അറബിക്ക് ‘രാക്ഷസീയ’ മുഖം നൽകുന്ന ഹീബ്രു ബാല സാഹിത്യം
text_fieldsഇഷ്ടമില്ലാത്തവന്റെ ‘ജാതകം’ തിരുത്തി അവനെ ശത്രുവായും രാക്ഷസനായും ചെറുപ്പത്തിലേ കുഞ്ഞു മസ്തിഷ്‌കത്തില്‍ കുത്തിവെക്കുക, ബാലസാഹിത്യ കൃതികളില്‍ കഥാപാത്രങ്ങള്‍ക്ക് ഭീകര രൂപം വരയ്ക്കുക... 1948ല്‍ ഇസ്രായേല്‍ സ്ഥാപിക്കപ്പെടുന്നതിന് മുമ്പേ അറബികളെ സംബന്ധിച്ച വികല ചിത്രം കുട്ടികളില്‍ കോറിയിടാന്‍ ജൂതന്മാര്‍ അവലംബമാക്കിയ കുത്സിത തന്ത്രങ്ങളാണിവ.
1967, 1973 യുദ്ധ കാലങ്ങളില്‍ പുറത്തിറങ്ങിയ 1700ത്തോളം ബാലസാഹിത്യ കൃതികള്‍ വിശകലനം ചെയ്ത് ഇസ്രായേലി സാഹിത്യകാരനും ഗ്രന്ഥകാരനുമായ പ്രഫ. അദിര്‍ കോഹന്‍ നടത്തിയ പഠനം ‘അഗ്ലി ഫെയ്സസ് ഇന്‍ ദ മിറര്‍: ദ റിഫ്ളക് ഷന്‍ ഓഫ് ദ ജ്യൂയിഷ് ആന്റ് അറബ് കോണ്‍ഫ്ളിക്റ്റ് ഇന്‍ ഹിബ്രു ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍’ (അറബ്-ജൂത സംഘര്‍ഷത്തിന്റെ പ്രതിഫലനങ്ങള്‍ ഹീബ്രു ബാലസാഹിത്യത്തില്‍) ‘ഹാരെറ്റ്സ്’ ദിനപത്രം ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. പുസ്തകങ്ങള്‍ വായിക്കുന്ന ഭൂരിപക്ഷം കുട്ടികളും അറബികളോടുള്ള വിദ്വേഷാത്മക നിലപാടുകളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കാമെന്ന് അദ്ദേഹം പഠനത്തിൽ വിലയിരുത്തുന്നു.
അവയില്‍ പരാമര്‍ശിക്കപ്പെട്ട കഥകളിലൊക്കെയും ക്രൂരത, വഞ്ചന, അജ്ഞത എന്നിവ അറബികളുടെ സഹജ സ്വഭാവമെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. മാതാക്കളുടെ ഗര്‍ഭാശയത്തില്‍ തന്നെ കുറ്റവാളികളും രാക്ഷസന്മാരുമായാണ് അവര്‍ നിലകൊള്ളുന്നതെന്ന മട്ടിലാണ് പുസ്തകങ്ങള്‍ ചിത്രീകരിക്കുന്നതെന്നും കോഹന്‍ കൂട്ടിച്ചേര്‍ത്തു.
