മന്ഥരയായി ഗുരു ഭവാനി ചെല്ലപ്പനും കൈകേയിയായി ശിഷ്യയും അരങ്ങത്ത്
text_fieldsതിരുവനന്തപുരം: ഭാരതീയ നൃത്ത ഇതിഹാസം ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ കേരള നടനത്തിന്റെ തനതു ശൈലിയുമായി നാട്യ ഗുരു ഭവാനി ചെല്ലപ്പൻ തൊണ്ണൂറ്റിയേഴാം പിറന്നാൾ വേളയിൽ ചിലങ്ക കെട്ടി.
രാമായണത്തിലെ ശ്രീരാമപട്ടാഭിഷേക വിഘ്ന കാരണഭൂതയായ മന്ഥരയെ അവതരിപ്പിച്ചു കൊണ്ടാണ് കേരള നടനത്തിന്റെ തനതു ശൈലി അരങ്ങിലെത്തിച്ചത്. മന്ഥരയായി ഗുരു വെത്തിയപ്പോൾ ശിഷ്യ അപർണ ശർമ്മ ഇ.ജെ. കല്ലമ്പലം കൈകേയിയായി. സ്റ്റേറ്റ് ലൈബ്രറി ഹാളിൽ നാട്യോദയ കൾച്ചറൽ ആന്റ് റിസർച്ച് സെന്ററിന്റെ ഗവേഷണ വിഭാഗത്തിന്റെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കേരള നടനം നൃത്താവിഷ്കാരം. നർത്തകികളായ ദേവിക പ്രകാശ്, കെ.കെ. ശില്പ എന്നിവരുടെ രംഗപൂജയോടെ ചടങ്ങ് ആരംഭിച്ചു.
ശിവന്റെ ആനന്ദ നടന നൃത്തവുമായി നാട്യ ഗുരു ചെല്ലപ്പൻ ഭവാനിയുടെ ശിഷ്യൻ സുന്ദരേശൻ തലനാടുമെത്തി.രാവിലെ നടന്ന കേരള നടനം ശില്പശാല ഭവാനി ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. അപർണ ശർമ്മ സോദോഹാരണ ക്ലാസ് നയിച്ചു. കുസുമം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ചെല്ലപ്പൻ ഭവാനിയുടെ ശിഷ്യൻ സുന്ദരേശൻ തലനാട്, രാമചന്ദ്രൻ ചെല്ലപ്പൻ, ഗുരു ഗോപിനാഥിന്റെ മകൾ വിനോദിനി, ശശി മോഹൻ, ചിത്രമോഹൻ, തൊഴുവൻ കോട് ജയൻ, നൃത്ത ഗവേഷകരായ ഉണ്ണികൃഷ്ണൻ ലളിതാംബിക, മാളവിക, ശില്പ, ദേവിക തുടങ്ങിയവർ പങ്കെടുത്തു.
ഡോ.സഞ്ജീവൻ അഴീക്കോട് മോഡറേറ്ററായി കലോത്സവങ്ങളിൽ ഇപ്പോൾ പകർന്നാടുന്നത് ഗുരു ഗോപിനാഥിന്റെ കേരള നടനമല്ലെന്ന് ശില്പശാലയിൽ പങ്കെടുത്ത നൃത്ത പണ്ഡിതന്മാർ വിലയിരുത്തി. സമാപന സമ്മേളനം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ചന്തേരസംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം സെന്റർ ഡയറക്ടർ ഏറ്റുമാനൂർ കണ്ണൻ നാട്യോദയയുടെ നാട്യ ഗുരുശ്രേഷ്ഠ പുരസ്കാരം ഭവാനി ചെല്ലപ്പന് സമ്മാനിച്ചു. മയൂര നൃത്തശില്പവും അമ്പതിനായിരത്തൊന്നു രൂപയും അടങ്ങുന്നതായിരുന്നു പുരസ്കാരം.
അപർണ ശർമ്മ രചിച്ച കേരള നടന സ്വരൂപം പഠനവും സാധ്യതകളും എന്ന പുസ്തകം കേരള ഗവർണറുടെ മാധ്യമ ഉപദേഷ്ടാവ് ഹരി എസ്. കർത്തയ്ക്ക് നല്കി ഭവാനി ടീച്ചർ പ്രകാശനം ചെയ്തു. കല്ലറ അജയൻ പുസ്തക സമർപ്പണം നടത്തി. രാമചന്ദ്രൻ , കുസുമം ഗോപാലകൃഷ്ണൻ , ചിത്ര മോഹൻ ,വിശ്വജിത്ത്, രാജേഷ് പിള്ള, സുജിത് തപസ്യ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

