Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഖബറിലൂടെ ഒരു യാത്ര

ഖബറിലൂടെ ഒരു യാത്ര

text_fields
bookmark_border
K R Meera Qabar
cancel

കെ.ആർ മീരയുടെ മറ്റൊരു ഉജ്ജ്വല സ്ത്രീകഥാപാത്രം-ഭാവന സച്ചിദാനന്ദൻ. ആരാച്ചാർ എന്ന നോവലിലെ ചേതന മല്ലിക്കിന്റെ വൈകാരിക സംഘർഷങ്ങൾ വ്യത്യസ്ത തലത്തിൽ ഭാവനയും കരുത്തോടെ നേരിടുന്നു. ഈ രണ്ട് കൃതികളിലും പൊതുവായി കണ്ട ഒരു പ്രത്യേകത രണ്ടും നീതിന്യായ വ്യവസ്ഥയുടെയും യുക്തിയും നിയമവും തമ്മിലുള്ള അതിർവരമ്പുകളുടെയും ലോകം തുറന്നിടുന്നു എന്നതാണ് .

സുദീർഘമായ ചരിത്രത്തെ നിയമം കൊണ്ട് ഖബർ അടക്കുന്ന ഇന്നത്തെ രാഷ്ട്രീയ വർത്തമാന ചരിത്രത്തെ ഇവിടെ ഓർമ്മിപ്പിക്കുന്നുണ്ട്. കുടുംബം, പ്രണയം, സ്നേഹത്തിൻറെ അർഥവും അർത്ഥ ശൂന്യതയും, ഇന്ദ്രജാലത്തിന്റെ മായിക ഭാവവും എല്ലാം ഖബറിൽ സന്നിവേശിപ്പിച്ചു കൊണ്ട് ജില്ലാ ജഡ്ജി കൂടിയായ ഭാവനയുടെ ആഖ്യാനം ആയിട്ടാണ് കഥ തുടങ്ങുന്നത്.

ലോ കോളജിൽ ഒരുമിച്ചു പഠിച്ചു പ്രണയ വിവാഹിതരായ പ്രമോദും ഭാവനയും. വിവാഹ ജീവിതത്തോടെ പ്രണയത്തിൽ ഉണ്ടായിരുന്ന തുല്യത നഷ്ടപ്പെടുന്നു. പുരുഷ മേൽക്കോയ്മ തല പൊക്കുമ്പോൾ, ജോലിയിൽ ഭാര്യ മികവിന് അംഗീകാരം വാങ്ങുമ്പോൾ, കുടുംബജീവിതം താളംതെറ്റുന്നു. ഭാര്യ ഗർഭം ധരിക്കാൻ വൈകിയതും പിന്നീട് ആൺകുഞ്ഞ് പിറന്നപ്പോൾ അവന്‍റെ പെരുമാറ്റ പ്രശ്നങ്ങളും (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവ് ഡിസോർഡർ) വേർപിരിയാൻ കാരണം കണ്ടെത്തേണ്ടവർക്ക് അതൊക്കെ ധാരാളമായിരുന്നു. തന്നെപ്പോലെ തന്റെ അമ്മ അനുഭവിച്ച മോഹഭംഗങ്ങളുടെ തുറന്നു കാട്ടലും ഒരു സ്ത്രീയുടെ, അമ്മയുടെ സഹനത്തിന്റെ ആഴവും വരികളിലൂടെ വരച്ചിടുന്നുണ്ട്.

വേർപിരിയലിന് ശേഷം ജില്ലാ ജഡ്ജി ആകുകയും, പെരുമാറ്റ വൈകല്യമുള്ള മകനെ ചേർത്തുപിടിക്കുകയും അവന്റെ പ്രശ്നങ്ങൾ കൊണ്ടല്ല അച്ഛൻ ഉപേക്ഷിച്ചു പോയതെന്നും നിനക്ക് ഒരു പ്രശ്നവും ഇല്ല എന്ന് പറഞ്ഞു മകനിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന അമ്മ ആയും കോടതിമുറിയിൽ നീതിയുടെ/ നിയമത്തിന്റെ തളരാത്ത കാവലാൾ ആയും, ഭർത്താവിന്റെ രണ്ടാം കല്യാണത്തിന് മകനെയുംകൂട്ടി പോയി ആശംസ അറിയിക്കുന്ന സ്ത്രീയായും അവൾ ആത്മാഭിമാനത്തിന്റെ ജ്വാലയായി വായനക്കാരിൽ നിറയുന്നു .

