വിൽപനക്ക്
text_fieldsവിൽപനക്ക് വെച്ചിരിക്കുന്ന
പഴയൊരു വീട്
കാണുവാൻ പോയി.
വാങ്ങാനല്ല;
ഒന്നു കണ്ടിരിക്കാമല്ലോയെന്നു കരുതി.
മക്കളാണ് പറഞ്ഞത്
അച്ഛനും അമ്മയും
ഒന്നുപോയി കണ്ടുനോക്കാൻ...
കണ്ടുകഴിഞ്ഞ്
ഇഷ്ടപ്പെട്ടാൽ....
ഒറ്റനോട്ടത്തിൽ
പഴക്കമൊന്നും തോന്നിയില്ല.
വിൽപനക്ക്
വെച്ചിരിക്കുന്നത് കൊണ്ടാവാം
നന്നായൊന്നു മോടിപിടിപ്പിച്ചിട്ടുണ്ട്.
പുതു പെയിന്റിന്റെ ഗന്ധം...
കട്ടളപ്പടികൾ, ജനലഴികൾ,
വാതിൽച്ചട്ടങ്ങൾക്കൊക്കെയും
പുതുനിറം, പുതു ഗന്ധം...
എന്തിനു വിൽക്കുന്നുവെന്ന്
ആരാഞ്ഞപ്പോൾ കിട്ടിയ മറുപടി:
‘പ്രായം കൂടിയില്ലേ...’
ജനൽപാളിയിലെ
കണ്ണാടിച്ചില്ലിൽ പതിഞ്ഞ
സ്വന്തം രൂപം
ഒരിക്കൽക്കൂടി
കണ്ണട തുടച്ചുവെച്ചു:
‘ശരിയാണ്... പ്രായം കൂടിവരുന്നു...’
വലിയൊരു വീട്,
ധാരാളം മുറികൾ,
നല്ല വായുസഞ്ചാരം...
എന്തു ചെയ്യാം...
പ്രായമായിപ്പോയില്ലേ...
ഈ വീട്ടിൽ
എത്രപേർ താമസിച്ചിരിക്കാം ഇതുവരെ?
എത്രപേരുടെ
ശ്വാസനിശ്വാസങ്ങൾ പതിഞ്ഞ
മുറിയിടങ്ങൾ,
വിരൽ സ്പർശമേറ്റ ഭിത്തികൾ...
അടുക്കളയിൽ
വെന്തു, തിളച്ചു, തണുത്ത
എത്രയെത്ര നെടുവീർപ്പുകൾ...
അവരൊക്കെ ഇപ്പോഴെവിടെ...?
അവർക്കും പ്രായമായോ...?
അടുക്കള കട്ടളപ്പടിയിൽ
പുതുനിറത്തിനും മായ്ക്കാനാവാത്ത
നരച്ചുപോയൊരു
ഓർമക്കുളിര്...
വീടുകണ്ട് പുറത്തിറങ്ങിയപ്പോൾ
മക്കളുടെ ഫോൺ...
‘അച്ഛനും അമ്മയ്ക്കും വീടിഷ്‌ടപ്പെട്ടോ...?
ഇഷ്‌ടപ്പെടുമെന്ന് ഞങ്ങൾക്കറിയാം...’
മറുപടി പറയാതെ
മതിലിനോട് ചേർത്തുവെച്ച
ബോർഡിലെ മാറാല
നരച്ച, വിറയൽ ബാധിച്ച കൈപ്പടം കൊണ്ട്
മെല്ലെ തുടച്ചു...
‘വിൽപനക്ക്...’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

