കൊണ്ടുപോയതും കൊല്ലിച്ചതും
text_fieldsകെ.ടി. മുഹമ്മദ്, കുരീപ്പുഴ ശ്രീകുമാർ
പ്രചാരണയുദ്ധത്തിൽ കുറ്റപ്പെടുത്തും വിധം അല്ലെങ്കിൽ പരിഹസിക്കും വിധം പേരുവിളിക്കൽ (Name calling) യുദ്ധത്തിൽ എതിരാളിയെന്ന് കരുതുന്നവരെ തോൽപിക്കുന്നതിന്റെ ആദ്യപടിയാണ്. നിരുപദ്രവകരമായ നർമം മുതൽ രൂക്ഷമായ നിന്ദ വരെ വേഷം മാറി പലരൂപത്തിൽ അതിന് പ്രത്യക്ഷപ്പെടാൻ കഴിയും! പേരിട്ടത് ആരാണെന്ന് വെളിപ്പെടുത്താനാവാത്ത വിധം വേണ്ടിവന്നാൽ അതിന് സ്വയം നന്നായി ഒളിക്കാനും കഴിയും! പ്രത്യേകിച്ച്, ഒരു കാര്യമില്ലെങ്കിലും ഒരു സമുദായത്തെ അല്ലെങ്കിൽ വ്യക്തികളെ അകാരണമായി അവഹേളിക്കാനെങ്കിലും അതുകൊണ്ട് കഴിയുമല്ലോ!
മലയാളത്തിന്റെ പ്രിയ നാടകപ്രതിഭ കെ.ടി. മുഹമ്മദിന്, ഇന്ത്യ-പാക് വിഭജന പശ്ചാത്തലത്തിൽ, ഔദ്യോഗികമായി ഒരു കത്ത് കിട്ടുന്നു. അതിന്റെ ഉള്ളടക്കം, താങ്കൾക്ക് വേണമെങ്കിൽ, പാകിസ്താനിലേക്ക് പോവാം! എന്തൊരൗദാര്യം തന്നെ! അദ്ദേഹം സങ്കടപ്പെട്ടു. ഞാൻ പിറന്ന എന്റെ മണ്ണ്, ഞാൻ കണ്ട ആകാശം, ചേർത്തുപിടിച്ച ബന്ധങ്ങൾ ഇതൊക്കെ വിട്ട് എവിടെപ്പോവാൻ? പോവേണ്ടവർ അങ്ങോട്ട് അപേക്ഷ കൊടുത്ത് പോവുമായിരുന്നു എന്നിരിക്കെ, എന്തിന് ഈ കോപ്രായം? നമ്മൾ പരസ്പരം കൈകൊടുത്തിരുന്നെങ്കിൽ, ഒരേ കപ്പിൽ ചായകുടിച്ചിരുന്നെങ്കിൽ ആ പാകിസ്താൻ ഉണ്ടാകുമായിരുന്നില്ലെന്ന് ഉർവശി ബൂട്ടാലിയ എഴുതിയത് ഓർമിക്കാവുന്നതാണ്.
പി.എ. നാസിമുദ്ദീൻ, സുധീഷ് മിന്നി
ജാതിമേൽക്കോയ്മയുടെ അപരവിദ്വേഷമാണ്, നാനാപ്രകാരേണ കീഴാളജനതക്കെതിരെയുള്ള പരിഹാസമായും പേരുവിളിയായും ചെരിപ്പേറായും േസ്രാതസ്സ് വ്യക്തമാവും വിധവും ചിലപ്പോൾ അത്ര വ്യക്തമാവാത്ത വിധവും കടന്നുവരുന്നത്. പറഞ്ഞുവരുന്നത് പാകിസ്താൻമുക്ക് എന്ന പേര് സ്വയംഭൂവല്ല, ആ പ്രദേശത്തുകാർ വിളിച്ചതല്ല, സർക്കാർ നൽകിയതല്ല, സംഘ്പരിവാറിന്റെ സാംസ്കാരിക േസ്രാതസ്സായ ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രത്തിൽനിന്നും ഉയർന്നുവന്നതാണ്. എന്നാൽ, ആ പ്രദേശത്തെ ജനത ഒന്നടങ്കം അവർക്ക് പ്രസക്തമായ മറ്റൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നതിനാൽ അവയെ അവഗണനകൊണ്ട് പരാജയപ്പെടുത്തിയതാവാം! അതിൽ പ്രകോപിതരായ ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ, അതോടെ ഇളിഭ്യരായി! ഇപ്പോളുണ്ടായ പേര് തർക്കം ആ ഇളിഭ്യതയുടെകൂടി ഉൽപന്നമാണ്!
