കരങ്ങൾ അറ്റുപോയിട്ടും എഴുത്ത് തുടരുന്നവർക്ക്
text_fieldsമുഷ്ടി ചുരുട്ടിയും കണ്ണീർ പൊഴിച്ചും ഡിസംബർ തണുപ്പിലും ഉള്ളുപൊള്ളി, 2025 കടന്നുപോവുകയാണ്. പൊള്ളലിനൊപ്പം പുളകവും പങ്കുവെച്ച്, കിതപ്പിനൊപ്പം കുതിപ്പിന്റെകൂടി കഥകൾ പറഞ്ഞുകൊണ്ട് ദിവസങ്ങൾക്കകം സംഭവബഹുലവും സംഘർഷകേന്ദ്രിതവുമായ ഒരു വർഷംകൂടി അവസാനിക്കും! കാലത്തെ പിടിച്ചുകെട്ടാൻ, കൊല്ലങ്ങളെ ഉപ്പിലിട്ടുവെക്കാൻ എളുപ്പമല്ലെന്ന്, സർവവും സ്വന്തം കാൽക്കീഴിലാണെന്ന് കരുതുന്നവരെ ഓർമിപ്പിച്ചുകൊണ്ട്, വിനയപൂർവം പതിവുതെറ്റിക്കാതെ -അതെ- ഒരു കൊല്ലംകൂടി ഭാവിയെ അഭിവാദ്യംചെയ്യും. പോകാതെവയ്യ എന്ന ജീവിതപാഠം ചൊല്ലിക്കൊണ്ട്, പോയാലും നിങ്ങൾക്കൊപ്പം പലപ്രകാരേണ ഞാനുണ്ടാവുമെന്നറിയിച്ചുകൊണ്ട്, പ്രതീക്ഷകൾക്ക് ഊർജംപകർന്ന്, അഹന്തകളുടെ തൂവൽ പറിച്ചെറിഞ്ഞ്, പകപ്പെന്തെന്നറിയാതെ, കാലം അതിന്റെ പ്രതാപം, പതിവ് തെറ്റിക്കാതെ ഇത്തവണയും പ്രകടിപ്പിക്കും.
കാലമതിന്റെ കനത്ത കരംകൊണ്ട്
ലീലയാലൊന്നു പിടിച്ചുകുലുക്കിയാൽ
പാടെ പതറിക്കൊഴിഞ്ഞുപോം
ബ്രാഹ്മാണ്ഡ പാദപപ്പൂക്കളാം താരങ്ങൾ കൂടിയും
എന്ന പ്രപഞ്ചത്തിന്റെ മഹാശരിയെ, മനുഷ്യർ ചെറിയ ശരികൾകൊണ്ട് അപ്പോഴും മഹോന്നതമാക്കും. സംഭവങ്ങളും സ്വപ്നങ്ങളും സമരങ്ങളും കാലത്തിന്റെ കണക്ക് പുസ്തകം പൊളിക്കും. ഓരോ വർഷവും സാധ്യതകൾക്കും പരിമിതികൾക്കും ഇടയിൽ സംതൃപ്തവും ഒപ്പം സംഭ്രാന്തവുമാകും.
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുവേണം എന്നുള്ളത്, നാഴിയും ഇടങ്ങഴിയും ഇല്ലാതായെങ്കിലും, സർഗാത്മകപ്രാദേശികതയുടെ പാസ് വേഡായി തുടരും. സർവരെയും സ്വാഗതംചെയ്യാൻ കഴിയുംവിധം വിസ്തൃതമാവുമ്പോഴാണ്, പരിമിതപ്പെടാൻ സാധ്യതയുള്ള പ്രാദേശികത, സർഗാത്മകമാവുന്നത്. കേരളം മലയാളികളുടെ മാതൃഭൂമിയാവുന്നത്, മനുഷ്യർ പാർക്കുന്ന ഭൂമിയായി സ്വയമത് മഹത്വമാർജിക്കുമ്പോഴാണ്; ഉദയക്കതിരിനെമുത്തും മാനവഹൃദയപൂന്തോപ്പായി കേരളം വളരുമ്പോഴാണ്.
