Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൂഴിക്കുത്ത് ബിരിയാണിയും ജന്തർമന്തറിലെ പ്രക്ഷോഭവും
cancel
camera_alt

അംബേദ്കർ യൂനിവേഴ്സിറ്റി വിദ്യാർഥി അജയ് വി.എസിനൊപ്പം

അപൂർവം സന്ദർഭങ്ങളിൽ ചെറിയ യാത്രപോലും വലിയ അനുഭവമൊരുക്കും. പതിവുകൾക്കിടയിലെ മടുപ്പുകൾക്കു മുകളിൽ വിസ്മയങ്ങളുടെ പൂക്കൾ വിടരും. മുമ്പ് കണ്ടതിൽതന്നെ കാണാത്തത് കൺതുറക്കും. വഴികൾക്കിടയിൽ വീണവർ കൈതരും. യാത്രയുടെ സാന്ദ്രത ദൂരത്തിലല്ല, കാഴ്ചകളുടെ ആഴത്തിലാണെന്ന് ശരിക്കും യാത്രയായി മാറുന്ന ഓരോ യാത്രയും അനുഭവിപ്പിക്കും. വയനാട്ടിലേക്കുള്ള പ്രഭാഷണയാത്രകൾ ആവശ്യപ്പെടാതെ നൽകിയത് എത്രയെത്ര ആനന്ദനിർഭരമായ അനുഭൂതികളാണ്. വന്യതയോളം സൗന്ദര്യം മറ്റൊന്നിനുമില്ലെന്ന്, വെട്ടിലൊതുങ്ങാത്ത ഇലകളും, തടവറിയാത്ത വേരുകളും, ഉയർച്ച താഴ്ചകളും വളവ് തിരിയലുകളും ഓരോ യാത്രയിലും വിനയപ്പെട്ടു. ‘എനിക്കു രസമീ നിമ്നോന്നതമാം വഴിക്കു തേരുകൾ പായിക്കാൻ’ എന്ന് ഇടശ്ശേരി. ഗർവ്വം പോയാൽ കണ്ടിട്ടും പ്രിയനെ നീ എന്ന കബീർ വാക്യത്തെ പേരറിയാത്ത ഓരോ മരവും പകുത്തുതന്നു. ഓരോ തവണ കാണുമ്പോഴും കണ്ടതിൽതന്നെ, ഇത്രമാത്രം ഇനിയും കാണാനുണ്ടായിരുന്നുവോ എന്ന അതിശയം പിന്നെയും ബാക്കിയായി!

കുഞ്ഞാലൻ നീലഗിരിക്കൊപ്പം

പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നിന് പകരം നിൽക്കാൻ, മറ്റൊരു കെട്ടിക്കാഴ്ചകൾക്കും അവയെങ്ങിനെയൊക്കെ അണിഞ്ഞൊരുങ്ങിയാലും കഴിയില്ലല്ലോ. കാടൊരുക്കുന്ന നിശ്ശബ്ദതയോളം, നിർവൃതി പകരാൻ മറ്റൊന്നിനുമാവില്ലല്ലോ. ഇവ്വിധം അരാജകവാദികളായ മരങ്ങളെ, സ്വയം ആവിഷ്ക്കരിക്കുന്ന അരുവികളെ മറ്റെവിടെയും കാണാനാവില്ലല്ലോ. തങ്ങൾ പാർക്കുന്ന കാട്ടിലെ മരങ്ങളെ തൊട്ട്കാട്ടി മുമ്പ് സിയാറ്റിൽ മൂപ്പൻ പറഞ്ഞു: ഈ മരങ്ങളിലൊഴുകുന്ന നീര് ഞങ്ങളുടെ പൂർവ്വികരുടെ ചോരയാണ്. ഈ അരുവിയിലൊഴുകുന്ന വെള്ളം ഞങ്ങളുടെ ജീവിതമാണ്. ജിബ്രാനെഴുതി: ‘Trees are poems that the earth writes upon the sky’. ഭൂമിക്കല്ലാതെ ഇത്രയും സുന്ദരമായ കവിത മറ്റാർക്ക് എഴുതാൻ കഴിയും?

