ഹിറ്റ്ലറും മധുവും
text_fieldsസാറ്റലൈറ്റിന്റെ തൃക്കണ്ണുകൾക്കുമപ്പുറം ചുരുളഴിയാത്ത പ്രപഞ്ച സത്യത്തിന്റെ ഒരു ദ്വീപ്. മനുഷ്യകുലത്തിന്റെ കല്ലറകളെന്നോണം കുമിഞ്ഞുകൂടിയ മലകളും താഴ്വരകളിൽ ഇടതൂർന്നു വളരുന്ന മുളങ്കാടുകളും. അവിടെയാണ് മരിച്ചവരെല്ലാരും ചത്തു ജീവിക്കുന്നത്. മുൻവിധികളില്ലാതെ കണക്കുകൂട്ടലുകൾ ഇല്ലാതെ പ്രതീക്ഷയില്ലാതെ, മരിച്ച് മണ്ണടിഞ്ഞ ഓർമകൾ ഇല്ലാതെ മരിച്ചവർ ചിരിച്ചിരിക്കുന്നിടം. മ്യാന്മറിൽനിന്നും ഭൂചലനം വഴി വന്ന ഒരുകൂട്ടം സ്വപ്നങ്ങളെ തച്ചുടച്ച് ദ്വീപിന്റെ അന്തേവാസികൾ ആക്കാൻ വേണ്ടി എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്. അവരുടെ ആരവങ്ങളും ആർപ്പുവിളികളും മലമുകളിൽ പ്രതിധ്വനികൾ ഉയർത്തി. അയാൾ പതിവുപോലെ മുളങ്കാടുകൾക്കുള്ളിലേക്ക് വേഗം നടന്നു. ആരവങ്ങളും ആൾക്കൂട്ടങ്ങളും ഇപ്പോഴും അയാളെ ഭയപ്പെടുത്തുന്നുണ്ട്.
വെട്ടിയൊതുക്കിയ മീശരോമങ്ങളിൽ പോലും ആരവങ്ങൾ ഭയമുണ്ടാക്കുന്നു. ആർപ്പുവിളികളുടെ ശക്തിയേറുന്നതിനോടൊപ്പം അയാളുടെ നടത്തത്തിന്റെ വേഗവും കൂടിക്കൂടി വന്നു. ചാരനിറത്തിലുള്ള യൂനിഫോമും കണ്ണുകളിൽ ആജ്ഞയുടെ ഉറച്ച കനവും. ചുണ്ടുകൾ മെല്ലെ മെല്ലെ മന്ത്രിച്ചു.. ഞാനാണ് ഹിറ്റ്ലർ.. ഞാനാണ് ഹിറ്റ്ലർ..പെട്ടെന്നാണ് വഴിയരികിൽ ഒരാൾ മണ്ണോടു ചേർന്ന് ഉറങ്ങുന്നത് അയാൾ കാണുന്നത്.. ജൂതനല്ലെന്ന് ഉറപ്പുവരുത്തിയശേഷം ഹിറ്റ്ലർ അയാളെ തട്ടിയുണർത്തി. പേടിച്ചരണ്ട മുഖത്തോടെ കിടന്നയാൾ ഞെട്ടി ഉണർന്നു..വിശപ്പാണ്. വിശന്നിട്ടാണ്. ഉറക്കപ്പിച്ചില്ലെന്നോണം അയാൾ പിറുപിറുത്തു. നീ ആരാണ്, ഹിറ്റ്ലർ കർക്കശമായ സ്വരത്തിൽ ചോദിച്ചു.
ഞാൻ മധു. ചുരുണ്ട മുടി ചൊറിഞ്ഞുകൊണ്ട് അയാൾ മറുപടി നൽകി. അവരെന്നെ അങ്ങനെയാണ് വിളിക്കുന്നത്.. എനിക്ക് അവരെ എല്ലാം പേടിയാണ്..ആൾക്കൂട്ടത്തെ ഭയമാണ്. ഒരു നിമിഷം ഹിറ്റ്ലർ വാക്കുകൾ കിട്ടാതെ മധുവിനെയും മലയ്ക്കപ്പുറം ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തെയും മാറി മാറി നോക്കി. ഇരുവർക്കും മുകളിൽ ആകാശം മൗനം പുകച്ചു. ഹിറ്റ്ലർ ആത്മഗതം എന്നോണം പറഞ്ഞു. ആൾക്കൂട്ടം എപ്പോഴും എന്റെ ആയുധം ആയിരുന്നു. അതുവരെയും വാക്കുകൾ ചാപിള്ളകൾ ആയിക്കൊണ്ടിരുന്ന മധു വിറക്കാതെ പറയാൻ തുടങ്ങി. എനിക്ക് നിങ്ങളെ അറിയാം. നീ യുദ്ധം കൊണ്ടുവന്നു. അവസാനം അതിനിടയിൽനിന്ന് രക്ഷപ്പെട്ടവർ എന്നെ കല്ലെറിഞ്ഞു കൊന്നു.
ശരിയാണ് ഒരു പൊക്കിൾകൊടിയിൽനിന്നാണ് അവർ വിഭജിച്ചത്. അധികാരവും അതിന്റെ അഭാവവും. ഒരുവൻ കാലങ്ങളെ ഭയപ്പെടുത്തി. ഒരുവൻ മണ്ണിനോടൊപ്പം ഉരുണ്ടു. ആരവങ്ങൾ മുളങ്കാടുകളിൽ ഉച്ചത്തിൽ അലയടിക്കാൻ തുടങ്ങി.. രണ്ടുപേരും ധിറുതിയിൽ കാടുകൾക്കുള്ളിലേക്ക് നടന്നുകൊണ്ടേയിരുന്നു..ഇവിടെ എല്ലാം മുളങ്കാടുകൾ തിങ്ങി വളർന്നിരിക്കുന്നത് എന്താണെന്ന് അറിയാമോ? ഹിറ്റ്ലർ ചോദിച്ചു. അറിയാം ചെറു ചിരിയോടെ മധു മറുപടി നൽകി..മരണഗീതം പാടിയാണ് മുളങ്കാടുകൾ വസന്തത്തെ വരവേൽകുന്നത്…
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