ഇന്ത്യയുടെ അനിവാര്യ ഭാഗമാവുമ്പോഴും ഫ്യൂഡൽജീർണതകളെയും നവഫാഷിസ്റ്റ് നയങ്ങളെയും നിരാകരിച്ചുകൊണ്ടാണ്, നമ്മുടെ കേരളം നിവർന്ന് നിൽക്കേണ്ടത്. അപരവിദ്വേഷക്കറ പുരളാത്ത വാക്കുകൾകൊണ്ട് വിസ്മയംപോലെ ലഭിക്കുന്ന ജീവിതകാലങ്ങൾക്ക് സ്തുതിയർപ്പിക്കാനെങ്കിലും മനുഷ്യർക്ക് കഴിയണം. അനിവാര്യമായ വിയോജിപ്പുകൾക്കിടയിലും അകലം കുറക്കുന്നതിനെ കുറിച്ചുള്ള അന്വേഷണങ്ങൾകൂടി നമുക്കിടയിൽ നിരന്തരം ആശ്ലേഷിക്കപ്പെടണം.
ഒരു നവഫാഷിസ്റ്റ് കാലത്ത് വേറിട്ട് നിൽക്കാനുള്ള നൂറ് കാര്യമുണ്ടെങ്കിൽ, ഐക്യപ്പെടാനുള്ള ഒരുകാര്യം സത്യത്തിൽ ഇല്ലെങ്കിൽപോലും സാങ്കൽപികമായി നമ്മൾ സൃഷ്ടിച്ചെടുക്കണം. അഭിവൃദ്ധികൾക്കിടയിലും അണലിപ്പാമ്പ് കണക്കെ പതിയിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയണം. സൗഹൃദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധത്തിന്റെ തീപ്പന്തകൾ ഉയരണം.
ഐക്യകേരളമുണ്ടായത് തറവാടിത്തത്തിന്റെ തിണ്ണബലത്തിലും തമ്പുരാനിസത്തിന്റെ കെട്ടുകാഴ്ചപ്പാടുകളിലുമല്ല, ജാതിജന്മി ജീർണതകൾക്കെതിരായ സമരപരമ്പരകളിൽനിന്നാണെന്നുള്ളത് ഒരിക്കലും മറക്കരുത്. കടന്നുപോവുന്ന ഓരോ വർഷത്തിലും വിസ്മരിക്കപ്പെടാൻ പാടില്ലാത്ത ജീവിതതത്ത്വങ്ങൾക്ക് വെട്ടേൽക്കുന്നുവോ എന്ന ഉത്കണ്ഠ സന്ദർഭങ്ങൾക്കനുസരിച്ച് കുറയുകയോ കൂടുകയോ ആവാം, പക്ഷേ, അതൊരിക്കലും ജീവിതത്തിന്റെ ഉള്ളടക്കമാവാൻ പാടില്ല. ആയാൽ അതോടെ തീരും പ്രബുദ്ധകേരളമെന്ന അഭിമാനം.
ചോരയിലും കണ്ണീരിലും കിനാവിലും കെട്ടിപ്പൊക്കിയ, ആ ഐക്യകേരളത്തിന് കാവലാവാൻ നിങ്ങൾക്കാവുമോ എന്നെത്ര മുമ്പെന്നപോലെ ഓരോ വർഷവും വിളിച്ചുചോദിക്കുന്നത്. ആശിക്കാനില്ലൊരു മന്ദഹാസം മതനിരപേക്ഷതയിൽ നിന്നല്ലാതെ, ബഹുസ്വരതകളിൽ നിന്നല്ലാതെ എന്നുതന്നെയാണ് സമരകാലങ്ങൾ ആവർത്തിക്കുന്നത്. അതുകൊണ്ടാണ് എപ്പോഴും പറഞ്ഞും പറയാതെയും വെട്ടേറ്റ പ്രബുദ്ധകാലം വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നത്.
