ഇസ്രായേലിനെച്ചൊല്ലി ഒരു കനേഡിയൻ സാഹിത്യ കലഹം
text_fieldsകാനഡയിലെ വിഖ്യാതമായ സാഹിത്യ പുരസ്കാരമാണ് ഗില്ലർ പ്രൈസ്. ലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 63 ലക്ഷം രൂപ) ആണ് സമ്മാനത്തുക. കൂടാതെ, ചുരുക്കപ്പട്ടികയിലുൾപ്പെട്ട എഴുത്തുകാർക്ക് പതിനായിരം ഡോളറും ലഭിക്കും. ഇപ്പോൾ അവാർഡിനെച്ചൊല്ലി വലിയ കലഹം നടന്നുകൊണ്ടിരിക്കുകയാണ് അവിടെ. കാരണമെന്താണെന്നോ? അവാർഡ് തുക സ്പോൺസർമാരിൽ മുൻനിരയിലുള്ളത് സ്കോഷിയാബാങ്ക് എന്ന ഇസ്രായേൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ്. ഏതാനും വർഷങ്ങളായി അവാർഡിന്റെ പേരുതന്നെ ‘സ്കോഷിയാ ബാങ്ക് ഗില്ലറ്റ് പ്രൈസ്’ എന്നാണ്. ഇസ്രായേലിലെ ഏറ്റവും വലിയ ആയുധ നിർമാണ കമ്പനികളിലൊന്നായ എൽബിറ്റ് സിസ്റ്റംസിൽ ഈ ബാങ്കിന് വലിയ നിക്ഷേപമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കാനഡയിലെ എഴുത്തുകാർ ഗില്ലർ പ്രൈസ് ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയത്.
2023 ഒക്ടോബറിലായിരുന്നുവല്ലോ ഇസ്രായേലിന്റെ ഗസ്സ അധിനിവേശം തുടങ്ങിയത്. തൊട്ടടുത്തമാസം മുതൽ കാനഡയിൽ ഈ വിഷയത്തിൽ ‘സാഹിത്യ കലഹം’ തുടങ്ങി. മുൻ അവാർഡ് ജേതാക്കളടക്കം 1800 എഴുത്തുകാർ ഒപ്പിട്ട തുറന്ന കത്ത് പുരസ്കാര സമിതിക്ക് കൈമാറിയതോടെ വിഷയം കത്തിപ്പടർന്നു. അപ്പോഴും സംഘാടകർ സ്പോൺസർമാരെ തള്ളിപ്പറയാൻ തയാറായില്ല. 2024ൽ, കലഹം പിന്നെയും കനത്തു. ഇക്കുറി, ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടെ 30 എഴുത്തുകാർ അവാർഡ് മുൻകൂട്ടി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. നവംബറിലായിരുന്നു അവാർഡ് പ്രഖ്യാപനം നടത്തേണ്ടിയിരുന്നത്. പ്രതിഷേധം കനത്തതോടെ പരിപാടി നടക്കില്ലെന്ന് തിരിച്ചറിഞ്ഞ സംഘാടകർ അവാർഡ് ടൈറ്റിലിൽനിന്ന് കമ്പനിയുടെ പേര് ഒഴിവാക്കി. അതോടെ, പ്രതിഷേധം ഒന്നയഞ്ഞു; അവാർഡ് ദാനവും നടന്നു. പക്ഷേ, അവാർഡ് ജേതാവ് ആൻ മിഷേൽ ‘പണി പറ്റിച്ചു’. കവിയും നോവലിസ്റ്റും ഓറഞ്ച് പുരസ്കാര ജേതാവുമായ അവർ അവാർഡ് സ്വീകരിച്ച് നടത്തിയ പ്രഭാഷണത്തിലൊരിടത്തും ഇസ്രായേലിന്റെ നരവേട്ടയെക്കുറിച്ച് പരാമർശിക്കാത്തത് വലിയ വിവാദത്തിനിടയാക്കി. അത് പിന്നെയും പ്രതിഷേധത്തിലേക്ക് നയിച്ചു.
കഴിഞ്ഞദിവസം ഗില്ലർ പ്രൈസ് സംഘാടകർ പുതിയൊരു പ്രഖ്യാപനവുമായി രംഗത്തെത്തി: സ്കോഷിയാ ബാങ്കുമായി 20 വർഷമായി തുടരുന്ന സകല ഇടപാടുകളും തങ്ങൾ അവസാനിപ്പിച്ചിരിക്കുന്നു. ഗില്ലർ പ്രൈസിന് ഇനി അവരുടെ സ്പോൺസർഷിപ് വേണ്ട. ഈ പ്രഖ്യാപനം കലഹമടക്കുമോ എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

