വിമോചന പോരാട്ടത്തിൽ ഓരോ ദലിതനും അംബേദ്ക്കറും അയ്യൻകാളിയും ആകണമെന്ന് ചിറ്റയം ഗോപകുമാർ
text_fieldsതിരുവനന്തപുരം : വിമോചന പോരാട്ടത്തിൽ ഓരോ ദലിതനും അംബേദ്ക്കറും അയ്യൻകാളിയും ആകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എഴുത്തുകാരനും ചിന്തകനുമായ പി.ജി.ഗോപി രചിച്ച കേരള ഹരിജൻ വിദ്യാർഥി ഫെഡറേഷൻ (കെ.എച്ച്.എസ്.എഫ് ) ചരിത്രമടങ്ങുന്ന "വജ്രസൂചികൾ' എന്ന പുസ്തകം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ ദലിതർ എവിടെയാണെന്നും സാമൂഹ്യ-സാമ്പത്തിക അധികാരമേഖലകളിൽ ദലിതരുടെ സ്ഥാനം എന്താണെന്നും സമഗ്രമായി വിലയിരുത്തുവാൻ കഴിയണം. ഭരണഘടനയേയും സ്വതന്ത്ര്യത്തേയും സംവരണ അവകാശത്തേയും അട്ടിമറിച്ച് രാജ്യത്തെ തന്നെ പുറകോട്ടു കൊണ്ടുപോകാൻ ശ്രമം നടന്നു വരുമ്പോൾ സമത്വത്തിന്റെ ഭൂമികയിൽ ഉറച്ചു നിന്നു ഓരോ ദലിതനും അയ്യങ്കാളിയും അംബേദ്ക്കറുമായി സ്വയം പോരാട്ടം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
അവകാശസംരക്ഷണത്തിനായി ദലിതർ രാഷ്ട്രീയ ഉപജാതി ചിന്തകൾക്കതീതമായി യോജിക്കണം. കേരളത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസ ചക്രവാളത്തിൽ വിമോചന പ്രവർത്തനത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച വിദ്യാർഥി പ്രസ്ഥാനമായിരുന്നു കെ.എച്ച്.എസ്.എഫ് എന്ന് ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു. അഡ്വ. മണ്ണന്തല വിജയൻ പുസ്തകം ഏറ്റുവാങ്ങി. കെ ഗോപി അധ്യക്ഷത വഹിച്ചു. പ്രഫ. കെ. മുരളി പുസ്തകം പരിചയപ്പെടുത്തി.