ലിപിയില്ലാത്ത കുമ്മറ ഭാഷക്ക് മലയാളത്തിൽ നിഘണ്ടു പിറന്നു
text_fieldsബാബു കക്കോടി
തൃശൂർ: 600ലധികം വർഷങ്ങളായി കുമ്മറ കേരളത്തിലെ സംസാരഭാഷയാണ്. അധികമാർക്കും അറിയില്ലെങ്കിലും അരലക്ഷത്തോളം പേർ ആശയ വിനിമയത്തിനായി ഈ ഭാഷ ഉപയോഗിക്കുന്നു. തെലുഗുമായി സാമ്യമുള്ള ഈ ഭാഷ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിന് കരുത്തുപകർന്ന് കുമ്മറ-മലയാള ഭാഷ നിഘണ്ടു പുറത്തിറങ്ങുകയാണ്. ലിപിയില്ലാത്ത ഭാഷക്ക് മലയാള അക്ഷരങ്ങളിലൂടെയാണ് നിഘണ്ടു ഒരുങ്ങിയത്.
ആറു നൂറ്റാണ്ട് മുമ്പ് ആന്ധ്രപ്രദേശിൽനിന്ന് കളിമൺപാത്ര നിർമാണത്തിനായി കേരളത്തിലേക്ക് എത്തിയ കുംഭാര സമുദായമാണ് തെലുഗുമായി സാമ്യമുള്ളതും മലയാളവുമായി സാമ്യമില്ലാത്തതുമായ കുമ്മറ ഭാഷ ഉപയോഗിക്കുന്നത്. ലിപിയില്ലാത്തതിനാൽ വാമൊഴിയിലൂടെ മാത്രമാണ് ആശയവിനിമയം. ഈ ഭാഷ അന്യംനിന്നുപോകുന്നു എന്ന് മനസ്സിലായതോടെയാണ് കുംഭാര സമുദായാംഗവും മൺപാത്ര നിർമാണ തൊഴിലാളിയുമായ ബാബു കക്കോടി നിഘണ്ടു തയാറാക്കുന്നതിന് ഇറങ്ങിയത്.
15 വർഷത്തോളമായി സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനിടയിലാണ് ഭാഷ ഇല്ലാതാകുന്നുവെന്ന ആശങ്ക ശക്തമായതെന്നും കോവിഡ് കാലഘട്ടത്തിലാണ് നിഘണ്ടു തയാറാക്കൽ കൂടുതൽ സജീവമായതെന്നും ബാബു കക്കോടി ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ചു വർഷത്തിലധികമെടുത്താണ് ഇത് പൂർത്തിയാക്കിയത്.
കുമ്മറ ഭാഷയിലെ 1500ലധികം വാക്കുകളാണ് നിഘണ്ടുവിലുള്ളത്. ഇവയുടെ വ്യാകരണവും കുമ്മറ ഭാഷയിലെ സംഭാഷണവും നിഘണ്ടുവിലുണ്ട്. ഇതോടൊപ്പം കുംഭാര സമുദായത്തിന്റെ ചരിത്രവും ഉൾപ്പെടുത്തിയാണ് തയാറാക്കിയത്.
കുംഭാര സമുദായാംഗവും തിരൂര്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസ് അധ്യാപകനുമായ ചേലേമ്പ്ര കക്കാട്ടുപറമ്പ് ഉണ്ണികൃഷ്ണന് ഫറോക്കിന്റെ സഹായവും നിഘണ്ടു തയാറാക്കാൻ ലഭിച്ചു. അച്ചടിക്കാനും മറ്റും സഹായിച്ചത് ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന അരുൺ കോഴിക്കോടാണ്. തൃശൂരിൽ ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന കേരള കുംഭാര സമുദായ സഭ സംസ്ഥാന സമ്മേളനത്തിൽ നിഘണ്ടു പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