സുന്ദരമായതെല്ലാം ഭീകരമാവാൻ സർവം പിടിച്ചുകുലുക്കുന്ന ഒരു കാറ്റുമതി. കുത്തിയൊഴുകുന്നൊരു മഴ മതി. വഴിതിരഞ്ഞു വരുന്നൊരു ആനമതി. ചുരത്തിൽ മഴ തിമർത്തു പെയ്യുന്നു. സുൽത്താൻബത്തേരിയിലെ പുകസയുടെ സാംസ്കാരിക ഒത്തുചേരൽ നടക്കുമോ? സംശയിച്ചാണ് എത്തിയത്. കവിയും ഗായകനും പുകസ ബത്തേരി മേഖലാ സെക്രട്ടറിയായ ഷാജി കോട്ടക്ക് ഒരിളക്കവുമില്ല. നടക്കും. നടന്നു.മഴയെ മറിച്ചിടുംവിധം ഗംഭീരമായനാടൻപാട്ട്. തുടർന്ന് ഒറ്റ പ്രഭാഷണം. ‘ശബ്ദം മൗനമാകില്ല’. ജന്തർമന്തർ പ്രക്ഷോഭത്തിൻെറ അലയൊലികൾ തുടരുന്നു. ആ സമരത്തിൽ വയനാട്നിന്ന് പങ്കെടുത്ത അംബേദ്കർ യൂനിവേഴ്സിറ്റി വിദ്യാർഥി അജയ് വി.എസിൻെറ സാന്നിധ്യം സമ്മേളനത്തിന് ഏറെ ഊർജമേകി. ഏനിക്കേറെ ഇഷ്ടപ്പെട്ട മുമ്പ് പറഞ്ഞതും എഴുതിയതുമായ ഒരു കവിതയിലാണ് പ്രഭാഷണം തുടങ്ങിയത്. പൊതുവേദിയാണ്. വരുന്നവരും അത്രതന്നെ വേഗത്തിൽ പോകുന്നവരും കാണും. വേഗത്തിൽ പോകുന്നവർ അവിടെ നിൽക്കണം. കോട്ടയത്തെ ഒരു കന്നുകാലിച്ചന്തയിൽ ചെന്ന് മുമ്പ് പൊയ്കയിൽ അപ്പച്ചൻ പറഞ്ഞു: എന്റെ കൈയിൽ നാല് കാളകളുണ്ട്. ഒരു വെല്ലുവിളിപോലെ അദ്ദേഹം തുടർന്നു. അത് വാങ്ങാൻ ധൈര്യമുള്ള ആരുണ്ട്. ഒരുവിധം കാലിക്കച്ചവട ‘ടെക്നിക്ക്’ ഒക്കെ വശമാക്കിയവർ പോലും പരിഭ്രമിച്ചു. കാരണം നാല് പോയിട്ട് അങ്ങോരുടെ കൈയിൽ ഒരു കാളക്കയറ് പോലും കാണാനില്ല. അങ്ങിനെയവർ ചുറ്റുംകൂടി. അപ്പച്ചൻ തനിക്ക് പറയേണ്ടതെല്ലാം പറഞ്ഞു. ഓരോ കാര്യവും കേൾക്കുമ്പോഴും ആ കാണാക്കാളകൾക്കായി വന്നുകൂടിയവരുടെ കണ്ണ് കഴച്ചു. പക്ഷേ കാളമാത്രം വന്നില്ല! തെരുവ് പ്രഭാഷണത്തിന്റെ ഗംഭീരമാതൃകയാണ് അദ്ദേഹം പരീക്ഷിച്ചത്.

