Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇവർ ജയിച്ചാൽ സുവർണ...

ഇവർ ജയിച്ചാൽ സുവർണ ലിപികളിൽ രേഖപ്പെടുത്തണം, സ്ത്രീയെ കാണുന്നത് ശരീരമായും വസ്ത്രമായും മാത്രം- കെ.ആർ മീര

text_fields
bookmark_border
ഇവർ ജയിച്ചാൽ സുവർണ ലിപികളിൽ രേഖപ്പെടുത്തണം, സ്ത്രീയെ കാണുന്നത് ശരീരമായും വസ്ത്രമായും മാത്രം- കെ.ആർ മീര
cancel

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സാന്ദ്രാ തോമസിനും 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനും പിന്തുണയുമായി എഴുത്തുകാരി കെ.ആർ. മീര. ചരിത്രത്തിൽ ആദ്യമായാണ് ഈ സ്ഥാനങ്ങളിലേക്കു രണ്ടു വനിതാ സ്ഥാനാർഥികൾ ഉണ്ടാകുന്നത്. ഇവർ വിജയിച്ചാൽ അതു സ്വർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണെന്ന് കെ.ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.

21ാം നൂറ്റാണ്ടിലെങ്കിലും മലയാള സിനിമയിലെ ഈ രണ്ടു സംഘടനകളിൽ പ്രധാന സ്ഥാനങ്ങളിൽ സ്ഥാനാർത്ഥികളാകാൻ സ്ത്രീകൾക്ക് അവസരമുണ്ടായതിനു ഡ.ബ്ല്യു.സി.സിയോട് ചരിത്രം കടപ്പെട്ടിരിക്കുന്നു. കൂടുതൽ കടുത്ത പോരാട്ടം സാന്ദ്രയുടേതാണ്. സ്ത്രീയെ വ്യക്തിയായോ പൗരനായോ സംഘടനയുടെ തലപ്പത്തെ പ്രമാണിമാർ കാണുന്നില്ല. ശരീരമായും വസ്ത്രമായും മാത്രമേ കാണുന്നുള്ളൂ. പാവങ്ങൾക്ക് അതിനുംമാത്രം അറിവും ബോധവുമേ ഉള്ളൂ. കൂടുതൽ പോരാട്ടങ്ങൾക്കു സാന്ദ്ര തോമസിനും ശ്വേത മേനോനും നന്മ നേരുന്നുവെന്നും അവർ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു.

കെ.ആർ. മീരയുടെ കുറിപ്പിന്റെ പൂർണരൂപം:

മലയാള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു സാന്ദ്ര തോമസ് മൽസരിക്കുന്നു. എഎംഎംഎ പ്രസിഡന്റ് സ്ഥാനത്തേക്കു ശ്വേത മേനോനും. ചരിത്രത്തിൽ ആദ്യമായാണ് ഈ സ്ഥാനങ്ങളിലേക്കു രണ്ടു വനിതാ സ്ഥാനാർത്ഥികൾ. ഇവർ വിജയിച്ചാൽ അതു സ്വർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും മലയാള സിനിമയിലെ ഈ രണ്ടു സംഘടനകളിൽ പ്രധാന സ്ഥാനങ്ങളിൽ സ്ഥാനാർത്ഥികളാകാൻ സ്ത്രീകൾക്ക് അവസരമുണ്ടായതിനു ഡബ്ല്യു.സി.സി എന്ന സംഘടനയോടും സ്വന്തം ജോലിയും നിലനിൽപ്പും പണയം വച്ച് അതിനുരൂപം നൽകിയ പതിനെട്ടു സ്ത്രീകളോടും ചരിത്രം കടപ്പെട്ടിരിക്കുന്നു.

