Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hospital Memory
cancel
Homechevron_rightCulturechevron_rightLiteraturechevron_rightഒരു ആശുപത്രിക്കാലം

ഒരു ആശുപത്രിക്കാലം

text_fields
bookmark_border

രണ്ട വെളിച്ചത്തിൽ മുറിയിലെ വാതിലിൽ രണ്ടു കൈയും വെച്ച് നിവർന്നു, നിറഞ്ഞുനിന്ന് ഘന ഗംഭീരമായ ശബ്ദത്തിൽ പറയുന്നു ''ഒന്നുമുണ്ടാവില്ലെടോ... ഒന്നും..!''

ചാടിഎണീറ്റ് ഞാൻ വാതിൽക്ക​ലേക്കോടുമ്പോൾ ക്ഷീണിച്ച സ്വരത്തിൽ പകപ്പോടെ പിറകിൽനിന്ന് പി.കെ ചോദിക്കുന്നു

''എങ്ങോട്ടാണ്? എന്താണ്?''

''പപ്പേട്ടൻ അതാ വാതിൽക്കൽ...''

''ഇപ്പൊ രാത്രി മൂന്നു മണി. നമ്മൾ ആശുപത്രിയിൽ ആണ്. നീ കണ്ടത് സ്വപ്നമാണ്. ഇവിടെ വന്നു കിടക്കൂ.''

സ്ഥലകാല ബോധം അപ്പോഴാണ് വന്നത്. ആശുപത്രിയിലെ ഏഴാമത്തെ നിലയിൽ എഴുന്നൂറ്റിപ്പത്തൊമ്പതാമത്തെ മുറിയിൽ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട സ്വപ്നത്തിന്റെ നേർക്കാണ് ഞാൻ പിടഞ്ഞോടിയത്... വിശ്വസിക്കാൻ പറ്റാതെ കുറെനേരമങ്ങനെ നിന്നുപോയി. കുറെ ദിവസത്തെ വിഷമത്തിൽ, തളർച്ചയിൽ ഉറങ്ങിപ്പോയതായിരുന്നു. ബൈസ്റ്റാൻഡറുടെ കട്ടിലിലേക്ക് മെല്ലെ പോയിക്കിടന്നു. വലിയ ചില്ലു ജനലിനപ്പുറം ആകാശം മഴക്കാറുമായി വിങ്ങി നിൽക്കുന്നു.

കുറച്ചു ദിവസങ്ങൾക്കുമുന്നെ ആണ് പി.കെക്ക്​ കോവിഡ് വന്നത്. ബഷീറിന്റെ നാരായണിയെ പോലെ മുറിക്കു പുറത്തുനിന്നായിരുന്നു പിന്നെ എന്റെ സംസാരമൊക്കെ. ഒറ്റക്കിരിക്കുന്നത് ഒട്ടും പറ്റാതെ മുറിക്കുപുറത്തേക്ക് വിളിച്ചുകൊണ്ടിരിക്കും പി.കെ. അടുക്കളയിലേക്കും റൂമിനടുത്തേക്കും ഓടിയോടി അവസാനം ഒരു കസേര നീക്കിയിട്ട്​ മുറിക്കു പുറത്തുതന്നെ ഇരിപ്പായി ഞാൻ. കോവിഡിൽനിന്ന് രക്ഷപ്പെടാൻ കുറെ യേറെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അറിയാതെ അകത്തുകിടക്കുന്ന വില്ലൻ- പ്രോസ്റ്റേറ്റ് വീക്കം -ബുദ്ധിമുട്ടിക്കാൻ തുടങ്ങിയത്. ദിവസം കൂടുംതോറും ബുദ്ധിമുട്ട് കൂടിക്കൂടി വന്നു. പിന്നീട് ആശുപത്രിയിലേക്കുള്ള പാച്ചിലായിരുന്നു. സ്‌കാനിങ്ങുകൾ, ടെസ്റ്റുകൾ... എപ്പോഴും ചിരിച്ച് ഓടിനടന്ന് സംസാരിച്ചോണ്ടിരിക്കുന്ന പി.കെ മെല്ലെ തളരുന്നതു കണ്ടപ്പോ, ജീവിതം പെട്ടെന്ന് നിശ്ചലമായ പോലെ. മക്കൾ വല്ലാത്ത അവസ്ഥയിലായി. ബാബയുടെ അസുഖവിവരം അവർക്ക് താങ്ങാൻ ആവാതെയായി. വീടാകെ മൗനത്തിലും വിഷമത്തിലുമായി ഇരുണ്ട് പോയി.

പിന്നെ ടെസ്റ്റുകളുടെ റിസൽട്ടിനുവേണ്ടിയുള്ള ആധിനിറഞ്ഞ കാത്തിരിപ്പ്​. ആരോടും അസുഖവിവരം പറഞ്ഞിരുന്നില്ല. എന്നിട്ടും കണ്ണൂരിൽനിന്ന് സുനി എപ്പോഴും ഫോണിൽ വിളിച്ചു സ്നേഹത്തോടെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. എഴുത്തുകാരി ഷെമിയും ശ്രീകല മുല്ലശ്ശേരിയും പ്രാർഥനയോടെ കൂടെ. പിന്നെ വാസന്തിയും രാജിയും.

