കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ
text_fieldsകോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 23ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നൊബേൽ സാഹിത്യ ജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തർ ഡുഫ്ലോയും ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ഗൌസ്, സോഫി മക്കിന്റോഷ്, ജോർജി ഗൊസ്പോഡിനോവ് എന്നീ ബുക്കർ സമ്മാന ജേതാക്കളും അടക്കം 15 രാജ്യങ്ങളിൽ നിന്നായി 500ഓളം പ്രഭാഷകർ പങ്കെടുക്കും.
കെ.എൽ.എഫിലെ അതിഥി രാജ്യമായ ഫ്രാൻസിൽനിന്ന് ഫിലിപ്പ് ക്ലോഡൽ, പിയറി സിങ്കാരവെലു, ജോഹന്ന ഗുസ്താവ്സൺ, സെയ്ന അബിറാച്ചെഡ് തുടങ്ങിയവരാണ് എത്തുന്നത്. ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടൻ നസറുദ്ദീൻ ഷാ, നടി ഹുമ ഖുറേഷി, വയലിൻ മാന്ത്രികൻ എൽ. സുബ്രഹ്മണ്യം, പുല്ലാങ്കുഴൽ വിദഗ്ധൻ ഹരിപ്രസാദ് ചൗരസ്യ, ഇറാ മുഖോട്ടി, മനു എസ്. പിള്ള, അമിത് ചൗധരി, എബ്രഹാം വർഗീസ് തുടങ്ങിയ പ്രശസ്ത ഇന്ത്യക്കാരും പങ്കെടുക്കും.
കെ.എൽ.എഫ് ബുക്ക് ഓഫ് ദി ഇയർ അവാർഡിന് ഈ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടക്കം കുറിക്കും.
വിജയികളെ 25ന് നടക്കുന്ന അവാർഡുദാന ചടങ്ങിൽ പ്രഖ്യാപിക്കും. വാർത്തസമ്മേളനത്തിൽ രവി. ഡി.സി, സംഘാടക സമിതി ചെയർമാർ എ. പ്രദീപ് കുമാർ, ജനറൽ കൺവീനർ ഡോ.എ.കെ. അബ്ദുൽ ഹക്കീം, പ്രോഗ്രാം കൺവീനർ കെ.വി. ശശി, മീഡിയ കൺവീനർ ഫാരിസ് കണ്ടോത്ത്, ഫ്രഞ്ച് കൾചറൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഡെപ്യൂട്ടി അറ്റാഷെ വിക്ടോറിയ വോൺ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

