പൊടിക്കാറ്റ്
text_fieldsസ്റ്റിയറിങ് കൈയിൽ കിട്ടിയാൽ സ്പീഡ് ലിമിറ്റ് കഷ്ടിച്ച് മറികടന്നോ ഇല്ലയോ എന്ന മട്ടിൽ വണ്ടി ഓടിക്കുന്നതാണ് നസീറിെൻറ പതിവ്. രണ്ടു മൂന്ന് തവണ കീശ ചോർന്നതുകൊണ്ടാണ് ഇപ്പോൾ അല്പമൊരു ശ്രദ്ധ വന്നത്. അന്ന് പതിവ് പോലെ വളയം പിടിച്ചെങ്കിലും, പുറത്ത് പൊടിക്കാറ്റിെൻറ അലകൾ വണ്ടിയുടെ ഗ്ലാസും കടന്ന് കണ്ണിനു വല കെട്ടിയതിനാൽ വേഗത വളരെ കുറച്ചായിരുന്നു പോക്ക്.
ഒരു പ്രാദേശിക സംഘടനയുടെ അവാർഡ് ദാന ചടങ്ങാണ് ലക്ഷ്യം. ജി.സി.സിയിൽ ഇപ്പോൾ കൂട്ടായ്മകൾ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. എത്ര വൈകി ഇറങ്ങിയാലും നസീറിെൻറ കൂടെയാണെങ്കിൽ വണ്ടി ചടങ്ങ് തുടങ്ങും മുൻപേ അവിടെ എത്തിയിരിക്കും. എന്നാൽ അന്നത്തെ പൊടിക്കാറ്റ് അതിന് വിലങ്ങുതടിയായിക്കൊണ്ട് അവനെ കൊഞ്ഞനം കുത്തി.
വിറകടുപ്പിൽ തിളയ്ക്കുന്ന ചായപ്പാത്രത്തിലെ ആവിയിലേക്ക് മുകളിലേക്കുയരുന്ന വെണ്ണീർപ്പൊടി കലർന്ന് ചാരനിറം പൂണ്ട ഒരു മൂടാപ്പായിരുന്നു പുറംകാഴ്ച. ആ കാലാവസ്ഥയിൽ കാറ്റു തീർക്കുന്ന മണൽരൂപങ്ങൾ ഭീകരസത്വം പൂണ്ടതുപോലെ തോന്നിപ്പിച്ചു. ചിലത് പുരാതന ശില്പങ്ങൾ പോലെയോ യക്ഷികളെ പോലെയോ തോന്നിപ്പിക്കുന്നുണ്ടായിരുന്നു. പത്തഞ്ഞൂറ് കിലോമീറ്റർ യാത്രയ്ക്കിടയിൽ, മഴക്കാലത്ത് ചണ്ടികൾ വലിച്ചുവരുന്ന പുഴകളുടെ ശീലം മരുക്കാറ്റിനുമുണ്ടെന്ന് തോന്നിപ്പോയി.
മരുഭൂമിയിൽ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചുകൂട്ടി അവസാദ ശിലകൾ രൂപപ്പെടുത്തുന്ന തിരക്കിലായിരുന്നു പൊടിക്കാറ്റ്. വണ്ടി കുറച്ച് നീങ്ങിയപ്പോൾ കച്ചറകൾക്കിടയിൽ നിന്ന് ഒരു കൈ വണ്ടിക്കു നേരെ നീണ്ടു.
കണ്ടാൽ കാറ്റു കൂട്ടിയ ചണ്ടിക്കൂന പോലുള്ളൊരു മനുഷ്യരൂപം. കീറിപ്പറിഞ്ഞ പൈജാമയും കുർത്തയും, കയ്യിൽ ഒരു ഇടത്തരം ബാഗും. എവിടെ നിന്നോ കാറ്റിനോട് പൊരുതി വന്ന് അയാൾ ഞങ്ങളുടെ വണ്ടിക്കു നേരെ കൈ നീട്ടി. അപ്പോൾ വണ്ടിയിലുള്ള ജീവകാരുണ്യ പ്രവർത്തകെൻറ മനസ്സലിഞ്ഞു. അത് മരുമഴയായി പെയ്യാൻ തുനിഞ്ഞപ്പോൾ അയാൾ ചോദിച്ചു: ‘നിർത്തിയാലോ?’ എന്ന് ചോദിച്ചു.
‘ഫൈവ് സീറ്റർ വണ്ടിയിൽ മകനടക്കം ഇപ്പോൾ തന്നെ ആറു പേരുണ്ട്, ഇനി എങ്ങോട്ട് കയറ്റാനാ?’ ഈ അടുത്ത് മാത്രം പ്രവാസം തുടങ്ങിയ, ‘ഉലക്കമേൽ കിടക്കുന്ന പ്രവാസിയുടെ’ ശീലം അത്രയ്ക്കങ്ങ് വന്നിട്ടില്ലാത്ത മധു, ഇടുങ്ങിയിരുന്ന് വീർപ്പുമുട്ടാൻ വയ്യാതെ ഉടനെ പ്രതികരിച്ചു: ‘വണ്ടിയിൽ ആറു പേരുണ്ട്, ഇനിയെങ്ങോട്ടാ ഈ ചണ്ടിക്കൊട്ടയെ കയറ്റുന്നത്?’ അവെൻറ ഈർഷ്യത വാക്കുകളിൽ പ്രകടമായിരുന്നു. ‘ഇവിടെ അടുത്തെങ്ങാനും സൂക്ക് കാണും, നമുക്ക് കാര്യം ചോദിച്ചറിഞ്ഞ് അവിടെ ഇറക്കിവിടാം. ഏതായാലും ഒരു ജീവകാരുണ്യ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയല്ലേ, വഴിയിൽ കിട്ടിയ ഈ 'ഇര രക്ഷ' ചിലപ്പോൾ പ്രവർത്തന റിപ്പോർട്ടുകളിൽ ഒരു പൊൻതൂവൽ ആയാലോ!’ വണ്ടി ഡ്രൈവറും പരിപാടിയുടെ സംഘാടകനുമായ ആ എളിയ പ്രവർത്തകെൻറ നർമ്മം കലർന്ന മറുപടി എല്ലാവരെയും ഒന്ന് ഒതുങ്ങിയിരിക്കാൻ പ്രേരിപ്പിച്ചു. വണ്ടി മുന്നോട്ട് നീങ്ങി. ‘കാറ്റൊഴിഞ്ഞ ഒരിടത്ത് നിർത്തി വിവരങ്ങൾ ചോദിച്ച് അയാളെ ഇറക്കിവിടാം,’ നേതാവ് എല്ലാവരുടെയും അസ്വാസ്ഥ്യം മാറ്റാൻ ഒരു ആശ്വാസവാക്ക് മൊഴിഞ്ഞു.
