കെ.ആർ. മീരയുടെ കലാച്ചിയും ഹരിത സാവിത്രിയുടെ സിന്നും തമ്മിൽ സാമ്യമോ? നോവലുകളുടെ പ്രമേയം ചൂണ്ടിക്കാട്ടി സാഹിത്യലോകത്ത് സംവാദം
text_fieldsകൊച്ചി: കെ.ആർ. മീരയുടെ ‘കലാച്ചി’യും ഹരിത സാവിത്രിയുടെ ‘സിൻ’ ഉം തമ്മിലുള്ള സാമ്യത്തെ ചൊല്ലി സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് തുടക്കം. 2022ൽ പുറത്തിറങ്ങിയ ഹരിതയുടെ ‘സിൻ’ നോവലിന്റെയും 2025ൽ പുറത്തിറങ്ങിയ കെ.ആർ. മീരയുടെ ‘കലാച്ചി’ നോവലിന്റെയും ഉള്ളടക്കങ്ങളിൽ സാമ്യമുണ്ടെന്നാണ് സാഹിത്യലോകത്ത് ഉയരുന്ന അഭിപ്രായം. 2020ൽ കലാച്ചി നോവലിന്റെ ചില ഭാഗങ്ങൾ പരമ്പരയായി കെ.ആർ. മീര ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്ന ബാധിത മേഖലയിൽ എത്തുന്ന യുവതിയുടെ കഥയാണ് രണ്ട് നോവലുകളുടെയും പ്രമേയം.
നോവലുകളിലെ സാമ്യം ചൂണ്ടിക്കാട്ടി ഹരിത സാവിത്രി മേയ് അഞ്ചിന് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ ചർച്ചകൾക്ക് വീണ്ടും ചൂടേറി. ‘ലോകമെങ്ങുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങൾ. നിങ്ങൾ വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ നോവൽ. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ. നിങ്ങളുടെ കണ്ണീരും വിയർപ്പും. വേറൊരാൾ എഴുതിയ പുസ്തകത്തിൽ ആ കഥ തന്നെ എന്ന് നിങ്ങള്‍ക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങൾക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്?’... എന്നു ചോദിച്ചാണ് ഹരിത സാവിത്രിയുടെ പോസ്റ്റിന്റെ തുടക്കം. പോസ്റ്റിന് പിന്നാലെ നിരവധിപേർ അനുകൂലിച്ചും വിമർശിച്ചും പോസ്റ്റുകളുമായി രംഗത്തെത്തി.
എന്നാൽ, കെ.ആർ. മീര വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കലാച്ചിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ഡാമിർ കൊസൻബയേവിനെ കുറിച്ച് മീര ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഡാമിർ കൊസൻബയേവിനെക്കുറിച്ചു ഞാൻ കലാച്ചിയുടെ പിൻകുറിപ്പിൽ എഴുതിയിട്ടുണ്ട്. കലാച്ചിയിലേക്കു പോകാൻ വണ്ടി കണ്ടെത്തിത്തന്നതും ഒപ്പം വന്നതും ഡാമിർ ആണ്. പിന്നീട് വളരെ യാദൃച്ഛികമായി ഡൽഹിയിൽ ഡാമിറിനെ കണ്ടുമുട്ടിയതും സോബിൻ ചന്ദ്ര എന്ന സുഹൃത്തിനെ പരിചയപ്പെട്ടതും ഒരു കഥ പോലെ അവിശ്വസനീയമായിരുന്നു. പിന്നീട് ഡാമിർ ഹാർവാർഡ് സർവകലാശാലയിൽ പ്രവേശനം കിട്ടിയത് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം സോബിന്റെ മെസേജ് വന്നു- ഡാമിറിന്റെ ബിരുദദാന ചടങ്ങു കഴിഞ്ഞു എന്ന്. പിന്നാലെ ഡാമിർ ചിത്രങ്ങൾ അയച്ചു തന്നു. മറ്റു മനുഷ്യരുടെ നന്മയല്ലേ ജീവിതത്തെ മായികത നിറഞ്ഞ യക്ഷിക്കഥയാക്കുന്നത്?’ - എന്നായിരുന്നു മീരയുടെ പോസ്റ്റ്.