വാക്കിൽനിന്നുപോലും കൃപ ഇറങ്ങിപ്പോവുന്നൊരു കാലത്തനെ സിന്ദാബാദ് വിളിക്കാൻ ഞങ്ങളെ കിട്ടില്ലെന്ന പ്രതിജ്ഞകൾകൊണ്ട് പുതുവർഷം നിറയണം. തലയിൽ വെളിച്ചം ചൂടി വരുന്ന ഒരു തലമുറയായി മാറണമെങ്കിൽ മലയാളി താമരക്കാലത്തിനു മുന്നിൽ, മുട്ടുമടക്കിയാലും, മുഷ്ടി താഴ്ത്തരുത്. മുട്ടുമടക്കാതെ മുഷ്ടി ഉയർത്തി ഫാഷിസ്റ്റുകൾക്കെതിരെ പൊരുതി മരിച്ച രക്തസാക്ഷി സഖാക്കൾ സാക്ഷി, ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്നവർ സാക്ഷി, കേരളത്തിന് ജ്വലിക്കുന്ന ആ സമരമാതൃക അട്ടത്തുവെച്ച് മുന്നോട്ടു പോവാനാവില്ല.
പോവാൻ തോന്നുന്നില്ല, കേരളം അത്ര മനോഹരം എന്ന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ വിദദ് ബോച്ചാമായിക്ക് മലയാള മനോരമയോട് മനസ്സ് തുറക്കാൻ കഴിഞ്ഞത്, മനുഷ്യബന്ധങ്ങളെ അടച്ചു പൂട്ടുന്നവർക്കെതിരെ, കേരളം കാത്തുസൂക്ഷിക്കുന്ന പ്രബുദ്ധതയുടെ കനൽ, പ്രതിസന്ധികൾക്ക് നടുവിലും കത്തിനിൽക്കുന്നതുകൊണ്ടാണ്. ഇവിടത്തെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തുമുള്ള മേന്മ ഞാൻ അനുഭവിച്ചറിഞ്ഞു എന്ന അവരുടെ അനുഭവസാക്ഷ്യം ഒരു തെരഞ്ഞെടുപ്പിനെയും മുന്നിൽ കണ്ടുകൊണ്ട് ഒരിടതുപക്ഷ സർക്കാറിനും വേണ്ടി നടത്തിയ പ്രചാരണമല്ല.
കേരളത്തെ മഹത്വപ്പെടുത്തിയ ആ ഭക്ഷണശാല കണ്ണൂർ ജില്ലയിലെവിടെയോ ആണ്. കൃത്യം സ്ഥലം ഓർമയില്ല, പക്ഷേ മനസ്സിൽനിന്നത് മാറിനിൽക്കുന്നില്ല. എത്ര പിന്നിടുമ്പോഴും പിന്തുടരുന്ന പച്ചപ്പുപോലെ, എത്ര ഉണങ്ങിക്കരിഞ്ഞിട്ടും സുഗന്ധം ബാക്കിവെക്കുന്ന പൂക്കളെപ്പോലെ, മനസ്സിലത് നിറയുന്നു. ഓർമകളിൽനിന്നും മറയുന്നില്ല, മോഹങ്ങൾക്ക് ബഹുവർണകുപ്പായം തുന്നിയ ആ സത്യം! ആ ഭക്ഷണശാലയിൽനിന്ന് പണമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ, പണമുള്ളവർ ഇല്ലാത്തവർ എന്ന ജാള്യം കൂടാതെ, ആവശ്യമുള്ളത്ര ഭക്ഷണം കഴിക്കാം.
പണമുള്ളവർക്ക് കഴിച്ചതിന്റെ മാത്രമല്ല, ഇഷ്ടമുള്ളത്ര പണം നൽകാം. മുന്നൂറ്റിയമ്പത് രൂപക്ക് കഴിച്ചവർക്ക് കൈയിലുണ്ടെങ്കിൽ അഞ്ഞൂറോ ആയിരമോ നൽകാം. ഒന്നുമില്ലാത്തവർ ഒന്നും നൽകണ്ട. എന്നിട്ടും ഹോട്ടൽ വലിയ ലാഭത്തിലാണെന്നാണ് അറിഞ്ഞത്. എന്നാൽ ലാഭനഷ്ടങ്ങൾക്കപ്പുറമുള്ള മഹത്തായൊരു മൂല്യമാണ് ആ ഹോട്ടലിനുള്ളതെന്ന അനുഭൂതി നൽകുന്ന തൃപ്തിയാണ് സർവപ്രധാനം. 2025ലെ ഐക്യകേരളപ്പിറവി ദിനത്തിലെ അതിദാരിദ്യ്രമുക്ത കേരളം എന്ന ഇടതുപക്ഷ സർക്കാറിന്റെ രാഷ്ട്രീയപ്രയോഗം, നാളിതുവരെയുള്ള കേരളം കാത്തിരുന്ന അതിഗംഭീരമായ ഒരു വൻ ചുവടുവെപ്പാണ്.
