ ആദർശവത്കരിക്കുമ്പോഴല്ല, അതിനെപ്പോലും കൊള്ളാവുന്നതാക്കി തിരുത്തിയെഴുതുമ്പോഴാണ്, കലയും സാഹിത്യവും കരുത്താർജിക്കുന്നത്. വരികൾക്കിടയിൽ വീണവരെ കാണുമ്പോൾ, അധികാരത്തിന്റെ അലർച്ചകൾക്കിടയിൽ കേൾക്കാതെ പോവുന്ന നിലവിളികൾ കേൾക്കുമ്പോൾ, ഇപ്പോഴല്ലെങ്കിൽ എപ്പോഴെങ്കിലും കുരിശേറ്റപ്പെട്ടവരൊക്കെയും ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിൽ തളിർക്കുമ്പോൾ, ജീർണതകളൊക്കെയും ചളിയിലാഴും. വരളുന്ന ജീവിതത്തിലേക്ക് അപ്പോൾ കഥകൾ കുളിരുമായി വന്നുചേരും. സങ്കൽപങ്ങൾ ദുർഗന്ധനിർഭരമാവുമ്പോൾ, സ്വപ്നങ്ങൾ ഭയസാന്ദ്രമാവുമ്പോൾ, സ്വപ്നരാഹിത്യത്തിന്റെ ഡിസ്​ടോപ്പിയ അഥവാ ഭയാനകലോകം കൊമ്പു കുലുക്കുമ്പോൾ, സ്വപ്നലോകം അഥവാ ഉട്ടോപ്യയും ഊർജകേന്ദ്രമാവും.

ഉറൂബിന്റെ ‘വെളുത്തകുട്ടി’ എന്ന മലയാളത്തിലെ കഥ ഏഴ് പതിറ്റാണ്ടിനുശേഷം വായിക്കുമ്പോഴും പലനിലകളിൽ പകുക്കുന്നത് വീര്യവിസ്​മയങ്ങളാണ്. ആ ഒരൊറ്റ കഥ, ആധുനികവായനയിൽ അടപടലം കടപുഴക്കുന്നത്, ഒരേസമയം ഒന്നിലേറെ മേൽക്കോയ്മകളെയാണ്. അപ്പുക്കുട്ടൻ എന്ന കുഞ്ഞുമോൻ, അവന്റെ രാവ്-പകല് ജോലിയെടുക്കുന്ന നിസ്സഹായയായ അമ്മ, ക്രൂരരായ യജമാനർ, ചെകുത്താൻ, ഒരു കണക്കുപുസ്​തകത്തിലും കൊള്ളാത്ത പ്രകൃതി, സംഭ്രമം സൃഷ്​ടിക്കുന്ന നാനാതരത്തിലുള്ള രൂപാന്തരങ്ങൾ, ഒടുവിൽ കൈവരുന്ന അപ്രതീക്ഷിത സ്വപ്നസാഫല്യം എന്നിങ്ങനെ വിശകലന സൗകര്യത്തിനുവേണ്ടി ‘വെളുത്തകുട്ടി’ എന്ന ഉറൂബിന്റെ കഥയെ വിഭജിക്കാവുന്നതാണ്. കഥയിൽ ഒരൊറ്റ കഥാപാത്രത്തിനേ പേരുള്ളൂ. അത് സർവശക്തനായ ചെകുത്താനല്ല, ക്രൂരതയിൽ ഏറെ മുന്നേറിയ യജമാനർക്കല്ല, അവിടെ രാപകൽ ഒരുനേരത്തെ അന്നത്തിനുവേണ്ടി ജോലിചെയ്യുന്ന അമ്മക്കല്ല, മറിച്ച് കുഞ്ഞുമോന് മാത്രമാണ്. അതുകൊണ്ടുതന്നെ അപ്പുക്കുട്ടൻ എന്ന കുഞ്ഞുമോനാണ്, ചെകുത്താനെ കീഴ്പ്പെടുത്തിയ വലിയമോൻ!

എന്നാൽ, ‘വെളുത്തകുട്ടി’ കുഞ്ഞുമോന്റെ മാത്രം വിജയഗാഥയല്ല, ഏത് സങ്കൽപഭീകരതകളെ മറികടക്കുമ്പോഴും, ജീവിതവഴി മുടക്കി ഒരു മഹാപർവതംപോലെ നിലകൊള്ളുന്ന, അസമത്വ സാമൂഹിക വ്യവസ്​ഥയുടെകൂടി കഥയാണ്. ആ നിലക്ക് വായിക്കുമ്പോൾ കഥയിലെ യഥാർഥ ചെകുത്താൻ, കുഞ്ഞുമോനെ പിടികൂടിയ ചെകുത്താനല്ല, അവനോടും അവന്റെ അമ്മയോടും അതിക്രൂരമായിമാത്രം പെരുമാറിക്കൊണ്ടിരുന്ന കഥയിലെ യജമാനരാണ്. ഒരു ചെകുത്താനുപോലും നന്നാവാൻ കഴിഞ്ഞാലും, ചെകുത്താന്മാരെ ഉൽപാദിപ്പിക്കുന്ന ഒരു വ്യവസ്​ഥക്ക് ആവിധം പെട്ടെന്ന് ഒരത്ഭുതംപോലെ നന്നാവാനാവുകയില്ലെന്നാണ്, യഥാർഥ ജീവിതത്തിലെ, ചെകുത്താൻ സാന്നിധ്യമായി മാറിയ ‘വെളുത്തകുട്ടി’ എന്ന കഥയിലെ യജമാനർ അടയാളപ്പെടുത്തുന്നത്.

കഥയിൽ അമ്മയും കുഞ്ഞുമോനും ചെകുത്താനും മാറുന്നതിനെക്കുറിച്ച് പറയുമ്പോഴും, ആ മാറ്റത്തിനിടയിൽ അവരുടെ യജമാനർക്ക് എന്ത് സംഭവിച്ചു എന്ന് പറയുന്നില്ല. ‘വെളുത്തകുട്ടി’ എന്ന കഥക്ക് ഒരു കേന്ദ്രമുണ്ടെങ്കിൽ, അത് ആ സംഭ്രമസംഘർഷ മൗനമാണ്. അമ്മയും കുഞ്ഞുമോനും ചെകുത്താനും ഇടയിൽ സംഭാഷണത്തിന്റെ ലോകം സജീവമാണ്. എന്നാൽ, യജമാനർ ആജ്ഞാപിക്കുന്നതിലാണ് നിർവൃതി ആസ്വദിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഭൂമിയിലെ ആ ചൂഷകചെകുത്താന്മാരെ തോൽപിക്കാൻ, യജമാനപീഡനങ്ങൾക്ക് നിത്യവും ഇരയാവുന്ന തനിക്കും അമ്മക്കും വേണ്ടി, കുഞ്ഞുമോൻ സ്വയം സൃഷ്​ടിച്ച ഭാവനാലോകമാണ്, ഉട്ടോപ്യയാണ് ‘വെളുത്തകുട്ടി’യിൽ, ചൂഷണരഹിതമായ ഭാവിയുടെ തിളക്കമായി തെളിയുന്നത്.

തുടരും

അടുത്തലക്കം: അമ്മ സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് വിളിച്ചു; ‘എന്റെ വെളുത്തമോനേ...’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uroobliterature
News Summary - literature article
Next Story