ഇന്റർനാഷണൽ ബുക്കർ പ്രൈസ്: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാമ്പ്' ഉൾപ്പെടെ 13 പുസ്തകങ്ങൾ പ്രാഥമിക പട്ടികയിൽ
text_fieldsബാനു മുഷ്താഖ്
കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥാസമാഹാരമായ 'ഹാർട്ട് ലാമ്പ്' ഉൾപ്പെടെ 13 പുസ്തകങ്ങൾ ഈ വർഷത്തെ ഇന്റർനാഷണൽ ബുക്കർ സമ്മാനത്തിനുള്ള പ്രാഥമിക പട്ടികയിൽ ഇടംനേടി. കന്നട എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും അഭിഭാഷകയുമാണ് ബാനു മുഷ്താഖ്. 1970കളിലും 80കളിലും തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പുരോഗമന പ്രതിഷേധ സാഹിത്യ വൃത്തങ്ങൾക്കുള്ളിൽ മുഷ്താഖ് എഴുതി തുടങ്ങി. ദീപ ഭാസ്തി കന്നഡയിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കഥാസമാഹാരത്തിന് ലണ്ടനിൽ അംഗീകാരം ലഭിച്ചു.
ബാനു മുഷ്താഖിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചു. “ബാനു മുഷ്താഖിന്റെ കന്നഡ ചെറുകഥാ സമാഹാരം അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി. കന്നഡ സാഹിത്യത്തിന് അഭിമാനകരമായ നിമിഷമാണ് ഇത്. നമ്മുടെ ഭാഷക്കും സംസ്കാരത്തിനും കിട്ടിയ യഥാർഥ ബഹുമതി! ഈ അംഗീകാരം കന്നഡ സാഹിത്യത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിക്കുന്നതിന് വഴിയൊരുക്കും. അഭിനന്ദനങ്ങൾ” -സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
ഇത് വ്യക്തിപരമായ നേട്ടമല്ലെന്നും കന്നഡ സാഹിത്യത്തിന് ഒരു പ്രധാന നിമിഷമാണെന്നും ബാനു മുഷ്താഖ് പ്രതികരിച്ചു. 2024 മേയ് മുതൽ 2025 ഏപ്രിൽ വരെ യു.കെയിലോ അയർലൻഡിലോ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഫിക്ഷൻ അല്ലെങ്കിൽ ചെറുകഥാ സമാഹാരങ്ങളിലെ മികച്ച കൃതികളെയാണ് ഇന്റർനാഷണൽ ബുക്കർ സമ്മാനത്തിനായി തെരഞ്ഞെടുക്കുന്നത്. 55,12,255 ഇന്ത്യൻ രൂപ സമ്മാനത്തുകയുള്ള ബുക്കർ പ്രൈസിനുള്ള ചുരുക്കപ്പട്ടികയിൽ ഇതാദ്യമായാണ് ഒരു കന്നഡ കൃതി ഇടം പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