കോടതിയിലെത്തിയ ഒരു ഖബർ കേസ്, അതിന്റെ തുടർ പരിണാമങ്ങൾ, വാദിയായ ഖയാലുദ്ദീൻ തങ്ങളുടെ മാന്ത്രികശക്തിയിൽ അനുഭവപ്പെടുന്ന മതിഭ്രമം, മതത്തിന്റെ അതിർവരമ്പുകൾ കടന്നുവരാത്ത പരസ്പരസ്നേഹം, സമകാലിക സാഹചര്യങ്ങൾ അങ്ങനെ വിശാലമായി ചിന്തിക്കാൻ പല വിഷയങ്ങളും ഭാവനയുടെ ഭാഷയിൽ ഏതാനും വരികളിൽ മാത്രം ഒതുക്കിയാണ് പറഞ്ഞു പോകുന്നതെങ്കിലും വായനക്കാർക്ക് ആഴത്തിൽ വ്യാപരിക്കാനും ബൗദ്ധിക മണ്ഡലങ്ങളിൽ നൂറായിരം ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് നീതി -അനീതി വാദപ്രതിവാദങ്ങൾ സ്വന്തം മനസ്സിൽ നിന്ന് ഉണർന്ന് ഒരു ജനതയിലേക്ക് പരക്കട്ടെ എന്ന് "ഖബർ "പറയാതെ ആഗ്രഹിക്കുന്നുണ്ടോ? അത് ഓരോ വായനക്കാരന്റെയും ചിന്തകൾക്ക് ഉള്ള സ്വാതന്ത്ര്യമാണ്.

സ്ഥലത്തിൻറെ ചരിത്രമാണ് ഖബർ. ഖയാലുദ്ദീൻ തങ്ങൾ വാദിയും മറ്റ് മൂന്ന് സഹോദരങ്ങൾ എതിർകക്ഷികളുമായി കേസിൽ പരാമർശിക്കുന്ന സ്ഥലം. സലാഹുദ്ദീൻ തങ്ങളിൽ നിന്നും സാകേതം ചാരിറ്റബിൾ ട്രസ്റ്റ് വിലകൊടുത്തുവാങ്ങിയ രണ്ടേക്കർ 15 സെൻറ് സ്ഥലം. ട്രസ്റ്റ് അവിടെ ഒരു കല്യാണ മണ്ഡപവും ഓഡിറ്റോറിയവും പണിയാൻ തുടങ്ങുന്നു. ഈ സ്ഥലത്തിന്റെ തെക്കേയറ്റത്ത് തന്‍റെ പൂർവികന്‍റെ ഖബർ ഉള്ളതായും അത് സംരക്ഷിക്കപ്പെടണമെന്നുമാണ് ഖയാലുദ്ദീന്‍റെ ആവശ്യം . ഓഡിറ്റോറിയത്തിനന്‍റെ പ്ലാൻ പ്രകാരം ടോയ്ലറ്റ് വരുന്നത് ഈ ഖബറിന് മുകളിൽ ആണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ കേസിന്‍റെ ഭാഗമായാണ് ഭാവനയും ഖയാലുദ്ദീൻ തങ്ങളും കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ മായാജാലം കൊണ്ട് പല വിഭ്രാന്തികൾ ഭാവനക്ക് അനുഭവപ്പെടുന്നതും.

പല തരത്തിൽ അവരെ തളർത്താൻ അദ്ദേഹം ശ്രമിച്ചിട്ട് അയാൾ ഒടുവിൽ അവരുടെ കഴിവിനെ അംഗീകരിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഒടുവിൽ ബഹുമാനിക്കുകയും പരസ്പരം പ്രണയത്തിലാവുകയും ചെയ്യുന്നു. പ്രണയിക്കുമ്പോഴും അവരെ മാഡം എന്ന് വിളിക്കുന്നത് സൂചിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നുണ്ട് "നിങ്ങൾക്ക് വേണ്ടത് ആദരവാണ് കിട്ടിയിട്ടില്ലാത്തതും അതാണ്. എനിക്കും അതേ." എന്ന്.

ചിന്തകൾകൊണ്ട് ഉയർന്ന ഒരു മനുഷ്യത്വത്തിന്‍റെ നന്മയും അനുഭവിച്ച വേദനകളും അപമാനവും ഈ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. പ്രശ്നക്കാരനായ ഭാവനയുടെ മകൻ അദ്ദേഹത്തിന്‍റെ സ്നേഹത്തിൽ സന്തോഷവാനാകുന്നതും മനുഷ്യത്വത്തിന്‍റെ ഇന്ദ്രജാലം തന്നെയാണ്.

