അവസാനമില്ലാത്ത നിലവിളികൾ
text_fieldsഹ..സീ... ബ്.... ഹ...സീ...ബ്…
കാറ്റൂതുന്ന പോലെ ഒരു ചെറിയ ശബ്ദം ഹസീബിന്റെ ചെവിയിൽ പതിച്ചു.
എല്ലുന്തി വളഞ്ഞ മുതുകും, കൂടുകെട്ടി ഉന്തിയ നെഞ്ചുമുള്ള ഒരു പട്ടിണിക്കോലം അഭയാർഥി ക്യാമ്പിലെ ആ ചെറിയ ടെൻഡിലെ കീറത്തുണികൾ വിരിച്ച നിലത്തു നിന്നും നീരു വന്ന് വീർത്ത കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് പതിയെ എഴുന്നേറ്റു നിന്നു. കാലുകൾ കുഴഞ്ഞ് വീണുപോകുമെന്ന് തോന്നിയെങ്കിലും അവൻ എങ്ങനെയോ എണീറ്റു പുറത്തേക്ക് നടക്കുമ്പോൾ അടുത്തു കിടക്കുന്ന അബ്ബയെ ഒന്ന് പാളി നോക്കി.
ഒരു മയ്യത്ത് കിടക്കുന്നതു പോലെയാണ് പോലെയാണ് അബ്ബയുടെ കിടത്തം കണ്ടാൽ തോന്നുക. ഒറ്റക്ക് പുറത്തു പോകരുതെന്ന് അബ്ബയുടെ വാക്കുകൾ അവനോർത്തെങ്കിലും ദിൽഷാദും ഹന്നയുമാണ് വിളിക്കുന്നത്. എന്തെങ്കിലും ഒരു കാര്യമില്ലാതെ അവർ വിളിക്കില്ല എന്നുറപ്പിൽ അവൻ പതിയെ വേച്ചു വേച്ചു പുറത്തേക്ക് നടന്നു.
പഴകി മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ ആ മൂന്നു കുട്ടികളും ഇരുളിന്റെ നിശബ്ദതയിൽ ടെന്റിനു പുറത്തിറങ്ങിയത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.
ഹസീബ് ദിൽഷാദിനെ പിടിച്ചുനിർത്തി ചോദിച്ചു: "അനാവശ്യമായി പുറത്തിറങ്ങിക്കൂടാ എന്ന് നിനക്കറിയില്ലേ ദിൽഷാദ്... പിന്നെ എന്തിനാണീ സാഹസം? ’ മുഖം ദിൽഷാദിൽ നിന്നും തിരിച്ചുപിടിച്ച് ഹസീബ് നിന്നു.
‘ഈ വിശപ്പിന്റെ വിളി എനിക്ക് സഹിക്കാനാവുന്നില്ല ചങ്ങാതീ... ഇതിന്റെ കാഠിന്യം എന്റെ ജീവൻ തന്നെ എടുക്കും. ഇവിടെ ഇങ്ങനെ കിടന്നു പട്ടിണി കിടന്നു മരിക്കുന്നതിലും നല്ലതല്ലേ... ‘ ദിൽഷാദ് പറഞ്ഞു നിർത്തി.
ഇത്രമാത്രം ശിക്ഷ അനുഭവിക്കാൻ എന്ത് തെറ്റാണ് നമ്മൾ ചെയ്തതെന്ന് ഞാൻ ഇടക്ക് എന്റെ ഉപ്പുപ്പായോട് ചോദിക്കാറുണ്ട്. പക്ഷേ, അദ്ദേഹത്തിൽനിന്ന് വ്യക്തമായ ഉത്തരം ഇന്നുവരെ കിട്ടിയിട്ടില്ല. എന്റെ ഉമ്മിയെയും ഇക്കാക്കമാരെയും നഷ്ടപ്പെട്ട പോലെ എന്നെയും നഷ്ടപ്പെടും എന്ന പേടി കൊണ്ടാവാം അദ്ദേഹം എന്നെ ചേർത്തുപിടിച്ച് മുകളിലേക്ക് നോക്കും. ആ കണ്ണുകളിൽ നിന്നും ഊറിവരുന്ന നനവ് തലയിൽ വീഴുമ്പോൾ ചോദ്യങ്ങൾ ചോദിക്കണ്ടായിരുന്നു എന്ന് ഞാൻ ചിന്തിക്കും.