എന്നാൽ, കലാച്ചിയും സിന്നും തമ്മിലുള്ള സാമ്യ വിഷയത്തിൽ സംഭവങ്ങളെ ക്രോഡീകരിച്ച് ഫേസ്ബുക് പോസ്റ്റുമായി ടി.സി. രാജേഷ് സിന്ധു രംഗത്തെത്തി. സംഭവിച്ച കാര്യങ്ങളുടെ സമയക്രമമനുസരിച്ചുള്ള റിപ്പോർട്ടിങ് മാത്രമാണ് പോസ്റ്റിലുള്ളതെന്നും തന്റെ അഭിപ്രായങ്ങളല്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് വായിക്കാം
(കലാച്ചിയും സിന്നും വായിച്ചിട്ടില്ല. എങ്കിലും സാഹിത്യരംഗത്തെ ഇപ്പോഴത്തെ വിവാദത്തെ ഒന്നു ക്രോഡീകരിക്കാം. സംഭവിച്ച കാര്യങ്ങളുടെ സമയക്രമമനുസരിച്ചുള്ള റിപ്പോർട്ടിംഗ് മാത്രമാണ് പോസ്റ്റിലുള്ളത്, എന്റെ അഭിപ്രായങ്ങളല്ല.)
കെ.ആർ. മീരയുടെ 'കലാച്ചി' എന്ന നോവലിന്റെ ആദ്യത്തെ ആറ് അധ്യായങ്ങളിൽ ആദ്യത്തേത് ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത് 2020 നവംബറിലാണ്. ഇന്ത്യാക്കാരിയായ യുവതി കാമുകനെ തേടി കസാക്കിസ്ഥാനിലെ കലാച്ചിയിൽ എത്തുന്നതുവരെയായിരുന്നു ആറ് അധ്യായങ്ങളെന്നാണ് ഞാൻ ചർച്ചകളിൽ നിന്നു മനസ്സിലാക്കുന്നത്.
ഹരിത സാവിത്രി 'സിൻ' എന്ന നോവൽ എഴുതി പൂർത്തിയാക്കിയത് 2020ലാണ്. ഇതിന് അവതാരിക എഴുതാമോ എന്നു ചോദിച്ച് 2020 ഡിസംബറിൽ ഹരിത എൻ.എസ്. മാധവന് മെയിൽ അയച്ചിരുന്നു. 2022ൽ സിൻ പുസ്തക രൂപത്തിൽ പുറത്തിറങ്ങി. ഇന്ത്യാക്കാരിയായ സീത എന്ന യുവതി കാമുകനെ തേടി കുർദിൽ എത്തുന്നതും സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ച് പുറത്തുപോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് നോവലിൽ ഉണ്ടായിരുന്നത്. അവസാനം കാമുകന്റെ കാര്യത്തിൽ തീരുമാനമാകാതെ നോവൽ അവസാനിക്കുന്നു.
2023ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം 'സിൻ' കരസ്ഥമാക്കുന്നു.
