മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്, ഞാൻ തോറ്റതാണ്
text_fieldsവര: ഗിരീഷ് കുമാർ
അധ്യാപകജോലിയിൽനിന്ന് ഞാൻ വിരമിച്ചത് 55ാം വയസ്സിലാണ്. 2010ൽ ഫാറൂഖ് കോളജിൽനിന്ന്. റിട്ടയർമെന്റ് പ്രായം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചനടക്കുന്ന കാലം കൂടിയായിരുന്നു അത്. വളരെ സത്യസന്ധമായി പറഞ്ഞാൽ അതിൽ ഏറെ സങ്കടപ്പെട്ട ആളുകൂടിയാണ് ഞാൻ. വർധിപ്പിക്കുകയായിരുന്നുവെങ്കിൽ വളന്ററി റിട്ടയർമെന്റ് എടുക്കാൻ തീരുമാനിച്ചിരുന്നു.
റിട്ടയർമെന്റ് എന്നത് എനിക്ക് ഒരു അസ്വസ്ഥതയുമുണ്ടാക്കിയിട്ടില്ല, എന്നുമാത്രമല്ല പരോക്ഷമായ ആഹ്ലാദമാണുണ്ടാക്കിയത്. എനിക്ക് ക്ലാസ്റൂമും ക്ലാസ് റൂം അന്തരീക്ഷവും ഇഷ്ടമല്ലാത്തതുകൊണ്ടല്ല അത്, മറിച്ച്, ക്ലാസ് റൂമിലെ അധ്യാപകൻ, സാംസ്കാരിക പരിപാടികളിലെ പങ്കാളി എന്നീ സാഹചര്യങ്ങൾ പല സമയത്തും ക്ലാഷാകും. ഞാനായിരിക്കും കോളജിൽ ഏറ്റവും കൂടുതൽ ലീവ് എടുത്തിട്ടുണ്ടാകുക. കോളജിൽ പഠിപ്പിക്കുന്ന സമയത്താണ് കടമ്മനിട്ട രാമകൃഷ്ണൻ ആറന്മുളയിൽ മത്സരിക്കുന്നത്.
20 ദിവസത്തോളം ഹാഫ് ഉപ ലീവെടുത്താണ് അദ്ദേഹത്തിനുവേണ്ടി കാമ്പയിനിൽ പങ്കെടുത്തത്. ഇത്തരം സമയങ്ങളിൽ ഒരു സംഘർഷമുണ്ട്. തൊഴിലിനോട് പൂർണമായും കൂറു പുലർത്തണം. സാംസ്കാരിക പ്രവർത്തനത്തോടും നൂറുശതമാനം കൂറു പുലർത്തണം. ആ അർഥത്തിൽ ഒരു ധർമസങ്കടമുണ്ടായിരുന്നു! വിരമിച്ചാൽ ആ ധർമസങ്കടം പരിഹരിക്കപ്പെടുമല്ലോ. അതിനുമുമ്പ് ഒരു ചോദ്യമുണ്ട്. അത് ഞാനും ചോദിച്ചിട്ടുണ്ട്. വളന്ററി റിട്ടയർമെന്റ് എടുത്താൽ പോരേ? പക്ഷേ, പണം വേണമല്ലോ. പണം എക്സ്ട്രാ കിട്ടാനുള്ള മാർഗമുണ്ടായിരുന്നുവെങ്കിൽ ഞാൻ വളന്ററി റിട്ടയർമെന്റ് എടുത്തേനേ. കോളജ് ഒഴിവാക്കി സംഘടനാപരമായിതന്നെ ഫുൾടൈം പ്രവർത്തനത്തിന് സന്നദ്ധനാണോ എന്ന് എന്നോട് ചോദിച്ചിരുന്നു. സാധ്യമല്ല എന്ന നിലപാടാണ് ഞാനെടുത്തത്.
