'ഇസ്രായേൽ അധിനിവേശം അംഗീകരിക്കില്ല'; ബെസ്റ്റ്സെല്ലർ ഹീബ്രുവിൽ ഇറക്കാൻ വിസമ്മതിച്ച് ഐറിഷ് എഴുത്തുകാരി
text_fieldsഡബ്ലിൻ: ഇസ്രായേലിെൻറ ഫലസ്തീൻ അധിനിവേശ നയത്തിൽ പ്രതിഷേധിച്ച് പുസ്തകത്തിന് ഹീബ്രു വിവർത്തനം നിരസിച്ച് പ്രമുഖ എഴുത്തുകാരി സാലി റൂണി. നേരത്തേയിറങ്ങിയ 'നോർമൽ പീപ്ൾ' എന്ന പുസ്തകം ഹീബ്രു ഉൾപെടെ 46 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിരുന്നു. സമാനമായി അതിവേഗം ബെസ്റ്റ് സെല്ലറായി മാറിയ 'ബ്യൂട്ടിഫുൾ വേൾഡും' നിരവധി ഭാഷകളിൽ ഇറക്കാൻ അനുമതി നൽകിയെങ്കിലും ഹീബ്രുവിൽ വേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു. മുൻ പുസ്തകത്തിെൻറ വിവർത്തനം ഇറക്കിയ 'മോഡാൻ' ആവശ്യവുമായി എത്തിയെങ്കിലും വിസമ്മതിക്കുകയായിരുന്നു. ഫലസ്തീനികൾക്കുമേൽ തുടരുന്ന അധിനിവേശവും അടിച്ചമർത്തലും തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരെ നിലപാട് സ്വീകരിച്ചത് ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ വർഷാദ്യം ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ ഇസ്രായേൽ ഫലസ്തീനിൽ അപാർതീഡ് ആണ് തുടരുന്നതെന്നും കൊടിയ മർദന നയമാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേലിനെതിരെ കടുത്ത പ്രക്ഷോഭവുമായി രംഗത്തുള്ള 'ബോയ്കോട്ട്, ഡൈവസ്റ്റ്മെൻറ്, സാങ്ഷൻസ് മൂവ്മെൻറ് (ബി.ഡി.എസ്)' കാമ്പയിനിൽ ഇവരും അംഗമാണ്. ഇതിെൻറ ഭാഗമായി കഴിഞ്ഞ മേയിൽ ഇസ്രായേൽ വംശവെറിക്കെതിരെ തുറന്നകത്തിൽ ഇവർ ഒപ്പുവെച്ചിരുന്നു.
സെപ്റ്റംബറിൽ വിപണിയിലെത്തിയ ബ്യൂട്ടിഫുൾ വേൾഡ് യു.കെയിൽ ഏറെയായി ബെസ്റ്റ് സെല്ലറാണ്. ഇറങ്ങിയ ആദ്യ അഞ്ചുദിവസത്തിനിടെ 40,000 പ്രതികളാണ് ഇത് വിറ്റഴിഞ്ഞത്. സാലി റൂണിക്ക് മുമ്പ് സമാനമായി പുലിറ്റ്സർ ജേതാവ് ആലിസ് വാക്കറുടെ 'കളർ പർപിളും' ഹീബ്രുവിൽ ഇറക്കുന്നതിന് വിസമ്മതിച്ചിരുന്നു.