യെഹസ്‌കിയേല്‍ ലെവിന്‍ 1963ല്‍ പ്രസിദ്ധീകരിച്ച (നീഡ്, നീഡ്സ് എഗയ്ന്‍സ്റ്റ് ഫാരോസ് ക്രൊകൊഡൈല്‍സ്ല്‍’ (ഫറോവന്‍ മുതലകള്‍ക്കെതിരില്‍ പ്രതിരോധം), ‘മെന്‍ ഓഫ് ദ ബിഗിനിങ് (1933) എന്ന നോവലുകളിൽ എലീസര്‍ ഷമേലി അറബ് കഥാപാത്രത്തിന് കോപത്താല്‍ തിളങ്ങുന്ന ഇറുകിയ കണ്ണുകളും വളഞ്ഞ മൂക്കും നീണ്ട വടുക്കളാല്‍ അലങ്കരിക്കപ്പെട്ട പരുപരുത്ത ചുണ്ടുകളുമുള്ള വേട്ടപ്പക്ഷിയുടെ മുഖമാണ് കൊടുത്തിരിക്കുന്നത്. ‘ചില്‍ഡ്രന്‍സ് ഓഫ് ദ ഓള്‍ഡ് സിറ്റി ആന്റ് ദെയര്‍ വാര്‍ എഗയ്ന്‍സ്റ്റ് ദ ഇന്‍ഫില്‍ട്രേറ്റേഴ്സ്’ (1955)ല്‍ ജോര്‍ദാനിയന്‍ പട്ടാളക്കാരനെ ജൂത കുട്ടികളുടെ തലയറുത്ത് ഭ്രാന്താവേശത്താല്‍ ചിരിക്കുന്ന സത്വമായി ചിത്രീകരിച്ചിരിക്കുന്നു. അതുപോലെ ‘ദ യങ് ഇന്‍വെസ്റ്റിഗേറ്റേഴ്സ് ഇന്‍ ദ സിനായ് ഓപ്പറേഷനി’ല്‍ വെറുപ്പും പ്രതികാര ദാഹവും കൊണ്ട് ജ്വലിക്കുന്ന കണ്ണുകളുള്ള രണ്ട് അറബ് ബാലന്മാരെ ചിത്രീകരിക്കുന്നുണ്ട്.
‘ഡെന്‍ഡന്‍ ഇന്‍ ദ സിക്സ് ഡേ വാറി’ല്‍ അറബികളെ ക്രൂരരായ ജനസമൂഹമായി ചിത്രീകരിക്കുന്നു. അറബികളോടും മിനാരങ്ങളോടും നമസ്‌കരിക്കുന്നവരോടുമുള്ള തികഞ്ഞ അവജ്ഞയുടെ വ്യക്തമായ പ്രകടനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കൃതിയാണ് ‘സ്റ്റോറീസ് ഫ്രം ജറൂസല’. വംശീയാധിക്ഷേപം മനുഷ്യരില്‍ മാത്രം ഒതുക്കി നിര്‍ത്താതെ അറബികളുമായി ബന്ധപ്പെട്ട മൃഗങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. അറബി ഗ്രാമങ്ങളിലെ നായ്ക്കളെ ‘വൃത്തികെട്ട, അന്ധരായ, മെല്ലിച്ച, ഭ്രാന്തമായി കുരക്കുന്നവ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ദ മാഡ് മങ്കി’ എന്ന കഥയില്‍, ജറൂസലമിലെ അറബികളെ ഭയപ്പെടുത്താനെന്ന വണ്ണം കഥയിലെ ജൂതനായകന്മാരെ അവരുടെ ദൗത്യത്തില്‍ സഹായിക്കുന്ന ഭ്രാന്തന്‍ കുരങ്ങുകള്‍ക്ക് സമാനമായി അറബികളെ ചിത്രീകരിക്കുന്നു.
പ്രഫ. അദിര്‍ കോഹന്‍ തന്റെ പഠനം ഉപസംഹരിക്കുന്നതിങ്ങനെയാണ്: യുദ്ധങ്ങളും സൈനിക നടപടികളും ഇസ്രായേല്‍ സമൂഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. എന്നാല്‍, ആ എതിര്‍പ്പ് സംഭവങ്ങളുടെ ചിത്രീകരണവുമായി മാത്രം ബന്ധപ്പെട്ടതല്ല. മറിച്ച്, അതിന്റെ ധിക്കാരപരവും പക്ഷപാതപരവുമായ അവതരണ രീതിയുമായി ബന്ധപ്പെട്ടതാണ്. ഒരു സമൂഹമെന്ന നിലയില്‍ അറബികളുടെ സ്വഭാവ സവിശേഷതകളെ പറ്റിയുള്ള തരംതാണ പൊതുവല്‍ക്കരണം. ഇസ്രായേലികളുടെ ആദ്യ തലമുറകള്‍ക്കിടയില്‍ അറബികളെ സംബന്ധിച്ച മോശം സ്റ്റീരിയോടൈപ്പ് ഊട്ടിയുറപ്പിക്കുന്നതില്‍ ഇത്തരം കഥകള്‍ ഫലപ്രദമായ ടൂളുകളാക്കി മാറ്റുകയാണ്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

