ഇടുക്കിയുടെ ചരിത്രമറിയാം ഇനി പൈതൃക കേന്ദ്രത്തിലൂടെ
text_fieldsകുയിലിമലയിലെ പൈതൃക കേന്ദ്രം
ഇടുക്കി: ജില്ലയുടെ മനോഹാരിത നുകരാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ചരിത്രവിജ്ഞാനം പകരാൻ ഇനി പൈതൃക കേന്ദ്രവും. പ്രകൃതിരമണീയമായ മലനിരകളും വെള്ളച്ചാട്ടങ്ങളും കാട്ടുചോലകളും ദേശീയ ഉദ്യാനങ്ങളും നിറഞ്ഞ ജില്ലയുടെ ആസ്ഥാനമായ പൈനാവിൽ സംസ്ഥാന പുരാരേഖ വകുപ്പിന്റെ ജില്ല ഹെറിറ്റേജ് സെന്റർ വിപുലമായ സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കുയിലിമലയിലെ മനോഹരമായ കുന്നിൻ മുകളിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തോടു ചേര്‍ന്ന് 1.75 കോടി രൂപ മുതല്‍മുടക്കി 6300 ചതുരശ്ര അടിയിലാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇടുക്കിയുടെ സമൃദ്ധവും വൈവിധ്യവുമായ പൈതൃകങ്ങള്‍ ഭാവിതലമുറക്കായി സജ്ജീകരിച്ചു സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിലാണ് പുരാവസ്തു വകുപ്പ് ജില്ല പൈതൃക മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. പുരാരേഖകളുടെ സംരക്ഷണത്തിനായുള്ള റെക്കോഡ് റൂം, കണ്‍സര്‍വേഷന്‍ വിഭാഗം, റിസര്‍ച് ഹാള്‍, ഓഫിസ് ഹാള്‍, പ്രദര്‍ശന ഹാള്‍, ഗെസ്റ്റ് ഹൗസ് എന്നീ സൗകര്യങ്ങളോടെ പരിസ്ഥിതി സൗഹൃദമായാണ് സെന്ററിനെറ നിർമാണം. ജില്ല പഞ്ചായത്ത് സൗജന്യമായി നല്കിയ സ്ഥലത്ത് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് പൈതൃക കേന്ദ്രം നിര്‍മിച്ചത്.
14 മുതൽ 20ാം നൂറ്റാണ്ട് വരെയുള്ള ഇടുക്കിയുടെ ചരിത്രം
ഇടുക്കിയുടെ 14ാം നൂറ്റാണ്ടു മുതല്‍ 20ാം നൂറ്റാണ്ടുവരെയുള്ള ചരിത്രം, പൈതൃകം, ആനുകാലിക ചുവടുവെപ്പുകള്‍ എന്നിവയുടെ നേര്‍രേഖകളുടെ പ്രദര്‍ശനമാണ് മൂന്ന് ഗാലറികളിലായി സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിലെ കണ്ടെത്തപ്പെട്ട മുനിയറകളും മെന്ഹറുകളും ചരിത്രാതീതകാലത്തിന്റെ അടയാളങ്ങളുടെ ആലേഖനങ്ങളും ഛായാചിത്രങ്ങളും ആദിമ നിവാസികള്‍, കുടിയേറ്റം, പിന്നീടുവന്ന കൊളോണിയല്‍ കാലഘട്ടം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങിയവയാണ് ആദ്യ ഗാലറിയില്‍. കാലഗതിക്കനുസരിച്ച് ഇടുക്കിയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച ഭൂപരിഷ്കരണം, തോട്ടങ്ങള്‍, ഡാമുകള്‍, വിനോദസഞ്ചാര ഇടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള രേഖകള്‍, ഡാമിനെക്കുറിച്ചും തേയില നിർമാണത്തെക്കുറിച്ചും വിശദീകരിക്കുന്ന പ്രദർശന സജ്ജീകരണങ്ങൾ, ഇടുക്കി ചിത്രങ്ങൾ എന്നിവ രണ്ടാം ഗാലറിയിൽ ഒരുക്കിയിരിക്കുന്നു. അവസാനത്തെ ഗാലറിയിൽ ഏർപ്പെടുത്തിയ ദൃശ്യ ശ്രാവ്യ സംവിധാനം കഴിഞ്ഞകാലത്തേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകും. ഇമേജുകളും വിഡിയോകളും റിലീഫുകളും സ്ലൈഡുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടച്ച് സ്ക്രീൻ കിയോസ്ക്, ഇന്ററാക്ടിവ് ഇ-ബുക്ക്, പ്രോജക്ടർ എന്നിവ സന്ദർശകരുമായുള്ള ആശയവിനിമയത്തിനായും സജ്ജീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ 128 ച.അടിയിൽ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും സെന്റർ തുറന്ന് പ്രവർത്തിക്കും.
ജില്ലയുടെ ചരിത്രം വിളിച്ചോതുന്ന ആധികാരിക രേഖകൾ കണ്ടെത്തി ശാസ്ത്രീയമായി സംരക്ഷിച്ച് സൂക്ഷിക്കുന്ന സെന്റർ ചരിത്ര ഗവേഷകർക്കും ചരിത്രാന്വേഷികൾക്കും വളരെയേറെ ഉപകരിക്കും. ഹെറിറ്റേജ് സെന്റർ സന്ദർശിക്കാൻ എത്തുന്നവർക്ക് സമീപത്തുതന്നെയുള്ള ജില്ല പൈതൃക മ്യൂസിയവും കാണാൻ സാധിക്കും. പത്ത് ഗാലറിയിലായി ആദിമകാലം മുതൽ ആധുനികകാലം വരെയുള്ള ഇടുക്കിയുടെ കഥ പറയുന്ന ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഈടുവെപ്പുകൾ ഇവിടെ സമഗ്രമായി ആവിഷ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

