Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightയൂറോപ്പിന്റെ...

യൂറോപ്പിന്റെ അനന്തവിസ്മയങ്ങൾ തേടി

text_fields
bookmark_border
യൂറോപ്പിന്റെ അനന്തവിസ്മയങ്ങൾ തേടി
cancel
camera_alt

മൗണ്ട് ടിറ്റ് ലിസിലെ മഞ്ഞുപാടങ്ങൾ

യാത്രാവിവരണം

ഹാരിസ് ടി.എം.

ജി.വി ബുക്സ് 

മനുഷ്യന്റെ സഞ്ചാരമോഹത്തിന് അവനോളം തന്നെ പഴക്കമുണ്ട്. ഓരോ യാത്രയും ഓരോ പുതിയ അനുഭൂതിയാണ്, അറിവിന്റെ വാതായനങ്ങളാണ്. അജ്ഞാത വീഥികളും അപരിചിതരായ മനുഷ്യരും കവലകളുമെല്ലാം യാത്രാപ്രണയിനികൾക്ക് അടക്കാനാവാത്ത ലഹരിതന്നെയാണ്. മനുഷ്യന്റെ ഈ സഞ്ചാരപ്രിയമാണ് സാഹിത്യമണ്ഡലത്തിൽ സഞ്ചാരകൃതികൾക്കിത്ര സ്ഥാനം നൽകിയതും. ഉദ്യോഗവിരാമവേളയെ യാത്രകൾകൊണ്ടും പോയവഴികൾ തന്റെ തൂലികകൊണ്ട് അടയാളപ്പെടുത്തിയും പുഷ്‍കലമാക്കുകയാണ് ഹാരിസ് ടി.എം. യൂറോപ്പിന്റെ വശ്യസൗന്ദര്യത്തെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ഹാരിസിന്റെ കൃതിയാണ് ‘മൗണ്ട് ടിറ്റ് ലിസിലെ മഞ്ഞുപാടങ്ങൾ’.

ലണ്ടൻ, പാരിസ്, മ്യൂണിക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇറ്റലി, വത്തിക്കാൻ, ഫ്ലോറൻസ് തുടങ്ങി ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളുടെ നേർചിത്രങ്ങൾ നമുക്കു മുന്നിൽ വൃഥാ വർണിക്കുക മാത്രമല്ല, സഞ്ചാര കുതുകികൾക്കായി യൂറോപ്പിനെ പുൽകാൻ വേണ്ട നടപടിക്രമങ്ങൾകൂടി വിവരിച്ചാണ് ഈ സഞ്ചാരസാഹിത്യത്തിന്റെ തുടക്കം. ലണ്ടൻ നഗരത്തിലേക്ക് കാലെടുത്തുവെക്കുന്ന ഹീത്രൂ വിമാനത്താവളം മുതൽ, കടന്നുപോകുന്ന ഓരോ വഴിയുടെയും ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടംകൂടിയാണ് ഈ യാത്രാസ്മൃതികൾ.

ലോകത്തെ മുഴുവൻ തങ്ങളുടെ അധീനതയിലാക്കി അടക്കിവാണിരുന്ന ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരിയും ഒരുകാലത്ത് റോമൻ അധിനിവേശത്തിന് കീഴിലായിരുന്നെന്നും തെംസ് നദീതീരത്ത് ലണ്ടൻ നഗരം വികാസം പ്രാപിക്കുന്നതുപോലും റോമൻ ഭരണകാലത്തായിരുന്നെന്നും എഴുത്തുകാരൻ ഓർത്തെടുക്കുന്നുണ്ട്. ലണ്ടൻ ബ്രിഡ്ജും ടവർ ബ്രിഡ്ജും വിക്ടോറിയ മെമ്മോറിയലും ലണ്ടൻ ഐയും മാഡം തുസ്സോഡ്സിലെ മെഴുകു പ്രതിമയും പിന്നിട്ട് ലണ്ടനോട് വിട പറയുമ്പോൾ പാരിസിന്റെ വാതായനം മലർക്കെ തുറക്കുകയാണ് ഗ്രന്ഥകാരൻ.

യൂറോ സ്റ്റാർ തീവണ്ടിയിൽ കയറി ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടിലൂടെയുള്ള അഭൗമമായ യാത്രാനുഭവം സമ്മാനിച്ചാണ് പാരിസ് നഗരം ഹാരിസിനെയും കൂട്ടുകാരെയും വരവേൽക്കുന്നത്. യൂറോപ്പിലെ മനുഷ്യനിർമിതികളുടെ അനന്തവിസ്മയങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ അവയുടെ നിർമാണചാതുര്യത്തെയും ആഴത്തിൽ സ്പർശിക്കാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നത് കാണാം. തത്ത്വജ്ഞാനികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും വീരപോരാളികളുടെയും ജന്മഗേഹത്തിലൂടെയുള്ള ഈ യാത്രാപഥത്തിൽ വോൾട്ടയറും വിക്ടർ ഹ്യൂഗോയും മോപ്പസാങ്ങും നെപ്പോളിയനും എന്നുതുടങ്ങി ഒട്ടനവധിപേർ ഗ്രന്ഥകാരന്റെ സ്മൃതിപഥത്തിലെത്തുന്നു.

