ഒന്നു മിണ്ടിപ്പറയാൻകൂടി കഴിയാതായാൽ
text_fieldsദയാനന്ദ സരസ്വതി,സീൻ മാക്ബ്രൈഡ്,ഡോ. വേലുക്കുട്ടി അരയൻ,വിവേകാനന്ദൻ
ശ്രദ്ധിക്കപ്പെടേണ്ട പല കാര്യങ്ങളും അത്രമേൽ ശ്രദ്ധിക്കപ്പെടാതെ കടന്നുപോവുന്ന, പ്രതികരണം ആവശ്യപ്പെടുന്ന പലതും നാമമാത്രപ്രതികരണങ്ങൾപോലും ഇല്ലാതെ ഒഴിഞ്ഞുപോവുന്ന, അസ്വസ്ഥപ്പെടേണ്ട ഒരവസ്ഥയിൽപോലും ഒന്ന് അസ്വസ്ഥപ്പെടാൻ പോലുമാവാത്ത, മിനിമം സംഭവിക്കുന്നത് ഇത്രയുമാണെന്ന് മനസ്സിലാക്കുകയെങ്കിലും ചെയ്യേണ്ട, കീഴ്മേൽമറിഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത്, ഞാനൊന്നും കണ്ടില്ല കേട്ടില്ല, ഞങ്ങളീ നാട്ടുകാരേയല്ലെന്ന മട്ടിൽ പലരും അലസമാവുന്നൊരു കാലത്ത്, എത്ര പറഞ്ഞിട്ടും എഴുതിയിട്ടും നിലവിളിച്ചിട്ടും എന്തുഫലം എന്ന് ചിലരെങ്കിലും ഉള്ളിൽ തട്ടി ഉത്കണ്ഠപ്പെടുന്നൊരു പശ്ചാത്തലത്തിൽ, പേടിപ്പെടുത്തുന്ന മൗനം ജീവിതത്തെ മൂടുമ്പോൾ, നാനാതരത്തിലുള്ള കമ്പോള ബഹളങ്ങൾക്കിടയിൽ ജീവിതം വീർപ്പുമുട്ടുമ്പോൾ, വ്യാജതിരക്കുകൾക്കിടയിൽ വിനയപ്പെടേണ്ട ബന്ധങ്ങൾ ഒലിച്ചുപോവുമ്പോൾ, മനുഷ്യർ പരസ്പരം കണ്ടും മിണ്ടിയും കേട്ടും സ്വന്തം സാക്ഷാത്കാരം ഉറപ്പു വരുത്തേണ്ടതുണ്ട്.
എന്നെക്കൊണ്ടെന്താവും എന്നല്ല, എന്നെക്കൊണ്ടാവുന്നതിന്റെ പരമാവധി ഞാൻ ചെയ്തില്ലെങ്കിൽ, പിന്നെ ഞാനെന്തിന് കൊള്ളും, എന്നുതന്നെയാണ് പരിമിതികൾക്കിടയിൽനിന്നും മറ്റാരും കേട്ടിട്ടില്ലെങ്കിലും നാമെന്നും നമ്മളോട് ചോദിക്കേണ്ടത്. സ്വയം സംസാരിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്താതിരിക്കുമ്പോഴാണ് സംഭാഷണങ്ങൾ സൂക്ഷ്മവും സർഗാത്മകവുമാവുന്നത്. നമ്മളോടുപോലും സ്വന്തം ഉള്ളംതുറന്ന് നമ്മൾ സംസാരിക്കാതിരുന്നാൽ നമ്മൾക്കുവേണ്ടി ആ കൃത്യം മറ്റാര് നിർവഹിക്കും?
