ഓർമകളിലെന്നും കുളിർമഴയായി ചെറുകുന്ന് ഫെസ്റ്റ്
text_fieldsവി.പി. മസൂദ്,
ചെറുകുന്ന്
ബഹ്റൈൻ പ്രവാസി ആണെങ്കിലും കണ്ണൂർ ചെറുകുന്ന് സ്വദേശിയായ എനിക്ക് എല്ലാ വർഷവും നവംബർ-ഡിസംബർ ആവുമ്പോൾ മനസിൽ വല്ലാത്തൊരു മിസിങ് അനുഭവപ്പെടും. കാരണം ചെറുകുന്ന് ഇട്ടമ്മൽ കട്ടക്കുളം വാട്സ്ആപ് കൂട്ടായ്മയുടെ ചെറുകുന്ന് ഫെസ്റ്റ് ദുബൈയിൽ നടക്കുന്നത് ഈ സമയത്താണ്. നേരത്തേ ദുബൈയിൽ പ്രവാസിയായിരുന്നു.
കഴിഞ്ഞ ഒമ്പതുവർഷമായി ദുബൈയിൽ ഇ.കെ.ഡബ്ല്യു വാട്ട്സ്ആപ് കൂട്ടായ്മ നടത്തിവരുന്ന ഫുട്ബാൾ ടൂർണമെൻറിലും ചെറുകുന്ന് ഫെസ്റ്റിലും പങ്കെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. ശരിക്കും ഞങ്ങളുടെ ഗ്രാമോത്സവമാണ് ഈ ഫെസ്റ്റ്. ഈ വർഷം ആയിരത്തിലധികം ആൾക്കാർ പങ്കെടുക്കുമെന്നാണ് അറിഞ്ഞത്. പ്രയമായവർ, ചെറുപ്പക്കാർ, കുട്ടികൾ, സ്ത്രീകൾ എല്ലാവർക്കും പ്രത്യേകം പരിപാടികളും മത്സരങ്ങളും ചെറുകുന്നിലെ 10 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ ഫുട്ബാൾ ടൂർണമെന്റും ഇതിന്റെ ഭാഗമായി നടത്തും. കൂടാതെ വരുന്ന എല്ലാവർക്കും വൈകുന്നേരം മുതൽ ഉള്ള ഭക്ഷണവും കുടുംബങ്ങൾക്ക് പ്രത്യേകം തയാറാക്കിയ കിറ്റും നൽകാറുണ്ട്.
ഇ.കെ.ഡബ്ല്യു ചെറുകുന്നിന്റെ ചാരിറ്റിക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ഫെസ്റ്റിൽ വെച്ചാണ് എല്ലാ ചെറുകുന്നുകാരും പരസ്പരം കണ്ടുമുട്ടുക. എന്നെപ്പോലെ കുറെ ചെറുകുന്നുകാർ ബഹ്റൈനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉണ്ട്.
പങ്കെടുക്കാൻ കഴിയാത്ത എല്ലാവരുടെ മനസ്സിലും അതൊരു നൊമ്പരമാണ്. ഒരു ഗ്രാമത്തിന്റെ, ഗ്രാമവാസികളുടെ സംഗമമാണ് ഇത്. പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിലും വേനലിൽ മഴ പെയ്യുന്നത് പോലെയുള്ള ഒരു കുളിർമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