സത്യത്തിൽ, അധ്യാപകൻ എന്ന നിലക്കുള്ള ഒരാവിഷ്കാരം എനിക്ക് ഒഴിവാക്കാൻ വയ്യ. സാംസ്കാരിക പ്രവർത്തകൻ എന്ന നിലക്കുള്ള ഒരാവിഷ്കാരവുമുണ്ട്. അതും ഒഴിവാക്കാൻ വയ്യ. ഇതു രണ്ടും പൊരുത്തപ്പെടുത്തി കൊണ്ടുപോകുക എന്നത് ചില സമയങ്ങളിൽ പ്രയാസങ്ങളുണ്ടാക്കും. അതുകൊണ്ട് വിരമിക്കൽ പ്രായം 55 കഴിഞ്ഞ് ഒരു കൊല്ലംകൂടി നീട്ടാൻ പാടില്ല എന്നാണ് മനസ്സിൽ വിചാരിച്ചത്. ഞാൻ വിരമിച്ച് ഒരു വർഷം കഴിഞ്ഞശേഷമാണ് ഒരു വർഷംകൂടി കൂട്ടിയത്. അതിൽ ഏറ്റവും ആഹ്ലാദിച്ച ആളാണ് ഞാൻ. റിട്ടയർമെന്റിനുമുമ്പ്, ശേഷം എന്നിങ്ങനെ എനിക്ക് ഒരു വിഭജനമില്ല. അഥവാ, ഉണ്ടെങ്കിൽതന്നെ അത് എനിക്ക് കൂടുതൽ ആഹ്ലാദം നൽകുന്ന ഒന്നാണ്.
അധ്യാപക ജീവിതം ഒരു സാംസ്കാരിക പ്രവർത്തനം തന്നെയാണ്. എന്ത് പഠിക്കുമ്പോഴും എന്ത് പഠിപ്പിക്കുമ്പോഴും അതിന്റെ മൗലികമായ ആധാരം ചരിത്രം തന്നെയാണ്. ഈ വിഷയങ്ങളെല്ലാം നമുക്ക് മനസ്സിലാകണമെങ്കിൽ അവയുടെ ചരിത്രസന്ദർഭത്തിൽവെച്ച് വിശകലനം ചെയ്യണം. ഉദാഹരണത്തിന്, ഇടശ്ശേരിയുടെ പൂതപ്പാട്ട് ശരിക്കും മനസ്സിലാകണമെങ്കിൽ ഗാർഹസ്ഥ്യ പ്രത്യയശാസ്ത്രത്തിന്റെ ചരിത്രത്തിൽനിന്ന് നോക്കിക്കാണണം. അതേസമയം, അതേ പ്രത്യയശാസ്ത്രത്തിന്റെ പരിമിതികൾ അതിനുണ്ട് എന്നും അപ്പോൾ മനസ്സിലാകും. കാരണം, മാതൃത്വത്തിന്റെ മഹത്ത്വമാണല്ലോ അത് പറയുന്നത്. അപ്പോൾ മാതാവാകാൻ പല കാരണങ്ങളാൽ കഴിയാത്തവരും മാതാവാകേണ്ട എന്നു ബോധപൂർവം തീരുമാനിച്ചവരും പുറത്തുനിർത്തപ്പെടുമല്ലോ. ഈ രീതിയിൽ കാര്യങ്ങൾ അതിന്റെ സൂക്ഷ്മതയിലും സമഗ്രതയിലും മനസ്സിലാക്കണമെങ്കിൽ അതിന്റെ ചരിത്രപശ്ചാത്തലം ആവശ്യമാണ്.
നേരെ മറിച്ച്, ക്ലാസ് റൂമിലെ അധ്യാപകൻ, ഒരു പ്രഭാഷകൻ എന്ന നിലക്ക് തെരുവിലെത്തുമ്പോൾ ചില വ്യത്യാസങ്ങളുണ്ട്. തെരുവിലെ ഓഡിയൻസും ക്ലാസ്മുറിയിലെ വിദ്യാർഥികളും ഒന്നല്ല. തെരുവിൽ സംസാരിക്കുമ്പോൾ അതിൽ കുറച്ച് ഔപചാരികതയുണ്ടാകും. നമ്മൾ പ്രഭാഷകരാണ്. അവർ കേട്ടുനിൽക്കുന്നവരാണ്. കേട്ടുകഴിഞ്ഞാൽ അവർ പോകും പക്ഷേ, ക്ലാസ്റൂം പോകുന്നില്ല. അത് സദാ സന്നിഹിതമാണ്.