‘ഏതെങ്കിലും ആടുജീവിതം ആയിരിക്കും പാവം,’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ, വലിയ താല്പര്യമില്ലാതിരുന്നിട്ടും റൂംമേറ്റായ നേതാവിനെ പിണക്കേണ്ടെന്ന് കരുതി കുമാരൻ പോലും ഒന്ന് നീങ്ങിയിരുന്ന് ആ കൈ കോർത്തുപിടിച്ചു. വണ്ടി പതിവിലും കുറഞ്ഞ വേഗതയിൽ കാറ്റിനോട് പൊരുതി നീങ്ങവേ റോഡ് രണ്ടായി പിരിഞ്ഞു. പരിപാടി നടക്കുന്ന പ്രദേശം ലക്ഷ്യം വച്ച് നീങ്ങിയപ്പോൾ, ‘എനിക്ക് ഇങ്ങോട്ടാണ് പോകേണ്ടത്’ എന്ന് സൂചിപ്പിച്ചുകൊണ്ട് ആ അപരിചിതെൻറ കൈ വീണ്ടും എതിർദിശയിലേക്ക് നീണ്ടു. ‘എന്നാൽ ഇവിടെ ഇറങ്ങിക്കോ, അങ്ങോട്ട് പോകുന്ന ഏതെങ്കിലും വണ്ടി വരുമ്പോൾ അതിൽ കയറാം,’ എന്ന് പറഞ്ഞ് വണ്ടി നിർത്താൻ ശ്രമിച്ചപ്പോൾ ആ ‘ചണ്ടിക്കെട്ട്’ കോർത്തുപിടിച്ച കൈകൾ കുടഞ്ഞെറിഞ്ഞു.
ൈകയ്യിലുണ്ടായിരുന്ന ബാഗിെൻറ സിബ്ബ് തുറന്ന്, വണ്ടിക്കു നേരെ ഒരു തോക്ക് ചൂണ്ടി അയാൾ തനിക്ക് പോകേണ്ട ദിശയിലേക്ക് ആജ്ഞാപിച്ചു. റോഡ് വിജനമാണ്. ഇരുവശങ്ങളിലും മണൽക്കാറ്റ് രൂപങ്ങൾ വരച്ചും മായ്ച്ചും കളിക്കുന്ന ശൂന്യമായ മരുഭൂമി. കൂട്ടത്തിൽ ആരുടെയും ജീവൻ പോകാതിരിക്കാൻ വണ്ടി അയാൾ ചൂണ്ടിയ ദിശയിലേക്ക് ഒരു തേങ്ങലോടെ നീങ്ങി.കുറേ നേരം യാത്ര ചെയ്തപ്പോൾ ഒരു പോലീസ് വണ്ടിയുടെ സിഗ്നൽ കണ്ടതും, വണ്ടി തിരിക്കാൻ അയാളുടെ അറബി ഭാഷയും കയ്യിലെ തോക്കും വീണ്ടും ആജ്ഞ നൽകി. വണ്ടി തിരിക്കാൻ ശ്രമിക്കവേ പോലീസ് സംഘം അടുത്തു കഴിഞ്ഞിരുന്നു. പരിശോധനയിൽ, മണൽതരികൾ പുരണ്ട് അഴുക്ക് പിടിച്ച ആ ബാഗിനുള്ളിൽ നിറയെ മയക്കുമരുന്നായിരുന്നു.
അയാൾ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിെൻറ വിദഗ്ധമായ ഇടപെടൽ നിമിഷങ്ങൾക്കുള്ളിൽ അയാളെ കീഴടക്കി. അതിർത്തി മറികടന്നെത്തിയ ആ മനുഷ്യനെയും മയക്കുമരുന്നും പൊലീസ് കൊണ്ടുപോയി. തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞെങ്കിലും, മനുഷ്യസ്നേഹത്തിെൻറ പേരിൽ ആ വലിയ കെണിയിൽ അകപ്പെട്ട ആ നന്മയുള്ള മനുഷ്യർ പിന്നീട് കണ്ടുമുട്ടിയത് മറ്റൊരിടത്തായിരുന്നു, മനുഷ്യസ്നേഹം വറ്റി വരണ്ട കണ്ണുകളോടെ, നാടുകടത്തൽ കാത്ത് ഡിപ്പോർട്ടേഷൻ സെൻററിലെ നീണ്ട വരിയിൽ നിൽക്കുമ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