അച്ചടിമാധ്യമങ്ങൾ മുതൽ സൈബർ മാധ്യമങ്ങൾ വരെയുള്ളവയുടെ വളർച്ച അത്ഭുതകരമാണ്. അതിന്റെ വിസ്മയാവഹമായ സാധ്യതകൾക്കും അധികാരോന്മുഖമായ പരിമിതികൾക്കുമിടയിലാണ് ഇന്ന് നാം ജീവിക്കുന്നത്. അപ്പോഴും മനുഷ്യനും മനുഷ്യനും തമ്മിലുള്ള നേർക്കുനേർ ബന്ധവും, അതിന്റെ ഭാഗമായ സംഭാഷണങ്ങളും തന്നെയാണ്, ജീവിതനേതൃത്വം ഏറ്റെടുക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളം ചോദിക്കുന്നവരോട്, ഇപ്പോൾ തിരക്കിലാണ്, പിന്നെ മെസേജിടാം എന്നു പറയുന്നതിലുള്ള അസംബന്ധം നമ്മെ അസ്വസ്ഥമാക്കുന്നില്ലെങ്കിൽ, മനുഷ്യത്വം വരണ്ടുപോകും.
വാക്കുകൾക്കിടയിൽനിന്ന് ചിത്രശലഭങ്ങൾ പറക്കുന്നത് നേരിൽ കാണണമെങ്കിൽ, സൗഹൃദത്തിന്റെ ആകാശത്തിൽ നക്ഷത്രങ്ങൾ നിരന്നുനിന്ന് നൃത്തം ചവിട്ടുന്നത് അനുഭവിക്കണമെങ്കിൽ, ചവിട്ടിനിൽക്കുന്ന മണ്ണിന്റെ കോരിത്തരിപ്പിൽ അനുഭൂതിപ്പെടണമെങ്കിൽ, മനസ്സറിഞ്ഞ് മനുഷ്യർക്ക് പരസ്പരം സംസാരിക്കാൻ കഴിയണം. സംഭാഷണം മാക്ബ്രഡ് കമീഷൻ റിപ്പോർട്ടിൽ പറയുന്നതുപോലെ, അസംഖ്യം സമ്പർക്കശൃംഖലകളുടെ ജീവിതരക്തം പുരണ്ടതാണ്. അതിൽ കൂടിച്ചേരുന്നത് ചോരയും നീരുമില്ലാത്ത വെറും വാക്കുകളല്ല, അറിയുന്നവരും അറിയാത്തവരുമായ അസംഖ്യം മനുഷ്യരുടെ നിനവുകളും കിനാവുകളുമാണ്.
സംഭാഷണനഷ്ടം ഒരു ജനതക്ക് സംഭവിക്കാവുന്ന മഹാനഷ്ടങ്ങളിൽ ഒന്നാണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയാൽ, കുഴച്ചിൽ സംഭവിക്കുന്നത്, ജീവിതത്തെ പ്രകാശപൂർണമാക്കേണ്ട പൊതു ജീവിതത്തിനായിരിക്കും. മദ്യപാനം, മാംസഭക്ഷണം, രാഷ്ട്രീയം ഇതൊന്നുമില്ലാത്ത മാതൃകാസ്ഥാനത്തെക്കുറിച്ചുള്ള സൈദ്ധാന്തിക പരികൽപനകൾക്ക് നമ്മുടെ ഇന്ത്യൻ കാലം നൽകുന്നത് വൻ പ്രചാരണമാണ്!
മലിനമാവുന്ന വായു മുതൽ മലിനമാവുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള അനിവാര്യമായ ആലോചനകൾക്കുവരെ അവധികൊടുത്തുകൊണ്ടാണ്, ഒരുവിധേനയും പരസ്പരം പൊരുത്തപ്പെടാത്ത മദ്യപാനം, മാംസഭക്ഷണം, രാഷ്ട്രീയം എന്നിവയെ ബലാൽക്കാരേണ ചേർത്ത്, സ്വസ്ഥ ജീവിതമാതൃകയുടെ ത്രിത്വം, ദൃശ്യവും അദൃശ്യവുമായി നിർമിക്കുന്നത്.
ഈയിടെ കണ്ട, തമിഴ്നാട്ടിലെ പോണ്ടിച്ചേരിക്കടുത്തുള്ള മെയ്വഴിശാല ഗ്രാമത്തെക്കുറിച്ചുള്ള വിവരണത്തിലാണ് ഇതെഴുതുമ്പോൾ ഒടുവിലായി ഈ വിശുദ്ധത്രിത്വംകണ്ട്, ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ വിരണ്ടു പോയത്! എല്ലാ കോമാളിത്തരത്തിനുമുണ്ടാവണം ഒരതിര്!