ഫാറൂഖ് കോളജിൽ മലയാളം ബി.എയുടെ പൂർവവിദ്യാർഥികളുടെ ബാച്ച് ഒത്തുചേരുമ്പോൾ, 25 കൊല്ലം മുമ്പ് ഞാൻ കടമ്മനിട്ടയുടെ ‘ശാന്ത’ എടുത്തതിനെക്കുറിച്ച് അവർ പറയുന്നു. അവരിൽ അധ്യാപകരായി മാറിയവർ, അന്നത്തെ ക്ലാസുകളുടെ വെളിച്ചത്തിൽ, അവരുടെ കുട്ടികളോട് സംസാരിച്ചതിനെക്കുറിച്ച് പറയുന്നു, ഇതാണ് ക്ലാസ് മുറിയുടെ നൈരന്തര്യം. അതേസമയം, തെരുവിൽ നടക്കുന്നത് ഒരു പ്രത്യേക സന്ദർഭത്തിൽ, ഒരു പ്രത്യേക വിഷയം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്. അതിനപ്പുറത്ത്, ക്ലാസ് റൂം എന്നത് ബോധ്യപ്പെടുത്താനുള്ള ഒരു വിഷയംമാത്രമല്ല, ബോധ്യപ്പെടുത്തലും ബോധ്യമാകലും തമ്മിലുള്ള ഒരു ഒത്തിരിപ്പുണ്ടതിൽ. മാത്രമല്ല, ക്ലാസ്റൂമിൽ അത്തരം പ്രഭാഷണവുമില്ല. തെരുവിൽ നമ്മൾ ഏകപക്ഷീയമായി കാര്യം പറഞ്ഞു തീർക്കുകയാണ്. ചില ആശയങ്ങൾ ദൃഢപ്പെടുത്തി അവതരിപ്പിക്കുകയാണ്.
ക്ലാസ് റൂം എന്നത് അധ്യാപകരുടെ മാത്രമല്ല വിദ്യാർഥികളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലുള്ള അവതരണമായിരിക്കും. അവിടെ ക്ലാസ്റൂമിൽ ചോദ്യങ്ങൾ ഉയർന്നുവരണം. ആ അർഥത്തിൽ ആശയപ്രകടനത്തെക്കാൾ കുറച്ചുകൂടി സർഗാത്മകമാണ് ക്ലാസ് റൂമിലേത്. മാത്രമല്ല, നമ്മൾ ഇന്ന് ഒരു മണിക്കൂർ പറഞ്ഞുപോയതിനെക്കുറിച്ച് ആ ഒരു സമയത്ത് പ്രതികരിക്കാൻ കഴിയാതിരുന്നവർക്ക് പിറ്റേന്നുവരുമ്പോൾ അന്നുപറഞ്ഞതിനെക്കുറിച്ചു മാത്രമല്ല, മുമ്പ് പറഞ്ഞതിനെക്കുറിച്ചും ഇടപെടാൻ പറ്റും. ഈ സൗകര്യം തെരുവിലെ പ്രഭാഷണത്തിനില്ല. എങ്കിലും, അധ്യാപകൻ എന്ന നിലക്ക് എനിക്ക് ഞാൻ മാർക്കിടുമ്പോൾ ഞാൻ ഏറ്റവും മികച്ച അധ്യാപകനാണ് എന്നു പറയാൻ പറ്റില്ല.