ഓരോരുത്തരും അവർക്കാവശ്യമുള്ളത്ര ഭക്ഷണംമാത്രം പാത്രത്തിലെടുത്ത്, കഴിയുന്നവർ കഴിയുന്നത്രയും കഴിയാത്തവർ കഴിയാത്തത്രയും പണം നൽകി, പണമില്ലാത്തവർ ഒന്നും നൽകാതെ ജീവിതമൂല്യഗുണത വർധിപ്പിക്കുന്ന ഭക്ഷണശാലകളും കേരളത്തിലുടനീളം ഉണ്ടാവണം. ആവിധമുള്ളൊരു കാലത്തോളം മികച്ച മറ്റൊരുകാലം ഏതാണ്? പുരപ്പുറം പൊളിക്കുന്ന തട്ടുപൊളിപ്പൻ പ്രസ്താവനകളല്ല, അടിത്തറ ശക്തമാക്കുന്ന ഇതുപോലുള്ള പ്രയോഗങ്ങളാണ് കാലം കാത്തിരിക്കുന്നത്.
ബ്രാഹ്മണോപമാം കെട്ടമതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മവരാൻ എന്ന് സഹോദരൻ അയ്യപ്പൻ. മലയാളി സാമൂഹികപാഠം വായിച്ചുപഠിക്കേണ്ടത് വെള്ളാപ്പള്ളിയിൽനിന്നല്ല, സാഹോദര്യ കാഴ്ചപ്പാടിൽനിന്നാണ്. വിദ്വേഷപ്രഭാഷണങ്ങൾക്ക് 2025ൽ ഒരു പുരസ്കാരം ഏർപ്പെടുത്തുകയാണെങ്കിൽ, അതിനർഹൻ താനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി ഒരു വ്യക്തിയല്ല, ഫാഷിസ്റ്റുകൾ മതനിരപേക്ഷതക്ക് നേരെ ഉയർത്തിക്കഴിഞ്ഞ തോക്കാണ്. വെള്ളാപ്പള്ളിമാരെ, അവരെത്ര വേഷം മാറിയാലും, അവർ തുപ്പുന്ന വിഷത്തിന്റെ അളവുവെച്ച് തിരിച്ചറിയാനെളുപ്പമാണ്.
വെള്ളാപ്പള്ളിക്കെതിരെ നിൽക്കുകയും എന്നാൽ, നവോത്ഥാനം നിരാകരിച്ച നിലപാടുകളിൽ അഭിരമിക്കുകയും ചെയ്യുന്നത് പ്രബുദ്ധതക്ക് പരിക്കേൽപിക്കും. പത്തനംതിട്ടയിലെ ഏനാദിമംഗലം പഞ്ചായത്തിലാണ് വലതുപക്ഷശക്തികൾ വർഷങ്ങൾക്കുമുമ്പ് ശുദ്ധികലശം നടത്തിയത്. അന്ന് അതിനെതിരെ പു.ക.സയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരത്തിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോൾ, ഇതൊരടഞ്ഞ അധ്യായമായി തീരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, വലതുപക്ഷർ ചങ്ങരോത്ത് പഞ്ചായത്തിലും ശുദ്ധികലശം നിർവഹിച്ചുകൊണ്ടാണ് വിജയം ആഘോഷിച്ചത്! അധഃസ്ഥിതർ എന്ന് ജാതിമേൽക്കോയ്മ മുദ്രകുത്തിയ അടിസ്ഥാന ജനവിഭാഗത്തിനെതിരെയാണ്, അതേ അടിസ്ഥാന ജനവിഭാഗത്തിന്റെ ഭാഗമായവർ തിരിഞ്ഞിരിക്കുന്നത്.