ലോഡിങ് തൊഴിലാളിയായ ബാബുവിനൊപ്പം

‘അപ്പനില്ലാത്തവർക്ക് ഞാൻ അപ്പൻ’ എന്ന് പ്രഖ്യാപിച്ച നവോത്ഥാന വിസ്മയമായ കുമാരഗുരുവിൻെറ കാലമല്ലിത്. പുറത്ത് ബസ്സും കാറും ലോറിയും. ശബ്ദമയമാണ് അന്തരീക്ഷം. പക്ഷേ ബഹളങ്ങൾക്കകത്ത് ‘ജന്തർമന്തർ ആവേശം’ ഒരു നിശ്ശബ്ദത കൊണ്ടുവന്നു. ആരും മേശപ്പുറത്തടിക്കാതെ, മൈക്കിൽ നിശ്ശബ്ദരാവൂ എന്നൊച്ചവെക്കാതതന്നെ! സമരസ്മരണകൾക്കുള്ള, തുടരും സമരങ്ങൾക്കുള്ള ഗംഭീരമായൊരു സുൽത്താൻബത്തേരി അഭിവാദ്യം! സമ്മേളനവേദി ഒരു വലിയ ക്ലാസ്സ്മുറിയായി മാറി. ഒരു നൂറ്റാണ്ടുമുമ്പ് ഇതുപോലെയുള്ള പശ്ചാത്തലത്തിലാണ്, പ്രത്യക്ഷത്തിൽതന്നെ ഒരു ക്ലാസ്സ് മുറിയിലെ കുട്ടികളെയും അധ്യാപകനെയും കേന്ദ്രമാക്കി ലുഷൻ അഭിപ്രായം പ്രകടിപ്പിക്കുന്നതിനെക്കുറിച്ചുള്ള കവിത എഴുതിയത്!

മാഷ് ക്ലാസ്സിലേക്ക് കടന്നുവന്നു. പതിവ്പോലെ കലപില ശബ്ദങ്ങൾ, പലതരം അസ്വസ്ഥതകൾ. മാഷ് പറഞ്ഞു: ഇന്ന് ഞാൻ ക്ലാസ്സെടുക്കുന്നില്ല. ആഹ്ലാദ നിശ്ശബ്ദതക്കൊപ്പം പൊട്ടിച്ചിരികൾ, കുത്തിമറിയലുകൾ...അപ്പോൾ മാഷ് പറഞ്ഞു, പക്ഷേ നിങ്ങൾ ഒരു പ്രബന്ധം എഴുതണം. വിഷയം, എങ്ങിനെയാണ് ഒരഭിപ്രായം പ്രകടിപ്പിക്കേണ്ടത് എന്നാണ്. അതോടെ കുട്ടികൾ മുഷിഞ്ഞു. ഇതിലും ഭേദം ക്ലാസ്സായിരുന്നു. കടലാസെടുത്തു. പേന തുറന്നു. ഒന്നും എഴുതാനാവാത്ത അവസ്ഥ. പരസ്പരം നോക്കി. തലക്ക് കയ്യ് കൊടുത്തു. എഴുത്ത് നടക്കുന്നില്ല. വരുന്നത് വരട്ടെ എന്ന് കരുതി കൂട്ടത്തിൽനിന്നും ‘ധീരനായ’ ഒരു വിദ്യാർഥി എഴുന്നേറ്റുനിന്ന് മാഷോട് തിരിച്ചു ചോദിച്ചു. ‘സർ, എങ്ങിനെയാണ് ഒരഭിപ്രായം പ്രകടിപ്പിക്കുക?’ കുട്ടികൾക്കൊക്കെയും ആശ്വാസമായി. അദ്ദേഹം പറഞ്ഞു: ‘അഭിപ്രായം നമ്മളോരോരുത്തരും, അതാത് അവസ്ഥകളോട് പ്രതികരിച്ച് രൂപപ്പെടുത്തുകയാണ് വേണ്ടത്. അതെങ്ങനെ എന്ന് നിങ്ങൾ പറയണം, പക്ഷേ അതുമായി ചേർത്ത് വെച്ച് നിങ്ങൾക്ക് ആലോചിക്കാൻ കഴിയുന്ന ഒരു കഥ ഞാൻ പറഞ്ഞുതരാം’.