ഒരു രാഷ്ട്രത്തിൽ, ആ രാഷ്ട്രം നിർദേശിക്കുന്ന പൗരധർമമനുസരിച്ചുകൂടി ജീവിക്കാൻ നിർബന്ധിതമായ പൗര/മനുഷ്യരുടെ ജീവിതത്തെയാകെ നിർണയിക്കുന്ന രാഷ്ട്രീയത്തിൽനിന്ന് ആർക്കും ഒരുവിധേനയും മാറിനിൽക്കാൻ കഴിയില്ലെന്നിരിക്കെ, രാഷ്ട്രീയം ഇല്ലാത്ത സ്ഥലമെന്ന് ഒരു ബഹുമതിയായി പറയുകയും, പിന്നീട് ജനങ്ങളിൽ ഒരു വലിയവിഭാഗത്തിന്റെ ഭക്ഷണമായ, മത്സ്യമാംസാദികളെ മദ്യപാനത്തോട് ചേർത്തുകെട്ടി, സർവ കുഴപ്പവാദം ഇയർത്തുകയും ചെയ്യുന്നതിന്റെ യുക്തി അപഗ്രഥിക്കപ്പെടാതെ പോവുന്നത്, പ്രാഥമിക രാഷ്ട്രീയബോധംപോലും ഇല്ലാതാവുന്നതുകൊണ്ടോ, ഇല്ലാതാക്കപ്പെടുന്നതുകൊണ്ടോ ആണ്. പല നിലകളിൽ പൊതുജീവിതം, അല്ലെങ്കിൽ രാഷ്ട്രീയജീവിതം കുറയുന്നതോടെയാണ്, കാലം ആവശ്യപ്പെടുന്ന സംഭാഷണങ്ങളും കുറയുന്നത്.
എല്ലാ ദിവസവും എത്രയോ ഒഴിവു സമയമുണ്ടായിട്ടും പരസ്പരം കാണുമ്പോൾ ഒന്നിച്ചിരിക്കുമ്പോൾ, എന്താ സുഖമല്ലേ എന്നുമാത്രം, എന്തോ ക്രൂരനിർബന്ധ ബുദ്ധിയോടെ, എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഒരസുഖമാണെന്ന് പലർക്കും മനസ്സിലാവാത്തത്, വരൾച്ചയുടെ കാലത്തും, പച്ചപ്പുപോലെ പടർന്ന് കുളിർമ പകരേണ്ട സംഭാഷണ നഷ്ടത്തെ, സ്വാഭാവികമായി സ്വീകരിക്കാൻ അവരത്രമേൽ പരിശീലിപ്പിക്കപ്പെട്ടതുകൊണ്ടാണ്. ഒരു ജനസമൂഹത്തിൽ സംഭവിക്കുന്ന സംഭാഷണ നഷ്ടത്തിൽകൂടിയാണ് അധികാരം സുരക്ഷിതമാവുന്നത്.
ആധിപത്യത്തിനും വിധേയത്വത്തിനുമിടയിൽ വെച്ചാണ്, മറ്റു പലതിനുമൊപ്പം സ്വതന്ത്രമായ സംഭാഷണങ്ങളും, അതിന്റെ വികസിത രൂപമായി കരുതാവുന്ന സംഭാഷണങ്ങളും കുറയുന്നത്. ആദ്യമാദ്യം തന്നെപ്പോലുള്ള മറ്റു മനുഷ്യരിൽനിന്നും, ഒടുവിൽ തന്നിൽനിന്നും, ഒഴിഞ്ഞു മാറിപ്പോവാനുള്ള ശ്രമം ശക്തമാവുമ്പോഴാണ്, പൊതുജീവിതം ശുഷ്കമാവുന്നത്.
