Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപ്പ: എന്റെ ആകാശവും എന്റെ ചിറകുകളും

text_fields
bookmark_border
ഉപ്പ: എന്റെ ആകാശവും  എന്റെ ചിറകുകളും
cancel

എന്റെ ജീവിതത്തിലെ ആദ്യത്തെ വേദന എൻ്റെ ഉപ്പാന്റെ വേർപാട് ആയിരുന്നു. ഉപ്പ എന്റെ കൂടെ ഉണ്ടാവാനുള്ള സമയം ഇത്ര ചെറുതാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ, ഓരോ ചിരിയും, ഓരോ വാക്കും, ഓരോ സ്പർശവും നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ചേനേ. ബാല്യത്തിന്റെ നിറങ്ങളിൽ പാറിപ്പറന്നിരുന്ന എനിക്ക് എന്റെ ഹീറോയെ ജീവിതം എന്നിൽ നിന്ന് പതിയെ അകറ്റിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായിരുന്നില്ല.

അവസാനമായി വെള്ള പുതപ്പിൽ കിടന്ന ഉപ്പയെ കണ്ടപ്പോഴും, ഇനി ആ കൈകൾ എന്നെ എടുത്തുയർത്തില്ലെന്നും, ഇനി ആ ശബ്ദം എന്നെ വിളിക്കില്ല എന്നും എനിക്ക് മനസിലായില്ല. ന്റെ ഉപ്പ സ്നേഹത്തിന്റെ മറ്റൊരു പേരായിരുന്നു. സ്വന്തം കുടുംബത്തിനും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവൻ. ആരുടെ കണ്ണിൽ കണ്ണീർ കണ്ടാലും സഹായിക്കാൻ ഓടിയെത്തുന്ന മനസ്സ്. സ്വന്തം വിഷമങ്ങൾ മറന്ന് മറ്റുള്ളവരെ സന്തോഷിപ്പിച്ച ഹൃദയം, അതായിരുന്നു എന്റെ ഉപ്പ. അതുകൊണ്ട് തന്നെ അനാഥരാണ് എന്ന ഒരു തോന്നല്‍ പോലും ഉണ്ടാവാന്‍ സമ്മതിച്ചിട്ടില്ല ഞങ്ങൾക്ക് ചുറ്റും ഉള്ളവര്‍.

ഇന്നും പലരും ഉപ്പാനെക്കുറിച്ച് പറയുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന സ്നേഹവും ബഹുമാനവും എനിക്ക് അഭിമാനവും വേദനയും ഒരുപോലെ നൽകുന്നു. കാരണം, എല്ലാവർക്കും പ്രിയപ്പെട്ട ആ മനുഷ്യനെ എനിക്ക് വളരെ പെട്ടെന്ന് നഷ്ടമായി.

ജീവിതത്തിൽ എത്ര സന്തോഷങ്ങൾ വന്നാലും, ‘ഉപ്പ ഉണ്ടായിരുന്നെങ്കിൽ” എന്നൊരു ശൂന്യത ഇന്നും ഹൃദയത്തിന്റെ ഏറ്റവും ആഴത്തിൽ കിടക്കുന്നു. പക്ഷേ ഉപ്പാന്റെ സ്നേഹവും നല്ല മനസ്സും ഇന്നും എന്നെ ജീവിക്കാൻ പഠിപ്പിക്കുന്നു.

ഇന്ന് ഞാൻ എല്ലാവരെയും സ്നേഹിക്കാൻ പഠിച്ചതും, മനുഷ്യരെ വിലമതിക്കാൻ പഠിച്ചതും, മുഖത്ത് ഒരു പുഞ്ചിരി സൂക്ഷിക്കാൻ പഠിച്ചതും ഉപ്പയിൽ നിന്നാണ്. അന്ന് ഉപ്പയുടെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന ആ പുഞ്ചിരി, ഇന്ന് എന്റെ മുഖത്തും ഉണ്ടെങ്കിൽ അത് എന്റെ ഏറ്റവും വലിയ അഭിമാനമാണ്. കാലവും ജീവിതവും ഒരുപാട് മുന്നോട്ട് പോയെങ്കിലും ഉപ്പ എന്ന ഓർമ്മയ്ക്ക് ഒരു ദിവസത്തെ പോലും പ്രായമായിട്ടില്ല. സ്നേഹത്തിന് മരണമില്ലല്ലോ. സ്വർഗത്തിന്റെ കവാടത്തിൽ ഞങ്ങളെ കാത്ത് ഒരു പുഞ്ചിരിയോടെ നിൽക്കുന്ന ഉപ്പയെ ഒരുനാൾ വീണ്ടും കാണുമെന്ന പ്രതീക്ഷയാണ് ഇന്നും ഹൃദയത്തിന് ആശ്വാസം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dad: My sky and my wings
Next Story