എം. സ്വരാജിനെ ചൊല്ലി സാഹിത്യപോര്; വെയിലുകൊണ്ട് കഷ്ടപ്പെട്ട് ഫെമിനിസം ഉണ്ടാക്കാൻ പ്രയത്നിച്ചെന്ന് ജെ.ദേവികയെ പരിഹസിച്ച് അശോകൻ ചരുവിൽ
text_fieldsഎം.സ്വരാജിന്‍റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ച സാംസ്ക്കാരിക നായകരെ എതിർത്ത് രംഗത്തെത്തിയ ജെ.ദേവികയെ നിശിതമായി വിമർശിച്ച് അശോകൻ ചരുവിൽ. എഴുത്തുകാരി നിലമ്പൂരിൽ എം.സ്വരാജിന് അനുഭാവം പ്രകടിച്ചതുകൊണ്ട് അവരുടെ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് താൻ പിൻമാറുന്നതായി ജെ.ദേവിക അറിയിച്ചതിനെ വിമർശിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ ദേവികയെ സ്ത്രീപീഡകനെ പിന്തുണച്ചുവെന്നും ദലിത് പെൺകുട്ടിക്ക് പിന്തുണ നിഷേധിച്ചെന്നും നവ ബ്രാഹ്മണിസ്റ്റ് വ്യവസ്ഥയെ പോഷിപ്പിക്കുന്നയാളെന്നും പറഞ്ഞാണ് അധിക്ഷേപിക്കുന്നത്.
അജിത വീട്ടിൽ കിടന്നുറങ്ങുന്ന സമയത്ത് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വെയിലുകൊണ്ട് ഫെമിനിസം ഉണ്ടാക്കാൻ പ്രയത്നിച്ചയാളെന്നും ദേവികയെ പരിഹസിക്കുന്നുണ്ട്.
സ്വരാജിനെ പിന്തുണക്കുന്ന കാര്യത്തിൽ എഴുത്തുകാർ ചേരിതിരിഞ്ഞ് പോരടിക്കുന്ന കാഴ്ചയാണ് കുറേ നാളുകളായി സാംസ്ക്കാരിക ലോകം കണ്ടുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് ഇടതുപക്ഷ സഹയാത്രികനും എഴുത്തുകാരനുമായ അശോകൻ ചരുവിലിന്‍റെ പോസ്റ്റ് ചർച്ചയാകുന്നത്.
അശോകൻ ചരുവിലിന്‍റെ ഫേസ് ബുക് പോസ്റ്റിന്‍റെ പൂർണരൂപം
ഇടതുപക്ഷത്തെ പിന്തുണക്കുന്ന എഴുത്തുകാർക്കുള്ള പ്രതിഫലം.
കാര്യസാദ്ധ്യത്തിന് വേണ്ടിയാണ് കേരളത്തിലെ എഴുത്തുകാർ ഇടതുപക്ഷത്തെ പിന്തുണക്കുന്നത് എന്നാണല്ലോ വിമർശനം. ഇപ്പറഞ്ഞ "കാര്യസാദ്ധ്യം" പെട്ടെന്നുതന്നെ ഉണ്ടാവുന്നുണ്ട്. എഴുത്തുകാരി നിലമ്പൂരിൽ എം.സ്വരാജിന് അനുഭാവം പ്രകടിച്ചതുകൊണ്ട് അവരുടെ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് താൻ പിൻമാറുന്നതായി ശ്രിമതി ജെ.ദേവിക അറിയിച്ചിരിക്കുന്നു. "നല്ലൊരു പുസ്തകം വിവർത്തനം ചെയ്യാനുള്ള അവസരം ഞാൻ ഇന്നലെ വേണ്ടെന്നു വെച്ചു" എന്നാണ് വാചകം. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവർ "ഇംഗ്ലീഷിൽ കൂടുതൽ വിശാലമായ വായനയെ അർഹിക്കുന്നില്ല"ത്രെ!
ശ്രീമതി ജെ.ദേവികയെ അറിയാത്തവർ ഉണ്ടാവില്ല എന്നാണ് കരുതുന്നത്. യൂണിവേഴ്സിറ്റി /അക്കാദമിക് രംഗത്തെ ആദരണീയ പണ്ഡിതയാണ്. രാജ്യത്ത് രൂപപ്പെടുവരുന്ന നവബ്രാഹ്മണിസ്റ്റ് സാംസ്കാരികവ്യവസ്ഥയെ കേരളജന്മിത്വത്തിൻ്റെ നഷ്ടപ്രതാപഗൃഹാതുരത്വം ചേർത്തു പോഷിപ്പിക്കുന്നയാളാണ്. കെ.അജിതയും മറ്റും സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന കാലത്ത് കേരളത്തിൽ അലഞ്ഞുനടന്ന് വെയിലുകൊണ്ട് കഷ്ട്ടപെട്ട് (ബുദ്ധിമുട്ടി) ഫെമിനിസം ഉണ്ടാക്കിയ ആളാണ്. സ്ത്രീപീഡകൻ സി.പി.ഐ.എം. വിരുദ്ധനാണെങ്കിൽ, (പീഡിത ദളിത് പെൺകുട്ടിയാണെങ്കിൽ) "പൊറുക്കൽനീതി"യുടെ അടിസ്ഥാനത്തിൽ കുറ്റവിമുക്തനാക്കാമെന്ന് ഫെമിനിസത്തിൽ കാലോചിതമായ പരിഷ്ക്കാരം കൊണ്ടുവന്നയാളാണ്.