എന്നാൽ, സ്റ്റീരിയോടൈപ് ഇഫക്ട്, അഥവാ വാർപ്പുമാതൃകാ ആഘാതം അതേൽക്കുന്ന അടിസ്ഥാന ജനതയെ സംബന്ധിച്ചിടത്തോളം വെറും ഇളിഭ്യതയുടെ പ്രശ്നമല്ല, അതിനുമപ്പുറം അത് കുനിച്ചുനിർത്തി മുതുകിലേൽക്കുന്ന ഇടിയാണ്. അധിപർ മാത്രമല്ല, വിധേയരും അറിഞ്ഞ് എഴുതുന്നവർ മാത്രമല്ല, അറിയാതെ സാമാന്യബോധ ശിക്ഷണത്തിൽ പെട്ടുപോവുന്ന ജനപക്ഷ പ്രതിഭകളും വാർപ്പുമാതൃകകൾക്കുള്ളിൽ കുടുങ്ങിപ്പോവാം. ആരെയും കാത്തിരിക്കുന്ന, അവർ പോലുമറിയാത്ത ഒരു തടവറയാണത്. അതിൽനിന്ന് പുറത്തുകടക്കുക വിചാരിക്കുന്നത്ര എളുപ്പമല്ല.
രാഹുൽ മണപ്പാട്ട്
മലയാളത്തിലെ ജനപക്ഷത്തു നിൽക്കുന്ന ശ്രദ്ധേയരായ രണ്ട് കവിപ്രതിഭകളുടെ കവിതകൾ മുൻനിർത്തി ഇക്കാര്യം വിശദമാക്കാനാണ് ഇനി ശ്രമിക്കുന്നത്. ഒന്നാമതായി റിയലിസത്തെയും സർറിയലിസത്തെയും സർഗാത്മകമായി സമന്വയിപ്പിച്ചുകൊണ്ട് മലയാള കവിതയുടെ ശക്തിസൗന്ദര്യമായി മാറിയ പി.എ. നാസിമുദ്ദീന്റെ ‘വർഗീയ കലാപം’ എന്ന പേരിലുള്ള പോസ്റ്റർ കവിതയെക്കുറിച്ചാണ് പറയാൻ ശ്രമിക്കുന്നത്. വർഗീയത സൃഷ്ടിക്കുന്ന ഉൾക്കിടിലവും സംഭ്രമവും സാമാന്യമായി പകരുന്ന ഈയൊരു കവിത ആശയപ്രചാരണത്തിന്റെ ഭാഗമായി പ്രഭാഷണത്തിൽ അവതരിപ്പിക്കുമ്പോഴൊക്കെ രണ്ട് സന്ദേഹങ്ങൾ എന്നെ പിടികൂടാറുണ്ട്. അത് പറയുന്നതിനു മുമ്പെ കവിതയുടെ സൗന്ദര്യം ചോർന്നുപോയേക്കും എന്നറിഞ്ഞുകൊണ്ടുതന്നെ ഒരു പരുക്കൻ സംഗ്രഹം നൽകേണ്ടത് ആവശ്യമാണ്. അതിങ്ങനെ: അഴുക്കുചാലിലെ മലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന രണ്ടീച്ചകൾ-ഒന്നാമത്തെ ഈച്ച രണ്ടാമത്തെ ഈച്ചയോട് പറഞ്ഞു. ഈ നഗരത്തിലെ മാന്യന്മാരേക്കാൾ നമ്മളെത്രയോ ഉന്നതരാണ്. രണ്ടാം ഈച്ചക്ക് അതൊട്ടും സമ്മതമായില്ല. തെളിയിക്കാമെന്നായി ഒന്നാം ഈച്ച.
