എം.ടിയുടെ ജീവചരിത്രഗ്രന്ഥം എഴുതിത്തീർന്നതായി ഡോ. കെ. ശ്രീകുമാർ; ‘ഞാനേറ്റെടുത്തതിൽ ഏറ്റവും ശ്രമകരമായ ദൗത്യം’
text_fieldsകോഴിക്കോട്: എം.ടി.വാസുദേവൻ നായരുടെ ജീവചരിത്ര ഗ്രന്ഥം എഴുതിത്തീർന്നതായി ഡോ. കെ. ശ്രീകുമാർ. കഴിഞ്ഞ ഒന്നര വർഷക്കാലത്തെ വിശ്രമരഹിത പ്രവർത്തനമാണ് അവസാനിച്ചിരിക്കുന്നത്. ഒന്നര വർഷത്തോളം വൈകിട്ട് ഒരു മണിക്കൂർ നേരം ബാലൻ കെ. നായർ റോഡിലെ കോസ്മോസ് ഫ്ലാറ്റിൻ്റെ മൂന്നാം നിലയിലെ സാറിൻ്റെ മുറിയിലിരുന്ന് കേട്ട ജീവിത, സാഹിത്യ വിവരണങ്ങൾ പുസ്തകത്തിനു മുതൽക്കൂട്ടായെന്ന് ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് പൂർണരൂപത്തിൽ
എം.ടി. സാറിൻ്റെ ജീവചരിത്രഗ്രന്ഥം എഴുതിത്തീർത്തു. ഞാനേറ്റെടുത്തതിൽ ഏറ്റവും ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായതിൻ്റെ സംതൃപ്തിയും ആഹ്ലാദവും മറച്ചുവെക്കുന്നില്ല. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഒരു വർഷത്തോളം നീണ്ട ജീവചരിത്രമെഴുത്ത്. എഴുത്തിനിടയ്ക്ക് വന്ന തൊണ്ട - ശ്വാസകോശ അണുബാധകളും അല്പം മാരകമായ ഒരു വീഴ്ചയും എഴുത്തിനെ കുറച്ച് സാവധാനമാക്കി. എഴുത്തിൻ്റെ പിരിമുറുക്കമാവാം കാരണം , ജീവിതത്തിലാദ്യമായി ഒരുനാൾ പ്രമേഹസൂചിക 401 തൊട്ടു.
ഒന്നര വർഷത്തോളം വൈകിട്ട് ഒരു മണിക്കൂർ നേരം ബാലൻ കെ. നായർ റോഡിലെ കോസ്മോസ് ഫ്ലാറ്റിൻ്റെ മൂന്നാം നിലയിലെ സാറിൻ്റെ മുറിയിലിരുന്ന് കേട്ട ജീവിത, സാഹിത്യ വിവരണങ്ങൾ പുസ്തകത്തിനു മുതൽക്കൂട്ടായി. മുന്നൂറിലേറെ വരുന്ന എം.ടി. കൃതികളുടെയും എം.ടി. പഠനങ്ങളുടെയും പുനർവായനകളുടെയും തിരക്കേറിയ അന്വേഷണങ്ങളുടെയും നാളുകൾ. കോഴിക്കോട്ടെ കൊച്ചു വാടകമുറിയെ എഴുത്തുമുറിയായി പരിവർത്തിപ്പിച്ചു.
ആയിരത്തിലേറെ പുറങ്ങളുള്ള പുസ്തകം സാറിൻ്റെ ജന്മനക്ഷത്രമായ കർക്കടകത്തിലെ ഉത്രട്ടാതി നാളിൽ - ആഗസ്റ്റ് 13ന് - മാതൃഭൂമി ബുക്സ് വായനക്കാരുടെ കൈകളിലെത്തിക്കും. ഈ പുസ്തകരചനയ്ക്ക് എന്നോടു നിർദ്ദേശിച്ച പ്രിയപ്പെട്ട എം.ടി സാറിൻ്റെ ഭൗതികമായ അഭാവം വേദനിപ്പിക്കുന്നുണ്ട് തീർച്ചയായും. പുസ്തകരചനയിൽ കൂടെ നിന്ന എല്ലാവരോടുമുള്ള നന്ദി മനസ്സിൽ സൂക്ഷിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.