പ്രത്യയശാസ്ത്രം അദൃശ്യമായി പ്രവർത്തിക്കുമ്പോഴാണത് സർവം ശക്തമാവുന്നത്. അതുകൊണ്ടാണ് വെള്ളാപ്പള്ളി വിഷം എളുപ്പം അടയാളപ്പെടുത്തപ്പെടുമ്പോൾ; ചങ്ങരോത്ത് വിഷം എവിടംവരെ വ്യാപിച്ചുകിടക്കുന്നുവെന്ന് കൃത്യം തിരിച്ചറിയപ്പെടാതെ പോവുന്നത്. വെള്ളാപ്പള്ളി വിഷ വ്യാപനമാണ് ചങ്ങരോത്ത് വലതുപക്ഷ ശുദ്ധികലശ വിജയാഘോഷത്തിൽ കണ്ടത്.
കേന്ദ്രത്തിന്റെ സിനിമാവിലക്കിനെതിരെ കേരള സർക്കാർ ധീരമായ നിലപാട് സ്വീകരിച്ചു. പക്ഷേ, മലയാളത്തിന്റെ അഭിമാനമായ റസൂൽ പൂക്കുട്ടി സംഘ്പരിവാർ ഭാഷ കടമെടുത്തുകൊണ്ടാണ് അതിനോട് പ്രതികരിച്ചത്. ഇന്ത്യാരാഷ്ട്രമെന്ന് പറയുന്നത് ഒരു പാർട്ടിയുമല്ല, ഇന്ത്യൻജനത മുഴുവനുമാണെന്ന അടിസ്ഥാന തത്ത്വമാണ്, പ്രിയ റസൂൽ പൂക്കുട്ടി മറന്നത്.
പ്രശസ്ത കലാവിമർശകനും ആക്ടിവിസ്റ്റും, ഇന്റർനാഷനൽ ഫിലിം ജൂറിയും പു.ക.സ നേതാവുമായ വി.കെ. ജോസഫ് അക്കാര്യം റസൂൽ പൂക്കുട്ടിയെ ഓർമിപ്പിച്ചിട്ടില്ലായിരുന്നുവെങ്കിൽ, ഇടതുപക്ഷം നാണംകെടുമായിരുന്നു. കേരളം മുന്നേറുകയാണ്. പക്ഷേ രാഷ്ട്രീയം പിന്നേറുകയാണോ എന്ന വല്ലാത്തൊരു ഉത്കണ്ഠ ഇതെഴുതുമ്പോൾ എന്നെയും വല്ലാതെ വീർപ്പുമുട്ടിക്കുന്നു. ഇന്ന് ഫലസ്തീനെക്കുറിച്ചുള്ള സിനിമയില്ലാതെ പിന്നെന്ത് സിനിമ ഫെസ്റ്റിവൽ!
റസൂൽ പൂക്കുട്ടി
വെള്ളാപ്പള്ളിപ്രിയത്തെ സച്ചിദാനന്ദൻ മാഷ് കുടഞ്ഞത് രണ്ടേ രണ്ടു വരിയിൽ: ഒരു നടേശസ്തുതി എഴുതിയാലോ/ ദശകമോ ശതകമോ. എന്നാൽ സാക്ഷാൽ ഗുരുദേവനെ കുടഞ്ഞ സഹോദരൻ അയ്യപ്പനെ, ഗുരു നിരുപാധികമായി ആശ്ലേഷിക്കുകയാണുണ്ടായത്. ദൈവമേ കാത്തുകൊൾക എന്നു തുടങ്ങുന്ന ഗുരുവിന്റെ ‘ദൈവദശക’ത്തിന്റെ പാരഡിയാണ് സഹോദരന്റെ ‘സയൻസ് ദശകം’. ഗുരു ആ പാരഡിയോട് പ്രതികരിച്ചത്, ‘ദൈവദശക’ത്തിനൊപ്പം ‘സയൻസ്ദശക’വും ചൊല്ലാൻ പറഞ്ഞുകൊണ്ടാണ്! കൃപകൊണ്ട് ബ്രാഹ്മണരെ ലജ്ജിപ്പിച്ചു എന്നൊരു വാക്യമെഴുതാൻ ‘സരസ്വതീ വിജയം’ എന്ന ശ്രദ്ധേയമായ നോവലെഴുതിയ പോത്തേരി കുഞ്ഞമ്പുവിന് പ്രചോദനം നൽകിയത്, ശ്രീനാരായണഗുരുവിന്റെ ‘ആത്മോപദേശ ശതക’ത്തിലെ, അപരന്നുവേണ്ടി അഹർനിശം പ്രയത്നിക്കുന്ന ആ കൃപാലുവായിരിക്കണം.
