നെടുങ്കണ്ടം: അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ വേദിയില്‍ കയറുന്നതിനായി ചെറിയ നാടകമെഴുതാന്‍ തൂലിക കൈയിലെടുത്ത ഈ യുവാവ് ചെറുതും വലുതുമായി ഇതുവരെ എഴുതിയത്് 52 നാടകങ്ങളാണ്. ജീവിതോപാധി ഫോട്ടോഗ്രഫിയാണെങ്കിലും നാടകത്തിന് പുറമെ കഥ, തിരക്കഥ, സംവിധാനം, ഷോര്‍ട്ട് ഫിലിം, ഭക്തിഗാനങ്ങള്‍ തുടങ്ങി ജോബി ജയിംസ് എന്ന 45കാരൻ കൈവെക്കാത്ത മേഖലകളില്ല.
കഴിഞ്ഞ നാലുവര്‍ഷങ്ങളായി തുടര്‍ച്ചയായി ജില്ലയിലെ മികച്ച നാടക രചനക്കും സംവിധാനത്തിനുമുള്ള പുരസ്കാരം നേടി. 2015ല്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്ര നാടക മത്സരത്തില്‍ മികച്ച നാടക രചനക്കുള്ള അംഗീകാരം ജോബിയുടെ സ്വപ്ന ഭൂമി എന്ന നാടകത്തിനാണ് ലഭിച്ചത്. സാമൂഹിക നാടകങ്ങള്‍ക്കൊപ്പം ബൈബിള്‍ നാടകങ്ങളും എഴുതിയിട്ടുണ്ട്. നവാഗതര്‍ക്കായി അഭിനയ കളരിയും നടത്തുന്നുണ്ട്.
വര്‍ഷങ്ങളായി ഹൈറേഞ്ചിലെ വിവിധ ദേവാലയങ്ങളില്‍ തിരുനാളിനോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന നാടകങ്ങളില്‍ മിക്കതും ജോബിയുടെ നാടകങ്ങളാണ്. ഇദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച ഓര്‍മയില്‍ ഒരു പൊന്നോണം എന്ന ആല്‍ബവും ഏറെ ശ്രദ്ദേയമായിരുന്നു.
ഇവക്കെല്ലാം പുറമെ ഇപ്പോള്‍ ഗസല്‍ രംഗത്തും തൂലിക ചലിപ്പിച്ചുതുടങ്ങി. 2007ല്‍ എഴുതിവെച്ച 30 മലയാള ഗസല്‍ ഗാനങ്ങളില്‍ ഒരെണ്ണം അടങ്ങിയ എന്നും നിനക്കായ്് എന്ന ആല്‍ബം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ചലച്ചിത്ര പിന്നണി ഗായിക സുജാതയാണ് പാടിയിരിക്കുന്നത്. ഈ ആല്‍ബത്തിെൻറ കഥയും രചനയും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജോബിനാണ്. കാല് നൂറ്റാണ്ടായി ഫോട്ടോഗ്രഫി മേഖലയിലാണെങ്കിലും കലയില്‍നിന്ന് ലഭിക്കുന്ന ആനന്ദം ഒന്ന് വേറെതന്നെയാണെന്നാണ് ജോബിയുടെ അഭിപ്രായം. മഞ്ഞപ്പെട്ടി കണ്ടത്തില്‍ പരേതനായ കെ.സി. ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സീനിയ. ആൻറിയ, ആന്‍ലിയ, ലിയോ എന്നിവർ മക്കളാണ്.