രണ്ടു സംഘടനകളും താരതമ്യം ചെയ്യുമ്പോൾ, കടുത്ത പോരാട്ടം സാന്ദ്ര തോമസിന്റേതാണ്. സാന്ദ്രയുടെ ജീവിതം തന്നെ പോരാട്ടമാണ്. ആദ്യ സിനിമയെടുക്കുമ്പോൾ വെറും ഇരുപത്തഞ്ചാം വയസ്സ്. പന്ത്രണ്ടു വർഷമായി തുടർച്ചയായി സിനിമയെടുക്കുന്നു. പത്തുമുപ്പതു വർഷമായി ഒരേ ആളുകൾ നയിക്കുന്ന സംഘടന എന്നതാണു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രധാന സവിശേഷത. ഭാരവാഹികളായ നാലുപേർ തനിക്കെതിരേ ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തിനെതിരേ സാന്ദ്ര തോമസ് പരാതിപ്പെട്ടു. സാന്ദ്രയെ സംഘടന പുറത്താക്കി. സാന്ദ്ര കോടതിയിൽ പോയി. കോടതി നടപടി സ്റ്റേ ചെയ്തു. തനിക്കെതിരേ കുറ്റകൃത്യം ചെയ്തവർക്കെതിരേ സാന്ദ്ര പോലീസിൽ പരാതി നൽകി. പോലീസ് കുറ്റകൃത്യം അന്വേഷിച്ചു തെളിവുസഹിതം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ജാമ്യമെടുത്തു. പക്ഷേ, അവർ ഭാരവാഹികളായി തുടരുന്നു. മാത്രമല്ല. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ വീണ്ടും അതേ പദവികളിലേക്കു മൽസരിക്കുകയും ചെയ്യുന്നു. അതിൽ പ്രതിഷേധിച്ചാണു സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു സാന്ദ്ര തോമസ് പാനൽ ഉണ്ടാക്കി മൽസരിക്കുന്നത്. (എ.എം.എം.എയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന നടന്റെ പേരിലും ലൈംഗികാതിക്രമ കേസ് നിലവിലുണ്ട്. )

നാമനിർദ്ദേശപത്രിക നൽകാൻ സാന്ദ്ര തോമസ് പോയതു കറുത്ത പർദ്ദധരിച്ചാണ്. സ്വാഭാവികമായും മാധ്യമങ്ങളുടെ ചോദ്യങ്ങളെല്ലാം വസ്ത്രത്തെ കേന്ദ്രീകരിച്ചായി. വസ്ത്രമാണു ലൈംഗികാതിക്രമങ്ങൾക്കു പ്രേരകമെന്ന സന്ദേശമല്ലേ നൽകുന്നത്, പർദ്ദയാണു സ്ത്രീക്ക് ഏറ്റവും സുരക്ഷിത വസ്ത്രമെന്നു തെളിയിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങൾ. സാന്ദ്രയുടെ മറുപടി കൃത്യമായിരുന്നു : സംഘടനയുടെ നിലവിലെ സാഹചര്യങ്ങളിൽ ഈ വസ്ത്രമാണ് സുരക്ഷിതമെന്നും, ഞാൻ ക്രിസ്ത്യാനിയാണ്, ബൈബിളിലെ സാറയുടെ വേഷവും ഇതായിരുന്നു എന്നും.

ബൈബിളിലെ സാറ ഒരു സങ്കീർണമായ കഥാപാത്രമാണ്. ബിസി ഒന്നാം സഹസ്രാബ്ദത്തിലോ രണ്ടാം സഹസ്രാബ്ദത്തിലോ ആണു സാറ ജീവിച്ചിരുന്നത്. അതായത്, കൊടിയ പിതൃമേധാവിത്വത്തിന്റെയും ആൺമേൽക്കോയ്മയുടെയും ഗോത്രജീവിതത്തിന്റെയും കാലം. സാമൂഹികമായും ബൗദ്ധികമായും അന്നത്തെ അവസ്ഥയിലാണ് ഇത്തരം സംഘടനകളിലെ പ്രമാണിമാരും. ചരിത്രവും പൗരധർമവും ഭരണഘടനയുമൊന്നും അവരുടെ തലച്ചോറിൽ കടന്നുചെന്നിട്ടില്ല. സ്ത്രീയെ വ്യക്തിയായോ പൗരനായോ അവർ കാണുന്നില്ല. ശരീരമായും വസ്ത്രമായും മാത്രമേ കാണുന്നുള്ളൂ. പാവങ്ങൾക്ക് അതിനുംമാത്രം അറിവും ബോധവുമേ ഉള്ളൂ. കൂടുതൽ പോരാട്ടങ്ങൾക്കു സാന്ദ്ര തോമസിനും ശ്വേത മേനോനും നൻമ നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr meerasandra thomasShweta Menon
News Summary - If they win, it should be written in golden letters that women are seen only as their bodies and clothes - K.R. Meera
Next Story