ഞാൻ ഒരു ചീത്ത അധ്യാപകനായിരുന്നിട്ടുമില്ല. അതേസമയം, ഞാൻ മികച്ച ക്ലാസുകൾ എടുത്തിട്ടുണ്ട്. അത് മിക്കവാറും എടുക്കുന്നത് ക്ലാസ് റൂമിന്റെതന്നെ പ്രത്യേകമായ ഒരു സർഗ പശ്ചാത്തലത്തിലായിരിക്കും. ചിലപ്പോൾ നല്ല ക്ലാസ് എന്ന് നമ്മൾ കരുതും. എന്നാൽ, അത് അവതരിപ്പിച്ചുകഴിയുമ്പോൾ നമുക്ക് ആ തൃപ്തിയുണ്ടായിരിക്കുകയില്ല. അതേസമയം, നമുക്ക് നല്ല ക്ലാസ് എന്ന് തോന്നാത്തത് കുട്ടികളുടെ ഇടപെടലോടെ പ്രതീക്ഷിക്കാത്ത ലെവലിലെത്തും. അതേസമയം, ചില ക്ലാസുകൾ നമ്മളെ അതിശയിപ്പിച്ച് മികച്ചതായി തീർന്നതിന്റെ അനുഭവങ്ങളുമുണ്ട്. അതുകൊണ്ട് ക്ലാസ്റൂം എന്നു പറയുന്നത് ഇരമ്പുന്ന ചരിത്രത്തിന്റെ ഒരു കേന്ദ്രം തന്നെയാണ്. ആ രീതിയിൽ തിരിച്ചറിഞ്ഞാൽ, നമ്മൾ പഠിപ്പിക്കുന്ന കവിതയും നമ്മൾ വിശകലനം ചെയ്യുന്ന കഥയും നമ്മൾ വിവരിക്കുന്ന ഔപചാരിക സാഹിത്യചരിത്രവുമൊക്കെ ഈ ബൃഹത് ജീവിതപശ്ചാത്തലവുമായി ബന്ധമുള്ള ഒന്നാണെന്നു വരും. മുണ്ടശ്ശേരിയൊക്കെ പറയുന്നുണ്ടല്ലോ, കൃതികൾ മനുഷ്യകഥാനുഗായികൾ എന്ന്.
രണ്ട് അനുഭവങ്ങൾ പറയാം:
ദിവസങ്ങൾക്കുമുമ്പ് കോഴിക്കോട് ഉള്ള്യേരി ഭാഗത്ത് കന്നൂരിൽ പ്രസാദ് കൈതക്കൽ എന്ന സാംസ്കാരിക പ്രവർത്തകന്റെ ‘പൊരിവെയിലിലും പെരുമഴയിലും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഞാനാണ് പ്രകാശനം ചെയ്തത്. ആ പ്രദേശത്തെ ജനകീയ ഉത്സവമായി മാറിയ ഒരു പരിപാടി കൂടിയായിരുന്നു അത്. ഈ പരിപാടിയിൽ ആ പ്രദേശത്തെ മുഴുവൻ ജനങ്ങളും പങ്കെടുത്തു. കലാപരിപാടികളുണ്ടായിരുന്നു. ഞാൻ ഇത്രയും കൂടി അവിടെവെച്ച് പറഞ്ഞു. ‘ഒരു ചടങ്ങുതന്നെയാണ് പുസ്തകപ്രകാശനം. എന്നാലീ ചടങ്ങ് ചങ്ങലയായി മാറാറുണ്ട്. ഇവിടെ അത് ചിറകായി മാറിയിരിക്കുന്നു.’ അതൊരു ആഹ്ലാദകരമായ സംഗതി കൂടിയായിരുന്നു.
കെ. പാപ്പുട്ടി മാഷ്, ഡോ. എം.ജി. മല്ലിക തുടങ്ങിയവരും എന്നോടൊപ്പമുണ്ട്. പരിപാടി തുടങ്ങുന്നതിനുമുമ്പ് ഞങ്ങൾ ഒരു മുറിയിലിരിക്കുകയാണ്. അവിടേക്ക് ഒരു സ്ത്രീ കയറിവന്നു. തങ്കം എന്നാണ് പേര്. അവർ നേരെ എന്റെയടുത്തേക്കു വന്നിട്ട് പറഞ്ഞു: എന്നെ പഠിപ്പിച്ച മാഷാണ്. എകദേശം 40 വർഷംമുമ്പ്. 1983ലാണ് ഞാൻ അവരെ പഠിപ്പിച്ചത്. അവർ പറഞ്ഞു. ‘മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ തോറ്റതാണ്.’ ജീവിതത്തിന്റെ പാരവശ്യവും സംഘർഷങ്ങളുമെല്ലാം അവരുടെ കടന്നുവരവിലും സംഭാഷണത്തിലുമൊക്കെയുണ്ട്. ഇത് പറഞ്ഞുകൊണ്ടിരിക്കേ, തീർത്തും അപ്രതീക്ഷിതമായി അവർ എന്റെ കാൽക്കൽ വീണു. സത്യത്തിൽ, സാംസ്കാരികപ്രവർത്തകൻ എന്നനിലക്ക് എനിക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന അവസ്ഥയാണ്, എന്റെ കാലിൽ ഒരാൾ വീഴുക എന്നത്.