എന്തെങ്കിലും കഴിച്ചിട്ടോ കുടിച്ചിട്ടോ ദിവസങ്ങൾ ആയില്ലേ? പട്ടിണി കിടന്ന് ഇങ്ങനെ ജീവിക്കുന്ന നമ്മളോട് എന്തായിരിക്കും ദൈവം കരുണ കാണിക്കാത്തത്? ഇത്ര വെറുക്കപ്പെടാൻ മാത്രം എന്ത് തെറ്റാണ് നമ്മൾ ചെയ്തത്?
ദിൽഷാദ് പറഞ്ഞതിൽ എതിർക്കാനായി ഒന്നുമില്ലാത്തത് കൊണ്ട് ഹസീബ് തലയും താഴ്ത്തി വെറുതെ നിന്നു. പോകാം... ഏതോ വലിയൊരു നേതാവിന്റെ ഭാവത്തിൽ ദിൽഷാദ് മുന്നിൽ നടന്നു. അവനെ അനുഗമിച്ചു ബാക്കി രണ്ടു പേരും. ആ പ്രഭാതത്തിലെ നനുത്ത തണുപ്പിനോ, സുഖമുള്ള കാറ്റിനോ, ഒന്നിനും തന്നെ ആ കുഞ്ഞുങ്ങളുടെ വിശപ്പിന്റെ കാഠിന്യവും ക്ഷീണവും കുറയ്ക്കാൻ കഴിഞ്ഞില്ല.
സത്യത്തിൽ വിശപ്പും ക്ഷീണവും കൊണ്ട് തണുപ്പത്തും അവരുടെ അകം ആളുകയായിരുന്നു. ഹന്ന ഹസീബിനെ പതുക്കെ ചേർത്ത് പിടിച്ചു. കൂട്ടത്തിൽ ചെറുതും തീരെ ആരോഗ്യം കുറഞ്ഞവനും അവനായിരുന്നു. ഹന്നയോട് ചേർന്നു നടക്കുമ്പോൾ ഹസീബിനും ഒരിത്തിരി ആശ്വാസം തോന്നി.
ഒരുവേള താൻ ഹസീബിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയാണോ എന്ന് ഹന്നക്ക് തോന്നി. അത് സത്യവുമായിരുന്നു. മുമ്പുണ്ടായ മുറിവുകളിൽ പൊറ്റ കെട്ടിയത് ഇളകി ചലമൊലിക്കാൻ തുടങ്ങിയതിനാൽ വേദന കൊണ്ട് ഓരോ അടി നടക്കുന്നതും ഒരു വലിയ പർവതം കയറുന്ന പ്രതീതിയായിരുന്നു അവന്. ഒരു വൃത്തിയുള്ള തുണിയെങ്കിലും കിട്ടിയിരുന്നെങ്കിൽ കാലിൽ ചുറ്റിയിടാമായിരുന്നു എന്നവൻ കൊതിച്ചു. കീറിയ ഉടുപ്പുകൾക്കിടയിലൂടെ തണുപ്പ് അരിച്ചു കയറാൻ തുടങ്ങിയിരുന്നു. അതുകൂടി ആയപ്പോൾ തനിപ്പോ മരിച്ചു പോകുമെന്നവന് തോന്നി പോയി.
ഹന്നക്കും ദിൽഷാദിനും കുറച്ചുകൂടി വേഗത്തിൽ നടക്കാൻ കഴിയുന്നുണ്ട്. അവരുടെ ഉമ്മിമാരൊക്കെ അല്ലാഹുവിലേക്ക് മടങ്ങിപ്പോയിട്ട് അധികം നാളാവാത്തത് കൊണ്ട് അവർക്ക് തന്നെക്കാൾ ആരോഗ്യമുണ്ടല്ലോ എന്നവനോർത്തു. ഉമ്മിയെ കുറിച്ചോർക്കുമ്പോ, ആ കാലത്തെ കുറിച്ചോർക്കുമ്പോ സങ്കടം താങ്ങാനാവാതെ അവൻ പിന്നെയും തളരും. സഹിക്കാനാവാത്ത ദുഃഖങ്ങൾ ചുറ്റിലും ഉണ്ടെങ്കിലും എന്നെങ്കിലും അതെല്ലാം മാറി തങ്ങളെയും തിരഞ്ഞ് സന്തോഷം വരുമെന്ന് അബ്ബ പറഞ്ഞാശ്വസിപ്പിക്കാറുള്ളത് ഓർമയിൽ വരുമ്പോൾ ആ നല്ല കാലത്തെ ഓർത്ത് എല്ലാം തരണം ചെയ്യാൻ അവൻ മനസ്സിനെ മെരുക്കും.