പാരിസിലെ ഐഫൽ ടവറും ഓപറ ഹൗസും പോണ്ട് അലക്സാണ്ടർ പാലവും ലൂവ്ര് മ്യൂസിയവും കടന്ന് ഗ്രന്ഥകാരൻ നമ്മെ ആനയിക്കുന്നത് മഞ്ഞപ്പട്ടു പുതച്ച പാടങ്ങളുടെയും മഞ്ഞണിഞ്ഞ മലനിരകളുടെയും മടിത്തട്ടായ സ്വിസ് ഗ്രാമങ്ങളിലേക്കാണ്. മൗണ്ട് ടിറ്റ് ലിസ് ഉൾപ്പെടെ നിരവധി കൊടിമുടികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ആൽപ്സ് താഴ്വരയിലെ എംബൽബർഗും പാൽനുര പരത്തുന്ന റൈൻനദിയിലെ ജലപാതവുമൊക്കെ വിവരിക്കുന്നിടത്ത് ഹാരിസിന്റെ എഴുത്തിനും മാസ്മരികതയുടെ കരസ്പർശമേൽക്കുന്നു. ഓരോ ദേശത്തെത്തുമ്പോഴും യൂറോപ്പിന്റെ തനത് രുചിക്കൂട്ടങ്ങൾ വായനക്കാരനു മുന്നിൽ വിളമ്പി വെക്കാനും ഗ്രന്ഥകാരൻ മറക്കുന്നില്ല.

ദേശീയതയുടെയും വംശീയതയുടെയും പേരിൽ സ്വന്തം രാഷ്ട്രത്തിനകത്തു തന്നെ അന്യരായി കഴിയേണ്ടിവരുന്ന, നാനാത്വത്തിൽ ഏകത്വം എന്നതൊക്കെ ഭൂതകാലസ്വപ്നം മാത്രമായ നമുക്ക്, രാജ്യാതിർത്തികൾ ഭേദിച്ചുകൊണ്ടുള്ള സഞ്ചാരസ്വാതന്ത്ര്യവും വ്യവഹാര കൈമാറ്റങ്ങളും സാധ്യമാക്കിയ ഷെങ്കൻ കരാറും അതിന്റെ ഗുണ സാധ്യതകളും പാഠമാകേണ്ടതാണെന്ന് ഹാരിസ് ഒരു യാത്രികന്റെ അനുഭവസാക്ഷ്യത്തിലൂടെ അടിവരയിടുന്നു.

യൂറോപ്പിന്റെ ചേതോഹര കാഴ്ചകൾക്കപ്പുറം ലോക മനസ്സാക്ഷിയെ വെട്ടിമുറിവേൽപിച്ച നാസി കരാളതയുടെ കൽച്ചീളുകളുടെ അവശിഷ്ടങ്ങൾ ഇന്നും ജർമനിയിലെത്തുന്ന ഏതൊരു സഞ്ചാരിയെയും വേട്ടയാടുന്നതും കോൺസെൻട്രേഷൻ ക്യാമ്പായ ദെഹാവോയിലെ മരവിപ്പിക്കുന്ന ദുരന്തകാഴ്ചകളും ഗ്രന്ഥകാരൻ തന്റെ ആഖ്യാനശൈലിയിലൂടെ വായനക്കാരന്റെ മനസ്സിലും സംഭ്രമം ജനിപ്പിക്കുന്നു.

ക്രൈസ്തവരുടെ വിശുദ്ധഭൂമിയിൽ പ്രവേശിച്ച് മാർപാപ്പയെയും വിശുദ്ധ ഗേഹവും ദർശിക്കുമ്പോൾ എഴുത്തുകാരനിലെ മാനവികത ഓരോ വരിയിലും വഴിഞ്ഞൊഴുകുന്നതു കാണാം. യൂറോപ്പിലെ മഹാരഥന്മാരുടെ മറ്റൊരു കളിത്തൊട്ടിലായ ഇറ്റലിയിലെത്തുമ്പോൾ ഗലീലിയോ, മൈക്കൽ ആഞ്ജലോ, ലിയനാർഡോ ഡാവിഞ്ചി, ഡാന്റെ തുടങ്ങിയവരും ഹാരിസിന്റെ മനോരഥത്തിലേക്കെത്തി നോക്കുന്നുണ്ട്.

പിസയിലെ വിസ്മയ ചത്വരവും പിന്നിട്ട് ഒടുവിൽ യാത്ര തിരിക്കുമ്പോൾ ഇനിയും കടന്നുചെല്ലാൻ ബാക്കിവെച്ച ദേശങ്ങളെ ചൊല്ലിയുള്ള പരിഭവം ഹാരിസ് പങ്കുവെക്കുമ്പോൾ അവ വായനക്കാരന്റെകൂടി നഷ്ടസ്വപ്നമായി മാറുന്നു. ഉപരിപ്ലവ കാഴ്ചകൾക്കപ്പുറം വൈവിധ്യങ്ങളായ സംസ്കാരങ്ങളിലേക്കും ഓരോ ദേശത്തിന്റെയും ചരിത്രാന്വേഷണത്തിലേക്കും ആ നാടുകളിലെ അതികായരുടെ സൃഷ്ടികളിലേക്കും വരെ ആഴ്ന്നിറങ്ങുന്നുണ്ട് എഴുത്തുകാരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlestorybook reviewliterature
News Summary - In search of the endless wonders of Europe
Next Story