മതത്തിനും ദൈവത്തിനുമെതിരായി അയ്യപ്പൻ വാദിക്കുന്നു എന്ന്, ഒരു ഭയങ്കര കാര്യം അറിയിക്കുന്ന ഭാവത്തിൽ ഒരു ശിഷ്യൻ നാരായണഗുരുവിനെ അറിയിച്ചു. ഓഹോ, അയ്യപ്പൻ അങ്ങനെ വാദിച്ചോ/ എന്നു ചോദിച്ചുകൊണ്ട് സ്വാമി മന്ദഹസിച്ചത് ശിഷ്യനെ അമ്പരപ്പിച്ചു. അയാൾ പിന്നെ ഒന്നും പറഞ്ഞില്ല. (സഹോദരൻ കെ അയ്യപ്പൻ: എം കെ സാനു).
ഗുരുവിന്റെ ആ മന്ദഹാസം സർവം പിളർക്കുന്ന പാരഡികൾക്ക് കേരളീയ നവോത്ഥാനം നൽകിയ പച്ചക്കൊടിയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ജർമൻ കവിത വായിച്ചതോർക്കുന്നു: അച്ഛനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് കണ്ട മകൾ അമ്മയോട് ചോദിച്ചു. എന്തിനാണ് എന്റെ അച്ഛനെ പൊലീസ് പിടിച്ചത്. അമ്മ പറഞ്ഞു: അച്ഛൻ ഹിറ്റ്ലർക്കെതിരെ കവിത എഴുതിയിട്ടാണ്. മകൾ ചോദിച്ചെത്ര, അയാൾക്കും അച്ഛനെതിരെ ഒരു കവിത എഴുതിയാൽ പോരായിരുന്നോ എന്ന്. എന്ത് ഉണ്ടംതിരിക്കും ഗുലുമാലിനും കുലുക്കിക്കുത്തിനും വ്രണപ്രചോദിത രാസത്വരക ശക്തിയുള്ള പാരഡിക്കും മറുമരുന്ന് ഒന്നേയുള്ളൂ.
വി.കെ. ജോസഫ്
ഒന്നുകിൽ, ഇതിലും വലിയ എന്തൊക്കെ വന്ന് പോയി എന്നൊരു നിസ്സംഗഭാവം. അല്ലെങ്കിൽ ആ പാരഡിയുടെ പുറം അടിച്ചുപൊളിക്കും മട്ടിലുള്ള മറ്റൊരു ഡബിൾ പാരഡി! പോറ്റിയെ ഇറക്കാൻ അത്രയും മതിയായിരുന്നു! എന്തു ഭാവിച്ചാണ് നിന്റെ പുറപ്പാടെന്ന് ചോദിക്കുംപോലെ, ഭാവനകളോട് ശാസന അരുത്. വിമർശനം വന്നാൽ പകരം വിമർശനം, നിന്ദ വന്നാൽ അനിവാര്യമായാൽ മാത്രം പകരം നിന്ദ, അവിടെ നിൽക്കണം. പകർപ്പുകളല്ല, ബദലുകളാണ് ബലം എന്ന തത്ത്വമാവണം ഇടതുപക്ഷം ഉയർത്തിപ്പിടിക്കേണ്ടത്.
നിങ്ങളോർക്കുന്നുണ്ടോ, മധ്യപ്രദേശിലെ നിമൂച്ചിലെ ഒരൊഴിഞ്ഞ സ്ഥലത്ത്, ഒരൽപം സ്വസ്ഥത കാംക്ഷിച്ച് ഇരുന്ന ഭൻവാരിലാൽ ജയിനിനെ! മൂന്ന് കൊല്ലം മുമ്പാണ് ദിനേശ് കുശ്വാഹ എന്നൊരു ഫാഷിസ്റ്റ് അയാൾക്ക് അറിയാത്ത, അയാളെ അറിയാത്ത ആ പാവം മനുഷ്യനെ അടിച്ചുകൊന്നത്. കണ്ടപ്പോൾ ഒരു മുഹമ്മദാണെന്ന് തോന്നി എന്നാണയാൾ ഔധത്യത്തോടെ കൊല്ലാനുള്ള കാരണം പറഞ്ഞത്. പേര് ചോദിക്കുന്നതിനു പകരം ദിനേശ് കുശ്വാഹ താനറിയാത്ത ആ അപരിചിതനോട് ആവശ്യപ്പെട്ടത്, സ്വന്തം ഐഡി കാർഡ് കാണിക്കാനായിരുന്നു.