"ഒരു കലാപം അനുഭവിച്ചവനാണ് ഞാൻ. വലിയൊരു ജനക്കൂട്ടം ഉടു തുണി പിടിച്ചു അഴിച്ച് നിങ്ങളുടെ ജനനേന്ദ്രിയം നോക്കി നിങ്ങളാരാണെന്ന് നോക്കുന്ന ഒരു നിമിഷം ഉണ്ടല്ലോ അത് അനുഭവിച്ച ഒരുത്തനും-ഹിന്ദു ആകട്ടെ മുസ്ലിം ആകട്ടെ. ഒരാളായി തുടരില്ല". അത് അനുഭവിക്കുന്നവന്‍റെ ഒരിക്കലും മായാത്ത അപമാനം, സ്വന്തം ആത്മാഭിമാനം അടിയറ വെക്കുന്നതിന്റെ സ്വയം നിന്ദ, സ്വന്തം അസ്ഥിത്വത്തിന്റെ ചോദ്യം ചെയ്യപ്പെടൽ എത്ര ഭീകരമാണ്, എത്ര ലജ്ജാകരമാണ് ആ അവസ്ഥ!!!

നമ്മൾ ആ കഥാപാത്രമായി സ്വയം മാറുമ്പോൾ അത് അനുഭവിക്കുമ്പോൾ ആ അപമാനത്തിന്റെ തീവ്രത നമ്മെ വിറകൊള്ളിക്കും എന്നത് തീർച്ചയാണ്.

ഭാവനയുടെ പൂർവികനായ യോഗീശ്വരൻ അമ്മാവനും ഖയാലുദ്ദീൻ തങ്ങളുടെ പൂർവികരുടെ കഥയും എവിടെയൊക്കെയോ സന്ധിക്കുമ്പോൾ മതങ്ങളുടെ പേരിലുള്ള കലഹം ഓർത്ത് മനുഷ്യൻ ലജ്ജിച്ചു തല താഴ്ത്തും. ഇവർ രണ്ടുപേരും ഒരാളായിരുന്നു എന്ന് ഒടുവിൽ ഭാവന അറിയുന്ന രംഗവും അസ്പഷ്ടമായി പറഞ്ഞു പോകുന്നത് എന്തും വിവാദമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരുപാട് വിവാദങ്ങൾക്ക് തിരി കൊളുത്തണ്ട എന്ന ഉദ്ദേശ്യത്തിലാവാം.

ചേരമാൻ പെരുമാളിനൊപ്പം മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ച് മടങ്ങിവന്ന ഹസ്സൻകോയയുടെ ഖബർ ചരിത്രവും മതവും ബന്ധങ്ങളും കൂടിക്കലർന്ന ഒരു അനുഭൂതിയാണ് ഖയാലുദ്ദീൻ തങ്ങൾക്ക്. ഇന്നു മനുഷ്യൻ ജീവിക്കുന്ന എല്ലാ സ്ഥലത്തും ചരിത്രവും മിത്തും പൗരാണികതയുടെ ആഢ്യത്വവും ഒരുപക്ഷേ യുദ്ധക്കളത്തിന്റെ ചോരയുടെ മണവും ഒക്കെ പറയാനുണ്ടാകും എന്നത് ഒരു വാസ്തവം തന്നെയാണ്. അവിടെ ഖബർ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ സാധിക്കാത്തതിനാൽ ആ സ്ഥലം സംരക്ഷിക്കപ്പെടണമെന്ന വാദിയുടെ ആവശ്യം കോടതി നിരസിച്ചു ഉത്തരവാകുകയാണ് ചെയ്യുന്നത്. ചരിത്രത്തിൻറെ അറിവിനും പൂർവികതയുടെ വേരിനും മാനുഷിക വികാരങ്ങൾക്കും അപ്പുറം യുക്തി നിഷ്ഠമായ തീരുമാനങ്ങളുടെയും തെളിവുകളുടെയും തുലാസ് ആണല്ലോ വിധിപ്രസ്താവനയ്ക്ക് നീതിപീഠത്തിനുമുന്നിൽ മാനദണ്ഡം .