രണ്ടുപേരും ഒരു റസ്റ്റാറന്റിലേക്ക് പറന്നു. അവിടെ അപ്പോൾ ഒരു മൗലവിയും പൂജാരിയും ശാന്തമായി ചായ കുടിക്കുന്നുണ്ടായിരുന്നു. ഈച്ചകൾ രണ്ടും മൗലവിയുടെ താടിയിലും പൂജാരിയുടെ കുടുമയിലും പാറിപ്പറന്ന് കളിക്കാനാരംഭിച്ചു. കവിതയിലെ കിടുക്കാച്ചി പ്രയോഗം: പാകിസ്താൻ കളി. മൗലവി ആ ഈച്ചക്കളിയിൽ അസ്വസ്ഥനായി താടി ചൊറിഞ്ഞപ്പോൾ ചായക്കോപ്പ മറിഞ്ഞത് പൂജാരിയുടെ കുപ്പായത്തിൽ. രണ്ടു പേരും അടിയായി. റസ്റ്റാറന്റിൽ കണ്ടുനിന്നവർ ചേരിതിരിഞ്ഞ് അടി. വാർത്ത നഗരത്തിൽ എത്തി, അവിടെയും വർഗീയതയുടെ തീ പടർന്നു. ഈച്ചകൾ തിരിച്ച് പറന്നു. അഴുക്കുചാലിലെ മലത്തിലിരുന്നുകൊണ്ട് ആദ്യ ഈച്ച രണ്ടാമത്തെ ഈച്ചയോട് ചോദിച്ചു. ഞാൻ പറഞ്ഞത് നിനക്കിപ്പോൾ മനസ്സിലായോ? ആർക്കും മനസ്സിലാവും വിധം വർഗീയതയുടെ മുറിവുകൾ അനുഭവിപ്പിക്കുന്ന മലയാളത്തിലെ മികച്ച പോസ്റ്റർ കവിതകളിൽ ഒന്നാണിത്. എന്നാൽ, ഉരപേറിയ കീഴ്നടപ്പ് എന്ന് കുമാരനാശാൻ വിശേഷിപ്പിച്, ആ സാമാന്യബോധത്തിന്റെ-ജാതിമേൽക്കോയ്മ രൂപപ്പെടുത്തിയ വാർപ്പുമാതൃകയിൽനിന്ന്, കവിതക്ക് പൂർണമായും പുറത്തു കടക്കാൻ കഴിഞ്ഞിട്ടില്ല.
സാമാന്യമായി വർഗീയതയെക്കുറിച്ച് കവിത പങ്ക് വെക്കുന്ന ഉത്കണ്ഠ ശരിയായിരിക്കുമ്പോഴും, സവിശേഷമായി അത് ഇന്ത്യൻ പശ്ചാത്തലത്തിൽ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് അതിന് വെളിപ്പെടുത്താനായിട്ടില്ല. അക്കാര്യം തൽക്കാലം മാറ്റിവെച്ചാൽപോലും അതിലെ വാർപ്പുമാതൃകാ വിവരണത്തിന്റെ, എടുത്തുപിടിച്ചു നിൽക്കുന്ന കൊമ്പ് കാണാതിരിക്കാനാവില്ല. ‘മൗലവിയുടെ താടി/ പാക്കിസ്ഥാന്റെ ഭൂപടംപോലെ/ വെട്ടിയൊതുക്കിയിരുന്നു/ പൂജാരിയുടെ കുടുമ/ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയും വഹിച്ചിരുന്നു.’ ഈ കവിത അവതരിപ്പിച്ചുകൊണ്ട് നിർവഹിച്ച പ്രഭാഷണങ്ങളിൽ എന്നെ അസ്വസ്ഥപ്പെടുത്തിയ ചോദ്യം എന്തുകൊണ്ട് ഒരു മൗലവിയുടെ താടിക്ക് ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയും ഉണ്ടായിക്കൂടാ എന്നായിരുന്നു.
