സ്ഥാനാർഥിയാകുന്നതിനും മുൻപെയാണ് സ്വരാജ് അവാർഡ് പട്ടികയിൽ ഇടം പിടിച്ചതെന്ന് കെ. സച്ചിദാനന്ദൻ
text_fieldsകോഴിക്കോട്: എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിയതിലുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരനും അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ.
സ്വരാജിന് എൻഡോവ്മെന്‍റ് പുരസ്കാരം സാഹിത്യ അക്കാദമി പ്രഖ്യാപിച്ചുവെങ്കിലും പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന മുൻനിലപാടിൽ മാറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് അവാർഡ് നിരസിക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
സ്വരാജിനെ അനുകൂലിച്ച് സോമൻ പൂക്കാട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് സച്ചിദാനന്ദന്റെ പ്രതികരണം.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അവാർഡാണ് കേരള സാഹിത്യ അക്കാദമി അവാർഡെന്നും ഇതിന് പുസ്തകം അയക്കേണ്ട ആവശ്യമില്ലെന്നും എത്രയോ മാസങ്ങൾക്ക് മുമ്പാണ് അവാർഡിനുള്ള ചുരുക്കപ്പട്ടിക ഉണ്ടാക്കിയതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. അവാർഡിന് അർഹമായ വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മുഴുവൻ പുസ്തകങ്ങളും അക്കാദമി തന്നെ വാങ്ങും. നല്ല വായനക്കാർ ആയ വിവിധ മേഖലകളിലെ 10 വ്യക്തികളുടെ ഒരു ഷോർട്ട്‌ലിസ്റ്റിങ് കമ്മിറ്റി ഓരോ വിഭാഗത്തിലും ചുരുക്കപ്പട്ടിക ഉണ്ടാക്കും. ആ കമ്മിറ്റിയെയും ഓരോ വിഭാഗത്തിലെ മൂന്നംഗ ജൂറിയെയും തെരഞ്ഞെടുക്കുന്നത് മറ്റാരോടും ആലോചിക്കാതെ അക്കാദമി പ്രസിഡന്റ് ആണ്.
മൂന്നു ജൂറി അംഗങ്ങളും പരസ്പരം അറിയുന്നില്ല. അവർ ഇടുന്ന മാർക്ക് കൂട്ടുക മാത്രമാണ് ഓഫീസ് ചെയ്യുന്നത്. അതിൽ ഒരു വ്യക്തി, രാഷ്ട്രീയ താത്പര്യവും ഇല്ല. എത്രയോ മാസങ്ങൾക്ക് മുമ്പാണ് ചുരുക്കപ്പട്ടികകൾ ഉണ്ടാക്കിയത്. സ്വരാജിന്റെ പുരസ്‌കാരം ഭൂരിപക്ഷത്തിൽ വന്നത് സ്വരാജിനെ നിലമ്പൂർ സ്ഥാനാർഥി ആയി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പാണ്. അക്കാദമിയിലെ ഒരാൾക്കും അത് തിരുത്താൻ അവകാശമില്ല. ഫെല്ലോഷിപ്പ്, സമഗ്ര സംഭാവന പുരസ്‌കാരങ്ങൾ മാത്രമാണ് അക്കാദമി ബോർഡ് ഏകകണ്ഠമായി തീരുമാനിക്കുന്നതെന്നും സച്ചിദാനന്ദൻ കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

