നർമ കഥ
text_fieldsവര: യഹ്യ കാലിക്കറ്റ്
ബാപ്പക്കടിച്ചാ മോനിടാ!’
‘ബാപ്പക്കടിച്ചാ മോനിടാ
ബാപ്പക്കടിച്ചാ മോനിടാ....’
മിഠായി തെരുവിലെ ഫുട്പാത്തിൽ അനേകം തെരുവുകച്ചവടക്കാരുടെ കലപിലയിൽ നിന്ന് തുണിക്കച്ചവടക്കാരൻ ഹമീദിെൻറ ശബ്ദം മുഴച്ചുനിൽക്കുകയാണ്. അത് കൗതുകത്തോടെ നോക്കിനിൽക്കുകയാണ് ഇബ്രാഹീം.
കൊട്ടയും ചട്ടിയും തുണിയും കളിപ്പാട്ടങ്ങളും കുടയും കുടവും. എല്ലാം തെരുവിൽ തുണിവിരിച്ച് നിലത്ത് നിരന്നുകിടക്കുകയാണ്. തിക്കിലും തിരക്കിലുംപെട്ട് മിട്ടായി തെരുവ് വിങ്ങി വിയർത്തൊലിക്കുകയാണ്.
അതിനിടയിലാണ് ഹമീദിെൻറ തുണിയുടെ മദ്ഹ് കേട്ട് ഇബ്രാഹീമിെൻറ നിൽപ്.
‘ബാപ്പക്കടിച്ചാ മോനിടാ
ബാപ്പക്കടിച്ചാ മോനിടാ...’
ശെടാ... ഇയാളിതെന്താ പറയുന്നത്? ബാപ്പക്കടിച്ചാ മോനിടാന്നോ? അത്രക്കും കാലം ഈടുനിൽക്കുന്ന തുണിയാണോ ഈ നിലത്ത് ചിതറിക്കിടക്കുന്നത്?
‘ഏയ് കാക്കേ...’ ഇബ്രാഹീം ഹമീദിനെ ഒച്ചയിൽ വിളിച്ചു. ഹമീദ് ഒന്നും കേൾക്കുന്നില്ല.
‘കണ്ടം കൊണ്ടോയിക്കോളീ
മീറ്ററിനാണേൽ മൂന്നേള്ളൂ!
കള്ളിയുണ്ട് വള്ളിയുണ്ട്
വെള്ളയുണ്ട് കളറുണ്ട്
ബാപ്പക്കടിച്ചാ മോനിടാ
ആദ്യേ പറയാ
ബാപ്പക്കടിച്ചാ മോനിടാ...’
‘ഏയ് കാക്കേ...’ ഇബ്രാഹീം പിന്നേം അലറിവിളിച്ചു. ഇത്തവണ ഹമീദ് വിളികേട്ട്: ‘ന്താ മോനേ കണ്ടം കൊണ്ടോണോ?’
‘അത്രക്കും നല്ല തുണിയാണേൽ എന്തിനാ മൂന്നിന് വിക്കുന്നേ? മുപ്പേയ്ന് വിറ്റൂടേ? ആളെ പറ്റിക്കാ ങ്ങള്?’
‘ഹമീദ് കച്ചോടത്തിൽ കള്ളം കാട്ടലില്ല’ തൊട്ടടുത്ത് തുണിവിരിച്ച് അടിവസ്ത്രങ്ങൾ വിൽക്കുന്ന കുഞ്ഞാലിയാണ് മറുപടി പറഞ്ഞത്.
‘പിന്നേ... മൂന്നുർപ്യെൻറ തുണിയാണല്ലോ കാലാകാലം നിക്കാൻ പോണത്?’ ഇബ്രാഹീം വിട്ട് കൊടുക്കാൻ തയാറല്ല.
‘അങ്ങനൊരു കള്ളം ഞാൻ പറഞ്ഞിട്ടില്ലെ’ന്ന് ഹമീദ്.
‘ബാപ്പക്കടിച്ചാ മോനിടാന്ന് പറഞ്ഞത് ഇങ്ങളെന്നല്ലേ...’