അപ്പോൾപിന്നെ ഗാന്ധി വധമില്ല, ബാബരി പള്ളി പൊളിച്ചതില്ല, ഗ്രഹാംസ്റ്റൈയിൻസിനെയും മക്കളെയും കൊന്നതില്ല, ഗുജറാത്ത് കന്ധമാൽ വംശഹത്യകളില്ല ഫാഷിസമില്ല വിലക്കയറ്റമില്ല പഹൽഗാമിലെ ഭീകരാക്രമണമില്ല കാലാവസ്ഥാ വ്യതിയാനമില്ല കൺമുമ്പിൽവെച്ച് ഇല്ലാതാവുന്ന ഗസ്സയുമില്ല, എന്തിന് ആ പഴയ സംഭാഷണനഷ്ട സ്വാർഥകഥയിലെ തട്ടാൻ പോലുമില്ല!
ഞാനും എന്റെ ഭാര്യയും അവൾക്ക് സ്വർണമുണ്ടാക്കാനുള്ള തട്ടാനും എന്നതായിരുന്നു മുമ്പ് സ്വാർഥ സ്വകാര്യതയുടെ മാനിെഫസ്റ്റോയായി കരുതപ്പെട്ടത്. സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ളത് പിന്നീട് അതിനോട് കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കണം! എന്നാലിപ്പോൾ അവിടെനിന്നും ചിലർ ഏറെ പുരോഗമിച്ചിരിക്കുന്നു. തട്ടാനെ തട്ടുകയും പഴയ സ്വന്തം കാര്യം എന്നതിനോട്, സ്വന്തം കാര്യം മാത്രം എന്നെഴുതിച്ചേർക്കുകയും ചെയ്തിരിക്കുന്നു.
മത്സ്യ-മാംസാദികളെ ഒഴിച്ചുനിർത്തുന്ന ഒരു ജീവിതത്തെ സ്വസ്ഥസ്ഥലമായി സ്വീകരിക്കുന്ന മാനസികാവസ്ഥയിലും, അതിലെന്താ കുഴപ്പമെന്ന് ചോദിക്കുന്ന അതിൽ ഏറെ കുഴപ്പം പിടിച്ച മാനസികാവസ്ഥയിലും അഭിരമിക്കുന്നവർ ഏറ്റവും ചുരുങ്ങിയത്, ഡോ. വേലുക്കുട്ടി അരയന്റെ പ്രശസ്തമായ ‘മത്സ്യവും മതവും’ എന്ന പ്രബന്ധരൂപത്തിൽ അച്ചടിച്ചുവന്ന 1935ലെ ചരിത്രപ്രസിദ്ധമായ പ്രഭാഷണമെങ്കിലും ഓർമിക്കണം. അടിസ്ഥാനജനതക്ക് അവർ മത്സ്യം പിടിക്കുന്നവരും, കഴിക്കുന്നവരുമാകയാൽ ക്ഷേത്രപ്രവേശനം നിരോധിച്ചവർക്കെതിരെയുള്ള ഗംഭീരമായ ആശയാന്വേഷണമാണ് അന്ന് ഡോ. വേലുക്കുട്ടി അരയൻ നടത്തിയത്.
എന്നിട്ടും നമ്മളിൽ ചിലരിന്നും മത്സ്യമാംസാദികളെ മദ്യത്തിനും രാഷ്ട്രീയത്തിനും ഒപ്പം ചേർത്ത് അർമാദിക്കുകയോ, അതിലൊക്കെ എന്താണൊരു കുഴപ്പം എന്ന് ചോദിച്ച് ആശ്വസിക്കുകയോ ചെയ്യുകയാണ്. മാംസം കഴിക്കുന്ന വിദേശികൾ എന്നുമുതൽ ഇന്ത്യയിൽ വന്നോ, അന്നുമുതൽ ആര്യന്മാരുടെ സങ്കടം വർധിച്ചുവന്നു എന്നെഴുതിയത് മഹാപണ്ഡിതനായ, വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത, ആര്യസമാജത്തിന്റെ സ്ഥാപകനായ ദയാനന്ദ സരസ്വതിയാണ്.