ഏതെങ്കിലും കാരണവശാൽ മറ്റൊരാളുടെ കാലിൽ എനിക്ക് വീഴേണ്ടിവന്നാലും മറ്റൊരാൾ എന്റെ കാലിൽ വീഴേണ്ടിവരുന്ന അവസ്ഥ കടുത്ത വേദനയുണ്ടാക്കും. കളങ്കമില്ലാത്ത അടുപ്പമാണ് അവർ അതിലൂടെ ആവിഷ്കരിക്കുന്നത് എങ്കിലും സാധാരണഗതിയിൽ മുൻകൂട്ടി കാണാൻ കഴിഞ്ഞാൽ തടയാൻ കഴിയുമായിരുന്നു. എന്നാൽ, ഇത്രയും ആളുകളിരിക്കേ, ഒരു ഗറിലാ ആക്രമണം പോലെയായിരുന്നു അവരുടെ കാൽക്കൽ വീഴ്ച. എനിക്കത് തടുക്കാൻ പറ്റിയില്ല. അവർ പറയുന്നതോ, നാൽപതു വർഷം മുമ്പുള്ള ഡിഗ്രി ക്ലാസ് റൂമിനെപ്പറ്റി. എനിക്കത് ശരിക്ക് ഓർത്തെടുക്കാനും കഴിഞ്ഞില്ല. അപൂർവം ചില അധ്യാപകർക്കേ, അവരുടെ അനുഭവത്തിലെ ആദ്യ വർഷത്തെയോ രണ്ടാമത്തെ വർഷത്തെയോ ക്ലാസ് റൂം അനുഭവം ഓർമിച്ചെടുക്കാൻ കഴിയൂ. എനിക്ക് കൃത്യം ഓർത്തെടുക്കാൻ കഴിയാറില്ല.
പ്രസാദ് കൈതക്കലിന്റെ പരിപാടി കഴിഞ്ഞ് വേദിയിൽനിന്നിറങ്ങി പോകുമ്പോൾ വീണ്ടും തങ്കം ഓടിവന്ന് എന്റെ കൈപിടിച്ച് ഒരാളുടെ അടുത്തേക്ക് കൊണ്ടുപോയി; എന്നിട്ടു പറഞ്ഞു, ‘ഇത് എന്റെ ആളാണ്. അയാളെയും ചേർത്തുപിടിച്ച് മകളെക്കൊണ്ട് സെൽഫിയെടുപ്പിക്കുകയും ചെയ്തു. പ്രാചീനവും അതേസമയം, ആധുനികവുമായ അനുഭവങ്ങളാണ് ചെറിയൊരു ഇടവേളക്കുള്ളിൽ സംഭവിച്ചത്. ഒന്ന്, പരിപാടി തുടങ്ങുന്നതിനുമുമ്പേ ഞങ്ങളിരുന്ന മുറിയിലേക്ക് കടന്നുവന്ന് അവർ പ്രകടിപ്പിച്ച സ്നേഹവും ബഹുമാനവും അത് അവിടെ അവസാനിക്കുന്നില്ല. വളരെ പ്രാചീനമെന്നു പറയാവുന്ന ആ സാഷ്ടാംഗപ്രണാമം അവരുടെ സത്യസന്ധമായ സ്നേഹത്തിന്റെകൂടി പ്രകാശനമായിരുന്നു. ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലക്ക് അതിനെ അപഗ്രഥിച്ചുനോക്കിയാൽ അത് ആവേശകരമല്ല. അതേസമയം, അവരോട് അതേക്കുറിച്ച് ആ സമയത്ത് സംസാരിക്കാനും പ്രയാസമാണ്. അത് അവർക്ക് വിഷമമുണ്ടാക്കും. നമ്മൾ വല്ലാത്തൊരു ധർമസങ്കടത്തിലാവും.