പുകസ ബത്തേരി മേഖലാ സെക്രട്ടറി ഷാജി കോട്ടക്കൊപ്പം

കുട്ടികൾക്കും ആവേശമായി - ഇതിവിടെ ഓർക്കാൻ കാരണം, ആ കവിതയുടെകൂടി ആരോഗ്യകരമായ മുന്നേറ്റമാണ് ജന്തർമന്തറിൽ കണ്ടത്. അതിനുമുമ്പും എത്രയോ സമരങ്ങളിലും നമ്മളിത് കണ്ടിട്ടുണ്ട് - ഒരു സമ്പന്നന് ഒരു കുഞ്ഞു ജനിച്ചു. ഓ...ഇതും അഭിപ്രായപ്രകടനവും തമ്മിൽ എന്തു ബന്ധം എന്നായി കുട്ടികൾ. മാഷ് പറഞ്ഞു. ആ വീട്ടിലേക്ക് പതിവുപോലെ അഭിനന്ദനവുമായി ബന്ധുക്കളും സുഹൃത്തുക്കളും വന്നു. അവരിൽ ഒരാൾ പറഞ്ഞു, ‘ഈ കുഞ്ഞും താങ്കളെപ്പോലെ ധനികനാവും.’ മറ്റൊരാൾ പറഞ്ഞു, ‘ഈ കുഞ്ഞ് സമ്പന്നൻ മാത്രമല്ല, വലിയ ഉദ്യോഗസ്ഥനുമാവും’. വീട്ടുകാർ ഇതെല്ലാം കേട്ട് സന്തോഷിച്ചു. അവർക്കൊക്കെ സമ്മാനങ്ങളും നൽകി. എന്നാൽ പിന്നീട് വന്നയാൾക്ക് ഇത്തരം പതിവുകളിലൊന്നും താൽപ്പര്യമുണ്ടായിരുന്നില്ല. പലതും പറഞ്ഞകൂട്ടത്തിൽ, എല്ലാ മനുഷ്യരെപ്പോലെ ഈ കുഞ്ഞും മരിക്കുമെന്നയാൾ പറഞ്ഞുതീരേണ്ടി വന്നില്ല, വീട്ടുകാർ അയാളെ പൊതിരെ തല്ലുകയാണുണ്ടായത്. ‘ഔചിത്യം’ സംബന്ധിച്ച കാഴ്ചപ്പാടുകളെ ഭിന്നവിധങ്ങളിൽ നാടകീയമായി അട്ടിമറിക്കുകയാണ് കവി ചെയ്തത്. അത്രയും വിശദമാക്കാതെ അധ്യാപകൻ കഥയിലെ ഗുണപാഠം ഇങ്ങനെ സംഗ്രഹിച്ചു: ‘കുഞ്ഞ് ഭാവിയിൽ ആരുമാവാം, ആവാതിരിക്കാം. അതെല്ലാം നുണയാവാൻകൂടി സാധ്യതയുള്ള കാര്യങ്ങളാണ്. എന്നാൽ എല്ലാ മനുഷ്യരും ഒരിക്കൽ മരണത്തിൻെറ രുചിയറിയും എന്നത് സത്യമാണ്. എന്നിട്ടും നുണയാവാൻ സാധ്യതയുള്ള കാര്യങ്ങൾക്ക് സമ്മാനം കിട്ടിയപ്പോൾ, എന്തായാലും സംഭവിക്കുമെന്ന് ഉറപ്പുള്ള സത്യം പറഞ്ഞപ്പോൾ പൊതിരെ തല്ല് കിട്ടുകയാണുണ്ടായത്.’ അതോടെ ക്ലാസ്സ് സ്തബ്ധമായി. ആദ്യം ഒരു കുട്ടിയാണ് ‘സർ, എങ്ങിനെയാണ് ഒരഭിപ്രായം പ്രകടിപ്പിക്കുക’ എന്ന് ചോദിച്ചതെങ്കിൽ, മാഷ് കഥ നിർത്തിയപ്പോൾ, ആ ക്ലാസ്സിലെ കുട്ടികളെല്ലാം ഒരുമിച്ച് എഴുന്നേറ്റ് നിന്ന് പറഞ്ഞു: ‘സർ ഞങ്ങൾക്ക് സത്യം പറയണമെന്നുണ്ട്. പക്ഷേ തല്ല് കിട്ടരുത് എന്നുമുണ്ട്. ഞങ്ങളെന്ത് ചെയ്യണം സർ’. ലുഷൻെറ കവിതയിലെ അധ്യാപകൻ അതിനോട് പ്രതികരിച്ചത് അന്നത്തെയെന്നപോലെ ഇന്നത്തെയും അരാഷ്ട്രീയ കാഴ്ചപ്പാടിൻെറ മാനിഫസ്റ്റോയാണ്. ‘ഹ ഹ ഹ ഹി ഹി ഹി ഹു ഹു ഹു ക്ല ക്ലി ക്ലൂ’ എന്ന് പറഞ്ഞാൽ മതിയാവും, തല്ല് കിട്ടാതെ കഴിയാം, ഒപ്പം എന്തെങ്കിലുമൊക്കെ പറഞ്ഞുവെന്ന് നിങ്ങൾക്ക് ആശ്വസിക്കുകയുമാവാം.

