കവിതയുടെ കാർണിവൽ ആറാം പതിപ്പ് നാളെ മുതൽ
text_fieldsപാലക്കാട്: കവിതയുടെ കാർണിവൽ ആറാം പതിപ്പ് ഡിസംബർ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിൽ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'ജൈവരാഷ്ട്രീയവും മലയാളി ഭാവനയും' പ്രമേയത്തിൽ ഏഴ് വേദികളിൽ നടക്കുന്ന കാർണിവലിൽ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. ഡിസംബർ ഒന്നിന് രാവിലെ ലക്ഷദ്വീപ് കവികളായ ഇസ്മത്ത് ഹുസൈൻ, സലാഹുദ്ദീൻ പീച്ചിയത്ത് എന്നിവർ ജസരി ഭാഷയിലുള്ള കവിതകൾ ചൊല്ലി കാർണിവൽ ഉദ്ഘാടനം ചെയ്യും.
മീറ്റ് ദി പോയറ്റിൽ ഐറിഷ്, കന്നട, തമിഴ്, ഹിന്ദി, അസമിസ്, ഗുജറാത്തി ഭാഷകളിൽനിന്നുള്ള കവികൾ പങ്കെടുക്കും. കുമാരനാശാൻ കാവ്യപാഠശാലയിൽ സുനിൽ പി. ഇളയിടം, കൽപറ്റ നാരായണൻ, മനോജ് കുറൂര്‍, വീരാൻകുട്ടി, പി. പവിത്രൻ എന്നിവർ ക്ലാസെടുക്കും. ഗോത്രഭാഷ കവിസമ്മേളനം, എൽ.ജി.ബി.ടി വിഭാഗത്തിലുള്ളവർ പങ്കെടുക്കുന്ന ക്വീർ കവിത സെഷൻ, തെരഞ്ഞെടുക്കപ്പെട്ട 22 യുവകവികൾ പങ്കെടുക്കുന്ന ഫോക്കസ് സെഷൻ എന്നിവയും നടക്കും. മികച്ച കവിതക്കുള്ള കാർണിവൽ പുരസ്കാരം സച്ചിദാനന്ദൻ സമ്മാനിക്കും. തമിഴ് കവിയും വിവർത്തകനുമായ സുകുമാരനെ ആദരിക്കും.
മന്ത്രിമാരായ ആർ. ബിന്ദു, എം.ബി. രാജേഷ് എന്നിവരും പങ്കെടുക്കും. ഡി. വിനയചന്ദ്രൻ കാവ്യാലാപനമത്സരവും കുട്ടികളുടെ കാർണിവലും അനൂപ് പുരസ്കാര സമർപ്പണവും നടക്കും. ഖവാലി, കവിതകളുടെ രംഗാവിഷ്കാരം, കാമ്പസ് തിയറ്ററിന്റെ നാടകം, നൃത്തശിൽപം, പടയണി എന്നിവയുമുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. സുനിൽ ജോൺ, ഡോ. എച്ച്.കെ. സന്തോഷ്, പി.പി. പ്രകാശൻ, പി. രാമൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