ഒരാൾ കഴിക്കുന്ന ഭക്ഷണം അയാൾക്ക് സന്തോഷം പകരുന്നത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ, അപരവിദ്വേഷക്കറ പുരളാത്ത വേറൊരാളുടെ ഭക്ഷണത്തെയോർത്ത്, മറ്റുള്ളവർ വ്യാകുലരാവുന്നതെന്തിന്? രണ്ട് കൂട്ടരും മനുഷ്യർക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടാത്തതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് സ്വകാര്യതയുടെ ഇടുങ്ങിയ കിടങ്ങുകളിൽ നിന്ന്, നമ്മൾ പൊതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
പൊതുജീവിതപ്രവേശത്തിലേക്കുള്ള വാതിലുകളൊക്കെ എത്ര സമർഥമായാണ്, അടച്ചുപൂട്ടപ്പെടുന്നതെന്ന് മനസ്സിലാക്കപ്പെടാതിരിക്കുമ്പോൾ; ഒന്ന് ചുമ്മാ തലപൊക്കി നോക്കിയാൽനമ്മുടെ ശിരസ്സിനുമുകളിലിരുന്ന് ചിരിക്കുന്നത് ആരാണെന്ന് അപ്പോൾ ബോധ്യമാവും! അന്നവിചാരം മുന്നവിചാരം എന്നുള്ളത്, അതിനൊപ്പം ഓർക്കേണ്ട മറ്റ് കാര്യങ്ങൾ മറക്കുന്നില്ലെങ്കിൽ, ഗംഭീര രാഷ്ട്രീയ മുദ്രാവാക്യമാണ്.
എന്നാൽ മദ്യം, മാംസം, മത്സ്യം, രാഷ്ട്രീയം ഇല്ലാത്ത സ്വതന്ത്ര റിപ്പബ്ലിക് എന്ന പരസ്യം ആഘോഷിക്കുന്നത്, അരാഷ്ട്രീയതയാണ്. ബഹുസ്വരതയുടെ കഴുത്തിലല്ല, ആത്മാവിൽതന്നെയാണത്, കത്തിവെക്കുന്നത്. നായർക്ക് ഇഞ്ചിപക്ഷം, അച്ചിക്ക് കൊഞ്ചുപക്ഷം എന്ന മലയാളം ചൊല്ലിലെ ഭക്ഷണസൗഹൃദത്തെയാണത് കാണാതിരിക്കുന്നത്.
അടുക്കള ദേവാലയമാണെന്നും വെപ്പ്പാത്രം ദൈവമാണെന്നും പറഞ്ഞ വിവേകാനന്ദനെപ്പോലും ആ സ്വതന്ത്രറിപ്പബ്ലിക് സ്വന്തം ചാരത്ത് കാലുകുത്താൻ അനുവദിക്കുകയില്ല! അകത്തും പുറത്തും ഭയം നിറയുമ്പോൾ സ്വതന്ത്രമായ സംഭാഷണങ്ങൾ കുറയും!
എന്തുകേട്ടാലും, ഒരുവട്ടംപോലും ആലോചിക്കാതെ ചേർത്തുവെച്ച് അടിച്ച് അഭിനന്ദനം അറിയിക്കാനുള്ളതല്ല, നമ്മുടെ കൈകളെന്ന്, ആരുടെ ഏത് പരസ്യം കാണുമ്പോഴും മനുഷ്യർ മറക്കരുത്. സർവ പരസ്യങ്ങളും പൊതുജീവിതഭാഗമായി വളർന്ന സംഭാഷണങ്ങൾക്കെതിരെയുള്ള ഒളിയുദ്ധങ്ങളാണ്.
പരസ്യങ്ങൾ കണ്ടും വായിച്ചുമാണ്, അല്ലാതെ അതിനെ ആരാധിച്ചുകൊണ്ടല്ല നമ്മളതിനെ അതിജീവിക്കേണ്ടത്. പരസ്യങ്ങളേയില്ലാത്ത ഒരു ലോകത്തെയല്ല, സർവ പരസ്യങ്ങളോടും സൂക്ഷ്മമായി പ്രതികരിക്കാൻ സജ്ജമായ ഒരു ജനസമൂഹമുള്ള സംഭാഷണ നഷ്ടം സംഭവിക്കാത്ത ഒരു രാഷ്ട്രത്തെയാണ് നാം സ്വപ്നം കാണേണ്ടത്. സ്വപ്നമെങ്കിലും കാണാൻ കഴിയുമെങ്കിൽ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