ഓരോ വിപ്ലവവും സമരവും ഈ ‘ക്ലാ ക്ലീ ക്ലു...’തത്വം തോട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കാലം മുന്നേറിയത്. ‘ഹ ഹ ഹ ഹി ഹി ഹി’ എന്നുള്ളതൊക്കെയും പിന്നേറ്റ മന്ത്രങ്ങളാണ്. തല്ല് കിട്ടിയാലും, എത്ര ചീത്തവിളികൾ കേട്ടാലും ഞങ്ങൾ സത്യം പറയും എന്ന മുദ്രാവാക്യമാണ് ജന്തർമന്തറിനെ പ്രകമ്പനം കൊള്ളിച്ചത്. പ്രത്യക്ഷ സംഘടനകളിൽ പെടാത്തവരടക്കം ഒരു ‘സൂക്ഷ്മസംഘടന’യായി മാറി എന്നതാണ് ജന്തർമന്തർ സമരവിജയം.

നമ്മൾ തിന്നുന്ന ചോറിൽ ആരുടെയൊക്കെയോ ചോരയുണ്ട്. നമ്മൾ അനുഭവിക്കുന്ന തണൽ ആരൊക്കെയോ കൊണ്ട വെയിലും. ജന്തർമന്തിർ പ്രത്യാശയുടെ ഒരു ജ്വാലയാണ്. ‘തലയിൽ വെളിച്ചം ചൂടിവരുന്ന തലമുറകൾ’ കാലമരവിപ്പിനു മുകളിൽ കൊളുത്തിയൊരു ജ്വാല!

