Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദൈവദശകത്തിന്‍റെ...

ദൈവദശകത്തിന്‍റെ കൊങ്കിണി പരിഭാഷ പ്രകാശനം ചെയ്തു

text_fields
bookmark_border
ദൈവദശകത്തിന്‍റെ കൊങ്കിണി പരിഭാഷ പ്രകാശനം ചെയ്തു
cancel

തിരുവനന്തപുരം: ശ്രീനാരായണ ഗുരു 112 വർഷങ്ങൾക്കുമുമ്പ് രചിച്ച, വിശ്വമാനവിക ദർശനം പകരുന്ന പ്രാർഥനാഗീതമായ ‘ദൈവദശക’ത്തിന്റെ കൊങ്കണി പരിഭാഷ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് സമർപ്പിച്ചു. ലോക്ഭവനിൽ കൊങ്കണി ദിനത്തിൽ നടന്ന ചടങ്ങിലാണ് പരിഭാഷയുടെ പ്രതി ഗവർണർക്ക് കൈമാറിയത്.

ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരിഭാഷയുടെ പ്രതി ഗവർണർക്ക് കൈമാറുകയായിരുന്നു. ദൈവദശകം കൊങ്കണി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ കവി ആർ. എസ്. ഭാസ്കർ ചടങ്ങിൽ പരിഭാഷ അവതരിപ്പിച്ചു. പരിഭാഷകളും കവിതാസമാഹാരങ്ങളും ഉൾപ്പെടെ നിരവധി കൃതികളുടെ രചയിതാവാണ് ആർ. എസ്. ഭാസ്കർ. ചടങ്ങിനോടനുബന്ധിച്ച് സ്വാമി സച്ചിദാനന്ദ ചൊല്ലിക്കൊടുത്ത ദൈവദശകം ഗവർണർ ഉൾപ്പെടെയുള്ളവർ ഏറ്റുചൊല്ലി. തുടർന്ന് ആർ. എസ്. ഭാസ്കർ കൊങ്കണി പരിഭാഷ അവതരിപ്പിച്ചു.

ഗുരുധർമ്മ പ്രചരണസഭ യുവജനസഭ പ്രസിഡന്റ് രാജേഷ് സഹദേവൻ, ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ചാലക്കുടി ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് എ. എ. ഹരിദാസ്, തൃശ്ശൂർ ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് ടി. കെ. സന്തോഷ്, രാധാമണി ഭാസ്കർ, ഡോ. രാജീവ് ഭാസ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടും ദൈവദശകം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 64 വിദേശഭാഷകളിലും 40 ഇന്ത്യൻ ഭാഷകളിലുമായി 104 ഭാഷകളിലേക്ക് ദൈവദശകം മൊഴിമാറ്റിയിട്ടുണ്ട്.

സംസ്കൃതം, ഗ്രീക്ക്, ഹീബ്രു, യേശുദേവൻ സംവദിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന അരമായ, ശ്രീബുദ്ധൻ ഉപയോഗിച്ചിരുന്ന പാലി തുടങ്ങിയ പ്രാചീന ഭാഷകൾക്കൊപ്പം അറബി, പോർച്ചുഗീസ്, ഇറ്റാലിയൻ, ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ബെലാറഷ്യൻ, എസ്റ്റോണിയൻ തുടങ്ങിയ ഭാഷകളിലേക്കും ദൈവദശകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ ഭാഷകളായ ആഫ്രിക്കൻസ്, സ്വാഹിലി, മിജികേന്ത എന്നിവയിലും ദൈവദശകത്തിന്റെ പരിഭാഷ ലഭ്യമാണ്.

1992 ഓഗസ്റ്റ് 20നാണ് ഭരണഘടനാ ഭേദഗതിയിലൂടെ കൊങ്കണി ഭാഷ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ സ്മരണയ്ക്കായാണ് ഓഗസ്റ്റ് 20 കൊങ്കണി അംഗീകാര ദിനമായി ആചരിക്കുന്നത്. ഒരേയൊരു ലിപിയിൽ ഒതുങ്ങാത്ത ഭാഷയാണ് കൊങ്കണി. ദേവനാഗരി, റോമൻ, കന്നഡ, മലയാളം തുടങ്ങിയ ലിപികൾ കൊങ്കണി എഴുതാൻ ഉപയോഗിക്കുന്നുണ്ട്. കൊങ്കണിയിലേക്ക് ദൈവദശകം കൂടി എത്തിയതോടെ ഗുരുവിന്റെ വിശ്വമാനവിക സന്ദേശം ഉൾക്കൊള്ളുന്ന ഈ വിശ്വപ്രാർഥനയുടെ പ്രചാരണം കൂടുതൽ വിപുലമാകുമെന്ന് സംഘാടകർ പറഞ്ഞു.

ഗോവ, മംഗളൂരു, ഉഡുപ്പി, മുംബൈ, ബെംഗളൂരു, കൊച്ചി, കൊടുങ്ങല്ലൂർ തുടങ്ങിയ കൊങ്കണി സംസാരിക്കുന്ന പ്രദേശങ്ങളിലെ സംഘടനകൾക്കും എഴുത്തുകാർക്കും ദൈവദശകത്തിന്റെ കൊങ്കണി പതിപ്പ് കൈമാറും. ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികൾക്ക് ചൊല്ലുന്നതിനായി ശ്രീനാരായണ ഗുരുദേവൻ രചിച്ചതാണ് ദൈവദശകം. അദ്വൈതദർശനത്തെ ലളിതമായി അവതരിപ്പിക്കുന്ന പ്രാർഥനകളിലൊന്നായ ദൈവദശകത്തിന് കവിത എന്ന നിലയിലും പ്രാർഥന എന്ന നിലയിലും സവിശേഷ സ്ഥാനമാണുള്ളത്.

മനുഷ്യമനസ്സിനെ പവിത്രീകരിക്കുകയും പുതിയ ജ്ഞാനമേഖലയിലേക്ക് ഉയർത്തുകയും ചെയ്യുന്ന ശക്തി ഈ രചനയ്ക്കുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ‘ദൈവമേ’ എന്ന അഭിസംബോധനയിൽ ആരംഭിച്ച് ‘സുഖം’ എന്ന പദത്തിൽ അവസാനിക്കുന്ന ദൈവദശകം മതഭേദമന്യേ എല്ലാവർക്കും സ്വീകരിക്കാവുന്ന പ്രാർഥനയാണ്. പ്രത്യേകമായ ഒരു മതചിഹ്നവും ഉയർത്തിക്കാട്ടാതെ പ്രപഞ്ചത്തിന്റെ ആധാരമായ ദൈവസ്വരൂപത്തെ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഗുരുദേവൻ അവതരിപ്പിക്കുന്നു. ഗുരു നിത്യചൈതന്യ യതി പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് പതിപ്പാണ് മറ്റു ഭാഷകളിലേക്കുള്ള പരിഭാഷകൾക്ക് അടിസ്ഥാനമായി ഉപയോഗിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreenarayanagurubook publishingKerala
News Summary - Konkani translation of 'Devadasakam' presented to Governor Rajendra Vishwanath Rlekar
Next Story