കന്നട സാഹിത്യകാരൻ എസ്.എൽ. ഭൈരപ്പ അന്തരിച്ചു
text_fieldsഎസ്.എൽ. ഭൈരപ്പ
ബംഗളൂരു: പ്രശസ്ത കന്നട നോവലിസ്റ്റ് എസ്.എൽ. ഭൈരപ്പ (91) അന്തരിച്ചു. ബംഗളൂരുവിലെ രാഷ്ട്രോത്തമ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു.
തത്ത്വചിന്ത, സൗന്ദര്യശാസ്ത്രം, മാനവിക മൂല്യങ്ങൾ എന്നിവ രചനകളിൽ സമന്വയിപ്പിച്ച ഭൈരപ്പ, ഹിന്ദുത്വ സാംസ്കാരികതയോട് ചേർന്നുനിന്ന എഴുത്തുകാരൻ കൂടിയായിരുന്നു. 26 നോവലുകൾ രചിച്ച അദ്ദേഹത്തിന്റെ വംശവൃക്ഷ, ദാട്ടു, തന്തു, അഞ്ചു, പർവ, ഗൃഹഭംഗ, സാർഥ, മന്ത്ര എന്നീ നോവലുകൾ ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള മുസ്‍ലിംകളുടെ വരവിനെ വിവാദപരമായി ചിത്രീകരിച്ച ‘ആവരണ ’എന്ന നോവൽ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മൈസൂരുവിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ നിന്ന് (ആർ.ഐ.ഇ) വിരമിച്ച അദ്ദേഹം മൈസൂരുവിൽ കഴിയവെ ആറുമാസം മുമ്പ് പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണിരുന്നു.
ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സംഭാവനകൾ മുൻനിർത്തി രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. 2010ൽ ‘മന്ത്ര’ എന്ന നോവലിന് സരസ്വതി സമ്മാൻ ലഭിച്ചിട്ടുണ്ട്. ഭാര്യ സരസ്വതി, മക്കളായ എസ്.ബി. ഉദയശങ്കർ, എസ്.ബി. രവിശങ്കർ എന്നിവരടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