ഇവർക്കെവിടെനിന്നാണ് ‘ബിരിയാണി’ കിട്ടുന്നതെന്ന ചോദ്യവും മറ്റു പലതിനുമൊപ്പം സമരകാലത്തും കടന്നുപോയി! സാർവദേശീയ സാഹോദര്യസംഗമത്തെ ആഘോഷിക്കുന്ന ‘ബിരിയാണി’ ഇന്ത്യയിലിപ്പോൾ ദേശദ്രോഹപട്ടികയിലുൾപ്പെടുത്തപ്പെട്ട ഭക്ഷണമാണ്. ബുദ്ധിയുള്ള കുട്ടികളുണ്ടാവാൻ ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണവകുപ്പിലാണ്, ‘ബൃഹദാരണ്യകോപനിഷത്ത്’ ‘ഇറച്ചിച്ചോറി’നെ അഥവാ പ്രാചീനകാല ‘ബിരിയാണിബന്ധു’വിനെ ഉൾപ്പെടുത്തിയിട്ടുള്ളതെന്നതൊന്നും നവഫാഷിസ്റ്റുകൾക്ക് പ്രശ്നമല്ല. തൊപ്പി, ബിരിയാണി, പേര്, സമരയോദ്ധാക്കൾക്ക് സൗജന്യഭക്ഷണം ഇത്രയും കാരണങ്ങൾകൊണ്ട് കൂടിയാവാം മുഹമ്മദ് ജുനൈദ് വേട്ടയാടപ്പെട്ടത്. ഭക്ഷണമല്ല, ആദർശങ്ങളാണ് സമരം നയിച്ചത്. റഷ്യൻ കവി യെവ്തുഷങ്കോ എഴുതി: ഭക്ഷണം ധാരാളവും ആദർശം കുറവുമായിരിക്കുമ്പോൾ, ഭക്ഷണം ഒരിക്കലും ആദർശത്തിന് പകരമാവില്ല. എന്നാൽ ഭക്ഷണം കുറവായിരിക്കുന്നിടത്ത് ആദർശങ്ങൾ ഭക്ഷണത്തിന് പകരമാവും. ഇതാണ് മനുഷ്യപ്രകൃതി. കാരണം മനുഷ്യർ ആദർശവാദികളാണ്. എന്നാൽ ‘തിന്നാവുകൾ’ മാത്രമായി മനുഷ്യരെ മനസ്സിലാക്കുന്നവർക്ക് യെവ്തുഷങ്കോയെ മാത്രമല്ല, ‘മനുഷ്യത്വം’സംബന്ധിച്ച സൂക്ഷ്മതത്വങ്ങളൊന്നും മനസ്സിലാവില്ല. അവരുടെ കണ്ണിൽ മുഹമ്മദ് ജുനൈദ് സമരസഖാക്കളുടെ പ്ലേറ്റിൽ വിളമ്പിയ ബിരിയാണി പെടും. ആദർശം പെടില്ല. സത്യത്തിൽ മുഹമ്മദ് ജുനൈദ് ഓരോ പ്ലേറ്റിലും വിളമ്പിയത് ‘മുഹബ്ബത്തും’ അതോടൊപ്പം സമരത്തിന് ശക്തി പകരുന്ന ആദർശവുമാണ്. ഗുജറാത്ത് മുസ്‍ലിം വംശഹത്യാ ഇര കുത്തുബ്ദീൻ അൻസാരിയെപ്പോലെ മാനസാന്തരംവന്ന വംശഹത്യാ വേട്ടക്കാരൻ, അശോക് മോച്ചിയെപ്പോലെ, അതുപോലുള്ള മറ്റ്, ‘മനുഷ്യത്വ-മനുഷ്യരെ’പ്പോലെ ആദരിക്കപ്പെടേണ്ടതുണ്ട് റിയാആഹിറും മുഹമ്മദ് ജുനൈദും, പിന്നെ മറ്റൊരുപാട്പേരും! അങ്ങിനെ നോക്കുമ്പോൾ ജനായത്തം പിന്തുടരേണ്ട ഗംഭീരമായ ഒരാദ്യമാതൃകക്ക് സാക്ഷ്യം വഹിക്കാൻ സഖാവ് സുർജിത്തിൻെറ ധീരസ്മരണകൾ ഇരമ്പുന്ന ഡൽഹിയിലെ, ‘സുർജിത് ഭവന്’ കഴിഞ്ഞുവെന്നുള്ളത് അഭിമാനകരമാണ്. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് മുഹമ്മദ് ജുനൈദ് സുർജിത്ത് ഭവനിലെത്തിയത്. എസ്.എഫ്.ഐ നേതാവും എം.പിയുമായ പി. ശിവദാസും, ജന്തർമന്തിർ സമരാവേശം കൂടിയായ ഐഷിഘോഷും ജുനൈദിനെ സ്വീകരിച്ചത് സഫ്ദർഹാഷ്മിയെക്കുറിച്ചുള്ളൊരു പുസ്തകം നൽകിക്കൊണ്ടായിരുന്നു! ‘സ്വാതന്ത്ര്യമെന്നാൽ സ്നേഹിക്കലും സഹായിക്കലുമാണ് കൂട്ടരെ, എങ്ങുമെങ്ങുമുള്ള ജനങ്ങളെ സ്നേഹിക്കുക, നിർഭയമായി സ്നേഹിക്കുക, അതാണ് സ്വാതന്ത്ര്യം’ എന്ന് സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ കലയുടെകൂടി അനശ്വര രക്തസാക്ഷിയായ സഖാവ് സഫ്ദറിൻെറ പേരിൽ! ‘A light has been shown in our national darkness’ എന്ന് ജന്തർമന്തർ സമരത്തെക്കുറിച്ച് ജോൺ വർഗീസ്. ‘ചോര തുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങൾ’ എന്ന് എത്രയോ വർഷങ്ങൾക്കുമുമ്പ് വൈലോപ്പിള്ളിയും..