2025 ജനുവരിയിലെ കെഎല്‍എഫില്‍, നിരൂപകനും മലയാള ഭാഷാ പണ്ഡിതനുമായ പി.കെ. രാജശേഖരൻ ഇങ്ങനെയൊരു പരാമർശം നടത്തുന്നു:
'ആനന്ദ്, മുകുന്ദൻ, ഒ.വി. വിജയൻ എന്നീ ആധുനികരെ മാറ്റിനിറുത്തിയാൽ കേരളത്തിനു പുറത്തെഴുതുന്ന നോവലിസ്റ്റുകൾ കുറവായിരുന്നു. ഇപ്പം നോക്കൂ, ചിലർ ഇന്ത്യൻ കണക്ഷനോ കേരള കണക്ഷനോ ഒന്നുമില്ലാതെ ചില വിദേശ രാജ്യങ്ങളുടെ നോവലുകളും എഴുതുന്നു. അതിന്റെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല. ഞാൻ പോയിട്ട് ബെൽജിയത്തിലെ ഒരു കഥയെഴുതിയിട്ട് പ്രത്യേകിച്ച് എന്തെങ്കിലു കാര്യമുണ്ടോ? നമുക്കെങ്ങനെയാണ് അത് കണക്ടു ചെയ്യാൻ പറ്റുന്നത്? അതെനിക്ക് നല്ലതായി തോന്നിയില്ല...' (വീഡിയോ കമന്‍റില്‍)
2025 ഡിസംബറിൽ കെ.ആർ. മീരയുടെ കലാച്ചി പുറത്തിറങ്ങുന്നു. ഓൺലൈൻ മാധ്യമത്തിൽ വന്ന തുടക്കഭാഗത്തോടും ബാക്കികൂടിയുള്ള പൂർണരൂപം. കാമുകനെ തേടി കലാച്ചിയിലെത്തിയ യുവതി സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ച് പുറത്തുപോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് നോവലിൽ ഉണ്ടായിരുന്നത്. അവസാനം കാമുകന്റെ കാര്യത്തിൽ തീരുമാനമാകാതെയാണ് ഈ നോവലും അവസാനിക്കുന്നത്.
കലാച്ചിയുടെ പിൻകവറിൽ നോവലിനെപ്പറ്റി പി.കെ.രാജശേഖരൻ ഇങ്ങനെ കുറിച്ചു: 'തീക്ഷ്ണമായ ഒരു രാഷ്ട്രീയ പ്രസ്താവമാണ് കലാച്ചി. നിദ്രാവ്യാധി എന്ന രൂപകത്തിലൂടെ ഈ നോവൽ ഒരു ജനതയെന്ന നിലയിൽ നാം പുറത്തുകടക്കാനാകാത്തവിധം ഉണർന്നുകിടക്കുന്ന, രാഷ്ട്രവും മതവും ദേശീയതാവാദവും ചേർന്നു സൃഷ്ടിച്ച വർത്തമാനകാല യക്ഷിക്കഥയുടെ ദുഃസ്വപ്‌നത്തെപ്പറ്റി ഉച്ചത്തിൽ സംസാരിക്കുന്നു. കലാത്മകമായി, കഥയുടെ പ്രതിരോധശേഷിയോടെ.' (പിന്‍കവറിന്റെ ഇമേജ് കമന്‍റില്‍)
2025 ഡിസംബറിൽ മാർ ഇവാനിയോസ് കോളജിൽ നടന്ന, കെ.ആർ.മീരകൂടി പങ്കെടുത്ത പരിപാടിയിൽ കലാച്ചിയുടെ വായനാനുഭവം പങ്കുവച്ച് ഡോ. രേഷ്മ കെ.ആർ. സംസാരിക്കുന്നു. ഇതിനു മുൻപ് വായിച്ച 'സിന്നു'മായി രേഷ്മ കലാച്ചിയെ താരതമ്യപ്പെടുത്തുന്നു. രേഷ്മയ്ക്കുശേഷം സംസാരിച്ച ഡോ. പി.കെ. രാജശേഖരൻ അന്ന് പ്രസംഗം തുടങ്ങിയത് 'കലാച്ചിയെയും സിൻ നോവലിനെയും താരതമ്യപ്പെടുത്തിയത് മഹാത്മാഗാന്ധിയെയും രാഹുൽ മാൻകുട്ടത്തെയും താരതമ്യപ്പെടുത്തുന്നതിനു തുല്യമാണ്' എന്നു പറഞ്ഞാണ്. (രേഷ്മയുടെ ഫെയ്‌സ് ബുക് പോസ്റ്റിന്റെ ലിങ്ക് കമന്റിൽ)
