മാര്ക്വേസിെൻറ അപ്രകാശിത നോവല്‍ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും: `നമ്മള്‍ ഓഗസ്റ്റില്‍ കണ്ടുമുട്ടും'
text_fieldsകൊളംബിയ: ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ അപ്രകാശിത നോവല്‍ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. പബ്ലിഷേഴ്‌സായ പെന്ഗ്വിന് റാന്‍ഡം ഹൗസാണ് 2024ല്‍ നോവല്‍ പുറത്തിറങ്ങുമെന്ന് ഔദ്യോഗികമായി അറിയിച്ചത്.
En Agosto Nos Vemos (നമ്മള്‍ ഓഗസ്റ്റില്‍ കണ്ടുമുട്ടും) എന്നാണ് കൃതിയുടെ പേര്. ടെക്‌സസ് സര്‍വകലാശാലയിലായിരുന്നു കൃതി സൂക്ഷിച്ചിരുന്നത്. മാര്‍ക്വേസിന്റെ മരണത്തിന് ശേഷം പുസ്‌തം പ്രസിദ്ധീകരിക്കുന്നില്ല എന്ന തീരുമാനത്തിലായിരുന്നു കുടുംബം. എന്നാല്‍ മാര്‍ക്വേസിന്റെ കൃതിയെ വായനക്കാരിലെത്തിക്കാതെ വെക്കുന്നത് ശരിയല്ല എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് കുടുംബം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ക്വേസിന്റെ മരണത്തിനു ശേഷം ഒൻപത് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്‌തകം പുറത്തിറങ്ങുന്നത്. 2014 ലാണ് മാര്‍ക്വേസ് അന്തരിച്ചത്.
മാർക്വേസിെൻറതായി പ്രസിദ്ധീകരിച്ച 10 നോവലുകൾ, 40 ഫോട്ടോ ആൽബങ്ങൾ, 20 സ്ക്രാപ്പ്ബുക്കുകൾ, രണ്ട് കമ്പ്യൂട്ടറുകൾ, ടൈപ്പ് റൈറ്ററുകൾ എന്നിവയ്‌ക്കൊപ്പം ഒരു പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തുപ്രതി അവശേഷിപ്പിച്ചിരുന്നു. 2014-ൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി മാർക്വേസിന്റെ ചില വസ്‌തുക്കൾ വാങ്ങിയതിനുശേഷം, ഈ വസ്‌തുക്കളിൽ പ്രസിദ്ധീകരിക്കാത്ത കഥയുടെ ഭാഗങ്ങൾ പത്രപ്രവർത്തകയായ പട്രീഷ്യ ലാറ സാലിവ് കണ്ടെത്തി. 150 പേജുകളോളം വരുന്ന നോവൽ, അമ്മയുടെ ശവക്കുഴിയിൽ പൂക്കളമിടാൻ ഉഷ്ണമേഖലാ ദ്വീപ് സന്ദർശിക്കുന്ന അന മഗ്ദലീന ബാച്ച് എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് മാര്‍ക്വേസ് ആരാധകരും വായനക്കാരും.