അമ്മത്തൊട്ടിൽ
text_fieldsഎന്നുമെൻ മനസ്സിൻ മരുപ്പച്ചയിൽ
വിങ്ങലായ് വീണുടഞ്ഞ കിനാവുകൾ
എന്നുമെൻ ഹൃത്തിൽ സ്നേഹമായ്,
വാത്സല്യമായ് എൻ കുരുന്നുകൾ
ഇന്നിതോ കൈകാലിട്ടടിക്കുന്നു ഓടയിൽ മാലിന്യ കൂമ്പാരങ്ങളിൽ
കുറ്റിക്കാടുകളിൽ തോട്ടിറമ്പുകളിൽ
ഉറുമ്പരിച്ചിറങ്ങും പഴന്തുണികെട്ടിനുള്ളിൽ
അമ്മ തൻ മാറിൽ ഒട്ടിക്കിടക്കുമ്പോൽ
പറ്റിക്കിടക്കുന്നു അഴുക്കുച്ചാലുകളിൽ
മുലപ്പാൽ നുണയുന്നതിൻ പകരമായ്
നുണയുന്നിതോ ഓടയിൽ നിന്നും മലിനജലം.
നായ്ക്കളും പിന്നെലികളും
ആക്രമിച്ചെത്തും മൃദുല മേനിയെ
വലിച്ചിഴച്ചു പോം നിരർത്ഥമീ
ലോകം വിട്ടനന്തമാം പരമ
വിശ്രമ സ്ഥലത്തേയ്ക്കായ്
കനം തൂങ്ങും ഇരുട്ടിൽ വിണ്ണിന്റെ
തെളിമ മായുന്ന അർദ്ധരാത്രിയിൽ
പൊതിഞ്ഞ കമ്പിളിയിൽ വീണുടയുന്നു
പെറ്റ നോവും ആത്മാവിൻ ഒരു തുള്ളി കണ്ണീരും..
മൊട്ടിടും ഗർഭപാത്രത്തിൽത്തന്നെ
കുരുതി കഴിച്ചിടും ജീവന്റെ കുരുന്നിനെ
അനാഥമാക്കും തൻ താതനുമമ്മയും
അറിയുന്നുവോ ഈ ആത്മാവിൻ നൊമ്പരം...?
തനിക്കുമവകാശം ഈ ഭൂവനമെന്നും
അറിയുന്നില്ലേ എൻ ജനിത്വനേ,
എന്ത് കുറ്റം ചെയ്തു ഞാനീ
കൊടും പാതകമിതേറ്റു വാങ്ങാൻ...
പ്രണയമധുരത്തിൻ മാന്ത്രിക സ്പർശത്തിൽ
പങ്കു വയ്ക്കുമാ സുന്ദര വേളയിൽ
അറിയാതെ വിടർന്നൊരു കുരുന്നുമൊട്ടിനെ
കശക്കിക്കരിച്ചു നീ ഗർഭപാത്രത്തിത്തന്നെ..
ചപല ലോകത്തശാന്ത ചിത്ത-
മതിഥിയായ് തുടരുന്ന മർത്യാ നീ..
പെൺഭ്രൂണമായതോ കുറ്റം ചുമത്തി
കരിക്കുന്നിതോ ജീവന്റെ കുരുന്നിനെ?
താതൻ തൻ സ്നേഹഭരിതലാളനം
ചുരത്തി നൽകും സുഖവും തൃപ്തിയും
കാമസുഖമായി കാണും മകളിലായ്
പിറന്നു വീഴുന്നു ഉദരത്തിൽ ശാപ-
വിത്തായി വിതച്ചൊരു വിഷക്കനിയായ്..
ദുരിതപൂരിത സ്ഥിതിയിൽ നീറി-
കരഞ്ഞു കൊണ്ടതിൻ കഴുത്തിൽ
മുറുക്കിക്കൊല്ലുവാനേ നിവൃത്തിയുള്ളൂ..
തികച്ചുമീ ലോകം നിരർത്ഥകമല്ലെങ്കിൽ
ചോരമണം മായുന്നതിൻ മുന്നേ
വലിച്ചെറിയും പാപം ചെയ്യുവാൻ
കഴിയില്ലാർക്കുമൊരുനാളും
മരണത്തിൻ കരം നമ്മെ ഗ്രസിച്ചിടും നേരം
മാലാഖക്കുഞ്ഞുങ്ങളായി നാളെ സ്വർഗത്തിൽ
മനോജ്ഞമാകും മണിമഞ്ചലൊരുക്കി
മാനസത്തിൽ നിധിപോലെ കാക്കും
ദൈവത്തിൻ സ്വന്തം നാട്ടിൽ
ദൈവത്തിൻ കുഞ്ഞുങ്ങളെ
ജീവനോടെ കാക്കും
അമ്മത്തൊട്ടിലേ.. നിനക്ക് നന്ദി..
അമ്മത്തൊട്ടിലേ...നിനക്ക് നന്ദി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