ഒടുവിൽ 2019 നവംബർ9 ന് ഖയാലുദ്ദീൻ തങ്ങൾ മരിച്ചു. ആർക്കിടെക്റ്റായ അദ്ദേഹം ഏതോ പുരാതന സ്മാരകം പുതുക്കിപ്പണിയുന്ന സ്ഥലത്തുവച്ച് സ്മാരകത്തിന്‍റെ വലിയ തൂണിൽ ഒന്ന് അടർന്നു തലയിൽ വീണു മരിക്കുകയാണ്. ആ ദിവസത്തിന്‍റെ പ്രാധാന്യവും ഖബറിന്റെ അന്തസത്തയും എഴുത്തുകാരി വായനക്കാരിലേക്ക് ഇട്ട് നൽകുകയാണ്. ബാബറി മസ്ജിദിന്റെ വിധി പ്രസ്താവന എന്ന് ഒരിടത്തും നോവലിസ്റ്റ് പറയുന്നില്ലെങ്കിൽ കൂടി വായനയുടെ ഒടുവിൽ ആരിലും 'അതല്ലേ ഇത്' എന്ന ചോദ്യം വരാതിരിക്കില്ല എന്ന് തോന്നുന്നു.

ഖയാലുദ്ദീന്റെ മരണവും അദ്ദേഹത്തിന്റെ പൂർവികൻ ഹസൻ കോയയും തന്‍റെ പൂർവികൻ യോഗീശ്വരൻ അമ്മാവനും ഒരാളായിരുന്നു എന്ന സത്യവും കോടതി മുറിക്കുള്ളിൽ വെച്ചാണ് ഭാവന അറിയുന്നത്. 'മറ്റൊരാളുടെ അസാന്നിധ്യത്തിൽ ഞാൻ പരിപൂർണത അനുഭവിക്കുന്നു "എന്ന് സ്വയം സ്വാന്ത്വനത്തോടെ ഭാവന തലചായ്ക്കുന്നടുത്ത്‌ നോവൽ അവസാനിക്കുന്നു.

ഒരുപാട് ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട്.

ഐതിഹ്യം ഉറങ്ങുന്ന ദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ജില്ലാ ജഡ്ജിയെ ക്ഷണിക്കാൻ വരുന്ന ബന്ധുക്കളുടെ ക്ഷണം സ്വീകരിക്കുന്ന ഭാവനയേയും ഖബർ കേസിലെ വിധി പ്രസ്താവിച്ചത് തെറ്റായിപ്പോയി എന്ന തോന്നലിൽ അപ്പീൽ ഫയൽ ചെയ്യാനും തർക്ക സ്ഥലത്ത് ഖബറിടം കണ്ടെത്തിയെന്ന് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന് കത്ത് കൊടുത്താൽ അവർ അത് ഏറ്റെടുത്തോളും എന്നുപറയുന്ന ഭാവനയെയും നമുക്ക് മുന്നിൽ കെ.ആർ.മീര അവതരിപ്പിക്കുമ്പോൾ വിശ്വാസങ്ങളും നിയമവും മനുഷ്യ മനസ്സിനുള്ളിൽ നടക്കുന്ന ശരിയും തെറ്റും തമ്മിലുള്ള പോരാട്ടവും രേഖകളുടെയും തെളിവുകളുടെയും പിൻ ബലത്താൽ മനസ്സിന്റെ നീതി പൊളിച്ചെഴുതേണ്ടി വരുന്ന നിസ്സഹായതയും വരികളിലൂടെ വെളിവാക്കുന്നു.

ഇവിടെ ഈ നോവലിൽ നീതിയുടെ ചോദ്യംചെയ്യലിന് ഒരു ഖബർ സാക്ഷിയായി. ചിലയിടത്ത് അത് നീതിയുടെ ഒരു പട്ടടയാകാം, സെമിത്തേരി ആകാം . ഒരു മനുഷ്യായുസ്സ് യാത്ര അവസാനിക്കുമ്പോൾ സത്യവും മിഥ്യയും നീതിയും അനീതിയും ധർമവും അധർമവും അവനിൽ സമ്മേളിച്ചു ഒടുങ്ങുന്നു.

മണ്ണോട് ചേരുമ്പോൾ ജാതി മത രാഷ്ട്രീയമില്ലാതെ ദേഹം വെടിഞ്ഞു ദേഹി സ്വതന്ത്രമാകുന്നു. ആ ശവക്കല്ലറകളെ ജാതി മതാന്ധതയും രാഷ്ട്രീയവും വിലപേശാത്ത, വിൽപനചരക്ക് ആക്കാത്ത ഒരു യുഗം എന്നെങ്കിലും പിറവിയെടുക്കുമോ?

Show Full Article
TAGS:K R Meera qabar 
Next Story