വഴിയിൽ അങ്ങിങ്ങ് മിന്നാമിനുങ്ങുകളുടെ വെളിച്ചം മാത്രം. മൂവരും നടത്തം തുടർന്നു. പുലർന്നു തുടങ്ങിയപ്പോഴാണവർ ലക്ഷ്യത്തിലെത്തിയത്. ദൂരെനിന്നും തന്നെ നീണ്ടൊരു നിര കാണുന്നുണ്ടായിരുന്നു. അത് കണ്ണിൽപ്പെട്ടതു മുതൽ ദിൽഷാദ് വെപ്രാളത്തിലായി. "അപ്പോഴേ നിങ്ങളോട് പറഞ്ഞതാണ് ഒന്ന് വേഗത്തിൽ നടക്കാൻ... ഇനിയിപ്പോ പോയിട്ട് കാര്യമുണ്ടാവുമോ എന്ന് കണ്ടറിയാം... " എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഏന്തി വലിഞ്ഞു മുന്നിൽ ഓടുന്ന ദിൽഷാദിനെ നിസ്സഹായരായി സാവകാശം പിന്തുടരാനോ മറ്റു രണ്ടുപേർക്കും കഴിഞ്ഞുള്ളൂ.
ഒരുവിധം ആൾക്കൂട്ടത്തിനടുത്തേക്ക് ഓടിയെത്തിയ ദിൽഷാദിന് വലിയ ആശ്വാസം തോന്നി. ഹാവൂ, വന്നത് വെറുതെ ആയില്ലല്ലോ... വരിയിൽ അവൻ സ്ഥാനം പിടിച്ചു. കുറേ നേരത്തിനു ശേഷം ഇഴഞ്ഞിഴഞ്ഞെന്ന പോലെ എത്തിയ രണ്ടു പേരെയും പിടിച്ചു വലിച്ചു മുന്നിൽ നിർത്തി.
മുന്നിലെ ട്രക്കിൽ നിരത്തി വെച്ച ഭക്ഷണത്തിലും വെള്ളത്തിലും മാത്രമായിരുന്നു അവരുടെ മൂവരുടെയും ശ്രദ്ധ. അവരുടെ മാത്രമല്ല. അവിടെ നിൽക്കുന്ന എല്ലാവരുടെയും. ഭക്ഷണപ്പൊതികളിൽ കണ്ണും നട്ടിരിക്കുമ്പോൾ വിശപ്പിന്റെ കാഠിന്യം കൂടുന്നവരും കുറയുന്നവരും കൂട്ടത്തിലുണ്ടായിരുന്നു..
ആരും അതിൽ നിന്നും ഒരു നോട്ടം പോലും തെറ്റിച്ചില്ല. ഹസീബിന് തന്റെ ക്ഷീണവും തളർച്ചയും ഇത്തിരി കുറഞ്ഞ പോലെ തോന്നി. അത്രയും നേരം മുഴുവൻ തുറക്കാനാവാതിരുന്ന കണ്ണുകൾ ഒരു പൂപോലെ വിടർന്നു. ഉമിനീരില്ലാതെ വറ്റി വരണ്ട് ഒട്ടിപ്പിടിച്ച നാവിനടിയിൽ വെള്ളം നിറഞ്ഞു. വരണ്ടുണങ്ങിയ ചുണ്ടുകൾ കടിച്ചുപിടിക്കാൻ തുടങ്ങി. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഇപ്പൊ താനാണെന്നവനു തോന്നി.
ആദ്യം വെടിയുണ്ടകൾ പതിച്ചത് കൂട്ടത്തിലെ മുതിർന്നവർക്കു നേരെയാണ്. എല്ലാം മറന്നു ഭക്ഷണപ്പൊതിയിൽ കണ്ണും മനസ്സും ലയിച്ചു നിൽക്കുന്നവർ നോട്ടം മാറ്റുമ്പോഴേക്കും വിശപ്പും വേദനകളുമില്ലാത്ത ഒരു ലോകം അവരെ പുൽകിയിരുന്നു. തലയിലും നെഞ്ചിലും തറച്ചത് വെടിയുണ്ടകൾ ആണെന്നുപോലും ആ കുട്ടികൾ തിരിച്ചറിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

