ആശാന്റെ ദുരവസ്ഥക്ക് കഥാപ്രസംഗത്തിലൂടെ പുനർജനി
text_fieldsകൃഷ്ണകുമാർ പള്ളിയത്ത്
ചെറുവത്തൂർ: ആശാന്റെ ശതവർഷം പൂർത്തിയാക്കുന്ന ഖണ്ഡകാവ്യം ദുരവസ്ഥയ്ക്ക് കഥാപ്രസംഗത്തിലൂടെ പുനർജനി. അധ്യാപകനായ കൃഷ്ണകുമാർ പള്ളിയത്താണ് വേദിയിൽ അവതരിപ്പിച്ചത്. ജാതി ,മത വിദ്വേഷത്തിന്റെ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന വർത്തമാന കാലത്ത് ദുരവസ്ഥയുടെ വായന പ്രസക്തമാണ് എന്ന തോന്നലിലെ തുടർന്നാണ് കഥാപ്രസംഗം അവതരിപ്പിക്കുന്നത്.
കഥയുടെ പശ്ചാത്തലം മലബാർ കലാപം നടന്ന കാലഘട്ടമാണ്. മലബാർ കലാപത്തിന് 100 വർഷം തികയുമ്പോൾ ദുരവസ്ഥയും ശതവർഷം പൂർത്തിയാക്കുന്നു. നവോത്ഥാനത്തിന്റെ ശക്തി ഗാഥയെന്നും, അധ:സ്ഥിത ജനവിഭാഗത്തിന്റെ ഉണർത്തുപാട്ടുമായ മനോഹരമായ ഖണ്ഡ കാവ്യമാണ് ദുരവസ്ഥ. ദുരവസ്ഥയിലെ നായിക സാവിത്രി അന്തർജനത്തിന്റെ ആത്മഗതത്തിലൂടെയാണ് കഥ വികസിക്കുന്നത് .
ടി. കൃഷ്ണൻ കണ്ടങ്ങാളിയാണ് ഏകോപനം. ഇതിന് ഒരു മണിക്കൂറും ഇരുപത് മിനുട്ടുമാണ് ദൈർഘ്യം. അപരന്റെ വാക്കുകൾ അമര സംഗീതമായി അനുഭവിപ്പിക്കുന്ന ഒരു കാലം പുലരും വരെ നരന്ന് നരൻ അശുദ്ധ വസ്തുവല്ലാതായി മാറുന്ന ഒരു നാളു പുലരും വരെ ദുരവസ്ഥയും പാടിക്കൊണ്ടേയിരിക്കണം എന്നാഹ്വാനം ചെയ്താണ് കഥയവസാനിക്കുന്നത്.
മണിക്ക് കിനാത്തിൽ സാംസ്കാരിക സമിതി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിലാണ് ആദ്യാവതരണം നടന്നത്. ജില്ലാ ലൈബറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ആദ്യാവതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചന്ദ്രൻ പണിക്കർ തൃക്കരിപ്പൂർ , ബാലകൃഷ്ണൻ കാഞ്ഞങ്ങാട് എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നു .