കാലമേ നീ സാക്ഷി
text_fieldsഒരു തുള്ളി കണ്ണീർ വെറുതെ പൊഴിച്ചു
ഒരു ഗദ്ഗദമെന്നിൽ നോവായി പിറക്കവേ
യുദ്ധവുും ഭീതിയും കുറ്റകൃത്യങ്ങളും
പ്രജ്ഞയറ്റ മനുഷ്യനും പ്രകൃതിയും
കാലമൊരു പ്രഹേളികയായ് ദിനവും
മർത്ത്യനെയിതാ തുറിച്ചുനോക്കുന്നു
അറിയുന്നുവോ ജാതിമതവർണവൈരികളായ്
അഭിരമിച്ചീടും സാമൂഹികവിപത്തിനെ
പോർവിളികൂട്ടുന്നു രാജാധിപന്മാർ
തെരുവിൽ മരിക്കുന്നു പോരാളികൾ
ചീന്തിയെറിയുന്നു സ്ത്രീത്വമൊടുവിൽ
ദിശയറ്റു കേഴുന്നു അനാഥബാല്യം
വരണമാല്യത്തിനർഥമറിയാതെ
മരണമാല്യത്തെ വരിക്കുന്നു പെണ്മക്കൾ
പേറ്റുനോവറിഞ്ഞുപെറ്റമ്മതൻ നെഞ്ചിൽ
മൂർച്ഛയേറും കഠാരയിറക്കുന്നു പൊന്മകൻ
വെടിയുന്നു രാസലഹരിയിൽ ചേതസ്സും വപുസ്സും
മസ്തിഷ്കമാന്ദ്യം ബാധിച്ച യുവത്വങ്ങൾ
ഞെരിഞ്ഞമരുന്നു ഇളം കുരുന്നുകൾ
ഭോഗാസക്തമർത്ത്യ വർഗത്തിനൂറ്റാൽ
അരണ്ടവെട്ടത്തിലിരയെ കാൽച്ചോട്ടിലമർത്തി
തനിക്കു പാതിയെന്നപോൽ വന്യമൃഗങ്ങളും
ആർദ്രത വറ്റിവരണ്ടു മരവിച്ച ഹൃദയത്തിൽ
ബാക്കിയുണ്ടോ കനിവും കരുതലും
ഇനിയുമൊരുപാടുണ്ടെഴുതിച്ചേർക്കുവാൻ
നിരന്നിരിക്കുവോർ പലതാണുമുന്നിൽ
എഴുതപ്പെട്ട നോവുകൾക്കും വിധിക്കപ്പെട്ട
നെടുവീർപ്പുകൾക്കും - കാലമേ നീ സാക്ഷി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