‘അത് സത്യാണ്, വേണേ കണ്ടം കൊണ്ടോയോക്ക്’
‘ന്നാ പിന്നെ നോക്കീട്ടെന്നെ കാര്യം’ വെള്ളയിൽ കള്ളിയുള്ള ഒന്നെടുത്ത് ഇബ്രാഹീം കുപ്പായം തുന്നിച്ചു. കൊള്ളാം, നല്ല എടുപ്പുള്ള തുണ്യെന്നെ, ഇബ്രാഹീമിന് സന്തോഷായി.
രണ്ടീസം ഇട്ട് അഴിച്ചിട്ടു അലക്കിത്തേച്ച് അലമാരയിൽ വെച്ചു. അടുത്ത മാസമാണ് സുലൈമാെൻറ മോളുടെ കല്യാണം. അന്നിടാം. എടുപ്പോടെ ഉടുത്ത് കല്യാണപ്പന്തലിലൂടെ നടക്കുന്നതും ഇതെവിടുന്നാ എന്ന ചോദ്യങ്ങൾ വന്ന് തന്നെ പൊതിയുന്നതും ഉത്തരം പറയാതെ വെറുതെ ഒന്ന് ചിരിച്ചുകൊണ്ട് വീണ്ടും പന്തലിലൂടെ നടക്കുന്നതും ഒക്കെ ഇബ്രാഹീം സ്വപ്നം കണ്ടുകൊണ്ട് ഒരു മാസം തള്ളിനീക്കി. കല്യാണത്തിൻറന്ന് രാവിലെ കുളിച്ചൊരുങ്ങി കുപ്പായം ഇടാൻ നോക്കിയ ഇബ്രാഹീം ഞെട്ടി. കൈ കയറുന്നില്ല.
കുത്തിക്കയറ്റിയപ്പോൾ കുടുക്കിടാൻ പറ്റുന്നില്ല. ദേഷ്യം വന്ന് അതേപടി സൈക്കിളുമെടുത്ത് മിഠായി തെരുവിലേക്ക് വച്ചുപിടിച്ചു. ഹമീദ് അപ്പോഴും തെൻറ കച്ചോടം തുടരുകയാണ്.
‘ബാപ്പക്കടിച്ചാ മോനിടാ
ബാപ്പക്കടിച്ചാ മോനിടാ...’
‘കള്ള ഹമീദേ... അെൻറ ചെള്ളക്കാടാ ഞാനിടാൻ പോണത്’ ആക്രോശം കേട്ടയുടൻ പന്തിയല്ലെന്ന് തോന്നിയ ഹമീദ്, ഇടതുമാറി വലതുചാടി കുഞ്ഞാലിക്കാടെ പിന്നീന്ന് വിളിച്ചുപറഞ്ഞു: ‘അപ്പഴേ ഞാൻ പറഞ്ഞതല്ലേ... ബാപ്പക്കടിച്ചാൽ മോനിടാന്ന്...’ പാഠങ്ങൾ അനുഭവത്തിൽനിന്ന് മാത്രം പഠിക്കുന്ന ഇബ്രാഹീമിന് കാര്യം തിരിഞ്ഞു. സൈക്കിളും ചവിട്ടി മിണ്ടാതെ പൊരേലേക്ക് പോയി. ഉള്ളതിൽ നല്ലതൊന്ന് എടുത്ത് വലിച്ചിട്ട് കല്യാണത്തിന് പോയി മൂലേലെ ഒരു മേശമ്മലിരുന്ന് ബിരിയാണിയും തിന്ന് നൂറുർപ്യെെൻറ ലക്കോട്ട് സുലൈമാെൻറ കൈയിലും കൊടുത്ത് തിരിച്ചുപോന്നു... ബാപ്പ പോയിട്ട് പുതിയാപ്പിള പോലും ആയിട്ടില്ലായിരുന്ന ഇബ്രാഹീം ആ ഷർട്ട് എന്തിനോവേണ്ടി ഭദ്രമായി മടക്കിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

