ഭിന്നശേഷി പുരസ്കാര തിളക്കത്തിൽ തൃശൂർ ജില്ല
text_fieldsഎ.സി. സീന
തൃശൂർ: ഭിന്നശേഷി മേഖലയിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച് സാമൂഹിക നീതി വകുപ്പിന്റെ ആറു പുരസ്കാരങ്ങൾ കരസ്ഥമാക്കി ജില്ല. സർക്കാർ പൊതുമേഖല സ്ഥാപനത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാരിയായി എ.സി. സീന ജില്ലയുടെ അഭിമാനമായി.
മികച്ച ഗ്രാമപഞ്ചായത്ത് -അരിമ്പൂർ (50,000 രൂപ), മികച്ച നൂതനാശയം രൂപകൽപന ചെയ്ത സ്ഥാപനം -നിപ്മർ, തൃശൂർ (25,000 രൂപ), മികച്ച ഭിന്നശേഷി കായികതാരം പി.വി. വിഷ്ണു (25,000 രൂപ), മികച്ച സര്‍ഗാത്മക കഴിവുള്ള ഭിന്നശേഷി കുട്ടി -കെ.എസ്. അസ്‌ന ഷെറിൻ (25,000 രൂപ), ഭിന്നശേഷി മേഖലയിലെ മികച്ച സ്വകാര്യ തൊഴിൽ ദായകര്‍ -റോസ്‌മിൻ മാത്യു ഐ.എ.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച്, തൃശൂർ (20,000 രൂപ) എന്നിവയാണ് പുരസ്കാരങ്ങൾ.
രാമവർമപുരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപികയാണ് സീന. വിദ്യാലയത്തിന് സ്വന്തമായൊരു കളിസ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് സീനയുടെ മികവാർന്ന ഇടപെടലിലൂടെയായിരുന്നു. 2019ൽ കർമശ്രേഷ്ഠ പുരസ്കാരം നേടിയ വ്യക്തികൂടിയാണ്.
നിപ്മർ വികസിപ്പിച്ച ഇലക്ട്രോണിക് ടോയ്‌ലറ്റിന് ഇന്നൊവേഷൻ അവാർഡ്
തൃശൂർ: വൈദ്യുതി സ്വിച്ചിന്റെ സഹായത്തോടെ ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും കഴിയുന്ന ടോയ്‍ലറ്റ് വികസിപ്പിച്ചതിന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന് സാമൂഹിക നീതി വകുപ്പിന്റെ ഈ വർഷത്തെ ഇന്നൊവേഷൻ അവാർഡ്.
ഭിന്നശേഷിക്കാർക്ക് വളരെ സഹായകരമായ ഈ സംവിധാനം വികസിപ്പിച്ചത് നിപ്മറിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മൊബിലിറ്റി ആൻഡ് അസിസ്റ്റിവ് ടെക്നോളജി ആണ്. ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായി ടെക്‌നീഷ്യൻ എം.എൽ. ഷോബി ആണ് സംവിധാനം വികസിപ്പിച്ചത്. സ്വിച്ചിന്റെ സഹായത്തോടെ ടോയ്‍ലറ്റ് ഉയർത്താനും താഴ്ത്താനും മാത്രമല്ല ഫ്ലഷ് ചെയ്യാനും കഴുകാൻ വെള്ളം സ്പ്രേ ചെയ്യാനും കഴിയും. ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് നിപ്മർ അവാർഡ് ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