വിദദ് ബോച്ചാമായി
ഇവൻ ആര് ഐഡി ചോദിക്കാൻ എന്ന് ഇന്ത്യമുഴുവൻ നിവർന്നുനിന്ന് എന്നും ചോദിച്ചുകൊണ്ടേയിരിക്കണം. ഫാഷിസത്തിനെതിരെയുള്ള പ്രതികരണങ്ങളുടെ ശക്തി കുറഞ്ഞാൽ അപ്രതീക്ഷിതമെന്ന് തോന്നിക്കുംവിധം എന്തും എവിടെയും സംഭവിക്കും. നീ ബംഗ്ലാദേശിയാണെടോ എന്ന ഫാഷിസ്റ്റ് അലർച്ചയിലും തുടർന്നുണ്ടായ ഭീകരമർദനത്തിലും ഇല്ലാതായത്, ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായൺ ബഗേലിന്റെ ജീവിതം മാത്രമല്ല, അദ്ദേഹത്തോടൊപ്പം ജീവിച്ചവരുടെ സ്വപ്നംകൂടിയാണ്. എത്രയോ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർപോലും രാം നാരായണന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് പകച്ചുപോയി. ഇങ്ങനെയും മനുഷ്യരോ!
കൊലക്ക് പിന്നിൽ സംഘ്പരിവാർ വിദ്വേഷ രാഷ്ട്രീയമാണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ, മന്ത്രി എം.ബി. രാജേഷ് കൃത്യം അടിവരയിട്ട് അക്കാര്യം ആവർത്തിക്കുമ്പോൾ വലതുപക്ഷത്തിൽ പലരും മൗനത്തിലാണ്. ഓർക്കുക: ഇത്തരം നിർവികാരമായ മൗനത്തിന് മുകളിലാണ് ഫാഷിസം അതിന്റെ കൊലക്കളങ്ങൾ കെട്ടിപ്പൊക്കുന്നത്. രാം നാരായണന് നീതിതേടി മൂന്നുനാൾ ഉറക്കമൊഴിച്ച അബ്ദുൽ ജബ്ബാറിനെയും മനുഷ്യാവകാശ പ്രവർത്തകയായ മറുവാക്ക് അംബികയെയും രാം നാരായണന്റെ കുടുംബത്തിനൊപ്പം നിന്ന മറ്റുള്ള എല്ലാവരെയും കേരളം ആദരിക്കേണ്ടതുണ്ട്. ഒപ്പം ഇത്രയും വലിയൊരു ഫാഷിസ്റ്റ് ആൾക്കൂട്ടക്കൊല നടന്നിട്ടും, സന്ദർഭം ആവശ്യപ്പെടുംവിധമുള്ള പ്രതികരണം ഉണ്ടാവാതെ പോകുന്നതെന്തുകൊണ്ടെന്ന അസ്വസ്ഥ അന്വേഷണവും അനിവാര്യമാണ്. എന്തേ നമ്മുടെ ജീവിതവഴികളിൽ പ്രതിഷേധത്തിന്റെ തീ ആളിക്കത്തുന്നില്ല.
വല്ല ഉത്തരപ്രദേശിലോ ഗുജറാത്തിലോ ആയിരുന്നെങ്കിൽ, സർക്കാർ നേതൃത്വത്തിൽതന്നെ കേസ് മാച്ചുകളയാനുള്ള ശ്രമങ്ങൾ ഉണ്ടാവുമായിരുന്നു. കേരളത്തിൽ ഒരിക്കലും അതുണ്ടാവില്ല. അത്രയും ആശ്വാസകരമാണ്. അതേസമയം, എന്തുകൊണ്ടാണ് കേരളം മറ്റ് അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം രാം നാരായണന്റെ കുടുംബത്തിനൊപ്പം ഒന്നിച്ചുനിൽക്കാത്തത്.