ഇന്ത്യ മുഴുവൻ ഒരു പൂജാരിയുടെ മാത്രം കുടുമക്ക് പതിച്ചുകൊടുക്കേണ്ടതുണ്ടോ എന്നായിരുന്നു. എന്നാൽ, പി.എ. നാസിമുദ്ദീൻ ഇക്കാര്യം സ്വയമുൾക്കൊണ്ട് ആ ഭാഗം തിരുത്തി. മൗലവിയുടെ തലമുടി/ ഇന്ത്യയുടെ ആകൃതിയായ്/ തോന്നിച്ചിരുന്നു/ താടിയാവട്ടെ/ പാക്കിസ്ഥാന്റെ ഭൂപടംപോലെ/ വെട്ടിയൊതുക്കിയിരുന്നു/ പൂജാരിയുടെ കുടുമ/ ഇന്ത്യയുടെ ആകൃതിയിലായിരുന്നു/ താടി പാക്കിസ്ഥാന്റെ സ്വരൂപത്തിലും. വല്ല ബ്രസീൽ അർജന്റീന തലമുടി താടികൾ ആയിരുന്നെങ്കിൽ എന്ന് ചുമ്മാ ഒരു രസത്തിനുവേണ്ടി മാത്രമൊന്ന് ആലോചിച്ചുപോയി. നല്ല സ്റ്റീരിയോടൈപ്പുകൾ, ചീത്ത സ്റ്റീരിയോടൈപ്പുകൾ എന്ന് സ്റ്റീരിയോടൈപ്പുകളെ വേർതിരിച്ച് സമാധാനിക്കുന്നു!
കുരീപ്പുഴ ശ്രീകുമാറിന് മലയാള കവിതയിൽ ഒരാമുഖവും ആവശ്യമില്ല. മതനിരപേക്ഷതയുടെ കാവലാണ് ആ കവിതകൾ. എന്നാൽ, ‘മുണ്ട് വലത്തോട്ട് ഉടുത്തുകൊണ്ട്/ പാകിസ്താൻ മുക്കിലൂടെ പോയാൽ തല്ല് കിട്ടും/ ഇടത്തോട്ട് ഉടുത്തുകൊണ്ട്/ ഗുജറാത്ത് മുക്കിലൂടെ പോയാലും തല്ല് കിട്ടും/ അങ്ങനെയാണ് ആ പാവം/ മുണ്ടുപേക്ഷിച്ച് മനുഷ്യനായത്’ (കുരീപ്പുഴ). ഗുജറാത്ത് മുക്ക് ശരിക്കും ഇന്ത്യനവസ്ഥയിൽ വംശഹത്യയുടെ സ്മരണകൾ ഇരമ്പുന്നൊരു സൂക്ഷ്മപ്രയോഗമാണ്. എന്നാൽ, ആ പാകിസ്താൻമുക്കോ? അതൊരാവശ്യവുമില്ലാത്ത സമവാക്യ സ്റ്റീരിയോടൈപ്പിന്റെ സാന്നിധ്യമാവുന്നില്ലയോ? ഇടത്തുടുത്താലും, വലത്തുടുത്താലും മുണ്ട് അഴിഞ്ഞു വീഴാഞ്ഞാൽ മതി. അതുതാൻ ബഹുസ്വരതയുടെ സൗന്ദര്യം! അല്ലാതെന്ത്? പിന്നെ പാന്റ്സിടുന്നതോടെ ഇടത്-വലത് തർക്കം സ്വയം റദ്ദാവുകയും ചെയ്യും. ഇന്ത്യയിൽ വിശ്വാസം ഭക്ഷണം തുടങ്ങി പലതിന്റെ പേരിലും തല്ലും കുത്തും ഇടിയും തുടർച്ചയായി കിട്ടിക്കൊണ്ടിരിക്കുന്നത് ആർക്കാണ് എന്നതാണ് മുണ്ടുപേക്ഷിച്ച് കവി പറയുന്ന മനുഷ്യനായ ആ ബോറന് മനസ്സിലാവാതെ പോയത്! കഷ്ടാൽ കഷ്ടം എന്നല്ലാതെ എന്തോന്ന് പറയാൻ?
‘പെറ്റോടം’ എന്ന ഏറെ ശ്രദ്ധയർഹിക്കുന്ന, രാഹുൽ മണപ്പാട്ട് എന്ന പുതുതലമുറയിലെ പ്രതിഭാ സമ്പന്നനായ കവിയുടെ കാവ്യസമാഹാരത്തിലെ, ‘പാകിസ്താൻമുക്ക്’ എന്ന് പേരായ കവിതയിൽ, അത്ഭുതം, പത്തിലേറെയിടങ്ങളിൽ പാകിസ്താൻമുക്ക് എന്ന പ്രയോഗം ആവർത്തിച്ച് വരുന്നുണ്ട്. എന്നാൽ, ഒന്നിൽപോലും അപരവിദ്വേഷക്കറ പുരണ്ടിട്ടില്ല. വാർപ്പുമാതൃകകളുടെ നിഴൽ വീണിട്ടില്ല. പരിഹാസപ്പേരുതന്നെ അഭിമാനപ്പേരാവുന്ന പ്രക്ഷോഭമെന്ന് തോന്നുകയോ തോന്നാതിരിക്കുകയോ ചെയ്യാത്ത സർഗപ്രക്ഷോഭ കരുത്താണ്, ഒപ്പം നാട്ടുജീവിത പച്ചപ്പിന്റെ തിളക്കമാണ്, കവിതയിൽ നിർവൃതിയും നീറലുമായി നിറയുന്നത്.