പുറത്തിറങ്ങുമ്പോൾ തീർത്തും ആധുനികമായ സെൽഫി എന്ന ഫോട്ടോയെടുപ്പിലേക്കാണ് നമ്മളെത്തുന്നത്. നമ്മുടെ ജീവിതത്തിന്റെ ഒരു മെറ്റഫറാണിത്. നമ്മൾ ആധുനിക കാലത്ത് ജീവിക്കുമ്പോഴും, നമ്മുടെ ജീവിതത്തിന്റെ പലഭാഗങ്ങളും മറ്റുകാലങ്ങളിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ ജീവിക്കുന്ന ആധുനിക കാലത്തിലേക്ക് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ച് നിർത്താനാകില്ല. ആധുനിക കാലത്ത് ജീവിക്കുമ്പോഴും നമ്മുടെ ജീവിതം ചിതറിനിൽക്കുകയാണ്.
വിരമിച്ചിട്ട് 12 കൊല്ലം കഴിഞ്ഞുവെങ്കിലും ഇപ്പോഴും പല സ്ഥലത്തുമെത്തുമ്പോഴുണ്ടാകുന്ന അനുഭവങ്ങൾ. സത്യത്തിൽ നമ്മളെ ആഹ്ലാദിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യും. ആഹ്ലാദത്തിന് ഒരു കാരണമുണ്ട്. അധ്യാപനം എന്നത് വിദ്യാർഥികളും അധ്യാപകരും ക്ലാസ് റൂമും പാഠപുസ്തകങ്ങളും നമ്മുടെ ചരിത്രവും എല്ലാം പ്രവർത്തിക്കുന്ന, ഇതെല്ലാം കൂടിക്കുഴഞ്ഞുള്ള ഒരു സാംസ്കാരിക സംയുക്തമാണ്. അതുകൊണ്ടുതന്നെ നമ്മെ അത് ആഹ്ലാദിപ്പിക്കും. അതേസമയം, ഇത് നമ്മൾ യഥാർഥത്തിൽ അർഹിക്കുന്നുണ്ടോ എന്ന ആലോചന ഒരാശങ്കയുണ്ടാക്കും.
മറ്റ് ഏത് തൊഴിലുംപോലെ ജീവസന്ധാരണത്തിന് നടത്തുന്ന തൊഴിലാണല്ലോ ഇതും, അല്ലാതെ സേവനപ്രവർത്തനമൊന്നുമല്ലല്ലോ. പക്ഷേ, ഇതൊരു സേവനപ്രവർത്തനമല്ലാതിരുന്നിട്ടും, ഒരു സേവനപ്രവർത്തനത്തെയും കവിഞ്ഞുള്ള സ്നേഹവും സൗഹൃദവുമാണ് പലയിടത്തും ആളുകൾ പങ്കുവെക്കുന്നത്. അതിനുമാത്രം നമ്മൾ എന്താണ് ചെയ്തത് എന്നാലോചിക്കുമ്പോഴാണ് ആശങ്കയുണ്ടാകുന്നത്. കന്നൂർ എന്ന സ്ഥലത്തേക്കു പോകുമ്പോൾ നേരത്തേ പറഞ്ഞതുപോലുള്ള ഒരു സംഭവം ആലോചിക്കുന്നില്ലല്ലോ. അത് സത്യത്തിൽ വലിയൊരു അനുഭവം തന്നെയാണ്. അനുഭവിക്കുമ്പോൾ മാത്രമാണ് അതിന്റെ സാന്ദ്രത അറിയാനാകുക. അത് നമ്മളെ ശക്തരുമാക്കും. നിസ്സഹായരുമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