കാര്യസാദ്ധ്യത്തിനു വേണ്ടിയാണ് എഴുത്തുകാരും കലാകാരന്മാരും ഇടതുപക്ഷത്തെ പിന്തുണക്കുന്നത് എന്നു കരുതുന്നവരുണ്ടെങ്കിൽ അവരുടെ നിഷ്ക്കളങ്കതയിൽ കടുത്ത നിരാശതോന്നുന്നു. കോടാനുകോടികൾ മുതലിറക്കി കലാപ്രവർത്തകരെ മെരുക്കാനും അനുനയിപ്പിക്കാനും (ഭീഷണിപ്പെടുത്താനും) കോർപ്പറേറ്റ് മൂലധനവും അവരുടെ ഹിന്ദുത്വസർക്കാരും തുനിഞ്ഞിറങ്ങിയിരിക്കുന്ന കാലമാണ്. പരിമിതമായ സാമ്പത്ത് ആരോഗ്യ / വിദ്യാഭ്യാസ / ക്ഷേമപ്രവർത്തനങ്ങൾക്കും അടിസ്ഥാനവികസനത്തിനും സുസ്ഥിര സാംസ്കാരിക നിർമ്മാണങ്ങൾക്കും മാത്രം ഉപയോഗിക്കുന്ന ഒരു സംസ്ഥാനസർക്കാരിൽ നിന്ന് എഴുത്തുകാർക്ക് എന്തുകിട്ടാനാണ്?
കേരളത്തിലെ ഇടതുപക്ഷ സർക്കാരും അക്കാദമികളും അവരെ പിന്തുണക്കുന്നവരെ നോക്കിയാണോ പുരസ്കാരങ്ങളും ബഹുമതികളും കൊടുക്കുന്നത്? സർക്കാരിനെ വിമർശിക്കുന്നവരെ പരിഗണിക്കാറില്ലേ? ഇക്കഴിഞ്ഞ ഒൻപതു വർഷങ്ങളിൽ ഇടതുപക്ഷസർക്കാരിൻ്റെയും അക്കാദമികളുടേയും പുരസ്കാരങ്ങൾ ലഭിച്ച ഇടതുവിരുദ്ധരായ എഴുത്തു /കലാപ്രവർത്തകരുടെ പേരുകൾ ഞാനിവിടെ എഴുതുന്നില്ല. അത് ഈ കുറിപ്പിനെ ദീർഘമാക്കും. അതൊരു സമീപനമാണ്. തങ്ങളെ വിമർശിച്ചു എന്നതിൻ്റെ പേരിൽ അർഹതയുള്ളവരെ മാറ്റിനിറുത്താൻ ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് കഴിയില്ല. ദേശാഭിമാനി വാരികയുടെ കവർ സ്റ്റോറികൾ കണ്ടാലും നിങ്ങൾക്കത് മനസ്സിലാവും. എന്നാൽ കോൺഗ്രസ് /യു.ഡി.എഫ്. സർക്കാരുകൾ എന്താണ് ചെയ്തത്? മന്ത്രിയെ വിമർശിച്ചു എന്ന കുറ്റം ചുമത്തി അക്കാദമി വൈസ് പ്രസിഡണ്ടായിരുന്ന ബാലചന്ദ്രൻ വടക്കേടത്തിനെ സ്ഥാനത്തുനിന്ന് പിടിച്ചു പുറത്താക്കി അപമാനിച്ചത് ഓർക്കുക.
കേരളത്തിലെ സാംസ്കാരിക വ്യവസ്ഥയെ നിയന്ത്രിക്കുന്നത് വൻകിട മാധ്യമങ്ങളും കുറേ നോൺ ഗവർമ്മേണ്ട് ഓർഗനൈസേഷനുകളുമാണ് എന്ന സത്യം അറിയണം. ഇതിലേറെയും ഇടതുവിരുദ്ധ/ സി.പി.ഐ.എം വിരുദ്ധ നിലപാടുള്ളവരാണ്. ലക്ഷങ്ങൾ തുകയായിട്ടുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത് അവരാണ്. കോടികൾ മുതൽമുടക്കുള്ള സാംസ്കാരികോത്സവങ്ങൾ സംഘടിപ്പിക്കുന്നതും അവർ തന്നെ. തങ്ങളുടെ പത്രികകളിൽ എഴുതുന്നവരേയും വേദികളിൽ എത്തുന്നവരേയും താരങ്ങളാക്കാൻ അവർക്ക് നിഷ്പ്രയാസം കഴിയും.
അത്തരം പ്രലോഭനങ്ങളെ മറികടന്ന് നഷ്ടങ്ങളും മുറിവുകളും മാത്രം ഏറ്റുവാങ്ങാൻ തയ്യാറായി എഴുത്തുകാരും കലാകാരന്മാരും എം.സ്വരാജിനുവേണ്ടി നിലമ്പൂരിൽ എത്തുന്നുണ്ടെങ്കിൽ നമുക്ക് ജനാധിപത്യത്തിൻ്റെ സർഗ്ഗാത്മകതയിൽ പ്രതീക്ഷ പുലർത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

