'മേതിൽ, യു ആർ ഇമ്പോസിബിൾ': കല്പറ്റ നാരായണൻ
text_fieldsകല്പറ്റ നാരായണൻ
കോഴിക്കോട്: മലയാള സാഹിത്യത്തിൽ സമാന്തരങ്ങളില്ലാത്ത വിസ്മയമാണ് മേതിൽ രാധാകൃഷ്ണനെന്നും, പരിചിതമായ ശീലങ്ങളിൽ മാത്രം കുരുങ്ങിപ്പോയ നിരൂപകരുടെ ഭാവുകത്വപരമായ അന്ധത കൊണ്ടാണ് അദ്ദേഹം പൊതുപട്ടികകളിൽ ഇടംപിടിക്കാതെ പോയതെന്നും പ്രമുഖ കവിയും സാഹിത്യ നിരൂപകനുമായ കൽപ്പറ്റ നാരായണൻ. മാതൃഭൂമി സാഹിത്യ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേതിലിന്റെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തിൽ വിശകലനം ചെയ്ത കൽപ്പറ്റയുടെ പ്രഭാഷണം സാഹിത്യ ലോകത്ത് വലിയ ചർച്ചയായി. തനിക്ക് അനുചരന്മാരെയല്ല, മറിച്ച് തന്നോടൊപ്പം സഞ്ചരിക്കാൻ ശേഷിയുള്ള സഹപ്രവർത്തകരെയാണ് വേണ്ടതെന്ന നീഷേയുടെ ദർശനമാണ് മേതിലിന്റെ രചനകൾ വായനക്കാരോട് സംവദിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'സൂര്യവംശ'വും എം.ടിയുടെ സാഹസികതയും
'ഖസാക്കിന്റെ ഇതിഹാസം' കഴിഞ്ഞാൽ തന്നെ ആഴത്തിൽ സ്വാധീനിച്ച കൃതി മേതിലിന്റെ 'സൂര്യവംശ'മാണെന്ന് കൽപ്പറ്റ നാരായണൻ ഓർത്തെടുത്തു. 'കെ.പി. നിർമൽകുമാർ ഇന്റലക്ച്വലി ഡിസ്റ്റർബിംഗ് എന്ന് സൂര്യവംശത്തെ വിശേഷിപ്പിച്ചപ്പോൾ, എസ്തറ്റിക്കലി ഡിസാമിംഗ് (സൗന്ദര്യബോധത്തെ നിരായുധമാക്കുന്നത്) എന്നാണ് എനിക്ക് തോന്നിയത്. എല്ലാ അർത്ഥത്തിലും അപ്രതീക്ഷിതമായ ഈ നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായിരുന്നു എം.ടിയുടെ പത്രാധിപ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികത'. വിജയൻ ഒരു അഭൗമിക എഴുത്തുകാരനായിരുന്നെങ്കിൽ മേതിൽ പൂർണമായും ഭൗമികനാണ്. ഭൂമി തറവാട്ടുപേരായ ഈ സാർവഭൗമൻ തന്റെ രചനകളിൽ ഒരിടത്തും 'എക്കോളജിക്കൽ ജസ്റ്റിസ്' (പരിസ്ഥിതി നീതി) വിസ്മരിച്ചിട്ടില്ല.
മിന്നലിൽ നിന്ന് കാട്ടുതീ പടർത്തുന്ന വാസ്തുശില്പി
സാധാരണയായി ചെറുകഥയെന്നത് ഒരനുഭവത്തിന്റെ വികാസമാണെങ്കിൽ, മേതിലിൽ അത് പലപ്പോഴും ഒരു മിന്നലിന്റെ, ഒരു തീപ്പൊരിയുടെ വികാസമാണെന്ന് കൽപ്പറ്റ നിരീക്ഷിച്ചു. ഒരു സൂക്ഷ്മ വിശദാംശത്തിൽ നിന്ന് കാട്ടുതീ പോലെ പടരുന്നതാണ് മേതിലിന്റെ കഥകൾ. എൻജിനീയറാവാൻ മോഹിച്ച മേതിൽ ചെറുകഥയിലാണ് ആ മായാമന്ദിരങ്ങൾ പണിതുയർത്തിയത്. ഇത്രയധികം വളവുകളും തിരിവുകളുമുള്ള വാസ്തുവൈഭവം മലയാള ചെറുകഥയിൽ മുൻപൊരിക്കലും കണ്ടിട്ടില്ല. സോഫോക്ലീസിന്റെ ഈഡിപ്പസ് റെക്സ് മുതൽ ബോർഹെസ് വരെയുള്ളവരെപ്പോലെ, തെളിവുകളെയും നിരീക്ഷണങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന സമർത്ഥനായ ഒരു കുറ്റാന്വേഷകൻ മേതിലിന്റെ ഏതാണ്ടെല്ലാ രചനകളുടെയും ഘടനയിലുണ്ട്. യാദൃച്ഛികതകളെ അതിജീവിക്കാൻ മതങ്ങൾ ദൈവത്തെ കണ്ടെത്തിയതുപോലെയാണ് മേതിൽ തന്റെ കഥാപാത്രങ്ങളെ പടച്ചുവിട്ടത്.
എന്തുകൊണ്ട് ഒരു ലിസ്റ്റിലും മേതിലില്ല?
മേതിൽ അസാധാരണമായ കവിതകളും കഥകളും ഉപന്യാസങ്ങളും എഴുതിയിട്ടും മലയാളി അദ്ദേഹത്തെ പൊതുവായ എഴുത്തുകാരുടെ പട്ടികകളിൽ പെടുത്തിയിട്ടില്ലെന്ന് കൽപ്പറ്റ ചൂണ്ടിക്കാട്ടി.
"പുതുതായൊന്നും കാണാനാവാത്ത ശീലങ്ങളിലുറച്ചുപോയ, കണ്ടതേ കാണൂ എന്ന് കരാറൊപ്പിട്ട നിരൂപകരുടെ മുന്നിൽ മറഞ്ഞിരിക്കാൻ ഒരു തിരശ്ശീലയും വേണ്ട; അവരുടെ ഭാവുകത്വപരമായ അന്ധത മാത്രം മതിയാകും. കളർ ബ്ലൈൻഡ്‌നെസ്സ് പോലെ അതൊരു കുറവാണ്. ഒക്ടോപസിന്റെ സ്പർശിനികൾ പോലെയുള്ള മേതിലിന്റെ വൈവിധ്യമാർന്ന അറിവുകളെ തൊട്ടറിയാൻ ഒരൊറ്റ കൈ മാത്രമുള്ള ശരാശരി മലയാളി വായനക്കാരന് ശേഷിയില്ലാതെ പോയതാവാം കാരണം."
ഉള്ളടക്കവാദിയല്ലാതെ രൂപവാദിയായി നിന്നുകൊണ്ട് അംശങ്ങളുടെയും ശിഷ്ടങ്ങളുടെയും കവിത ചമച്ച പ്രതിഭയാണ് മേതിലെന്ന് വ്യക്തമാക്കിയ കൽപ്പറ്റ നാരായണൻ, 'മേതിൽ, യു ആർ ഇമ്പോസിബിൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