2026 മെയ് അഞ്ചിന്, 'ലോകമെങ്ങുമുള്ള സാഹിത്യമോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങൾ' എന്ന തലക്കെട്ടിൽ ഹരിത സാവിത്രി ഫെയ്‌സ് ബുക്കിൽ ഒരു പോസ്റ്റിടുന്നു. ഈ പോസ്റ്റിൽ തന്റെ പുസ്തകത്തെപ്പറ്റിയോ കലാച്ചിയെപ്പറ്റിയോ ഒന്നും യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല. (ലിങ്ക് കമന്റിൽ)
കലാച്ചിയ്ക്ക് സിന്നുമായുള്ള പ്രമേയസദൃശ്യത ചൂണ്ടിക്കാട്ടി നല്ലൊരു വായനക്കാരനായ ബിജി ഡാനിയേൽ കല്ലുങ്കൽ മെയ് 28ന് ഫെയ്‌സ് ബുക്കിൽ പോസ്റ്റിടുന്നു. (ലിങ്ക് കമന്റിൽ)
പി.കെ. രാജശേഖരന്റെ ഭാര്യയും വായനക്കാരിയുമായ രാധിക സി. നായർ മെയ് 29ന് ' നക്ഷത്രമെവിടെ? പുൽക്കൊടിയെവിടെ? കലാച്ചി എവിടെ? സിൻ എവിടെ? കഷ്ടം' എന്ന് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടുന്നു. (ലിങ്ക് കമന്റിൽ)
ഇതേത്തുടർന്ന് വിവാദത്തെ ന്യായീകരിച്ചും എതിർത്തും ഫെയ്‌സ് ബുക്കിൽ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടു. തുടർന്ന് താൻ മീരയുടെ ഫാനും മിക്‌സിയുമൊന്നുമല്ലെന്നും 2020ൽ ഓൺലൈനിൽ വന്ന നോവൽ 2022ൽ എഴുതിയ നോവലിനെ പകർത്തിയതാണെന്നു പറയുന്നത് ശരിയല്ലെന്നും പറഞ്ഞ് വീണ്ടും രാധിക സി. നായർ പോസ്റ്റിട്ടു. ബിജുവിന്റെയും രാധികയുടേയും പോസ്റ്റുകൾക്ക് ഒട്ടും റീച്ചുണ്ടായിരുന്നില്ലെങ്കിലും സാഹിത്യരംഗത്ത് ചൂടേറിയ ചർച്ച എന്ന് പറഞ്ഞ് ന്യൂസ് മലയാളം 24x7 ഈ വിവാദം വാർത്തയാക്കുകയും പോസ്റ്ററടിക്കുകയും ചെയ്തു. (ലിങ്ക് കമന്‍റില്‍).
ഇത്രയുമായപ്പോൾ, 2020 ഡിസംബറിൽ പുസ്തകത്തിന് അവതാരിക ചോദിച്ച് എൻഎസ് മാധവന് അയച്ച മെയിലിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ച്, തന്റെ പുസ്തകം കലാച്ചിയുടെ ആദ്യ അധ്യായങ്ങള്‍ ഓണ്‍ലൈനില്‍ വരുംമുന്‍പ് എഴുതിയതാണെന്ന് ഹരിത സമർഥിച്ചു. തുടർന്ന് വിവാദത്തെപ്പറ്റി പുസ്തകങ്ങളുടെ പേരും ടൈംലൈനും പറഞ്ഞുകൊണ്ടുതന്നെ ഹരിത സാവിത്രി വിശദീകരണവും പോസ്റ്റുചെയ്തു. (ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അവരവരുടെ പ്രൊഫലിൽ പോയാൽ വായിക്കാം).
അങ്ങനെ, ഇത് കൂടുതല്‍ ചർച്ചയായി. വിവാദത്തിൽ ഉൾപ്പെട്ടെവരെ ന്യായീകരിച്ചും എതിർത്തുമൊക്കെ എഴുത്തുകാരും വായനക്കാരുമൊക്കെയായ, ഫെയ്‌സ് ബുക്കിൽ സജീവമായ പലരുടേയും പോസ്റ്റുകളും കമന്റുകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