പ്രോസ്റ്റേറ്റ് വീക്കം കൂടിപ്പോയതാണെന്നും അത്‌ ചെറുതാക്കാനുള്ള സർജറിയോടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നും ഡോക്ടർ അബ്ദുൽ അസീസ് ദൈവ ദൂതനെ പോലെ പി.കെയെ തലോടി പറയുന്നു. പിന്നെ എന്നെ നോക്കി പറഞ്ഞു: ''എനിക്കിപ്പോ പി.കെയെ കുറിച്ചല്ല, നിങ്ങളെ ഓർത്താണ് പേടി. ഇത്രയേറെ ടെൻഷൻ ഒരുതരത്തിലും നല്ലതല്ല. ഇനി വിഷമിക്കേണ്ടതില്ല. എല്ലാം ശരിയാവും.''

നഗരത്തിലെ ആ വലിയ ആശുപത്രിക്കുമുന്നിലൂടെ എത്ര തവണ പോയിരിക്കുന്നു. അപ്പോഴൊന്നും അതിനുള്ളിലെ ലോകം അറിയുന്നേ ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ അനിശ്ചിതത്വത്തിനുമുന്നിൽ പകച്ചിരുന്നുപോയ ദിവസങ്ങൾ. എത്ര പെ​െട്ടന്നാണ് നിറങ്ങൾ മാറിവരുന്നത്...

എല്ലാ ദിവസവും പപ്പേട്ടൻ വിളിക്കും. പി.കെക്ക്​ ധൈര്യം കൊടുക്കും. സർജറിക്ക്​ പോവാൻ നേരവും എന്നെ വിളിച്ചു.

''ഒന്നും ഉണ്ടാവില്ലെടോ, ഒന്നും...''

ആ വാക്കുകളെ മുറുകെപ്പിടിച്ചായിരുന്നു സർജറി കഴിഞ്ഞുവരുന്നതും കാത്തിരുന്നത്. ഓർമവെച്ച നാൾ മുതൽ കാണുന്ന മുഖം. ഉപ്പച്ചിയോടൊപ്പം മീറ്റിങ്ങുകൾക്കു പോവുമ്പോ മുൻനിരയിൽ തന്നെ തലയെടുപ്പോടെ ഇരിക്കുന്ന ഉപ്പച്ചിയുടെ ആത്മ സുഹൃത്ത്​ ടി. പത്മനാഭൻ. അദ്ദേഹത്തിന്റെ അടുത്തുതന്നെ നേർത്ത പൂച്ചക്കണ്ണോടെ ഭംഗിയുള്ള പട്ടു സാരിയും കഴുത്തിൽ നെക്ലസ്സും അണിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ പ്രൗഢയായ ഭാര്യയും ഒരു കാഴ്ചയായിരുന്നു, എട്ടു വയസ്സുകാരിക്ക്​. ഉപ്പച്ചിയുടെ പിന്നിൽനിന്ന് അവരെ ഒളിഞ്ഞുനോക്കി കണ്ണുമിഴിച്ചുനിൽക്കുന്ന എന്നെ പപ്പേട്ടൻ മാടിവിളിച്ചു. ആ തലയെടുപ്പും ഗൗരവഭാവവും പേടിയുണ്ടാക്കിയിരുന്നു. ഉപ്പച്ചി പതുക്കെ തള്ളി വിട്ടപ്പോ മെല്ലെ മെല്ലെ അടുത്തേക്ക് ചെന്നു. ഗൗരവം വിടാതെ അടുത്ത കസേരയിൽ ഇരിക്കാൻ പറഞ്ഞു. പേടിച്ചു തലതാഴ്ത്തി കസേരയിലിരുന്ന് പതുക്കെ പതുക്കെ ആ മുഖത്തേക്കു പേടിയോടെ നോക്കിയപ്പോ കടിച്ചുപിടിച്ച ചുണ്ടിലൊളിപ്പിച്ച നേർത്ത ചിരിയോടെ കണ്ണിലെ നിറഞ്ഞ വാത്സല്യത്തോടെ ചേർത്തുപിടിച്ചു. അന്ന് എട്ടു വയസ്സുകാരി മനസ്സിൽ ചേർത്തുവെച്ചതാണാ ചിരി. ഇപ്പോൾ ജീവിതത്തിന്റെ മുന്നിൽ പകച്ചുനിന്നപ്പോൾ നേർത്ത ചിരിയോടെ ആ ശബ്ദം എന്നെ വന്ന് പൊതിഞ്ഞുനിന്നു...

''ഒന്നും ഉണ്ടാവില്ലെടോ..

ഒന്നും..!!''

(എഴുത്ത്: സെബുന്നിസ പാറക്കടവ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t padmanabhan
News Summary - Hospital Memory
Next Story