ബിരിയാണി കഴിക്കരുതെന്ന് ആരോഗ്യപരമായ കാരണങ്ങളാൽ വിലക്കുണ്ട്. പക്ഷേ സുൽത്താൻ ബത്തേരിയിലെ പ്രശസ്തമായ ‘പൂഴിക്കുത്ത് ബിരിയാണി’യെക്കുറിച്ച് ഷാജി പറഞ്ഞത് കേട്ടപ്പോൾ, ഇന്നത്തെ ഭക്ഷണം അവിടെനിന്നാവാം എന്ന് തീരുമാനിച്ചു. കലാകാരൻ കൂടിയായ കുഞ്ഞാലൻ നീലഗിരിയുടെ, ‘ബിരിയാണി’ കഴിച്ചു. ഒപ്പം സൗഹൃദവും. കുഞ്ഞാലനൊപ്പം മരം ലോഡിങ് തൊഴിലാളിയായ ബാബുവിനൊപ്പം, പേരറിയാത്ത പലർക്കുമൊപ്പം ഒന്നിച്ചുനിന്നു! ഒരു ഗമണ്ടൻ ബിരിയാണി സൗഹൃദം. ‘ആദ്യം കടലുകണ്ട പോലെയാണ്, ഞാൻ നിന്നെ കണ്ടുപിടിച്ചത്/ ആദ്യം തീയിൽ തൊട്ടപോലെയാണ് നാം രണ്ടുപേരും ബിരിയാണി കണ്ടുപിടിച്ചത്/ ബിരിയാണി ഒരു മനുഷ്യതീറ്റ മാത്രമല്ല, അതൊരു രാജ്യമാണ്’ എന്ന് കവി പി.എൻ. ഗോപീകൃഷ്ണൻ. ഹൈദരാബാദ് ബിരിയാണി, കരിംസിലെ ബിരിയാണി, കായിക്കാന്റെ ബിരിയാണി, തലശ്ശേരി ബിരിയാണി ഇതൊക്കെ ആ ബിരിയാണി മഹാരാജ്യത്തിലെ സംസ്ഥാനങ്ങളാവുമോ? എങ്കിൽ കുഞ്ഞാലൻെറ ‘പൂഴിക്കുത്ത് ബിരിയാണി’യും അതിലൊന്ന്! ആദർശങ്ങളുടെ ദൃഢപ്പെടുത്തപ്പെടലിൽ മറ്റു പലതിനുമൊപ്പം, ‘ഊട്ടി ഉറപ്പിക്കലും’ ഉൾപ്പെടുമല്ലോ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeJantar MantarAgitationCJP Protest
News Summary - പൂഴിക്കുത്ത് ബിരിയാണിയും ജന്തർമന്തറിലെ പ്രക്ഷോഭവും
Next Story