വിശക്കുന്ന കുട്ടികൾ ഏത് നാട്ടിലായാലും ഏത് ജാതിയിലായാലും ഏത് മതമായാലും എനിക്ക് ഒരുപോലെയാണ്-ലീലാവതി ടീച്ചർ
text_fields‘‘വിശക്കുന്ന കുട്ടികൾ ഏത് നാട്ടിലായാലും ഏത് ജാതിയിലായാലും ഏത് മതമായാലും എനിക്ക് ഒരുപോലെയാണ്. എന്റെ നാട്ടിലെ ആയാലും വേറെ ഏതു നാട്ടിലെ ആയാലും കുട്ടികൾ കുട്ടികളാണ്. ഒരമ്മയുടെ കണ്ണിലൂടെയാണ് ഞാനവരെ നോക്കി ക്കാണുന്നത്.
എതിർക്കുന്നവർ സ്വതന്ത്രമായി എതിർത്തോട്ടെ. എനിക്ക് ഒരു വിരോധവുമില്ല. എത്രയോ എതിർപ്പുകളെ ഞാൻ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. ഇത് ആദ്യമായിട്ടൊന്നുമല്ല ഞാൻ എതിർപ്പുകൾ നേരിടുന്നത്’’
-ലീലാവതിടീച്ചർ.
ഇത് മാതൃത്വത്തിന്റെ വാക്കുകളാണ്. 98 വയസുള്ള മലയാളസാഹിത്യത്തിന്റെ താറവാട്ടിലെ അമ്മയുടെ വാക്കുകൾ.
ഗസ്സയിലെ കുട്ടികൾ പട്ടിണി കിടക്കുമ്പോൾ എനിക്ക് എങ്ങനെ ചോറ് തൊണ്ടയിൽ നിന്നിറങ്ങും എന്ന് തന്റെ ജൻമദിനത്തിൽ ചോദിച്ച ലീലാവതി ടീച്ചറിനെതിരെ സൈബർ ആക്രമണം നടത്തിയത് മലയാളത്തിനു തന്നെ നാണക്കേടുണ്ടാക്കി. എന്നാൽ അതിന് ലീലാവതി ടീച്ചർ തന്നെ ശക്തമായ ഭാഷയിൽ മുപടി കൊടുത്തു.
എതിർക്കുന്നവർ എതിർത്തോട്ടെ എന്ന മറുപടിയിൽ ആയിക്കണക്കിന് വിദ്യാർഥികളെ കോളജിൽ പഠിപ്പിച്ചിട്ടുള്ള ടീച്ചറുടെ കൂസലില്ലായ്മയായ് പ്രകടിപ്പിച്ചത്.
തന്റെ 16-ാം വയസ്സിൽ കോവിലകത്തിരുന്ന് സദ്യയുണ്ണണമെങ്കിൽ ‘കുപ്പായമൂരണം’ എന്ന പുന്നത്തൂർ തമ്പുരാന്റെ കല്പനയെ ധിക്കരിച്ച് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയ പെൺകുട്ടിയുടെ ധൈര്യം ഇന്നും ഈ അമ്മ കൈവിട്ടിട്ടില്ല.
സാഹിത്യത്തെ സ്നേഹിക്കുന്ന മലയാളികൾ എന്നും ആദരിക്കുന്ന ആ അമ്മയ്ക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് ഇതിൽ ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ;
‘98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചർ. ഗാസയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് പിറന്നാളിന് ഉണ്ണാൻ തോന്നുന്നില്ല എന്ന് അവർ പറഞ്ഞത്, ഒരു മനുഷ്യസ്നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണ്.
അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്. അധ്യാപിക, നിരൂപക, എഴുത്തുകാരി എന്നീ നിലകളിൽ ലീലാവതി ടീച്ചർ മലയാളത്തിന് നൽകിയ സംഭാവനകൾക്ക് കേരളം എന്നും കടപ്പെട്ടിരിക്കുന്നു. ലീലാവതി ടീച്ചറെ പ്പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

