കുമാരനാശാൻ ദേശീയ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ ഗവേഷണ കേന്ദ്രമാക്കും- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം:തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഹാകവി കുമാരനാശാന്റെ 150ാം ജൻമവാർഷികാഘോഷങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിലെ ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും കാവ്യശിൽപ സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചയെ ഇന്നത്തെ കേരളത്തിന്റെ സാംസ്‌കാരിക ഉത്തരവാദിത്തമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാന മൂല്യങ്ങൾ മനുഷ്യത്വത്തിന്റെ മൂല്യങ്ങളാണെന്നു പഠിപ്പിച്ച മഹാകവിയായിരുന്നു കുമാരനാശാൻ. ദാർശനികനിഷ്ഠമായിരുന്ന ആശാന്റെ കാവ്യസൃഷ്ടികൾ മനുഷ്യ ജീവിതത്തിന്റെ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിച്ചത്.നവോത്ഥാനത്തിന്റെയും ജനാധിപത്യ രീതിയിലുള്ള വിപ്ലവത്തിന്റെയും മാനവികതയുടേയും കാമ്പുള്ളതാണ് ആശാന്റെ എല്ലാ കൃതികളും. മനുഷ്യാവസ്ഥയും മാനുഷികതയും അടിസ്ഥാന വർഗത്തിന്റെ മൗലികാവകാശമാണെന്ന് ആദ്യം ഉദ്‌ബോധിപ്പിച്ചത് അദ്ദേഹമാണ്.
ജാതിയെ നിർമാർജനം ചെയ്യാതെ സമൂഹത്തിൽ ഐക്യമുണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആധുനിക കാലത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് പൗരാണികതയെ വിചാരണ ചെയ്യുന്ന 'ചിന്താവിഷ്ടയായ സീത' ഇന്നാണ് ഉണ്ടാകുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകളാകാം ഉണ്ടാവുകയെന്നതു ചിന്തിക്കണം. കുമാരനാശാൻ നിന്നിടത്തു നിന്നു നാം മുന്നോട്ടു പോയോ പിന്നോട്ടു പോയോ എന്നു ചിന്തിക്കണം. യാത്ര മുന്നോട്ടുതന്നെയാകണം. അത് ഉറപ്പാക്കുമെങ്കിൽ അതാകും ആശാനുള്ള ഏറ്റവും വലിയ ആദരാഞ്ജലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കുമാരനാശന്റെ കവിതകളിലെ കഥാപാത്രങ്ങൾ ചേർത്ത് ശിൽപി കാനായി കുഞ്ഞിരാമന്‍ കാവ്യ ശിൽപം ഒരുക്കിയത്. എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, കാനായി കുഞ്ഞിരാമൻ, കെ. ജയകുമാർ, കവി പ്രഫ. വി. മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