സൗഹൃദങ്ങളുടെ നടുവിൽനിന്നും മനുഷ്യപ്പറ്റില്ലാത്ത പൗരത്വ നിയമം പൊക്കിക്കൊണ്ടുപോവുന്ന, രേഖകളില്ലാത്ത മനുഷ്യരാണ്, അവരുടെ പ്രതിനിധിയായ കവിതയിലെ, ആടുമ്മയാണ് നീറലിന്റെയും നോവിന്റെയും ഉറവിടം. ‘ഒരീസം/ നേരം വെളിച്ചായപ്പോ/ ആടുമ്മാന്റെ തൊടിയിൽ/ ആടുമ്മയെയോ ആടുകളെയോ/ കണ്ടില്ല/ രേഖകളൊന്നുമില്ലാത്ത ആടുമ്മാന്റെ/ വീട് ഞങ്ങളെ നോക്കിനിന്നു/ ഞങ്ങളന്ന്/ കളിച്ചില്ല/ ആടുകളുമായി/ ആടുമ്മ/ പാകിസ്താൻമുക്കിന്റെ/ അതിർത്തികടന്ന്/ പോവുന്നത്/ ഞങ്ങള്/ നോക്കിനിന്നു/ അധികാരം കിട്ടിയ ഒരിരുട്ട്/ ഞങ്ങളെ/ ആട്ടിപ്പായിച്ചുകൊണ്ടിരുന്നപ്പോൾ/ അന്ന്/ ബാങ്ക്/ കൊടുക്കുന്നതിനു മുന്നേ/ ഞങ്ങള് വീടുകളിലെത്തി.’ സമകാലിക ഇന്ത്യനവസ്ഥയിലേക്ക് കണ്ണ് തുറക്കുന്നിടത്തുവെച്ചാണ്, ആരിട്ടതെന്നറിയാത്തൊരു ജാതിമേൽക്കോയ്മാ പേര് -പാകിസ്താൻ മുക്ക്- കവിതയിൽ സാമാന്യബോധത്തെ കീഴ്മേൽമറിക്കും വിധം പുതുമാനമാർജിക്കുന്നത്.
ഒരു കാരണവുമില്ലാതെ തന്റെ സഹപാഠിയായ ഫൈസൽ എന്നൊരു മുസ്ലിം വിദ്യാർഥിയെ, ചോറ്റുപാത്രംകൊണ്ട് തലക്കടിച്ച സംഭവം, ‘നരക സാകേതത്തിലെ ഉള്ളറകൾ’ എന്ന പുസ്തകത്തിൽ സുധീഷ് മിന്നി പറയുന്നുണ്ട്. നാലു വയസ്സു മുതൽതന്നെ ആർ.എസ്.എസ് ശാഖയിലേക്ക് അമ്മതന്നെ എടുത്തുകൊണ്ടുപോയിരുന്നത് അദ്ദേഹം ഓർക്കുന്നുണ്ട്. എന്തിന് ഫൈസലിനെ ആ വിധം അടിച്ചു എന്നതിന്, അവൻ ഒരു പാകിസ്താൻ ചാരനാണെന്ന് അന്ന് തോന്നിയതിനാൽ എന്നാണ്, പിന്നീട് ആർ.എസ്.എസ് വിട്ടശേഷം സുധീഷ് മിന്നി എഴുതിയത്! വല്ലാത്തൊരു പാകിസ്താൻതന്നെ! ‘BJP fumes as PWD gives ‘Pakistan Mukku’ a Name board ’ എന്ന് ഹിന്ദു പത്രവാർത്ത! കൊണ്ടുപോയതും നീയേ ചാപ്പ/ കൊണ്ടുപോയ് കൊല്ലിച്ചതും നീയേ ചാപ്പ എന്ന് പറഞ്ഞതുപോലെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