സർക്കാർ നൽകുന്ന സാമ്പത്തിക-സാമ്പത്തികേതര പിന്തുണയോടൊപ്പം, സ്വന്തംനിലയിൽ സംഘടനകളും രാം നാരായണന്റെ കുടുംബത്തിന് പിന്തുണ നൽകേണ്ടതുണ്ട്. ഫാഷിസ്റ്റുകൾ ഇരയാക്കി മാറ്റുന്ന ഓരോ മനുഷ്യരോടും അവരുടെ പിന്മുറക്കാരോടും നിങ്ങൾ ഒറ്റക്കാവില്ല എന്നൊരുറപ്പ് പ്രതീകാത്മകമായിപോലും പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രകാശം പരത്തേണ്ട പൊതുപ്രവർത്തനങ്ങൾക്കകത്തും ഇരുട്ട് പടരും. അങ്ങനെ സംഭവിക്കാതിരിക്കാനായി ഏറ്റവും ചുരുങ്ങിയത് ആദ്യം നമുക്ക് പറഞ്ഞുകൊണ്ടേയിരിക്കാം.
മുഖ്യധാരാ മാധ്യമങ്ങളുടെ ലാളനകിട്ടാത്ത പ്രതിഭാശാലികളെ അവർ അർഹിക്കുംവിധം അംഗീകരിക്കാത്ത പ്രവണത, കാലിൻ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിട്ടും മലയാളി സമൂഹത്തിൽ കുറഞ്ഞിട്ടില്ല! കണ്ടിട്ടും കാണാത്തമട്ടിൽ മലയാളി ധൈഷണികർ അവഗണിച്ചൊരു ശ്രദ്ധേയമായ ശാസ്ത്രഗ്രന്ഥത്തെക്കുറിച്ചുകൂടി, ആരെങ്ങനെയൊക്കെ അവഗണിച്ചാലും 2025 തുടർന്നുവരുന്ന വർഷങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കും.
ശാസ്ത്രപ്രതിഭ ഡോ. എൻ.കെ. മുഹമ്മദ് ബഷീറിന്റെ മനുഷ്യന്റെ ഉത്ഭവം, ഉൽപത്തി നിഗമനങ്ങൾക്കപ്പുറം എന്ന സംവാദാത്മകവും അന്വേഷണാത്മകവുമായ ശാസ്ത്രഗ്രന്ഥത്തിന്റെ ഒന്നാം ഭാഗമാണ് പുറത്തിറങ്ങിയത്. ഇനി രണ്ട് ഭാഗങ്ങൾകൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രതിഭാസമ്പന്നനായ യുവഡോക്ടർ വ്യാപൃതനായിരിക്കുന്നത്. ഒന്നാം വോള്യത്തിനുവേണ്ടി ഇരുപത് വർഷമാണ് അദ്ദേഹം പ്രവർത്തിച്ചത്.
ഡോ. എൻ.കെ. മുഹമ്മദ് ബഷീർ
ഒരേസമയം ദൈവോൽപത്തി സിദ്ധാന്തത്തെയും, ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെയുമാണ് അദ്ദേഹം പ്രശ്നവത്കരിക്കുന്നത്. ഇത്ര ഗംഭീരമായ ഒരു ശാസ്ത്രഗ്രന്ഥം സംവാദവിധേയമാകാതെ അനാഥമായിപ്പോയാൽ, അതിന്റെ ഉത്തരവാദിത്തം ഗ്രന്ഥകർത്താവായ ഡോ. മുഹമ്മദ് ബഷീറിനാവില്ല, കേരളത്തിലെ ശാസ്ത്രാന്വേഷികൾക്കായിരിക്കും. ശാസ്ത്രവും മുൻവിധികളോടെ മതയാഥാസ്ഥിതികത്വത്തിന്റെ ഭാഷ സംസാരിക്കുന്നത് അത്ര നല്ലതല്ല.
കാലമേ നീ വരുന്നു പോകുന്നു,
പ്രതിഷേധങ്ങളും പുളകവുമായി നിനക്കൊപ്പം
വിനയത്തോടെ ഞങ്ങളും വരുന്നു പോകുന്നു
ഉന്മാദത്തിന്റെ നിണംവാരും കഥകൾ
ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു
കരങ്ങൾ അറ്റുപോയിട്ടും
ഞാൻ എഴുത്ത് തുടരുന്നു (ഗാലിബ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

